Tuesday
17 Jul 2018

മനുഷ്യൻ ഭൂമിക്ക് കടക്കാരനാകുന്നതിന് ഉത്തരവാദി ആര്

By: Web Desk | Wednesday 2 August 2017 2:04 PM IST

വലിയശാല രാജു

നാളെ ലോക ഭൗമ പരിധിദിനമാണ്. മറ്റ് ലോകദിനങ്ങളെപ്പോലെ നിശ്ചിതമായ ഒരു ദിവസമല്ലിത്. മനുഷ്യന്‍ ഭൂമിക്ക് കടക്കാരനാകുന്ന ദിവസമാണ്. ഇത് ഓരോ വര്‍ഷവും വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. കടലും പുഴയും കൃഷിഭൂമിയുള്‍പ്പെടെ പ്രകൃതിവിഭവശേഷിക്കും ഒരു പരിധിയുണ്ട്. അതിലും കൂടുതല്‍ ഉപയോഗിച്ചാല്‍ നാം ഭൂമിക്ക് കടക്കാരനാകും. പ്രകൃതിയുടെ വിഭവശേഷി കണക്കാക്കുമ്പോള്‍ നമുക്ക് ഒരു വര്‍ഷം ഉപയോഗിക്കാന്‍ അനുവദിക്കപ്പെട്ടിട്ടുള്ള വിഭവങ്ങള്‍ മൊത്തം ഉപയോഗിച്ച് തീര്‍ക്കാന്‍ ഇന്ന് എട്ട്മാസം പോലും വേണ്ടിവരുന്നില്ല.
1970 മുതലാണ് ഇത് ആദ്യമായി കണക്കാക്കപ്പെട്ട് തുടങ്ങിയത്. ആ വര്‍ഷം ഡിസംബര്‍ 29നായിരുന്നു ഇത്. അന്നാണ് മനുഷ്യന്‍ ഭൂമിക്ക് ആദ്യമായി കടക്കാരനായത്. പിന്നീടിത് കുറഞ്ഞ് കുറഞ്ഞുവന്ന് കഴിഞ്ഞ വര്‍ഷമിത് ഓഗസ്റ്റ് എട്ടിനായിരുന്നു. ഈ വര്‍ഷം ഇത് ഓഗസ്റ്റ് രണ്ടിനാണ് ഭൗമ പരിധിദിനമായി ആചരിക്കുന്നത്. നാല് മാസം ഇനിയും ബാക്കിയുണ്ടായിരിക്കെ നാം ഭൂമിക്ക് കടക്കാരനായി.
ഇന്നത്തെ ഉപഭോഗരീതി തുടര്‍ന്നാല്‍ മനുഷ്യന് ജീവിക്കാന്‍ ഒരു ഭൂമി തികയില്ല. ഒന്നര ഭൂമിയെങ്കിലും വേണ്ടിവരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2030 ആകുമ്പോള്‍ ഇത് രണ്ട് ഭൂമിയാകും. ഭൂമിയിലെ വിഭവങ്ങളിന്‍ മേലുള്ള അമിത ഉപഭോഗം മൂലമുള്ള തകര്‍ച്ചകള്‍ പല രൂപത്തിലാണ് പുറത്തുവരുന്നത്. അതില്‍ പ്രധാനമാണ് കാലാവസ്ഥ വ്യതിയാനം. പ്രകൃതിക്ക് മേലുള്ള ഈ ചുരമാന്തല്‍ ഏറ്റവും അധികം ബാധിക്കുന്നത് ദരിദ്രരാജ്യങ്ങളെയാണ്. ഭൂമിയിലെ വിഭവങ്ങളുടെ 80 ശതമാനവും ഉപയോഗിക്കുന്നത് ലോകജനസംഖ്യയുടെ 17 ശതമാനം മാത്രം വരുന്ന സമ്പന്നരാണ്. അത് രാജ്യങ്ങളുടെ കണക്കായി എടുത്ത് പരിശോധിച്ചാല്‍ 86 ശതമാനവും അഞ്ചിലൊന്ന് വരുന്ന സമ്പന്ന രാജ്യങ്ങളാണ് അവരുടെ അമിത സുഖസൗകര്യങ്ങള്‍ക്കായി ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്.
അടുത്തിടെ നടന്ന ഒരു പഠനപ്രകാരം ലോകത്ത് 30 സമ്പന്നന്മാരുടെ സമ്പത്ത് ലോകത്തെ ആകെ ജനസംഖ്യയുടെ പകുതിപേരുടെ സമ്പത്തിനെക്കാള്‍ കൂടുതലാണ്. ഈ സമ്പന്നരില്‍ ബഹുഭൂരിപക്ഷവും അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും പെട്ടവരാണ്. ഇന്ന് നടക്കുന്ന പല ആഭ്യന്തര സംഘര്‍ഷങ്ങളും കടന്നുകയറ്റങ്ങളും വിഭവങ്ങള്‍ കൊള്ള ചെയ്യാന്‍ വേണ്ടിയാണ്. സങ്കുചിത ദേശീയതകള്‍ അതിനുവേണ്ടി വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നു. അമേരിക്കയില്‍ ട്രംപ് ചെയ്യുന്നത് അതാണ്. അമേരിക്കയുടെ വിഭവചൂഷണം മറ്റ് രാജ്യങ്ങളുടെ ചെലവിലാണ് എന്നത് മറന്നുകൊണ്ടാണ് കുടിയേറ്റങ്ങള്‍ക്കെതിരെയും മറ്റും അവര്‍ നിയമനിര്‍മാണങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. മാത്രമല്ല മറ്റ് രാജ്യങ്ങളില്‍ അനാവശ്യമായ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് കടന്നുകയറാനും ശ്രമിക്കുന്നു.
ആഗോളതാപനം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് 2015 ഡിസംബറില്‍ പാരീസില്‍വച്ച് വിവിധ രാജ്യങ്ങള്‍ ചേര്‍ന്നുണ്ടാക്കിയ ഉടമ്പടിയില്‍ നിന്നും അമേരിക്ക ഏകപക്ഷീയമായി പിന്‍മാറുകയും ലോകപരിസ്ഥിതി തകര്‍ച്ചയെക്കുറിച്ച് പുച്ഛിക്കുകയും ചെയ്തു. ട്രംപ് അധികാരത്തില്‍ വന്നതിന് ശേഷമാണ് ഇതുണ്ടായത്. ആഗോളതാപനത്തെ സംബന്ധിച്ച് അംഗീകരിക്കപ്പെട്ട ശാസ്ത്രസത്യങ്ങളെയാണ് ട്രംപ് പരിഹസിച്ചത്.
ഇക്കഴിഞ്ഞ ഭൗമദിനത്തില്‍ ലോകത്തെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ ഏകദേശം അഞ്ഞൂറോളം നഗരങ്ങളില്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുകയുണ്ടായി. ട്രംപിനെപോലെയുള്ള ഭരണാധികാരികളുടെ ശാസ്ത്രവിരുദ്ധ വാദഗതികള്‍ക്കെതിരെയാണ് ചരിത്രത്തിലാദ്യമായി തങ്ങളുടെ വെള്ളക്കോട്ടുകള്‍ വലിച്ചെറിഞ്ഞ് അവര്‍ തെരുവിലിറങ്ങിയത്. അമേരിക്കയിലെ തന്നെ പല ഗവേഷണ സ്ഥാപനങ്ങളും കൂടി ഉള്‍പ്പെട്ട ശാസ്ത്രസമിതികളാണ് ഭൂമി ആസന്നമായി നേരിടാന്‍ പോകുന്ന അപകടങ്ങളെക്കുറിച്ച് ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ വിശദീകരിച്ചത് എന്നോര്‍ക്കണം. ഇന്ന് അമേരിക്കക്കാരനെപ്പോലെ ലോകത്തെല്ലാവരും ജീവിക്കാന്‍ ശ്രമിച്ചാല്‍ 4.8 ഭൂമി വേണമെന്നാണ് അമേരിക്കന്‍ ഉപഭോഗ രീതിയെക്കുറിച്ച് പഠിച്ച പരിസ്ഥിതി ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത്. ശരാശരി അമേരിക്കക്കാരന്‍ പാഴാക്കുന്ന പ്രഭാതഭക്ഷണം മാത്രം മതി ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ എല്ലാവരുടെയും വിശപ്പ് മാറ്റാന്‍. 1870 മുതല്‍ ഇങ്ങോട്ടെടുത്ത് പരിശോധിച്ചാല്‍ ലോകത്ത് ഇതുവരെയുള്ള കാര്‍ബണ്‍ വിസര്‍ജ്ജനത്തിന്റെ 27 ശതമാനവും നടത്തിയത് അമേരിക്കയാണ്. അമേരിക്കയിലെ ഒരു പൗരന്‍ ശരാശരി പ്രതിവര്‍ഷം 18 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡാണ് അന്തരീക്ഷത്തിലേക്ക് തള്ളുന്നത്. ഇതുപോലുള്ള രാജ്യങ്ങളില്‍ ഇത് വെറും ഒരു ടണ്ണാണ്.
കാര്‍ബണ്‍ വിസര്‍ജനം ദരിദ്രരാജ്യങ്ങള്‍ അവരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായാണ് പുറപ്പെടുവിക്കുന്നതെങ്കില്‍ അമേരിക്ക ആഡംബര ജീവിതത്തിന്റെ ഭാഗമായാണ് അന്തരീക്ഷ മലിനീകരണവും അതുവഴി ആഗോളതാപനം ഉയര്‍ത്തുന്നതില്‍ പ്രധാനപങ്കും വഹിക്കുന്നത്. ലോകം ഭൂമിക്ക് കടക്കാരനാകുന്നതിന് പ്രധാന ഉത്തരവാദി 35 കോടി ജനസംഖ്യയുള്ള അമേരിക്കയാണ്. പക്ഷേ അതിന്റെ ആത്യന്തിക ഫലം അനുഭവിക്കേണ്ടിവരുക 751 കോടി ജനമായിരിക്കും എന്നതാണ് വസ്തുത. അമേരിക്കന്‍ സുഖലോലുപ ജീവിതത്തിന് നാം നല്‍കേണ്ടിവരുന്ന വില.

Related News