മറവി ഒരു ഡിഐജി യുടെ ഓർമ്മക്കുറിപ്പുകൾ

മറവി ഒരു ഡിഐജി യുടെ ഓർമ്മക്കുറിപ്പുകൾ
March 19 04:45 2017

മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ്‌ നേടിയ ഒറ്റയടിപ്പാത എന്ന ചിത്രത്തിനുശേഷം സന്തോഷ്‌ ബാബു സേനനും, സതീഷ്‌ ബാബു സേനനും ചേർന്ന്‌ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്‌ ‘മറവി’ ഫിഫ്ത്ത്‌ എലമെന്റ്‌ ഫിലിംസിനുവേണ്ടി സന്തോഷ്‌ ബാബു സേനൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പൊന്മുടിയിലും പരിസരങ്ങളിലുമായി പൂർത്തിയായി. നിരവധി അംഗീകാരങ്ങൾ നേടിയ ‘ചായം പൂശിയ വീട്‌, ഒറ്റയടിപ്പാത, എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയരായ സന്തോഷ്‌ ബാബു സേനൻ, സതീഷ്‌ ബാബു സേനൻ സഹോദരങ്ങൾ വീണ്ടും ഒരു ശക്തമായ ചിത്രത്തിനുവേണ്ടി ഒന്നിക്കുകയാണ്‌. പ്രമുഖ ബംഗാളി സംവിധായകനായ അസനോഘോഷ്‌ സംവിധാനം ചെയ്ത ‘രൂപ്കഥാനോയി’ ഗൗതംഘോഷ്‌ സംവിധാനം ചെയ്ത ‘ശൂന്യ ആംഘോം’ എന്നീ ചിത്രങ്ങളിൽ നായികയായി തിളങ്ങിയ നീനാ ചക്രബർത്തിയാണ്‌ നായികയായി വേഷമിടുന്നത്‌. കെ. കലാദരൻ, ശരത്സഭ എന്നിവർ പ്രധാന വേഷത്തിലെത്തുന്നു.
ഒരു അപ്പനും, മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ്‌ ‘മറവി’ പറയുന്നത്‌. ഒരു റിട്ടയേർഡ്‌ ചെയ്ത ഡി.ഐ.ജി (കെ. കലാദരൻ), വിശ്രമജീവിതം തുടങ്ങിയപ്പോൾ, അയാൾ പഴയകാലങ്ങളെക്കുറിച്ച്‌ ചിന്തിക്കാൻ തുടങ്ങി. ഡി.ഐ.ജി. ആയി ജോലി ചെയ്ത നാളുകൾ. നിരപരാധികളും, കുറ്റവാളികളുമായ ആളുകളുമായി ഇടപഴകിയ നാളുകൾ അദ്ദേഹം ഓർമ്മിച്ചു. മനസ്സിനെ മഥിക്കുന്ന എത്രയെത്ര സംഭവങ്ങൾ! അതെല്ലാം അദ്ദേഹത്തിന്റെ മനസ്സിനെ വല്ലാതെ മുറിവേൽപ്പിച്ചു. ഒരു ദിവസം, ഡി.ഐ.ജി.യുടെ ഒരേയൊരു മകളായ അനു (നീനാചക്രബർത്തി) പിതാവിനോട്‌ പറഞ്ഞു. ‘നഗരങ്ങൾ ഓരോ നിമിഷവും വളർന്നുവലുതാവുന്നു. പ്രകൃതി നിയമമാകും’ അതിന്‌ പിതാവിന്റെ മറുപടി ഇങ്ങനെ ആയിരുന്നു. മരുഭൂമിയെ, മറ്റ്‌ പ്രകൃതിയിൽ നിന്ന്‌ നമ്മൾ മതിലുകെട്ടി അകറ്റി നിർത്തും, പക്ഷേ, ഒരിക്കൽ മരുഭൂമി മതിൽ തകർത്ത്‌ കടന്നുവരും.’ ഡി.ഐ.ജി. തന്റെ ജീവിതവുമായി താരതമ്യം ചെയ്താണ്‌ ഇതു പറഞ്ഞത്‌. അദ്ദേഹത്തിന്റെ മനസ്സ്‌ ഇപ്പോൾ മരുഭൂമിക്ക്‌ സമാനമാണ്‌. മനസ്സിൽ അടക്കിപ്പിടിച്ചിരുന്ന വികാരങ്ങൾ പതുക്കെ അണപൊട്ടി ഒഴുകാൻ തുടങ്ങി. ഒരു ദിവസം ഡി.ഐ.ജി. യെ പെട്ടെന്ന്‌ കാണാതായി. മകളും കാമുകൻ വിനോദും ചേർന്ന്‌ അന്വേഷണം തുടങ്ങി. അപ്പോഴാണ്‌ അച്ഛന്റെ ഫോൺ കോൾ വന്നത്‌. തേൻഞ്ചോല എന്ന മലമുകളിലുള്ള സ്ഥലത്താണ്‌, പ്രധാനപ്പെട്ട ഒരുകാര്യത്തിനാണ്‌ വന്നത്‌. പക്ഷേ, വന്നത്‌ എന്തിനാണെന്ന കാര്യം മറന്നുപോയി. അനുവും കാമുകനും ഉടൻ അവിടെ എത്തി, അച്ഛനെ കണ്ടു. മകൾ വളരെ സ്നേഹത്തോടെ അച്ഛനോട്‌, എന്തിനാണ്‌ തേൻഞ്ചോലയിൽ എത്തിയതെന്ന്‌ ചോദിച്ചു. മകളുടെ സ്നേഹം പിതാവിന്റെ മനസ്സ്‌ കുളിർപ്പിച്ചു.
അദ്ദേഹം തേൻഞ്ചോലയിലെ, പഴയസംഭവങ്ങൾ ഓരോന്നും ഓർത്തെടുത്തു. പിതാവ്‌ ഡി.ഐ.ജി. ആയിരുന്ന കാലത്തെ സംഭവങ്ങളായിരുന്നു അതെല്ലാം. ഈ സംഭവങ്ങൾ മകളെ ഞെട്ടിച്ചു. എന്തായിരുന്നു തേൻഞ്ചോലയിലെ ആ മഹാസംഭവങ്ങൾ? ഫിഫ്ത്ത്‌ എലമെന്റ്‌ ഫിലിംസിനുവേണ്ടി സന്തോഷ്‌ ബാബു സേനൻ നിർമ്മിക്കുന്ന ‘മറവി’ സതീഷ്‌ ബാബു സേനൻ, സന്തോഷ്‌ ബാബു സേനൻ സംവിധാനം ചെയ്യുന്നു. കഥ, തിരക്കഥ, ക്യാമറ – സതീഷ്‌ ബാബു സേനൻ, സന്തോഷ്‌ ബാബു സേനൻ, എക്സിക്യുട്ടീവ്‌ പ്രൊഡ്യൂസേഴ്സ്‌ – കെ. ശ്രീകുമാർ. ടോമി ജോൺ, സോണി ജോസഫ്‌, സതീഷ്‌ ബാബു സേനൻ, സംഗീതം – സന്തോഷ്‌ കെ. തമ്പി, സൗണ്ട്‌ റിക്കാർഡിംഗ്‌ – ആനന്ദ്‌ ബാബു, അസോസിയേറ്റ്‌ ഡയറക്ടർ – ശരത്‌ റ്റി.എം, അസിസ്റ്റന്റ്‌ ഡയറക്ടർ – ഷിനോജ്‌, മൈത്രേയി, പ്രദീഷ്‌, പ്രൊഡക്ഷൻ കൺട്രോളർ – ആർ. രാജേന്ദ്രൻ, മാനേജർ – സുരേഷ്‌ കൊടുങ്ങാനൂർ, അരവിന്ദ്‌ സുരേഷ്‌, പി.ആർ.ഒ – അയ്മനം സാജൻ, നീനാ ചക്രബർത്തി, കെ. കലാധരൻ, ശരത്‌ സഭ, ജിബിൻ നായർ, കൃഷ്ണകുമാർ, മനോജ്‌ ശിവ, ലക്ഷ്മി സനൽ, സ്റ്റെല്ലാ രാജ്‌, ബേബി ശിവാനി എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്നു.

  Categories:
view more articles

About Article Author