മനസ്സ്‌ സജ്ജമാക്കുക; പ്രതിസന്ധികൾ വഴിമാറും

മനസ്സ്‌ സജ്ജമാക്കുക; പ്രതിസന്ധികൾ വഴിമാറും
March 22 04:45 2017

വിജയരേഖകൾ 13
ഇളവൂർ ശ്രീകുമാർ
ജീവിതം എല്ലാ അർത്ഥത്തിലും വഴിമുട്ടുമ്പോൾ നമുക്ക്‌ രണ്ടു രീതിയിൽ പ്രതികരിക്കാം. ഒന്ന്‌, ഇനിയൊരു മുന്നോട്ടുപോക്ക്‌ സാധ്യമല്ലെന്ന്‌ തീരുമാനിച്ച്‌ പിന്തിരിയുക. മറ്റൊന്ന്‌ ഇനി ഒന്നിനുവേണ്ടിയും കാത്തുനിൽക്കുന്നതിൽ അർത്ഥമില്ലെന്നു കരുതി എന്തും വരട്ടെയെന്ന്‌ മനസിലുറപ്പിച്ച്‌ സാഹസികമായ ഒരു മുന്നോട്ടുപോക്ക്‌. വിജയിക്കാതെ മറ്റ്‌ യാതൊരു വഴിയുമില്ലാത്ത ആ യാത്രയിൽ വിജയം ഉറപ്പായും കാത്തുനിൽക്കുന്നുണ്ടാകും. ഒരു പക്ഷേ പരാജയപ്പെട്ടാലും അവിടെ നിങ്ങൾ പതറില്ല. കാരണം പരാജയം നിങ്ങൾക്ക്‌ പുതിയതല്ല. അപ്പോൾ വിജയം മാത്രമാകും ലക്ഷ്യം. പിൻമാറാതെ നിങ്ങൾ വീണ്ടും പരിശ്രമത്തിലേക്ക്‌ പോകും. നിങ്ങൾ വിചാരിച്ചാ ൽപോലും നിങ്ങളെ പിന്തിരിപ്പിക്കാൻ കഴിയാത്ത ആ ഒരു മാനസികാവസ്ഥയുണ്ടല്ലോ, അവിടെയെത്തുമ്പോഴാണ്‌ നിങ്ങൾ ആദ്യവിജയം നേടുന്നത്‌.
ജീവിതത്തിൽ നിരന്തരമായി തിരിച്ചടികൾ നേരിടുന്ന ചിലരുണ്ട്‌. “എന്നെ മാത്രം ദൈവം എന്തിനാണിങ്ങനെ പരീക്ഷിക്കുന്നതെന്ന്‌” അവസരം കിട്ടുമ്പോഴൊക്കെ അവർ പറഞ്ഞുകൊണ്ടിരിക്കും. തന്റെ തലവരയെക്കുറിച്ചും വിധിയെക്കുറിച്ചുമൊക്കെപ്പറഞ്ഞ്‌ സ്വയം പഴിച്ചുകൊണ്ടിരിക്കും. എങ്ങനെയെങ്കിലുമൊന്ന്‌ മരിച്ചുകിട്ടിയാൽ മതിയെന്ന്‌ ആവർത്തിച്ചുകൊണ്ടിരിക്കും. ഏതു സമയവും പരാതികളും പരിഭവങ്ങളും മാത്രമായിരിക്കും ഇവരിൽനിന്ന്‌ വരുന്നത്‌. ചുരുക്കത്തിൽ ജനിച്ചതുതന്നെ വലിയൊരു പാപമായിപ്പോയി എന്ന തരത്തിലാണിവർ ജീവിക്കുന്നത്‌. പ്രത്യേകിച്ചും സ്ത്രീകളാണ്‌ ഇത്തരമൊരു മാനസികാവസ്ഥയിലേക്ക്‌ പെട്ടന്ന്‌ വീണുപോകുന്നത്‌. യഥാർത്ഥത്തിൽ ഇത്രയും നെഗേറ്റെവ്‌ ചിന്തകൾക്കായി ഉപയോഗിക്കുന്ന ഊർജ്ജം പോസിറ്റീവ്‌ ചിന്തകൾക്കായി ഉപയോഗിച്ചിരുന്നെങ്കിൽ ഇവരുടെ ജീവിതം വലിയ പരിവർത്തനങ്ങൾക്ക്‌ വിധേയമായേനെ. കാരണം നമ്മുടെ ചിന്തകളാണ്‌ നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തുന്നത്‌.
നാമാഗ്രഹിക്കുന്നതുപോലെയല്ല ജീവിതത്തിന്റെ സ്വാഭാവികഗതി. എന്നാൽ തീവ്രമായ ഇച്ഛാശക്തിയും കഠിനപ്രയത്നവുംകൊണ്ട്‌ നാമാഗ്രഹിക്കുന്നതുപോലെ അതിനെ മാറ്റിത്തീർക്കാൻ സ്ത്രീ പുരുഷ ഭേദമില്ലാതെ ഏതൊരാൾക്കും കഴിയും. പതറാത്ത മനസാണ്‌ അതിന്‌ ആദ്യം വേണ്ടത്‌. ആർക്കും പിന്തിരിപ്പിക്കാൻ കഴിയാത്ത ദൃഢനിശ്ചയമാണ്‌ വേണ്ടത്‌. അതിതീവ്രമായ സ്വപ്നങ്ങളാണ്‌ വേണ്ടത്‌. ആഗ്രഹങ്ങളും സ്വപ്നങ്ങളുമാണ്‌ നമുക്ക്‌ മുന്നിൽ അവസരങ്ങളുടെ വാതിലുകൾ തുറന്നിടുന്നത്‌. ഒരു രക്ഷാമാർഗവുമില്ലാത്തതാണ്‌ ജീവിതം എന്ന്‌ ചിന്തിക്കുന്നവർക്കുമുന്നിൽ ജീവിതം എന്നും ഇരുണ്ടുതന്നെയിരിക്കും. നന്നായി കണ്ണുതുറന്ന്‌ ലോകത്തേക്കൊന്ന്‌ നോക്കുക. ആർക്കാണ്‌ പ്രശ്നങ്ങളില്ലാത്തത്‌? വിജയികളായ ബഹുഭൂരിപക്ഷത്തിന്റെയും ജീവചരിത്രം ഒരുപാട്‌ വെല്ലുവിളികളുടെയും ത്യാഗത്തിന്റെയും കഥകളാണ്‌ പറഞ്ഞുതരുന്നത്‌. പ്രതികൂല സഹചര്യങ്ങളോടും പട്ടിണിയോടും പടവെട്ടി വിജയത്തിന്റെ സോപാനങ്ങൾ കീഴടക്കിയ ആയിരക്കണക്കിനാളുകൾ നമുക്ക്‌ മുന്നിലുണ്ട്‌.
പ്രശ്നങ്ങളെല്ലാം പരിഹരിച്ചിട്ട്‌ ജീവിതമാരംഭിക്കാം എന്നു കുരുതുന്നതുപോലെ മണ്ടത്തരം വേറെയില്ല. അത്തരക്കാർക്ക്‌ പ്രശ്നങ്ങൾ ഒരിക്കലും അവസാനിക്കുകയുമില്ല. ഉത്തരവാദിത്തങ്ങൾ സ്വയം ഏറ്റെടുത്ത്‌ പ്രവർത്തിക്കാൻ മടിയുള്ളവരും കഴിയാത്തവരുമാണ്‌ തുടങ്ങാൻ നല്ല സമയവും കാത്തിരിക്കുന്നത്‌. സ്വന്തം ആന്തരികശക്തി തിരിച്ചറിയാൻ കഴിഞ്ഞാൽപിന്നെ ഒരാൾക്കും മടിച്ചുനിൽക്കാൻ കഴിയില്ല. മനസും ശരീരവും ഒരുപോലെ ഒരു ലക്ഷ്യത്തിൽ കേന്ദ്രീകരിച്ചു പ്രർത്തിക്കാൻ തുടങ്ങിയാൽ പ്രതിസന്ധികൾ നിങ്ങളെ തളർത്തുകയില്ല. സ്വന്തം ഇച്ഛാശക്തികൊണ്ട്‌ പ്രതികൂല സാഹചര്യങ്ങളെ മുഴുവൻ തരണം ചെയ്ത്‌, പെണ്ണ്‌ ‘അബല’യല്ല എന്നു തെളിയിച്ച തമിഴ്‌നാട്ടുകാരിയായ പട്രീഷ്യ നാരായൺ ജീവിതത്തിന്റെ പ്രതീക്ഷകൾ ഒന്നൊന്നായി തകിടം മറിഞ്ഞപ്പോൾ, നിലനിൽപ്പ്‌ ഒരു വെല്ലുവിളിയായി മാറിയപ്പോൾ ഇനിയും നിഷ്ക്രിയയായിരിക്കാൻ കഴിയില്ല എന്ന ദൃഢനിശ്ചയത്തോടെ കർമരംഗത്തേക്കിറങ്ങിയ വനിതയാണ്‌. ഇന്നവർ അരക്ഷിതത്വത്തിന്റെയും നിരാശതയുടെയും നടുവിൽ കഴിയുന്ന ഏതൊരു സ്ത്രീയുടെയും പ്രത്യാശാകേന്ദ്രമാണ്‌. ഒരു സാധാരണ കുടുംബത്തിൽ ജനിച്ച പട്രീഷ്യ ഡിഗ്രിക്ക്‌ പഠിക്കുമ്പോൾ കോളജിനടുത്തുള്ള ഹോട്ടൽ നടത്തുന്നയാളുമായി പ്രണയത്തിലാവുകയും പഠനം പൂർത്തീകരിക്കുന്നതിനു മുമ്പു തന്നെ വിവാഹിതയാവുകയും ചെയ്തു. രണ്ടുവീട്ടുകാരുടെയും എത്തിർപ്പ്‌ വകവയ്ക്കാതെയായിരുന്നു വിവാഹം.
ഒരുപാട്‌ സ്വപ്നങ്ങളുു‍മായി കുടുംബജീവിതത്തിലേക്ക്‌ കടന്ന പട്രീഷ്യ അധികം വൈകാതെ ഒരു കാര്യം മനസിലാക്കി- തന്റെ ഭർത്താവ്‌ തികഞ്ഞ മദ്യപാനിയും മയക്കുമരുന്നിന്‌ അടിമയുമാണെന്ന്‌! ലഹരിക്കടിപ്പെട്ട്‌ മർദ്ദനവും അസഭ്യവർഷവും പതിവായി. ജീവിതം പാടേ വഴിമുട്ടുന്ന അവസ്ഥയിലെത്തിയപ്പോൾ അവളുടെ അമ്മ സഹായിക്കാനെത്തിയെങ്കിലും ആരെയും ആശ്രയിക്കാതെ സ്വന്തമായി എന്തെങ്കിലും ജോലിചെയ്ത്‌ ജീവിക്കണമെന്നായിരുന്നു അവളുടെ ആഗ്രഹം. എന്തുജോലി എന്ന ചിന്ത അവളെ ആകെ അലട്ടി. ഒരു ജോലിയും ചെയ്ത്‌ ശീലമില്ല. ലോകപരിചയമില്ല. കോളജ്‌ വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടില്ല. ഭർത്താവിന്റെ യാതൊരു സഹായവും കിട്ടില്ല. മാത്രവുമല്ല ദ്രോഹിക്കാനും തകർക്കാനുമായിരിക്കും അയാളുടെ ശ്രമം. പക്ഷേ നിലനിൽക്കണമെങ്കിൽ ഒരു തൊഴിൽ കണ്ടുപിടിച്ചേ പറ്റൂ. ഒടുവിൽ എല്ലാ ദുരഭിമാനവും ദൂരെക്കളഞ്ഞ്‌ അവൾ ഒരു തൊഴിൽ ആരംഭിച്ചു- മറീന ബീച്ചിൽ ചെറിയൊരു ചായക്കച്ചവടം. എൺപതുപേർക്കുള്ള കാപ്പിയും ലഘുഭക്ഷണങ്ങളും ഒരുക്കിയായിരുന്നു ആദ്യദിവസം കച്ചവടം തുടങ്ങിയത്‌. 1981 ഏപ്രിൽ 20 ന്‌ ആയിരുന്നു അത്‌. അന്നത്തെ ദിവസം ഒരാൾ മാത്രമാണ്‌ കടയിലെത്തിയത്‌! വിറ്റുപോയത്‌ ഒരു കാപ്പി മാത്രം! വരുമാനം അമ്പതു പൈസ!
പട്രീഷ്യ ആകെ തളർന്നുപോയ ദിവസമായിരുന്നു അത്‌. പക്ഷേ തളർന്നിരിക്കാനുള്ളതല്ല തന്റെ ജീവിതമെന്ന്‌ അവർക്കറിയാമായിരുന്നു. രണ്ടാമത്തെ ദിവസം മുതൽ ബിസിനസ്‌ പുരോഗതിയിലേക്ക്‌ നീങ്ങി. പിന്നീടുള്ളത്‌ കഠിനപ്രയത്നവും ഇച്ഛാശക്തിയും ഒരു തിരിച്ചടിക്കും തന്നെ തളർത്താൻ കഴിയില്ലെന്ന ആത്മവിശ്വാസവും ഒത്തുചേർന്നപ്പോഴുണ്ടായ വിജയത്തിന്റ കഥയാണ്‌. ചില കാന്റീനുകളുടെ കോൺട്രാക്ട്‌ അവൾക്ക്‌ ലഭിക്കുന്നു. റീഹാബിലിറ്റേഷൻ സെന്റർ, മെഡിക്കൽ കോളജ്‌, ബാങ്ക്‌ ഓഫ്‌ മധുര, നാഷണൽ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ പോർട്ട്‌ മാനേജ്മെന്റ്‌ തുടങ്ങിയ സ്ഥാപനങ്ങളുടെ കോൺട്രാക്ട്‌ അവളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവുകളുണ്ടാക്കി. ഇവിടെയെല്ലാം ഭർത്താവിന്റെ ശല്യം തുടർന്നുകൊണ്ടേയിരുന്നു. പക്ഷേ പട്രീഷ്യ തളർന്നില്ല. വെളുപ്പാൻകാലത്ത്‌ മൂന്നുമണിമുത്ല് അർദ്ധരാത്രിവരെ അവൾ ജോലി ചെയ്തു. നിരവധി പേർക്ക്‌ തൊഴിൽ നൽകി. ഇന്ന്‌ ചെന്നൈയിൽ പതിനഞ്ചോളം ഫുഡ്കോർട്ടുകളുമായി പട്രീഷ്യയുടെ ഹോട്ടൽ ശൃംഖല പടർന്നു പന്തലിച്ചിരിക്കുന്നു! 2010 ൽ ‘വുമൺ എന്റർപ്രണർ ഓഫ്‌ ദി ഇയർ’ അവാർഡ്‌ പട്രീഷ്യയെത്തേടിവന്നു. മറീനാ ബിച്ചിൽ അമ്പതുപൈസ വരുമാനത്തിൽ തുടങ്ങിയ ബിസിനസ്‌ ഇന്ന്‌ കോടികൾ വാർഷികവരുമാനമുള്ള വ്യവസായ ശൃംഖലയായി വളർന്നതിന്റെ പിന്നിൽ ഒരു സ്ത്രീയുടെ ആത്മവിശ്വാസവും കഠിനാധ്വാനവും ശുഭചിന്തയുമാണുള്ളത്‌.
പേടിച്ചുമാറിനിൽക്കാനുള്ളതല്ല ജീവിതം. പോരാടി ജയിക്കാനുള്ളതാണ്‌. ഇതെല്ലാം എന്റെ വിധിയാണെന്നു കരുതി സമാധാനിച്ചിരുന്നെങ്കിൽ പട്രീഷ്യയുടെ ജീവിതം അനേകം ദുരന്തകഥകളിലൊന്നായി ആരുമാറിയാതെ പോയേനെ. പക്ഷേ തന്റെ ജീവിതത്തെ വിധിക്ക്‌ വിട്ടുകൊടുത്ത്‌ കീഴടങ്ങാൻ അവർ തയ്യാറായില്ല. നമ്മുടെ വിധി നിർണിക്കുന്നത്‌ നാം തന്നെയാണെന്ന്‌ അവൾ മനസലാക്കി. നിലനിൽക്കുക, വിജയിക്കുക എന്ന ഒരൊറ്റ ചിന്തയിലേക്ക്‌ മനസ്‌ കേന്ദ്രീകരിച്ചു. അത്രയുമായാൽ വിജയത്തിന്റെ വഴി പകുതി പിന്നിട്ടുകഴിഞ്ഞു.
നാം ജീവിക്കുന്നത്‌ അവസരങ്ങളുടെ ലോകത്താണ്‌. പ്രതീക്ഷയോടെയും ശുഭാപ്തിവിശ്വാസത്തോടെയും നോക്കുമ്പോഴാണ്‌ അവയിൽ നമ്മുടെ ശ്രദ്ധയെത്തുന്നത്‌. നിരാശാഭരിതമായ മനസുമായി എന്തിലേക്ക്‌ നോക്കിയാലും അവിടെ പ്രത്യാശയുടെ പ്രകാശം കാണില്ല. അതുകൊണ്ടാണ്‌ തിരിച്ചടികളുണ്ടാകുമ്പോൾ കരയരുതെന്ന്‌ പറയുന്നത്‌. കാരണം കണ്ണീർ നിറഞ്ഞിരുന്നാൽ തൊട്ടുമുന്നിലുള്ള മികച്ച ഒരവസരം ചിലപ്പോൾ കാണാൻ കഴിയാതെപോകും. അതുകൊണ്ട്‌ എപ്പോഴും കർമോന്മുഖരാവുക. ഒരവസരം നമ്മെയും കാത്തിരിപ്പുണ്ടെന്ന്‌ ഉറപ്പിച്ച്‌ വിശ്വസിക്കുക. നിങ്ങൾ ആ അവസരത്തെ കണ്ടുമുട്ടുകതന്നെ ചെയ്യും. കഴിഞ്ഞതിനെക്കുറിച്ചോർത്തു വ്യാകുലപ്പെട്ട്‌ സമയം കളയാതിരിക്കുക. കാരണം നമ്മുടെ കാലഘട്ടത്തിൽ ഏറ്റവും വിലപ്പെട്ടത്‌ സമയമാണ്‌. അതിന്റെ ഓരോ സെക്കന്റും പ്രവർത്തനംകൊണ്ട്‌ നിറയ്ക്കുക. വിജയത്തിന്റെ വഴിയിലേക്ക്‌ നിങ്ങൾ പ്രവേശിക്കുകതന്നെ ചെയ്യും.
ഫോൺ- 9495078691

  Categories:
view more articles

About Article Author