Tuesday
17 Jul 2018

മനസിലെ വിഷം മണ്ണിലേക്കും ധാന്യങ്ങളിലേക്കും അവിടെ നിന്ന്‌…

By: Web Desk | Monday 17 July 2017 4:45 AM IST

ആ സത്യം എങ്ങനെ?
കേരളത്തിലെ നഴ്സുമാരുടെ പ്രശ്നങ്ങളും സ്വകാര്യ ആശുപത്രി വ്യവസായത്തിലെ പ്രതിസന്ധികളും ചർച്ച ചെയ്യാനാണ്‌ ജനയുഗം ഈ പരമ്പരയിലൂടെ ആഗ്രഹിക്കുന്നത്‌. രോഗിയും കൂട്ടിരിപ്പുകാരും ആകുലതപ്പെട്ട മനസുമായി രോഗതുല്യരായി കഴിയുന്ന സമൂഹവും നഴ്സും ഡോക്ടറും ഉടമയും ജനയുഗത്തോട്‌ ഇതേക്കുറിച്ച്‌ സംസാരിക്കുമെന്ന്‌ വിശ്വസിക്കുന്നു.
-പരമ്പര തയ്യാറാക്കുന്നത്‌ വത്സൻ രാമംകുളത്ത്‌

മനുഷ്യൻ മണ്ണിനെ മലിനമായി കാണാൻ തുടങ്ങിയതോടെയാണ്‌ രോഗം എന്ന മാനസികാവസ്ഥ പെരുകാൻ തുടങ്ങിയത്‌. കാലാവസ്ഥയ്ക്കനുസൃതമായി ശരീരത്തിനാവശ്യമില്ലാത്തവയെ പുറം തള്ളുന്ന പലവിധ രോഗാവസ്ഥയെ അധികം തങ്ങാനനുവദിക്കാതെ പ്രതിരോധിക്കാൻ മണ്ണിലിറങ്ങിയിരുന്ന മനുഷ്യന്‌ സാധിക്കുമായിരുന്നു. മനസിലെ വിഷം മണ്ണിലേക്ക്‌ ആഴ്‌ന്നിറങ്ങിയപ്പോൾ ശരീരത്തിലെ പ്രതിരോധ ശക്തി താനെ ക്ഷയിച്ചുകൊണ്ടിരുന്നു എന്ന സത്യം നാം അറിഞ്ഞതുമില്ല. മണ്ണും അതിൽ വളർന്ന നമ്മുടെ ധാന്യങ്ങളും വിഷമയമാക്കാൻ നമ്മളെ പ്രേരിപ്പിച്ചത്‌ പണത്തിനോടുള്ള ആർത്തിയാണ്‌. പഴയ തലമുറയെ ചെവി കൊള്ളാൻ നേരമില്ലാതായി. കേരളത്തിന്റെ തനതായിരുന്ന കാർഷിക സംസ്കാരം നികത്തപ്പെട്ട പച്ചില കമ്പോസ്റ്റ്‌ കുഴികൾക്കടിയിൽ കിടന്നു. വിഷക്കുപ്പികളിൽ നിന്ന്‌ വായുവിൽ പരന്ന മാരകമായ അക്രമകാരികൾ നിരപരാധികളായവരെ പോലും പ്രതിരോധ ശേഷിയില്ലാത്തവരും മാറാരോഗികളുമാക്കി.
പെരുകുന്ന രോഗികൾക്കായി ധർമ്മാശുപത്രികൾ പോരാതെ വന്നു. രോഗം തീരുന്നതല്ല, തുടരുകയാണെന്ന ശാസ്ത്രബോധം വൻകിട മരുന്നു കമ്പനികളെയാണ്‌ ആദ്യം ഉദയം കൊള്ളിച്ചത്‌. ചികിത്സയിലെ ലാഭം മനസിലാക്കിയ ചില ഭിഷഗ്വരന്മാർ ധർമ്മാശുപത്രികൾക്ക്‌ സമാന്തരമായി സ്വന്തം സ്ഥാപനങ്ങളിട്ടു. ക്ലിനിക്കുകളിൽ നിന്ന്‌ ചിലർ സംഘമായും കമ്പനിയായും ആതുരാലയങ്ങൾ എന്ന പേരിൽ അറവുശാലകൾ എന്ന കണക്കെ സ്വകാര്യ മേഖലയിൽ ആശുപത്രിക്കെട്ടിങ്ങൾ ഉയർന്നു. ലക്ഷ്വറി ആശുപത്രിയിലും മെഡിക്കൽ ടൂറിസത്തിലും വരെ കാര്യങ്ങൾ എത്തിനിൽക്കുന്നു. അതിനിടയിലും രോഗം പെരുകാനുള്ള മാർഗങ്ങൾ മണ്ണിലൂടെയും കൃഷിയിലൂടെയും നമ്മൾ തന്നെ പാകപ്പെടുത്തിക്കൊണ്ടേയിരുന്നു.
ഇന്ന്‌ കേരളത്തിൽ സർക്കാർ കണക്കനുസരിച്ച്‌ 12,618 സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങളുണ്ടെന്നാണ്‌. ഇതിൽ 34 ശതമാനം അലോപ്പതിയും 39 ശതമാനം ആയുവേദവും 25 ശതമാനം ഹോമിയോപതികും 2.3 ശതമാനം മറ്റു മെഡിക്കൽ വിഭാഗങ്ങളുമാണ്‌. 2004ലെ ഈ കണക്കനുസരിച്ച്‌ 4825 അലോപ്പതി സ്ഥാപനങ്ങളുണ്ടെന്നാണ്‌ വ്യക്തമാകുന്നത്‌. ക്ലിനിക്കുകളും ലാബുകളും തുടങ്ങി ലക്ഷ്വറി ആശുപത്രികൾ വരെ ഇതിൽപ്പെടും.
ആശുപത്രി വ്യവസായം ലാഭത്തിലേക്ക്‌ കണ്ണുവച്ചുള്ളതാണെന്ന്‌ മുതലാളിത്തത്തിന്‌ ബോധ്യമായതോടെ ചുവരുകൾക്കകത്ത്‌ നടക്കുന്നതൊന്നും പുറം ലോകം അറിയരുതെന്ന അലിഖിത നിയമങ്ങളുണ്ടായി. കണക്കെടുപ്പിനും പഠനത്തിനുമായി മുന്നോട്ടുവന്നവരെയെല്ലാം ഇക്കൂട്ടർ സൽക്കരിച്ചൊതുക്കി. ആതുര സേവനം ഉറപ്പാക്കുന്ന ആരോഗ്യ നിയമങ്ങളിലും ആരോഗ്യ വകുപ്പിൽ മാത്രവും ഒതുങ്ങാതെ തൊഴിൽ, ആരോഗ്യ, വ്യവസായ, നിയമ വകുപ്പുകളിൽ വ്യാപിച്ചുകിടക്കുന്ന തരത്തിലേക്ക്‌ ഈ വ്യവസായത്തെ എത്തിക്കാൻ അവരുടെ കൂർമ്മ ബുദ്ധിക്കായി. 1956ൽ തന്നെ ഇവർ സംഘടിതമായി ‘കേരള മോഡൽ’ ആരോഗ്യ പരിചരണത്തെ കച്ചവടചരക്കാക്കാൻ തമ്മിലടിക്കാതെ മത്സരിച്ചു. ചെറുകിട ആശുപത്രികളെന്ന രീതിയിൽ സമീപിച്ചാണ്‌ അടിത്തറ പാകാനുള്ള അനുമതികൾ പ്രാദേശിക-സംസ്ഥാന ഭരണകൂടങ്ങളിൽ നിന്നും സർക്കാർ ഏജൻസികളിൽ നിന്നും വാങ്ങിയത്‌. സർക്കാരുകളാകട്ടെ, പൊതുജനാരോഗ്യം കണക്കിലെടുത്ത്‌ ഇവരെ പ്രോത്സാഹിപ്പിക്കുകയും ധർമ്മാശുപത്രികൾക്കും അതിലെ ജീവനക്കാർക്കും നൽകിക്കൊണ്ടിരുന്ന പരിരക്ഷയും ശ്രദ്ധയും തെല്ലൊന്ന്‌ കുറയ്ക്കുകയും ചെയ്തു. മുതലെടുപ്പിന്റെ തന്ത്രം മുതലാളിത്തം ഉപയോഗിക്കാൻ തുടങ്ങിയത്‌ ഇവിടെ നിന്നാണ്‌. സർക്കാർ നിയമത്തിലൂന്നി നൽകിയ മാനദണ്ഡങ്ങളെല്ലാം അനുമതിക്കുവേണ്ടി മാത്രം പാലിക്കപ്പെട്ടു.
സ്ഥാപനത്തിലെത്തുന്ന രോഗികളുടെ എണ്ണം, അവർക്ക്‌ ലഭ്യമാക്കുന്ന ചികിത്സാ വിഭാഗങ്ങൾ, അവിടയുള്ള ഡോക്ടറുടെയും നഴ്സിന്റെയും എണ്ണം, കിടത്തി ചികിത്സയുണ്ടോ? ഉണ്ടെങ്കിൽ അവരെ പരിചരിക്കാനുള്ള ഡോക്ടർമാരുടെയും നഴ്സുമാരുടെയും എണ്ണം തുടങ്ങി രോഗികൾക്കും പരിചരിക്കുന്ന വിദഗ്ധ തൊഴിലാളിക്കും മാനസിക പ്രയാസങ്ങളില്ലാതിരിക്കാൻ പാലിക്കേണ്ട മാനദണ്ഡം കൃത്യമായും നിഷ്കർഷിച്ചിരുന്നു. ആരാണ്‌ സർക്കാരിന്‌ വേണ്ടി ഇത്‌ പരിശോധിക്കേണ്ടതെന്ന വ്യക്തത തുടക്കത്തിൽ ഉണ്ടായില്ല. ആരും അത്‌ അന്വേഷിച്ചതുമില്ല. ഒരു ഘട്ടം കഴിഞ്ഞതോടെ വൻകിട ആശുപത്രികളുടെ എണ്ണവും ഉയർന്നു. നൂറ്‌ കിടക്കകൾ ഉള്ളവരും 99 എന്ന്‌ കാണിച്ച്‌ ഭരണകൂടത്തെ കബളിപ്പിച്ചു. നൂറിൽ നിന്ന്‌ 150ലേക്കും 300ലേക്കും 800ലേക്കും ആയിരം കിടക്കകളുള്ള ആശുപത്രികളിലേക്കും ആശുപത്രി വ്യവസായം വളർന്നുതുടങ്ങിയെങ്കിലും സർക്കാരും സർക്കാർ സംവിധാനങ്ങളും ഉടമകൾ കെട്ടിയ ഇരുമ്പുമറയ്ക്ക്‌ പുറത്തിരുന്ന്‌ പ്രതിവർഷ കടമകൾ തീർത്ത്‌ തിരിച്ചുപോരുകയായിരുന്നു.
രണ്ടായിരാമാണ്ടിലേക്ക്‌ കാലം കടന്നതോടെ ആഗോളീകരണവും പുത്തൻ സാമ്പത്തിക ശാസ്ത്രവും ജനജീവിതത്തെ സാരമായി ബാധിക്കാൻ തുടങ്ങി. പ്രതിമാസം 250 രൂപയ്ക്കും 500 രൂപയ്ക്കും പണിയെടുക്കാൻ തുടങ്ങിയവരെല്ലാം അസ്വസ്ഥരായി. ഒരുവേള ലോകബാങ്കിന്റെയും ഐഎംഎഫിന്റെയും കഴുകൻ കണ്ണുകൾ നമുക്കുമേൽ പതിയുമെന്ന്‌ ഉറക്കെ വിളിച്ചുപറഞ്ഞിരുന്നവരെ വെറും കവല പ്രസംഗകരായി മാത്രം കണ്ട്‌ പുച്ഛിച്ചവർ ജീവതം മുന്നോട്ട്‌ കൊണ്ടുപോകാൻ വിയർത്തു. മുതലാളിത്തം അന്നും ഇന്നും ലാഭത്തിന്‌ വേണ്ടി അടിമകളെയാണ്‌ സ്നേഹിച്ചതും ദ്രോഹിച്ചതും. ആശുപത്രി കെട്ടിടങ്ങൾക്കുള്ളിൽ നീറി പുകഞ്ഞ തൊഴിലാളി വർഗത്തിന്റെ സിരകളിൽ രക്തം തിളച്ചിരുന്നെങ്കിലും മുതലാളിത്തത്തെ ഭയന്നുകൊണ്ടേയിരുന്നു. ആശ്രയിക്കാൻ ആരും ഇല്ലാത്ത അവസ്ഥ. കൊടിയ പീഡനം. തുച്ഛമായ വേതനം. ഒരു സ്ഥാപനത്തിൽ ഒരുമിച്ച്‌ കാലമെത്ര പണിയെടുത്തിട്ടും പരസ്പരം മനസ്‌ തുറന്ന്‌ പരസ്പരം സംസാരിക്കാൻ, എന്തിന്‌ പരിചയപ്പെടാൻ പോലും കഴിയാത്തത്ര ദുരവസ്ഥ. ഇവിടെ നിന്നാണ്‌ ഇവർക്കെല്ലാം കിട്ടിക്കഴിഞ്ഞിരിക്കുന്നു എന്ന ആ സത്യം, എങ്ങിനെ എന്ന്‌ അന്വേഷിക്കുന്നത്‌.
(അവസാനിക്കുന്നില്ല)