മനുഷ്യവംശം നശിക്കില്ല, തീർച്ച!

മനുഷ്യവംശം നശിക്കില്ല, തീർച്ച!
May 14 04:55 2017

ഒറ്റയടിപ്പാതകൾ
സി രാധാകൃഷ്ണൻ

മോഡേൺ സയൻസിെ‍ൻറ നിശിതയുക്തി ഉപയോഗിച്ച്‌ ഉപനിഷദ്ദർശനത്തിലെ മാലിന്യങ്ങളും ഉപനിഷദ്ദർശനങ്ങളുപയോഗിച്ച്‌ സയൻസിെ‍ൻറ ഗതിമുട്ടുകളും നീക്കാനാവുമൊ എന്ന ചിന്താപരീക്ഷണങ്ങൾ അഞ്ചാറു പതിറ്റാണ്ടിലേറയായി ഞാൻ നടത്തിവരികയാണ്‌. ഇങ്ങനെയൊരു ശ്രമം ഇവിടെയൊ പുറത്തൊ വേറെയാരും ചെയ്യുന്നതായി അറിവില്ല.
ഈ വ്യായാമത്തിനായി വേദാന്തവും സയൻസും പഠിക്കാൻ ആവോളം ശ്രമിച്ചു. ഭഗവദ്ഗീത സർവവേദാന്തസാരമായതിനാൽ അതിൽ സവിശേഷശ്രദ്ധ ചെലുത്തുകയും ഗീതക്ക ്‌ ഒരു സായൻസിക ഭാഷ്യം രചിക്കുകയും ചെയ്തു.
കുറച്ചു വർഷങ്ങൾക്കുമുമ്പ്‌ ഏതാനും ചില നിഗമനങ്ങൾ ഉരുത്തിരിഞ്ഞുകിട്ടി. തുടർന്ന്‌ എെ‍ൻറ മകൻ എെ‍ൻറ സഹായത്തിനെത്തി. ഞങ്ങളിരുവരും കൂടി ഈ നിഗമനങ്ങൾ ഒരു പ്രബന്ധമാക്കി, കോസ്മോളജി കൈകാര്യം ചെയ്യുന്ന ഒരു ശാസ്ത്രമാസികക്ക്‌ അയച്ചു. അവർ അത്‌ പ്രസിദ്ധീകരിച്ചു. പ്രബന്ധത്തിെ‍ൻറ പേര്‌ അവ്യക്ത ദ ഫാബ്രിക്‌ ഒഫ്‌ സ്പെയ്സ്‌.
അതു കാണാനിടയായവരിൽ കേരള സൊസൈറ്റി ഓഫ്‌ സയൻസ്‌ അൻഡ്‌ ടെക്നോളജിയുടെ ഭാരവാഹികളും ഉണ്ടായതിനാൽ അവർ ഒരു പത്രസമ്മേളനം വിളിച്ച്‌ അതിൽ ഈ പുതുമ അവതരിപ്പിച്ചു. ആ വേദിയിൽ എന്നെക്കൂടി വിളിച്ചിരുത്തി.
ഫിസിക്സിലെ എല്ലാ ഊരാക്കുടുക്കുകളും അഴിക്കാൻ മതിയായ ഈ ആശയം ഗീതയിലെ അവ്യക്തമെന്ന സങ്കൽപനത്തിനു സമാന്തരമാണെന്ന്‌ അവിടെ വെച്ചും പിന്നീട്‌ ഒരു പത്രം ആവശ്യപ്പെട്ടെഴുതിയ ലേഖനത്തിലും ഞാൻ വെളിപ്പെടുത്തി. പ്രപഞ്ചപരിമാണത്തിൽ വെറും മൂന്നു ശതമാനം മാത്രമുള്ള ദ്രവ്യത്തെ ആധാരമാക്കുന്നതിനു പകരം പരിണാമിയായ വിശ്വത്തിനു പിന്നിലെ നിത്യവും സർവ്വവ്യാപിയുമായ മാദ്ധ്യമത്തെ സ്വീകരിക്കുകയും സ്പെയ്സും ദ്രവ്യവും ഊർജ്ജവും സമയവും എല്ലാം അതിൽനിന്ന്‌ ഉരുത്തിരിയുന്നതായി കരുതുകയും ചെയ്യുക എന്നതാണ്‌ ഞങ്ങൾ അവതരിപ്പിച്ച ആശയത്തിലെ കാതലായ കാര്യം.
പ്രപഞ്ചത്തിന്‌ മൂന്നു തലങ്ങളുണ്ടെന്നും ദൃശ്യമായത്‌ അദൃശ്യമായ അവ്യക്തത്തിെ‍ൻറയും ആ അവ്യക്തം അതിനുമപ്പുറത്തെ അടിസ്ഥാനയാഥാർത്ഥ്യമായ ഏകീകൃതബലത്തിന്റെയും ഭാവാന്തരമാണ്‌ എന്നുമത്രെ വേദാന്തപാഠം.
അതോടെ ആകാശം ഇടിഞ്ഞുവീണു എന്നപോലെയായി കഥ! നോവലെഴുതുന്ന ഒരാൾക്ക്‌ ഫിസിക്സിലെന്തു കാര്യം, അവ്യക്തം എന്ന മായയും സയൻസും തമ്മിൽ എന്തു ബന്ധം എന്നു ചിലർ. ഇത്‌ സംഘപരിവാറിെ‍ൻറ അജൻഡയുടെ ഭാഗമാണ്‌, അവർക്ക്‌ എഴുതിക്കൊടുത്ത മുദ്രാവാക്യം മാത്രമാണ്‌ എന്ന്‌ മറ്റൊരു കൂട്ടർ. വേദാന്തത്തിലെ അവ്യക്തം വികാസസങ്കോചക്ഷമമല്ല എന്നുമ്മറ്റും മൂന്നാമതൊരു കൂട്ടർ. പ്രശ്നങ്ങൾ പലതുമുണ്ടെങ്കിലും ഇന്നു നിലവിലുള്ള മോഡൽ അവസാനത്തേതാണെന്ന ശാഠ്യവുമായി ഇനിയുമൊരു പട.
ഫിസിക്സ്‌ പഠിച്ചു എന്നും വർഷങ്ങളായി പഠിപ്പിക്കുന്നു എന്നുമൊക്കെ അവകാശപ്പെടുന്ന ആളുകളിൽ ചിലരാണ ്‌ തീർത്തും അശാസ്ത്രീയമായ ഇത്തരം വാദങ്ങളുമായി വരുന്നതെന്നതാണ്‌ ഏറെ ആശ്ചര്യം. അവരിൽ ആരുംതന്നെ ഞങ്ങൾ അവതരിപ്പിച്ച ആശയം ശരിയായി മനസ്സിലാക്കിയതിന്‌ തെളിവില്ല. വിഷയം സൃഷ്ടിപരമായി ചർച്ച ചെയ്യുന്നേ ഇല്ല. ഇവർക്ക ്‌ രണ്ടു സംഗതികളേ വേണ്ടൂ. 1. ഞാൻ സംഘപരിവാറിനു വേണ്ടിയാണ്‌, സയൻസിനായല്ല, പണിയെടുക്കുന്നതെന്നു സ്ഥാപിക്കുക. 2. യാഥാസ്ഥിതികത എന്ന അശാസ്ത്രീയതയെ സയൻസിെ‍ൻറ ലോകത്തിലും സ്ഥിരപ്രതിഷ്ഠയാക്കുക.
സായ്പ്‌ പറഞ്ഞാലേ ഇവർക്കു വല്ലതും ശരിയാകൂ. സായ്പിനെ തിരുത്താൻ ആരും ശ്രമിക്കരുത്‌. അത്‌ അക്ഷന്തവ്യവും അശാസ്ര്ത്തീയവുമാണ ്‌. സായ്പ്‌ പറഞ്ഞാൽ എന്തും ശരിയാവുകയും ചെയ്യും. ഉദാഹരണങ്ങൾ എത്ര വേണമെങ്കിലും ഉണ്ട്‌. ക്ലൗഡ്‌ ചേംബർ എന്ന ഉപകരണത്തിൽ തെളിഞ്ഞുകിട്ടുന്ന അണുപ്രസരരേഖകൾ ശിവതാണ്ഡവനൃത്തത്തിെ‍ൻറ പല പോസുകൾ ഓവർപ്രിന്ര്‌ ചെയ്തതിനു സമാനമാണെന്ന്‌ ഫ്രിജോഫ്‌ കാപ്‌റ പറഞ്ഞാൽ അത്‌ ഇവർക്ക ്‌ നൂറു ശതമാനം ശരിയാണ്‌. ആ ശരി ആരെയും സംഘപരിവാറാക്കുകയില്ല! പക്ഷേ, സ്പെയ്സിെ‍ൻറ കാതലായുള്ളത്‌ അവ്യക്തമെന്ന അക്ഷരസത്തയാണ്‌ എന്നു ഞാൻ പറഞ്ഞാൽ ഞാനൊരു മതമൗലികവാദിയായി!
ഇവർക്ക്‌ താൽപര്യം ഞാൻ വരുത്തിയ പിശകുകൾ തിരുത്തുകയും കാര്യങ്ങൾ ശരിയായി രേഖപ്പെടുത്തുകയുമാണെങ്കിൽ ഇവർ ചെയ്യേണ്ടത്‌ ഞാനവതരിപ്പിച്ച ആശയത്തിെ‍ൻറ യുക്തിഭദ്രമായ നിഷേധം അതേ ശാസ്ത്രമാസികക്ക്‌ അയച്ചുകൊടുക്കുകയാണ്‌. കിട്ടുന്ന മറ്റു ലേഖനങ്ങൾ എന്നപോലെ ഇതും ആ മാസിക കുറെ വിദഗ്ദ്ധർക്ക ്‌ അയച്ചുകൊടുത്ത്‌ കാര്യങ്ങളുടെ സത്യസ്ഥിതി അറിഞ്ഞ്‌ വേണ്ടതു ചെയ്യട്ടെ. അതല്ലേ ശാസ്ത്രീയമായ മുറ?
ഇവരിൽ ഒന്നുരണ്ടുപേർക്ക്‌ മറുപടി നൽകാൻ ശ്രമിച്ചപ്പോഴാണ്‌ എനിക്കു മനസ്സിലായത്‌ ആരും കാര്യമൊന്നും മനസ്സിലാക്കിയിട്ടില്ലെന്ന്‌. തെളിയുന്നത്‌ ഇവർക്ക ്‌ ഞാൻ അവതരിപ്പിച്ച കാര്യം മനസ്സിലായില്ല എന്നു മാത്രം! അതിനാൽ മറുപടിയെഴുത്തു നിർത്തി. സത്യം എന്നു നല്ല തീർച്ചയുള്ളതേ ഞാൻ അവതരിപ്പിച്ചിട്ടുള്ളു എന്നും ഈ ലോകത്ത്‌ ആരെല്ലാമെതിർത്താലും അത്‌ സത്യമല്ലാതാകില്ല എന്നും സ്വാമി വിവേകാനന്ദൻ പറഞ്ഞേടത്താണ്‌ എെ‍ൻറയും നിൽപ്പ്‌
അമ്മി കൊത്താനുണ്ടോ, ആട്ടമ്മി കൊത്താനുണ്ടോ എന്നു വിളിച്ചു ചോദിച്ച്‌ ചിലർ മുൻപൊക്കെ നാട്ടുപാതകളിൽ നടക്കാറുണ്ടായിരുന്നു. അതുപോലെ ഒരു കൂട്ടർ ഇപ്പോൾ എങ്ങും നടപ്പുണ്ട്‌. വിളിച്ചു ചോദിക്കുന്നത്‌ സീലു കുത്താനുണ്ടോ സീൽ്‌ എന്നാണ്‌. ആരെയും എന്തുമാക്കിത്തരും! പുറത്തൊരു സീലയിയില്ലാതെ ആരുമുണ്ടാകരുത്‌.
ആറെസ്സെസ്സാവുന്ന കാര്യത്തിൽ പണ്ടൊരിക്കൽ എെ‍ൻറ അടുത്ത സുഹൃത്തും മലയാളത്തിലെ പ്രിയകവിയുമായ വിഷ്ണുനാരായണൻനമ്പൂതിരി സ്വീകരിച്ച നിലപാടാണ്‌ എേ‍ൻറതും. ഞാൻ ആറെസ്സെസ്സല്ല, ഒരു വിഭാഗീയകക്ഷിയും അല്ല, ആവുകയുമില്ല, പക്ഷേ, കാര്യങ്ങൾ ഇങ്ങനെ പോയാൽ ചിലപ്പോൾ ഏഴെസ്സെസ്സുവരെ ആയിപ്പോകേണ്ടിവരാം!
ഒരു നൂറു കൊല്ലത്തിനകം മനുഷ്യനിർമ്മിതമായ മാലിന്യം പെരുകി ഭൂമി ജീവന്‌ പുലരാൻ പറ്റാത്ത ഗ്രഹമായി മാറുമെന്നും അതിനകം മറ്റേതെങ്കിലും വിദൂരഗ്രഹത്തിൽ താവളം കണ്ടില്ലെങ്കിൽ മനുഷ്യവംശവും ജീവനും മൊത്തമായി മുടിയുമെന്നും സ്റ്റെഫാൻ ഹോക്കിങ്‌ പറഞ്ഞിരിക്കുന്നു. തീർത്തും ശരിതന്നെ. പക്ഷേ, എവിടെ ചേക്കേറിയാലും അവിടവും നശകുശയാക്കി അധിവാസസാദ്ധ്യത തകർക്കാൻ മോഡേൺ സയൻസും ടെക്നോളജിയും, അതിെ‍ൻറ ഇന്നത്തെ ദിശാബോധവും മുൻഗണനാക്രമവും തുടർന്നാൽ, കാൽനൂറ്റാണ്ടുപോലും എടുക്കില്ല എന്ന സത്യം അദ്ദേഹം പറഞ്ഞില്ല! കുശാഗ്രബുദ്ധിയാണല്ലൊ, അദ്ദേഹം. ഈ സാദ്ധ്യത കാണാതെപോയതാവില്ല.
ഇവിടെയാണ്‌, ദർശനവും സയൻസും അഥവാ ആദ്ധ്യാത്മികതയും ഭൗതികതയും രണ്ടല്ലാതെ ആയിത്തീരേണ്ടതിെ‍ൻറ സൈദ്ധാന്തികവും ക്ഷേമപരവുമായ ആവശ്യകതക്ക്‌ അടിവര ഇടേണ്ടിവരുന്നത്‌. ആര്‌ തടയിട്ടാലും അതു നടക്കും. മനുഷ്യവംശം നശിക്കില്ല, തീർച്ച.

  Categories:
view more articles

About Article Author