മലയാളി വൈദികനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ

മലയാളി വൈദികനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ
March 21 04:45 2017

മെൽബൺ: മലയാളി വൈദികനെ കുത്തി പരിക്കേൽപ്പിച്ച പ്രതിയെ വിക്ടോറിയ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. ഫാ. ടോമി കളത്തൂരിനാണ്‌ വംശീയാക്രമണത്തിൽ കഴിഞ്ഞദിവസം കഴുത്തിനു കുത്തേറ്റിരുന്നത്‌. ഞായറാഴ്ച ഓസ്ട്രേലിയൻ സമയം രാവിലെ 10.55ന്‌ മെൽബണിന്റെ വടക്ക്‌ പ്രാന്തപ്രദേശത്തുള്ള ഫോക്നറിലുള്ള സെന്റ്‌ മാത്യുസ്‌ ദേവാലയത്തിൽവെച്ചായിരുന്നു സംഭവം. സംഭവസ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ട അക്രമിയെ പൊലീസ്‌ ഞായറാഴ്ച രാത്രിയോടെ തന്നെ പിടികൂടുകയായിരുന്നു.
സംഭവം നടന്ന പള്ളിയിൽനിന്ന്‌ കുറച്ച്‌ അകലെവെച്ചാണ്‌ പ്രതിയെ വിക്ടോറിയൻ ഫെഡറൽ പൊലീസ്‌ പിടികൂടിയത്‌. ഇയാൾക്കെതിരെ മനപ്പൂർവ്വം ആക്രമിച്ച്‌ പരിക്കേൽപ്പിച്ചതിന്റെ പേരിലുള്ള കുറ്റങ്ങളാണ്‌ ചുമത്തിയിട്ടുള്ളത്‌. പ്രതി പള്ളി സ്ഥിതിചെയ്യുന്ന ഫോക്നർ സ്വദേശിതന്നെയാണെന്നും 72 വയസ്സ്‌ പ്രായം വരുമെന്നും മാത്രമാണ്‌ വിക്ടോറിയ പൊലീസ്‌ വ്യക്തമാക്കുന്നത്‌.
വംശീയാക്രമണമാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്‌ കേസിനെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്ത്‌ വിടാൻ ഇപ്പോൾ നിർവ്വാഹമില്ലെന്ന്‌ പൊലീസ്‌ വ്യക്തമാക്കി. ജാമ്യത്തിൽ വിട്ടയച്ച പ്രതിയെ ജൂൺ 13ന്‌ മെൽബണിൽനിന്നും 16 കിലോമീറ്റർ ദൂരെയുള്ള ബ്രോഡ്മെഡോസ്‌ മജിസ്ട്രേറ്റ്‌ കോടതിയിൽ ഹാജരാക്കുമെന്ന്‌ പൊലീസ്‌ അറിയിച്ചു.
80ൽപ്പരം വിശ്വാസികൾ സമ്മേളിച്ചിരിക്കെ അവരുടെ കൺമുന്നിൽ കുർബാന ആരംഭിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ്‌ 48 വയസ്സുള്ള ഫാ. ടോമി കളത്തൂർ ആക്രമണത്തിന്‌ ഇരയായത്‌.”നിങ്ങൾ ഇന്ത്യക്കാരനാണോ? ഹിന്ദുവാണോ? മുസ്ലീം ആണോ? നിങ്ങൾ ഇന്ത്യക്കാരനാണ്‌. ഇന്ത്യക്കാരനൊന്നും ഇവിടെവന്ന്‌ കുർബാന നടത്തേണ്ട, നിങ്ങളെ ഞാൻ കൊല്ലും” എന്ന്‌ ആക്രോശിച്ചുകൊണ്ട്‌ അക്രമി വൈദികനെ കുത്തുകയായിരുന്നു.
കട്ടിയുള്ള തിരുവസ്ത്രങ്ങൾ അണിഞ്ഞതുകൊണ്ടാണ്‌ കഴുത്തിനേറ്റ കുത്ത്‌ വളരെ ഗുരുതരമാകാതിരുന്നത്‌. ശബ്ദംകേട്ട്‌ ഓടിച്ചെന്ന പരിഭ്രാന്തരായ വിശ്വാസികൾ ആക്രമിയെ പിടിക്കാൻ ശ്രമിച്ചെങ്കിലും ആക്രമി ഓടി രക്ഷപ്പെട്ടു. മണിക്കൂറുകൾക്ക്‌ ശേഷം ഇയാൾ പൊലീസ്‌ പിടിയിലാവുകയായിരുന്നു. അക്രമി വൈദികനോട്‌ അസഭ്യ പരാമർശങ്ങൾ നടത്തിയിരുന്നുവെന്ന്‌ സംഭവത്തിന്‌ ദൃക്സാക്ഷികളായ വിശ്വാസികൾ പൊലീസിനോട്‌ പറഞ്ഞു. തൊട്ടുമുമ്പുള്ള ഞായറാഴ്ചയും പള്ളിയിൽവന്ന്‌ ഫാ. ടോമിയോട്‌ മോശപ്പെട്ട പരാമർശങ്ങൾ നടത്തിയിരുന്നതായും വിവരമുണ്ട്‌. ആക്രമണത്തിന്‌ ഇരയായ വൈദികൻ താമരശ്ശേരി രൂപതാ അംഗമാണ്‌. രണ്ടരവർഷത്തിലധികമായി ഫോക്നർ ഇടവക വികാരിയാണ്‌. പള്ളിയും പരിസരവും പൊലീസ്‌ നിരീക്ഷണത്തിലാണ്‌. ആക്രമം നടന്ന ഭാഗത്തേക്ക്‌ പൊലീസ്‌ ആരെയും കടത്തിവിടുന്നില്ല.

  Categories:
view more articles

About Article Author