Wednesday
18 Jul 2018

മലയാളസിനിമയെ ദുഷ്പ്രവണതകൾ പ്രതിസന്ധിയിലാക്കുമെന്ന്‌ ആശങ്ക

By: Web Desk | Saturday 8 July 2017 3:15 AM IST

കോളിവുഡിനെയും ബോളിവുഡിനെയും അനുകരിക്കാനുള്ള വ്യഗ്രത അതിരുകടക്കുന്നു

ബേബി ആലുവ
കൊച്ചി: മുൻകാല സൽപ്പേര്‌ ദുഷിപ്പിക്കുംവിധം മലയാള ചലച്ചിത്ര രംഗത്ത്‌ ആശാസ്യമല്ലാത്ത പ്രവണതകൾ അരങ്ങേറുന്നത്‌ വ്യവസായത്തെ പ്രതിസന്ധിയിലാക്കുമോ എന്ന ആശങ്ക വ്യാപകമാകുന്നു. ക്വട്ടേഷൻ സംഘങ്ങളും മയക്കുമരുന്ന്‌ മാഫിയയുമൊക്കെ ഷൂട്ടിംഗ്‌ കേന്ദ്രങ്ങളിൽ പതിവുകാരാകുന്നത്‌ ഈ ആശങ്കകളെ അരക്കിട്ടുറപ്പിക്കുന്നുണ്ട്‌.
സത്യനും പ്രേംനസീറും മധുവുമൊക്കെ അരങ്ങ്‌ നിറഞ്ഞു നിന്ന കാലത്ത്‌ ഇന്നു കാണുന്ന തരത്തിലുള്ള സ്വാർത്ഥലാഭങ്ങൾക്ക്‌ വേണ്ടിയുള്ള പക്ഷം പിടിക്കലോ സ്തുതിപാഠകരെ തീറ്റിപ്പോറ്റലോ അധോലോക പ്രവർത്തനങ്ങളെ ഓർമ്മിപ്പിക്കും വിധത്തിലുള്ള തരംതാണ പ്രവണതകളോ മലയാള സിനിമയെ തൊട്ടുതീണ്ടിയിരുന്നില്ലെന്ന്‌ പഴയകാല ചലച്ചിത്ര പ്രവർത്തകർ അനുസ്മരിക്കുന്നു.
തൊട്ടയൽപക്കമായ തമിഴ്‌നാട്ടിൽ കടുത്ത താരാരാധന മൂത്ത സിനിമാ പ്രേമികൾ എം ജി ആർ-ശിവാജി ഗണേശൻ മൺട്രങ്ങൾക്ക്‌ രൂപം നൽകി ആ താരപ്രമുഖരുടെ സിനിമകൾ ആഘോഷമാക്കിയിരുന്നെങ്കിലും ആ അലയടി മലയാളത്തെ ബാധിച്ചിരുന്നില്ല. വടക്ക്‌ ഹിന്ദിസിനിമാലോകം ആ കാലത്ത്‌ അധോലോക നായകരുടെ ചരടുവലികൾക്കൊത്ത്‌ ചലച്ചിരുന്നെങ്കിലും മലയാളസിനിമയ്ക്ക്‌ അത്തരം പുഴുക്കുത്തുകളേറ്റില്ല. ആ കാലം പക്ഷേ, തീർത്തും മാറിപ്പോയി. പ്രമുഖ നടന്മാരുടെ പേരിൽ തട്ടിക്കൂട്ടിയ ഫാൻസ്‌ അസോസിയേഷനുകളും താരങ്ങളുടെ പേരിലിറങ്ങുന്ന പ്രസിദ്ധീകരണങ്ങളുമൊക്കെ തമിഴ്‌നാടിനെ തോൽപ്പിക്കുന്നു. പ്രസിദ്ധീകരണങ്ങളുടെയും മറ്റ്‌ കാര്യങ്ങളുടെയും നടത്തിപ്പിനുള്ള പണം വരുന്ന വഴി ആരാധക സംഘടനകളിൽപ്പെട്ടവർ മറച്ചു പിടിക്കുന്നു. ഒരു താരത്തിന്റെ ആരാധക സംഘത്തിൽപ്പെട്ടവർ മറുതാരത്തിന്റെ സിനിമയെ കൂവി തോൽപ്പിക്കുന്ന തറവേലവരെ കേരളത്തിൽ അരങ്ങേറുന്നു. പണം മുടക്കുന്ന നിർമ്മാതാവിന്റെയും മറ്റ്‌ ഏറെപ്പേരുടെയും നിലനിൽപ്പാണ്‌ ഇവിടെ അപകടത്തിലാകുന്നത്‌-മലയാള സിനിമയിലെ ഒരു അണിയറ പ്രവർത്തകൻ അഭിപ്രായപ്പെട്ടു.
അപ്രിയസത്യങ്ങൾ ഉറക്കെപ്പറയുന്നവരെ ഒതുക്കാനുള്ള പ്രവണത താരസംഘടനയായ’ അമ്മയുടെ’ ജനനത്തോടെയാണ്‌ പ്രബലമായത്‌. തികച്ചും ശത്രുതാമനോഭാവത്തോടെയുള്ള ആ ഒതുക്കലിന്റെ ഇരകളാണ്‌ അഭിനയ വൈഭവത്തിന്റെ കുലപതിയായ തിലകനും തലയെടുപ്പുള്ള സംവിധായകനായ വിനയനും. പൃഥിരാജിനെയും ക്യാപ്റ്റൻ രാജുവിനെയുമൊക്കെ ഇവർ നിയന്ത്രിച്ചു നിർത്തി. തന്നോടു കാണിച്ച അനീതിയും താരസംഘടനയുടെ യോഗത്തിലെ കയ്പേറിയ അനുഭവവുമൊക്കെ തിലകൻ തന്റെ ഓർമ്മക്കുറിപ്പുകളിൽ ഹൃദയനൊമ്പരത്തോടെ പങ്കുവയ്ക്കുന്നുണ്ട്‌. ഒറ്റപ്പെടുത്തി വളഞ്ഞുവച്ച്‌ ആക്രമിക്കുകയായിരുന്നുവത്രേ ‘അമ്മ’ യോഗത്തിൽ.
മദ്യവും മയക്കുമരുന്നുമൊക്കെ പ്രധാനവേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്ന നിശാപാർട്ടികളിലാണ്‌ ചില പുതുതലമുറ സിനിമാക്കാർക്ക്‌ കമ്പം. ഇത്തരക്കാരുടെ സിനിമകളുടെ ചിത്രീകരണ കേന്ദ്രങ്ങളിലാണ്‌ മയക്കുമരുന്ന്‌ സംഘങ്ങളുടെ സാന്നിദ്ധ്യമേറെ.
തങ്ങളുടെ സംഘടനയിൽപ്പെട്ട ഒരു അഭിനേത്രി ക്രൂരമായി അപമാനിക്കപ്പെട്ട സംഭവത്തിൽ കേസ്സുള്ളതിനാൽ നിഷ്പക്ഷത പാലിക്കുന്ന അമ്മ പ്രസിഡന്റിന്റെ നിലപാട്‌ ഒരു പക്ഷം പിടിക്കലാണെന്നും, അമ്മ നടത്തിയ വാർത്താസമ്മേളനത്തിൽ ജനപ്രതിനിധികൾ കൂടിയായ രണ്ട്‌ നടന്മാരിൽ നിന്നുണ്ടായ ആക്രോശവും ഭാവപ്രകടനവും എന്തിന്റെ പേരിലാണെന്നും പൊതുസമൂഹം വിലയിരുത്തിക്കഴിഞ്ഞു. തിലകനെതിരെയുണ്ടായ ഒതുക്കൽ പ്രക്രിയ പേടിസ്വപ്നമായതുകൊണ്ടു മാത്രം അമ്മയുടെ ‘നിഷ്പക്ഷത’യെ ന്യായീകരിക്കാൻ നിർബന്ധിതരായവരുമുണ്ട്‌, കൂട്ടത്തിൽ.
കോളിവുഡിനെ വെല്ലുന്ന താരാരാധനയും അതുണ്ടാക്കുന്ന പ്രശ്നങ്ങളും ബോളിവുഡിനോടൊപ്പം നിൽക്കാനുള്ള അധോലോക മനോഭാവവും പക്ഷം പിടിക്കുന്ന’ നിഷ്പക്ഷതയും’ ഒതുക്കലും ഒക്കെചേർന്ന്‌ മലയാളചലച്ചിത്ര രംഗത്തെ അടിതെറ്റിക്കുന്ന കാലം വിദൂരമല്ലെന്നാണ്‌, ഈ രംഗത്തെ പലരുടെയും അഭിപ്രായം.