Tuesday
21 Aug 2018

മറക്കുവാൻ കഴിയാത്ത ഗായിക

By: Web Desk | Sunday 9 July 2017 4:45 AM IST

രമേശ്‌ ബാബു

ഇന്ത്യൻ ചലച്ചിത്ര സംഗീതലോകത്തെ അതുല്യ പ്രതിഭയായിരുന്ന സലിൽ ചൗധരിയുടെ സംഗീത സപര്യയിലും ജീവിതത്തിലും പങ്കാളിയായിരുന്ന സബിത ചൗധരി വിട ചൊല്ലുമ്പോൾ ആ വിയോഗം ഹൃദയസ്പർശിയായ കുറേ ഗാനസ്മരണകളാണ്‌ അവശേഷിപ്പിക്കുന്നത്‌. സലിൽ ചൗധരി എന്ന സംഗീത മാന്ത്രികന്റെ സൃഷ്ടികൾ കഴിഞ്ഞ അൻപത്‌ വർഷമായി അനശ്വരമായി തന്നെ നിലകൊള്ളുന്നു. കാലം മറക്കാത്ത ആ ഈണങ്ങൾക്ക്‌ നാദം പകർന്നുകൊണ്ടാണ്‌ സബിത ചൗധരിയും പരിചിതയാകുന്നത്‌. ഓരോ ഗാനവും അർഥസമ്പുഷ്ടവും ഹൃദയഗീതവുമായിരുന്ന ചലച്ചിത്ര സംഗീതകാലത്താണ്‌ സബിത ചൗധരിയുടെയും അരങ്ങേറ്റം. ബംഗാളി ഗായികയായി രംഗത്തുവന്ന സബിത തുടർന്ന്‌ ഹിന്ദി ചലച്ചിത്രഗാനരംഗത്തും ശക്തമായ സാന്നിധ്യമായി. ഇതിനിടയിൽ സലിൽ ചൗധരിയുടെ സംഗീതത്തിൽ ഗാനങ്ങളാലപിക്കാൻ അവസരം ലഭിച്ച സബിത അദ്ദേഹത്തിന്റെ ഇഷ്ടഗായികയായി മാറുകയായിരുന്നു. ഇഷ്ടഗായിക അദ്ദേഹത്തിന്‌ ജീവിതത്തിലും കൂട്ടായി. സലിൽ ചൗധരി നേരത്തെ വിവാഹിതനായിരുന്നു. ജ്യോതി എന്ന ആദ്യഭാര്യയിൽ അദ്ദേഹത്തിന്‌ മൂന്ന്‌ കുട്ടികളുമുണ്ടായിരുന്നു. എന്നാൽ ആ ദാമ്പത്യത്തിന്റെ സ്വരച്ചേർച്ചയില്ലായ്മയിലാണ്‌ സബിതയുടെ സാന്നിധ്യം ശ്രുതിചേർക്കുന്നത്‌. സംഗീതം മാത്രം മനസിൽ നിറഞ്ഞ സലിലിന്റെ ജീവിതത്തിൽ സബിത ലയിച്ചപ്പോൾ അത്‌ ഇരുവരുടേയും സംഗീതയാത്രയ്ക്ക്‌ പുതുവഴിയൊരുക്കുകയായിരുന്നു.
സലിൽ ചൗധരിയുടെ ബഹുമുഖപ്രതിഭയെ പൊലിപ്പിക്കാനും സബിതയുടെ സാമീപ്യത്തിനായി. ഇന്ത്യൻ പീപ്പിൾസ്‌ തിയേറ്റർ അസോസിയേഷൻ (ഇപ്റ്റ) പ്രവർത്തകൻ, ബംഗാൾ ജനതയുടെ ഹൃദയത്തിൽ സമരാവേശം സൃഷ്ടിച്ച ഗാനങ്ങളുടെ ശിൽപി, നാടകകൃത്ത്‌, കവി, കഥാകാരൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച സലിൽ ചൗധരിയുടെ പ്രതിഭയുടെ ഊർജമായി വർത്തിക്കാൻ സബിത ചൗധരിക്ക്‌ എന്നും കഴിഞ്ഞിരുന്നു. തന്റെ സംഗീതപ്രചോദനം ലതാമങ്കേഷ്ക്കറിന്റെ ശബ്ദമായിരുന്നുവെന്ന്‌ പറഞ്ഞിട്ടുള്ള സലിൽ ചൗധരി മറ്റൊരിക്കൽ ഇങ്ങനെ പറഞ്ഞു: എന്റെ ജീവിതത്തിൽ രണ്ട്‌ സ്ത്രീകൾക്കാണ്‌ മുഖ്യ സ്ഥാനം, എന്റെ ഭാര്യ സബിതയ്ക്കും ലതാമങ്കേഷ്ക്കറിനും.
1964 ൽ രാമുകാര്യാട്ട്‌ സംവിധാനം ചെയ്ത ചെമ്മീനിലൂടെ മലയാള ചലച്ചിത്രലോകത്തേക്ക്‌ കടന്നുവന്ന സലിൽ ചൗധരി മന്നാഡേ (മാനസ മൈനേ വരൂ), ലതാ മങ്കേഷ്ക്കർ (കദളീ ചെങ്കദളീ), തലത്ത്‌ മെഹമൂദ്‌ (കടലേ നീലക്കടലേ) എന്നീ ഗായകരേയും മലയാളത്തിൽ ആദ്യമായി അവതരിപ്പിച്ചു. 1975 ൽ ഇറങ്ങിയ തോമാശ്ലീഹാ എന്ന ചിത്രത്തിലാണ്‌ അദ്ദേഹം സബിത ചൗധരിയെ മലയാളത്തിന്‌ പരിചയപ്പെടുത്തുന്നത്‌. യേശുദാസിനൊപ്പം സബിത പാടിയ ‘വൃശ്ചിക പെണ്ണേ, വേളിപ്പെണ്ണേ’ എന്ന ഗാനം എറെ ശ്രദ്ധിക്കപ്പെട്ടു. മദനോത്സവത്തിലെ ‘മേലേപൂമല, നീ മായും നിലാവോ എൻ ജീവ’ന്റെ (രണ്ടും യേശുദാസിനൊപ്പം) അന്നത്തെ ഹിറ്റുകളായിരുന്നു. ഇതിൽ ‘നീമായും നിലാവോ എൻ ജീവന്റെ’ എന്ന ഗാനത്തിന്‌ യേശുദാസ്‌ സ്വരഭംഗികൊണ്ട്‌ ജീവൻ നൽകുമ്പോൾ സബിത ചൗധരി മന്ത്രമധുരിമയാർന്ന മൂളൽ കൊണ്ട്‌ ആ ഗാനത്തിന്‌ ആത്മാവ്‌ നൽകുകയായിരുന്നു. റിക്കോഡിങ്ങിന്റെ സാങ്കേതികത്വങ്ങൾ അത്രയൊന്നും വികസിതമല്ലാത്ത എഴുപതുകളിൽ സൃഷ്ടിക്കപ്പെട്ട ഈ ഗാനം സലിൽ ചൗധരിയുടെ ഓർക്കസ്ട്രേഷൻ വൈദഗ്ധ്യവും വെളിവാക്കുന്നു. 1978 ൽ ശ്രീകുമാരൻ തമ്പി എഴുതി സംവിധാനം ചെയ്ത ‘ഏതോ ഒരു സ്വപ്നം’ എന്ന ചിത്രത്തിനുവേണ്ടി സലിൽ ചൗധരിയുടെ സംഗീതത്തിൽ സബിത പാടിയ ‘ഒരു മുഖം മാത്രം കണ്ണിൽ’ എന്ന ഗാനം അവരെ മലയാളത്തിൽ അനശ്വരയാക്കുന്നു. പുറത്തിറങ്ങാതെ പോയ ചിത്രം ‘ദേവദാസി’ക്കുവേണ്ടി ഒഎൻവി – സലിൽ ചൗധരി ദ്വയം ഒരുക്കിയ മനോഹരഗാനങ്ങളിൽ ഒന്ന്‌ സബിതാ ചൗധരി പാടിയ ‘ഇനി വരൂ തേൻനിലാവേ’ എന്ന ഗാനമായിരുന്നു. ഇതേ ഈണത്തിൽ ഹിന്ദിയിലും അവർ പാടിയിട്ടുണ്ട്‌. ‘രാക്കുയിലേ ഉറങ്ങു (ഈ ഗാനം മറക്കുമോ), മയിലുകളാടും മാലിനി തൻതീരം (സമയമായില്ലപോലും), ഭൂമിതൻ സംഗീതം നീ (അന്തിവെയിലിലെ പൊന്ന്‌)’ എന്നീ ഗാനങ്ങളും യേശുദാസിനൊപ്പം സബിത ആലപിച്ചു. ഹിന്ദി കൂടാതെ തമിഴ്‌, കന്നഡ, അസാമിസ്‌, ഒറിയ ഭാഷകളിലും സബിത ശ്രദ്ധേയയായ ഗായികയാണ്‌. മലയാള ചലച്ചിത്ര സംഗീത മേഖലയിൽ നിന്നുള്ള യേശുദാസ്‌ പിന്നണിഗായകനെന്ന നിലയിൽ ഇന്ത്യയിൽ മുടിചൂടാ മന്നനാണെങ്കിലും വനിതാ ഗായികമാരിൽ കേരളത്തിന്‌ അങ്ങനെയൊരു പ്രാമുഖ്യമില്ല. മലയാള സിനിമാ രംഗത്ത്‌ എന്നും പ്രമുഖരായിരുന്നത്‌ പി സുശീല, എസ്‌ ജാനകി, വാണിജയറാം, ബി വസന്ത തുടങ്ങിയ ഇതര സംസ്ഥാന ഗായികമാരായിരുന്നു. ഈ നിരയിലാണ്‌ സബിത ചൗധരിയുടെയും സ്ഥാനം.
മലയാളികൾ സ്വന്തം സംഗീത സംവിധായകനായി നെഞ്ചേറ്റിയ സലിൽ ചൗധരിയുടെ പത്നി സബിത ചൗധരിയേയും അതുപോലെ അംഗീകരിച്ചിരുന്നു. കൊൽക്കത്തയിലെ വീട്ടിൽ കാൻസർ രോഗത്തോടു പൊരുതി 72-ാ‍ം വയസിൽ അവർ വിടപറഞ്ഞപ്പോൾ മറക്കാത്ത ഒരുപിടി ഗാനങ്ങളാണ്‌ അവർ ഗാനലോകത്തിന്‌ സംഭാവനയായി നൽകിയിരിക്കുന്നത്‌.
സഞ്ജോയ്‌ ചൗധരി, ബോബി ചൗധരി എന്നിവരാണ്‌ മക്കൾ. അച്ഛന്റെയും അമ്മയുടെയും പാതയിൽ സംഗീതലോകത്തുള്ള സഞ്ജോയ്‌ ചൗധരി സ്വന്തം ജാനകിക്കുട്ടീ, ഇങ്ങനെയൊരു നിലാപക്ഷി, രാസലീല എന്നീ മലയാളചിത്രങ്ങൾക്ക്‌ സംഗീതം പകർന്നിട്ടുണ്ട്‌.