മരാമത്ത്‌ പണിക്ക്‌ സോഷ്യൽ ഓഡിറ്റിങ്‌ വേണം | കള്ളിനെ നിലനിർത്തണം

March 21 04:45 2017

മരാമത്ത്‌ പണിക്ക്‌ സോഷ്യൽ ഓഡിറ്റിങ്‌ വേണം
പൊതുമരാമത്ത്‌ റോഡുകൾക്ക്‌ സർക്കാർ 1000 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി വാർത്ത കണ്ടു. റോഡുകളുടെയും പാലങ്ങളുടെയും മരാമത്ത്‌ പണികൾ മഴയ്ക്ക്‌ മുൻപ്‌ തീർക്കാനുള്ള ഉദ്ദേശത്തോടെയാണ്‌ സർക്കാർ ഇപ്പോഴേ നടപടി കൈക്കൊണ്ടിരിക്കുന്നതെന്ന്‌ ബന്ധപ്പട്ടവർ പറയുകയുണ്ടായി. ഈ പണികളുടെ എസ്റ്റിമേറ്റുകൾ പൊതുമരാമത്ത്‌ ചീഫ്‌ എൻജിനീയർ പരിശോധിച്ച്‌ ഉറപ്പ്‌ വരുത്തിയാണ്‌ ഇവയ്ക്കുള്ള സാങ്കേതിക അനുമതി നൽകുക. ആ പ്രക്രിയയും വേഗം തീരുമെന്ന്‌ പ്രതീക്ഷിക്കാം.
എന്നാൽ എസ്റ്റിമേറ്റുകൾ അനുസരിച്ച്‌ പണി ഏറ്റെടുക്കുന്നവർക്ക്‌ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പുവരുത്തണമെങ്കിൽ ഈ പദ്ധതികൾ സോഷ്യൽ ഓഡിറ്റിങ്ങിന്‌ വിധേയമാക്കേണ്ടതുണ്ട്‌. പണി ചെയ്ത റോഡുകൾ പണി പൂർത്തിയായ അടുത്ത നിമിഷം പൊട്ടിത്തകരുന്നത്‌ കേരളത്തിൽ സ്ഥിരം കാഴ്ചയാണ്‌. നമ്മുടെ പൊതുനിരത്തുകളുടെ അവസ്ഥ പരിശോധിക്കുന്ന ആർക്കും ഇത്‌ മനസിലാകും. പെർഫോർമൻസ്‌ ഓഡിറ്റിങ്‌ നടത്തി തുകകൾ കൈമാറുന്ന രീതികൊണ്ട്‌ ഈ പാളിച്ചകൾ പരിഹരിക്കാനാകില്ല തന്നെ. ഇത്ര മീറ്റർ റോഡിന്‌ ആവശ്യമായ ജെല്ലിയും ടാറും മറ്റ്‌ സാങ്കേതിക കാര്യങ്ങളും അത്രതന്നെ അളവിൽ കൃത്യമായി ഉപയോഗിക്കുന്നുണ്ടോ എന്നൊരു പരിശോധന ഇവിടെ നടക്കാറില്ല. മാത്രമല്ല റോഡുപണി ആരംഭിക്കുന്ന സ്ഥലത്തും അവസാനിക്കുന്ന സ്ഥലത്തും ഇതുസംബന്ധിച്ച വിശദമായ വിവരണ ബോർഡുകൾ സ്ഥാപിക്കണമെന്ന്‌ സോഷ്യൽ ഓഡിറ്റിങ്ങിൽ ആവശ്യപ്പെടുന്നുണ്ട്‌. ജോലി ഏറ്റെടുത്ത കോൺട്രാക്ടറുടെ പേര്‌, അനുവദിച്ച തുക, പണി ആരംഭിച്ച ദിവസം, ഉപയോഗിച്ച മെറ്റൽ ജെല്ലി, ടാർ അടക്കമുള്ള സാമഗ്രികളുടെ കണക്ക്‌, പണി അവസാനിച്ച തീയതി എന്നിവ ബോർഡിൽ ഉണ്ടായിരിക്കണം. ഇതൊക്കെ കൃത്യമായി പാലിച്ച്‌ സോഷ്യൽ ഓഡിറ്റിങ്ങിലൂടെ മരാമത്ത്‌ പ്രവർത്തികൾക്കൊരു ഉത്തരവാദിത്തവും സുതാര്യതയും ഉറപ്പാക്കേണ്ടതുണ്ട്‌. ഇതോടെ റോഡു പണി എന്നത്‌ ഒരു നിത്യപരിപാടിയായി മാറുന്നത്‌ അവസാനിക്കും. എൽഡിഎഫ്‌ സർക്കാർ അതിന്‌ മുൻകൈ എടുക്കുമെന്ന്‌ പ്രത്യാശിക്കുന്നു.
ഗിരീശൻ
നെന്മാറ


കള്ളിനെ നിലനിർത്തണം
കള്ളിനെ മദ്യനയത്തിൽനിന്ന്‌ ഒഴിവാക്കണം എന്ന ഡോ. സെബാസ്റ്റ്യൻ പോളിന്റെ പത്രക്കുറിപ്പാണ്‌ ഈ കുറിപ്പിനാധാരം. കള്ളിനെ നിലനിർത്തേണ്ടത്‌ രണ്ട്‌ കാരണങ്ങളാൽ പ്രാധാന്യം അർഹിക്കുന്നു. ഒന്ന്‌ കള്ളുചെത്തിൽ ഏർപ്പെട്ടിരിക്കുന്ന ചെത്തുതൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെട്ടുകൂടാ. രണ്ട്‌, ചെത്താൻ കൊടുക്കുന്ന തെങ്ങിൽ നിന്നും തെങ്ങുകൃഷിക്കാരന്‌ ലഭിക്കുന്ന അധികവരുമാനം നഷ്ടപ്പെടാനിടയാകരുത്‌.
കള്ളിനെ മദ്യനയത്തിൽ നിന്നും ഒഴിവാക്കുന്നതിൽ സാങ്കേതിക ബുദ്ധിമുട്ടുണ്ടാകാം. കള്ളിനെ നിലനിർത്തുന്നതിന്‌ വേറൊരു നല്ല വഴിയുണ്ട്‌. പണ്ട്‌ ഈ ലേഖകൻ കേരളസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതാണ്‌. 1985-ൽ നാളികേരത്തിന്‌ അതിന്‌ മുമ്പൊരിക്കലും ഉണ്ടാവാത്ത ഒരു വിലത്തകർച്ചയുണ്ടായി. അതിനെക്കുറിച്ച്‌ പഠിച്ച്‌ പ്രതിരോധ നടപടികൾ നിർദേശിക്കാൻ കൃഷിവകുപ്പിനെ ചുമതലപ്പെടുത്തി.
കൃഷിവകുപ്പിന്റെ പ്രോജക്ട്‌ പ്രിപ്പറേഷൻ ആൻഡ്‌ മോണിറ്ററിങ്‌ സമർപ്പിക്കാൻ ചുമതലപ്പെടുത്തിയത്‌. നാളികേരം കൊപ്രയാക്കി ആട്ടി വെളിച്ചെണ്ണയാക്കി കേടുകൂടാതെ സൂക്ഷിച്ച്‌ വെളിച്ചെണ്ണയ്ക്ക്‌ വിലക്കയറ്റം ഉണ്ടാകുമ്പോൾ വിൽക്കാനുള്ള സംവിധാനം സർക്കാർ ഏറ്റെടുക്കണമെന്ന്‌ പറഞ്ഞതോടൊപ്പം അന്ന്‌ മുന്നോട്ടുവച്ച ഒരു നിർദേശമാണ്‌ മധുരക്കള്ള്‌ പുളിക്കാതിരിക്കുന്നതിനുള്ള ടെക്നോളജി ഉപയോഗിച്ച്‌ മധുരക്കള്ളായി വിപണനം ചെയ്യണം എന്നത്‌. ശുദ്ധമായ മധുരക്കള്ളിനേക്കാൾ രുചിയുള്ള പാനീയം ഇല്ലതന്നെ. എല്ലാവരും ഇഷ്ടപ്പെടുന്ന സ്വാദുള്ള ഈ പാനീയം നല്ല വിലയ്ക്ക്‌ ചൂടപ്പം പോലെ വിപണിയിൽ വിൽക്കാനാവും.
ലേഖകൻ ഫാൻ ഇൻഫർമേഷൻ ബ്യൂറോയുടെ ഉപദേശകസമിതി അംഗമായിരുന്നപ്പോൾ വീണ്ടും ഈ നിർദേശം ഉപദേശകസമിതിയിൽ ഉന്നയിച്ചെങ്കിലും ആരും അത്ര കൂട്ടാക്കിയില്ല. സ്വാദിന്റെ വിഷയത്തിൽ നീരക്കള്ളിന്‌ ഒരു പകരമാവില്ല. എക്സൈസ്‌ ഡിപ്പാർട്ട്മെന്റിന്റേയും കൃഷി ഡിപ്പാർട്ട്മെന്റിന്റേയും സത്വരശ്രദ്ധ ക്ഷണിക്കുന്നു.
അഡ്വ. ജോർജ്ജ്‌ തോമസ്‌

view more articles

About Article Author