മനുഷ്യനിലെ ആത്മാവിന്റെ സ്വരൂപം

മനുഷ്യനിലെ ആത്മാവിന്റെ സ്വരൂപം
May 10 04:55 2017

കാര്യവിചാരം
യു വിക്രമൻ
ഉപനിഷത്തുകളിലെ മുഖ്യപ്രതിപാദ്യം ദർശനശാസ്ത്രത്തിന്റെ അടിസ്ഥാനപ്രശ്നം തന്നെയാണ്‌. സത്യം ഏതാണെന്ന അന്വേഷണം തന്നെ. വസ്തുക്കളോടും അവയുടെ ഗുണകാരണങ്ങളോടുമുള്ള അതൃപ്തി ചില ചോദ്യങ്ങളുന്നയിക്കുന്നു. ശ്വേതാശ്വതരോപനിഷത്തിന്റെ ആരംഭവത്തിൽ നാം അവ കാണുന്നുണ്ട്‌. നാം എവിടെ നിന്നുണ്ടായി. നാം എവിടെ ജീവിക്കുന്നു. നാം എവിടെ പോകുന്നു. അല്ലയോ ബ്രഹ്മവേദികളേ ആരുടെ ശാസനത്തിൻകീഴിൽ നാമിവിടെ സുഖ-ദുഃഖങ്ങളുടെ ബന്ധത്തിൽപ്പെട്ടുകഴിയുന്നു. കാലമോ പ്രകൃതിയോ ആവശ്യകതയോ യദൃച്ഛയോ അല്ല, ഭൂതങ്ങളോ ആയിരിക്കുമോ കാരണം?
കേതോപനിഷത്തിൽ ശിഷ്യൻ ചോദിക്കുന്നു: “ആരുടെ ഇച്ഛയുടെ പ്രേരണകൊണ്ടാണ്‌ മനസ്‌ താനാഗ്രഹിക്കുന്ന ലക്ഷ്യത്തിലേയ്ക്ക്‌ ചെല്ലുന്നത്‌. ആരുടെ ആജ്ഞയാലാണ്‌ ഒന്നാമത്തെ പ്രാണനിശ്വാസം പുറത്തുവന്നത്‌! ആരുടെ ആജ്ഞയാലാണ്‌ നാം ഈ വാക്ക്‌ പറയുന്നത്‌? കണ്ണിനും കാതിനും പ്രേരണനൽകുന്ന ദേവനേതാണ്‌?” ചിന്തകന്മാർ സാമാന്യബുദ്ധികൾ ചെയ്യുന്നതുപോലെ ഇന്ദ്രിയാനുഭവത്തെ ഒരവ്യാഖ്യേയ തത്വമായി ഗണിച്ചില്ല. ഇന്ദ്രിയങ്ങൾകൊണ്ടുതരുന്ന ജ്ഞാനത്തെ തികച്ചും ശരിയാണെന്നുറപ്പിച്ചു സ്വീകരിക്കാമോ, മനസിന്റെ ശക്തികൾക്കു സ്വതന്ത്രമായ സത്തയുണ്ടോ, അതോ പിന്നിൽ നിൽക്കുന്ന കൂടുതൽ ശക്തിയുള്ള ഏതിന്റേയെങ്കിലും കാര്യങ്ങളാണോ മനസിന്റേതായി കാണുന്ന കഴിവുകൾ.
കാര്യങ്ങളും ജന്യങ്ങളുമായ ഭൗതികപദാർഥങ്ങളെ, അവയുടെ തൽക്കാല സ്വരൂപത്തിൽത്തന്നെ, അവയുടെ കാരണത്തെപ്പോലെ തികച്ചും യഥാർത്ഥമാണെന്നു നമുക്ക്‌ കരുതാൻ കഴിയുന്നതെങ്ങനെ? ഇവയ്ക്കെല്ലാറ്റിലും പിന്നിലാണ്‌ സ്വയംഭൂവായ ഒരു പരമസത്തയുള്ളത്‌. അത്‌ മനസിനും ആശ്രയമായിരിക്കും. ജ്ഞാനം, മനസ്‌, ഇന്ദ്രിയങ്ങളും അവയുടെ വിഷയങ്ങളും എല്ലാം പരിമിതങ്ങളും പ്രതിബന്ധമുള്ളവയുമാണ്‌. ധാർമ്മികകാര്യങ്ങളിൽ പരിമിതംകൊണ്ട്‌ യഥാർത്ഥമായ ആനന്ദം നേടാൻ കഴിയില്ലെന്നു നമുക്കനുഭവമുള്ളതാണ്‌.
സാംസ്കാരിക സുഖഭോഗങ്ങൾ ക്ഷണികങ്ങളാണ്‌. അവ വാർധക്യം കൊണ്ടും മരണം കൊണ്ടും നശിക്കുന്നവയാണ്‌. മതാനുഷ്ഠാനങ്ങളിൽ അക്ഷയജീവിതത്തിനുവേണ്ടി മുറവിളികൂട്ടുന്നു. ഇതെല്ലാംകൂടിച്ചേർന്ന കാലവ്യാപ്തിയില്ലാത്ത ഒരു സത്തയുണ്ടെന്നു വിശ്വസിക്കാൻ നമ്മെ നിർബന്ധിതരാക്കുന്നു. അത്‌ ഒരു ആദ്ധ്യാത്മികസത്തയാണ്‌; ദർശനശാസ്ത്രങ്ങളുടെ അന്വേഷണ വിഷയമാണ്‌. നമ്മുടെ എല്ലാ ഇച്ഛകളേയും പൂർണമാക്കുന്നതും മതത്തിന്റെ ലക്ഷ്യവുമാണ്‌. ഉപനിഷത്‌ ദ്രഷ്ടാക്കൾ എന്നു നിൽക്കുന്നതും (സൽ) പൂർണസത്യവും (ചിത്‌) വിശുദ്ധമായ ആനന്ദവും (ആനന്ദം) ആയ ഈ പരമസത്തയിലേയ്ക്ക്‌ നമ്മെ അടുപ്പിക്കാൻ ശ്രമിക്കുന്നു. ഓരോ മാനവഹൃദയത്തിന്റെയും പ്രാർഥനയാണ്‌: “എന്നെ അസത്തിൽ നിന്ന്‌ സത്തയിലേയ്ക്കു നയിക്കൂ; തമസിൽ നിന്ന്‌ പ്രകാശത്തിലേയ്ക്ക്‌ നയിക്കൂ; മൃത്യുവിൽ നിന്നും അമരത്വത്തിലേയ്ക്ക്‌ നയിക്കൂ.”
പരമസത്യത്തിന്റെ സ്വരൂപനിർണയത്തിനായി ഉപനിഷത്‌ കർത്താക്കൾ വൈദിക ഋഷിമാരുടെ വസ്തുനിഷ്ടമായ (അനാത്മം) വീക്ഷണത്തോടു ആത്മീയവീക്ഷണത്തെ ചേർക്കാൻ ശ്രമിച്ചു. വേദസൂക്തങ്ങളിൽ സ്ഥാപിതമായ ഉന്നത ധാരണ ഏകസത്ത (ഏകം സത്‌)യെ സംബന്ധിച്ചുള്ളതാണ്‌. അത്‌ എല്ലാവിധം സത്തകളിലും സ്വയം പ്രകടവുമായിരുന്നു. ഈ നിഷ്കർഷത്തിന്‌ ഉപനിഷത്തുകൾ ബലം നൽകി. അവയിൽ ചിലേടത്ത്‌ അവർ ആത്മാവെന്നു വിളിക്കുന്ന ‘അഹം’ തത്വത്തെ ദാർശനിക വീക്ഷണത്തോടെ വിശേഷണം ചെയ്തുകൊണ്ടാണ്‌ ഈ പ്രശ്നത്തെ സമീപിച്ചിട്ടുള്ളത്‌.
ഛാന്ദോഗ്യോപനിഷത്തിൽ ഗുരുശിഷ്യന്മാരായ പ്രജാപതിയും ഇന്ദ്രനും തമ്മിൽ നടക്കുന്ന ഒരു സംഭാഷണത്തിൽ ആത്മാവിനെ സംബന്ധിച്ചുള്ള വ്യാഖ്യാനത്തിൽ ആത്മാവിനെ ശാരീരികാത്മാവ്‌, ഇന്ദ്രിയഗമ്യനായ ആത്മാവ്‌, അനുഭവാതീതനായ ആത്മാവ്‌ (ഗുപ്താത്മ), പരമാത്മാ എന്നിങ്ങനെ നാലായി വിഭജിച്ചിരിക്കുന്നു. അവിടെ വിമർശനവിഷയമായ പ്രശ്നം മനഃശാസ്ത്രപരമാണെന്ന്‌ പറഞ്ഞുകൂടാ. അത്‌ കൂടുതൽ ആധ്യാത്മികമാണ്‌. മനുഷ്യനിലെ ആത്മാവിന്റെ അഥവാ മനുഷ്യനിലെ മുഖ്യസത്തയുടെ സ്വരൂപമെന്താണ്‌? ചർച്ച ആരംഭിച്ചുകൊണ്ട്‌ പ്രജാപതി ചില സാമാന്യലക്ഷണങ്ങളെ വിവരിക്കുന്നു: “ആത്മാവ്‌ പാപമുക്തനാണ്‌; വൃദ്ധാവസ്ഥ ഇല്ലാത്തവനാണ്‌; മരണവും ദുഃഖവുമില്ലാത്തവനാണ്‌; വിശപ്പും ദാഹവും ഇല്ലാത്തവനാണ്‌.” ഇച്ഛിക്കേണ്ടതെന്തൊന്നൊഴിച്ച്‌ മറ്റ്‌ സങ്കൽപ്പങ്ങളില്ലാത്തവനാണ്‌. അദ്ദേഹത്തെയാണ്‌ നാം സർവ്വഥാ മനസിലാക്കാൻ ശ്രമിക്കേണ്ടത്‌.
അത്‌ എല്ലാ പരിവർത്തനങ്ങളിലും മാറാതെ തുടർന്നുനിൽക്കുന്ന കർത്താവാണ്‌; അത്‌ ജാഗ്രത്ത്‌, സ്വപ്നം, സുഷുപ്തി, മരണം, പുനർജന്മം, ആത്യന്തികമുക്തി ഈ ദശകളിലെല്ലാം സാമാന്യഘടകമായി നിലകൊള്ളുന്ന അഭേദ്യമായ ഒരംഗമാണ്‌. ഒരിക്കലും നശിപ്പിക്കാൻ കഴിയാത്ത ഒരു സരളസമാണത്‌. മരണം അതിനെ സ്പർശിക്കുന്നില്ല. ഒരു ദുർവികാരത്തിനും അതിനെ വിലയിപ്പിക്കുവാൻ കഴിയില്ല. സ്ഥിരത, തുടർച്ച, ഏകത, നിത്യക്രിയാശീലത എന്നിവ അതിന്റെ വിശേഷലക്ഷണങ്ങളാണ്‌. സ്വയം പൂർണമായ ഒരു ലോകമാണത്‌. അതിന്‌ പുറത്തൊരുവസ്തുവും അതിനെതിരെ നിൽക്കാനില്ല.
ഈ പ്രക്രിയയ്ക്കാകെ ചക്രകദോഷം ബാധിച്ചിട്ടുണ്ടെന്ന്‌ പറഞ്ഞ്‌ നവീനവിമർശകന്മാർ എതിർക്കും. എന്നാൽ സ്വയംപര്യാപ്തതയും സ്വയംപൂർണതയും പ്രത്യേക ലക്ഷണമായി സ്വീകരിച്ചുകഴിഞ്ഞാൽ അതിനു സമാധാനവുമായി. ഇങ്ങനെയൊരു പ്രക്രിയ സ്വീകരിക്കുന്നതിൽ പ്രത്യേകം ഉദ്ദേശ്യമുണ്ടെന്ന്‌ നമുക്ക്‌ മുമ്പോട്ടുപോകുമ്പോൾ കാണാം. മനുഷ്യന്റെ ആത്മാവ്‌ സ്വയം കർത്താവാണെന്നും അതിന്‌ ഒരിക്കലും സാധ്യവിഷയമാക്കാൻ കഴിയില്ലെന്നും പ്രജാപതി വ്യക്തമാക്കുന്നു.
അത്‌ ദ്രഷ്ടാവായ പുരുഷനാണ്‌, ദൃശ്യവിഷയമല്ല. അത്‌ ‘എന്നെ’ എന്നു പറയാവുന്ന വിഷയമായ ഗുണസംഘാതമല്ല; ഈ ഗുണങ്ങളെയെല്ലാം പരിശോധിച്ചുകൊണ്ട്‌ എല്ലാറ്റിനും പിന്നിൽ അകത്ത്‌ സാക്ഷിയായി നിൽക്കുന്ന സ്വയം വിഷയമായ ‘ഞാൻ’ ആണ്‌. ശരിയായ അർഥത്തിൽ അത്‌ വിഷയിയായ ജ്ഞാതാവാണ്‌; ഒരിക്കലും അത്‌ വിഷയമാകാൻ വയ്യ. ആത്മാവിന്റെ ഘടകങ്ങൾ മിക്കവാറും സാധാരണനിലയിൽ വിഷയങ്ങളുടെ കൂട്ടത്തിൽ പെട്ടേക്കാം. ന്യായവാദം അംഗീകരിക്കുന്ന ധാരണ, വിഷയമാകുന്നതെല്ലാം തന്നെ അനാത്മക കോടിയിൽ പെട്ടുവെന്നാണ്‌.
നമ്മുടെ യഥാർത്ഥാത്മാവിനോട്‌ വൈജാത്യമുള്ളതും അതിൽ നിന്ന്‌ ഭിന്നവുമായ എല്ലാറ്റിനേയും നാം വേർപെടുത്തി അകറ്റണം.

  Categories:
view more articles

About Article Author