മലയാളി മങ്കമാരുടെ മഹോത്സവമായ ധനുമാസ തിരുവാതിര ഇന്ന്‌

മലയാളി മങ്കമാരുടെ മഹോത്സവമായ ധനുമാസ തിരുവാതിര ഇന്ന്‌
January 11 03:30 2017

ഡാലിയ ജേക്കബ്‌
ആലപ്പുഴ: മലയാളി മങ്കമാരുടെ പ്രധാന ആഘോഷമായ ധനുമാസത്തിലെ തിരുവാതിര ഇന്ന്‌. ധനുമാസത്തിലെ തിരുവാതിരയ്ക്ക്‌ വിശേഷങ്ങൾ ഏറെയാണ്‌.
ധനുമാസത്തിൽ വെളുത്തവാവ്‌ ദിവസത്തെ തിരുവാതിര നാളിലാണ്‌ തിരുവാതിര ആഘോഷിക്കുന്നത്‌. ഹൈന്ദവ വിശ്വാസ പ്രകാരം പരമശിവന്റെ ജന്മനാളായിട്ടാണ്‌ ധനുമാസ തിരുവാതിരയെ കണക്കാക്കുന്നത്‌. കൂടാതെ പരമശിവനും പാർവ്വതിയും വിവാഹം കഴിച്ചത്‌ തിരുവാതിര ദിവസമാണെന്നും ഐതിഹ്യമുണ്ട്‌. വ്രതാനുഷ്ഠാനങ്ങളോടുകൂടിയാണ്‌ സ്ത്രീകൾ ഈ ആചാരത്തിൽ പങ്കുകൊള്ളുന്നത്‌.
മകയിരം മുതൽ തിരുവാതിര നാൾ വരെയാണ്‌ സ്ത്രീകൾ നോയ്മ്പ്‌ എടുക്കുന്നത്‌. ചില പ്രദേശങ്ങളിൽ തിരുവാതിരയ്ക്ക്‌ മുമ്പുള്ള പത്ത്‌ ദിവസം മുതൽ നോമ്പ്‌ ആരംഭിക്കും. നോയ്മ്പ്‌ ആരംഭിക്കുന്നതിന്‌ തൊട്ടുമുമ്പായി കുളിച്ച്‌ കരിക്കിൻവെള്ളം കുടിക്കണം. അരിഭക്ഷണം നോമ്പ്‌ ദിവസങ്ങളിൽ വർജ്ജിക്കണം. തിരുവാതിര ദിനത്തിൽ നോമ്പ്‌ തീരുന്നതുവരെ ഉറങ്ങുവാൻ പാടില്ല. ഉറക്കമൊഴിച്ച്‌ രാത്രിയിൽ പാതിരാപൂ ചൂടണം.
സ്ത്രീകൾ ഒത്തുകൂടി തിരുവാതിര പാട്ടുപാടി തുടിച്ച്‌ കുളിച്ചശേഷമാണ്‌ ദശപുഷ്പം ചൂടുന്നത്‌. തിരുവാതിരനാളിൽ നോമ്പ്‌ എടുക്കുന്നതിനും ഉറക്കമൊഴിയുന്നതിന്‌ പിന്നിലും ഐതിഹ്യമുണ്ട്‌. കാളകൂട വിഷം കഴിച്ച ശിവന്റെ ആയുസിനായി പാർവ്വതി ഉറക്കമൊഴിച്ച സംഭവത്തെ അനുസ്മരിച്ചും ശിവനെ ഭർത്താവായി ലഭിക്കുവാൻ വേണ്ടി പാർവ്വതി തപസ്‌ ചെയ്തതിനെ ഓർമ്മപ്പെടുത്തിയുമാണ്‌ തിരുവാതിര ആഘോഷിച്ചിരുന്നത്‌. മംഗല്യവതികളായ സ്ത്രീകൾ ദാമ്പത്യത്തിന്റെ കെട്ടുറപ്പിനും കന്യകമാർ മംഗല്യഭാഗ്യത്തിനുമാണ്‌ തിരുവാതിര വ്രതം എടുക്കുന്നത്‌.
സൂര്യോദയത്തിന്‌ മുമ്പ്‌ കുളത്തിൽപോയി തിരുവാതിര പാട്ടുപാടി കുളിക്കുക, തിരുവാതിരക്കളി, കൈക്കൊട്ടിക്കളി, ഉറക്കമൊഴിപ്പ്‌, എട്ടങ്ങാടി വിഭവങ്ങൾ ചേർത്ത്‌ പുഴുക്കുണ്ടാക്കി കഴിക്കുക, പാതിരാപ്പൂ ചൂടൽ എന്നിവയാണ്‌ തിരുവാതിര ആഘോഷങ്ങളിൽ പ്രധാനം.
ഒരു പ്രദേശത്തെ മംഗല്യവതികളായ സ്ത്രീകൾ, കന്യകമാർ, വൃദ്ധരായ സ്ത്രീകൾ, പെൺകുട്ടികൾ എന്നിവർ ഒന്നിച്ചു ചേർന്നാണ്‌ തിരുവാതിര ആഘോഷങ്ങളിൽ പങ്കെടുത്തിരുന്നത്‌. ഒരുകാലത്ത്‌ ഹൈന്ദവ ഭവനങ്ങളിലെ പ്രത്യേകിച്ച്‌ നായർ തറവാടുകളിലെ സ്ത്രീകളുടെ പ്രധാന ആഘോഷമായിരുന്നു ധനുമാസത്തിലെ തിരുവാതിര. പുത്തൻ തിരുവാതിരയ്ക്ക്‌ പ്രാധാന്യമേറെയാണ്‌.
വിവാഹം കഴിഞ്ഞതിന്‌ ശേഷം വരുന്ന ആദ്യത്തെ ധനുമാസത്തിലെ തിരുവാതിരയാണ്‌ പുത്തൻ തിരുവാതിര. പുത്തൻതിരുവാതിരയ്ക്ക്‌ ഒട്ടേറെ വിശേഷങ്ങളുമുണ്ട്‌. ഓരോ തിരുവാതിര കഴിയുമ്പോൾ അടുത്ത തിരുവാതിരയ്ക്കായി സ്ത്രീകൾ കാത്തിരിക്കുന്ന കാലം ഉണ്ടായിരുന്നു. ധനുമാസത്തിലെ തിരുവാതിരയ്ക്ക്‌ പ്രാധാന്യങ്ങൾ ഏറെയുണ്ടെങ്കിലും ജീവിത
ത്തിന്റെ തിരക്കുകൾക്കിടയിൽ പലരും തിരുവാതിരയേയും ധനുമാസത്തേയും മറന്ന്‌ തുടങ്ങി.

  Categories:
view more articles

About Article Author