മലിനജലം മരണജലം

മലിനജലം മരണജലം
April 11 04:45 2017

വലിയശാല രാജു
ഈ വർഷത്തെ ലോക ജലദിനത്തോടനുബന്ധിച്ച്‌ ഐക്യരാഷ്ട്രസഭയുടെ പ്രമേയം “എന്തുകൊണ്ട്‌ മലിനജലം” എന്നാണ്‌. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച്‌ ദിവസവും 3000 കുട്ടികളാണ്‌ മലിനജലം കുടിക്കുന്നതുമൂലം മരിക്കുന്നത്‌. 32 ലക്ഷം കുട്ടികൾ ഇങ്ങനെ ഓരോ വർഷവും മരിക്കുന്നുവെന്ന്‌ യുനെസ്കോയുടെ റിപ്പോർട്ടിൽ പറയുന്നു. മലിനജലം മുതിർന്നവർ ഉൾപ്പെടെ മൊത്തം പ്രതിവർഷം രണ്ടരക്കോടി ആളുകളുടെ ജീവനെടുക്കുന്നു. അതായത്‌ ഓരോ 15 സെക്കന്റിലും വെള്ളവുമായി ബന്ധപ്പെട്ട രോഗങ്ങൾ മൂലം ലോകത്ത്‌ ഒരാൾ മരിക്കുന്നു. ലോകത്ത്‌ 70 കോടി ജനങ്ങൾ മലിനജലമാണ്‌ കുടിക്കുന്നത്‌.
ലോകത്തെമ്പാടും ശുദ്ധജലത്തിന്റെ സ്രോതസ്‌ കുറഞ്ഞുവരികയാണ്‌. 2030 ആകുമ്പോഴേയ്ക്കും 25 ശതമാനത്തോളം ആൾക്കാർക്ക്‌ ശുദ്ധജലം തീരെ കിട്ടാത്ത അവസ്ഥയുണ്ടാകുമെന്നാണ്‌ പഠന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്‌. ഭൂമിയിലെ ആകെ ജലത്തിന്റെ 97 ശതമാനത്തോളം സമുദ്രത്തിലാണ്‌. അത്‌ ശുദ്ധീകരിക്കാതെ കുടിക്കാനോ കൃഷിക്ക്‌ ഉപയോഗിക്കാനോ കഴിയില്ല. അയാത്‌ നമുക്ക്‌ കിട്ടുന്ന ശുദ്ധജലം വെറും മൂന്ന്‌ ശതമാനം മാത്രം! ലഭ്യമായ ഈ മൂന്ന്‌ ശതമാനത്തിൽ 77.23 ശതമാനം അന്റാർട്ടിക്കയിലും ആർട്ടിക്കിലും മറ്റ്‌ മഞ്ഞുമലകളിലും കുടുങ്ങിക്കിടക്കുകയാണ്‌. 12.35 ശതമാനം ജലമാകട്ടെ 800 മീറ്ററിലും 4 കിലോമീറ്ററിനുമിടയിൽ ഭൂഗർഭത്തിലാണുള്ളത്‌. 9.86 ശതമാനം ഭൂഗർഭത്തിന്റെ 800 മീറ്റർ താഴ്ചയിൽ കിടക്കുന്നു. 0.35 ശതമാനം ശുദ്ധജലതടാകത്തിലും 0.17 ശതമാനം മണ്ണിലെ ഈർപ്പത്തിലും 0.001 ശതമാനം ധാതുക്കളിലും 0.04 ശതമാനം ജീവജാലങ്ങളുടെ ശരീരത്തിനകത്തുമുണ്ട്‌.
ഈ കണക്കനുസരിച്ച്‌ നേരത്തെ സൂചിപ്പിച്ച നമുക്ക്‌ ലഭ്യമായ 3 ശതമാനം ശുദ്ധജലത്തിൽ 2.67 ശതമാനവും മനുഷ്യന്‌ എളുപ്പം ഉപയോഗിക്കാൻ പറ്റുന്ന രീതിയിലുള്ളതല്ല. വെറും 0.33 ശതമാനം മാത്രമേ നമ്മുടെ എല്ലാ ആവശ്യങ്ങൾക്കും കൂടി ആകെ ലഭ്യമാകുന്നുള്ളു. അതായത്‌ ഒരു ശതമാനത്തിന്റെ പകുതിയിലും കുറവ്‌.
നമുക്ക്‌ കിട്ടുന്ന കുടിവെള്ളം എത്ര സൂക്ഷ്മതയോടെ വേണം നാം ഉപയോഗിക്കേണ്ടതെന്നാണ്‌ മേൽകണക്ക്‌ സൂചിപ്പിക്കുന്നത്‌. ഈയൊരു അവസ്ഥയിൽ കിട്ടുന്ന വെള്ളം തന്നെ മലിനീകരിക്കപ്പെട്ടാലുള്ള സ്ഥിതി ഭീതിജനകമാണ്‌. മനുഷ്യൻതന്നെയാണ്‌ ജലം മലിനീകരിക്കപ്പെടുന്നതിന്‌ പ്രധാന കാരണക്കാരൻ എന്നതാണ്‌ ഏറെ വിരോധാഭാസം. ഓരോ ദിവസവും 20 ലക്ഷം ടൺ മാലിന്യമാണ്‌ ജലാശയങ്ങളിലേയ്ക്ക്‌ തള്ളപ്പെടുന്നത്‌. വ്യവസായ മാലിന്യത്തിന്റെ 70 ശതമാനവും നേരിട്ട്‌ ജലാശയങ്ങളിലെത്തുന്നു. ഇതിൽ ബഹുഭൂരിപക്ഷവും ഇന്ത്യയുൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളിൽ നിന്നാണ്‌. കടലിൽത്തന്നെ വർഷംതോറും ഏഴ്‌ ലക്ഷം ടൺ മാലിന്യങ്ങളെത്തുന്നു. ഇവയിൽ ഏറ്റവും കൂടുതൽ പ്ലാസ്റ്റിക്കാണ്‌. വെള്ളം മലിനമാക്കുന്ന 70,000-ത്തോളം വസ്തുക്കൾ ശാസ്ത്രലോകം ഇന്ന്‌ കണ്ടെത്തിക്കഴിഞ്ഞു. ഇതുവരെ നാം ശുദ്ധമെന്ന്‌ കരുതിയിരുന്ന ഭൂഗർഭജലം (കുഴൽക്കിണർ) പോലും അഞ്ച്‌ ശതമാനം മലിനമാണെന്നാണ്‌ കണ്ടെത്തിയിട്ടുള്ളത്‌.
മലിനജലത്തിൽ മുന്നിലുള്ളത്‌ ഏഷ്യൻ വൻകരയാണ്‌. ഏറ്റവും കൂടുതൽ മലിനമായ നദികളുള്ളത്‌ ഏഷ്യയിലാണ്‌. ലോകത്തിലെ ഏറ്റവും മലിമായ നദികളിൽ മുൻനിരയിലുള്ളത്‌ ഗംഗ എന്ന ഇന്ത്യൻ നദിയാണ്‌. വെള്ളത്തിന്‌ ഏറ്റവും കൂടുതൽ ക്ഷാമമുള്ള ഭൂഖണ്ഡമായ ആഫ്രിക്കയിൽ ശുദ്ധജലം ലഭിക്കാത്ത 100 കോടി ജനങ്ങളാണുള്ളത്‌. ഒരു ആഫ്രിക്കൻ കുടുംബം ദിനംപ്രതി ശരാശരി 23 ലിറ്റർ വെള്ളമാണ്‌ ഉപയോഗിക്കുന്നത്‌. എന്നാൽ സമ്പന്ന രാജ്യമായ അമേരിക്കയിൽ ഇത്‌ 946 ലിറ്റർ വെള്ളമാണ്‌. ആഫ്രിക്കയുടെ ഏകദേശം 66 ശതമാനവും വരണ്ട പ്രദേശങ്ങളാണ്‌. സഹാറ മരുഭൂമിയോട്‌ ചേർന്ന പ്രദേശങ്ങളിലെ മുപ്പത്‌ കോടിയോളം ജനങ്ങൾ കടുത്ത ജലക്ഷാമം അനുഭവിക്കുന്നു. ഈ വൻകരയിൽപ്പെട്ട ടുബു ഗോത്രത്തിലുള്ള സ്ത്രീകളും കുട്ടികളും ദിവസങ്ങളോളം നടന്നാണ്‌ വെള്ളം ശേഖരിക്കുന്നത്‌.
പല രാജ്യങ്ങളിലും ശുദ്ധജലം അൽപ്പംപോലും കിട്ടാത്ത പ്രദേശങ്ങൾ ധാരാളമുണ്ട്‌. ലോക ജല അതോറിട്ടിയുടെ കണക്കനുസരിച്ച്‌ സ്കൂളിൽ പോകാൻ കഴിയാത്ത ലക്ഷക്കണക്കിന്‌ കുട്ടികളാണ്‌ വികസ്വര രാജ്യങ്ങളിലുള്ളത്‌. വീടുകളിലേയ്ക്ക്‌ വേണ്ട വെള്ളം ശേഖരിക്കലാണ്‌ ഇവരുടെ ജോലി.
ഇന്ത്യയിൽ പ്രതിവർഷം 1500 മില്ലീമീറ്റർ മഴ ലഭിക്കുന്നതായാണ്‌ കണക്കാക്കപ്പെടുന്നത്‌. ഹിമാലയത്തിലെ മഞ്ഞുപാളികൾ ഉരുകിയും മറ്റും ലഭിക്കുന്ന വെള്ളത്തി ന്റെ കണക്ക്‌ കൂട്ടിയെടുത്താൽ ഏകദേശം 4,000 ബില്യൺ ക്യൂബിക്‌ മീറ്റർ ജലമാണ്‌ ഒരു വർഷം കിട്ടുന്നത്‌. ഇതിൽ നമുക്ക്‌ ഉപയോഗിക്കാൻ കഴിയുന്നത്‌ 1,123 ബില്യൺ ക്യൂബിക്‌ മീറ്റർ ജലമാണ്‌. ഇവയിൽ 690 ബില്യൺ ക്യൂബിക്‌ മീറ്റർ ഉപരിതല ജലവും 433 ബില്യൺ ക്യൂബിക്‌ മീറ്റർ ഭൂഗർഭജലവുമാണ്‌. മലിനീകരണ തോത്‌ ഇന്ത്യയിൽ കൂടിയതിനാൽ ഇത്രയും തന്നെ നമുക്ക്‌ ശരിയാംവണ്ണം ഉപയോഗിക്കാൻ കഴിയുന്നില്ല.
വർധിച്ചുവരുന്ന ജനസംഖ്യ കണക്കിലെടുക്കുമ്പോൾ രാജ്യത്ത്‌ പ്രതിശീർഷ ജലലഭ്യത കുറഞ്ഞുവരുന്നതായാണ്‌ കേന്ദ്രസർക്കാർ രാജ്യസഭയിൽ വെച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്‌. ആവശ്യമായ ജലത്തിന്റെ മൂന്നിലൊന്ന്‌ മാത്രമാണ്‌ നമുക്ക്‌ ഉപയോഗിക്കാൻ കിട്ടുന്നത്‌. ഇന്ത്യയിലെ നദികളിലെല്ലാം മാലിന്യത്തോത്‌ വളരെ കൂടുതലാണ്‌. പുണ്യനദിയായ ഗംഗ കുപ്പത്തൊട്ടിയെക്കാൾ ദയനീയമാണ്‌. ജലമലിനീകരണം നിയന്ത്രിക്കുന്നതിനായി നമ്മുടെ രാജ്യത്ത്‌ 1974-ൽ ജലമലിനീകരണ നിരോധന നിയന്ത്രണനിയമം ഉണ്ടായി. പക്ഷേ, ജലമലിനീകരണം വർഷം തോറും കൂടുന്നതായാണ്‌ കണ്ടുവരുന്നത്‌.
കേരളവും ജല മലിനീകരണവും
ഇന്ത്യൻ ജല മലിനീകരണം ഏറ്റവും ഉയർന്നതോതിലുള്ള പ്രദേശമാണ്‌ കേരളം. ഇവിടത്തെ കൂടിയ ജനസാന്ദ്രതയാണ്‌ ഇതിന്‌ പ്രധാന കാരണം. 2016 സെപ്തംബറിലെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിശോധന റിപ്പോർട്ട്‌ പ്രകാരം കൊല്ലം ജില്ലയിലെ ശുദ്ധജല തടാകമായ ശാസ്താംകോട്ട കായലിൽ ഒരു മില്ലീഗ്രാം ജലത്തിൽ 20,800 കോളിഫോം ബാക്ടീരിയകളെ കണ്ടെത്തി. മനുഷ്യമലത്തിൽ കാണപ്പെടുന്ന ബാക്ടീരിയയാണിത്‌. കൊല്ലം നഗരത്തിലും തൊട്ടടുത്തുള്ള മൂന്ന്‌ പഞ്ചായത്തുകളിലും കുടിവെള്ളം ജലഅതോറിറ്റി കൊടുക്കുന്നത്‌ ഈ കാലയളവിലെ ജലം ഉപയോഗിച്ചാണെന്നോർക്കണം.
കേരളത്തിൽ ഭൂരിഭാഗം നദികളിലെയും മാലിന്യങ്ങളും കോളിഫോം ബാക്ടീരിയകളുടെ ഉയർന്ന സാന്ദ്രതയും ആശങ്കാജനകമാണെന്നാണ്‌ പഠനം. സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിന്‌ വേണ്ടിയാണ്‌ റിപ്പോർട്ട്‌ തയ്യാറാക്കിയത്‌. പമ്പ, പെരിയാർ, ചാലിയാർ, കല്ലായി എന്നീ നദികൾ പൂർണമായും മലിനീകരിക്കപ്പെട്ടതായി പഠനറിപ്പോർട്ട്‌ പറയുന്നു. ആലപ്പുഴ ജില്ലയിലെ കുഴൽക്കിണറുകളിൽപ്പോലും മാലിന്യത്തോത്‌ കൂടുതലാണ്‌. എല്ലിനെയും പല്ലിനെയും ബാധിക്കുന്നതും അവയ്ക്ക്‌ ബലക്ഷയം ഉണ്ടാക്കുന്നതുമായ ഫ്ലൂറൈഡ്‌ എന്ന ധാതുവിന്റെ അളവ്‌ ഇവിടെ ക്രമാതീതമായി വർധിച്ചതായി കണ്ടു. മാലിന്യങ്ങൾ വൻതോതിൽ നദികളിലേയ്ക്ക്‌ തള്ളിയപ്പോൾ കോളിഫോം ബാക്ടീരിയകളുടെ അളവിൽ വർധനവുണ്ടായി. ഒഴുക്ക്‌ ക്രമാതീതമായി കുറഞ്ഞപ്പോൾ മാലിന്യം സ്വയം സംസ്കരിക്കാനുള്ള നദികളുടെ കഴിവ്‌ നഷ്ടമായി. കൃഷിക്ക്‌ വ്യാപകമായി കീടനാശിനി ഉപയോഗിച്ചതും നദികളുടെ മാലിന്യത്തിന്‌ കാരണമാണ്‌. മണൽവാരൽ വർധിച്ചത്‌ നദികളിലെ മാലിന്യത്തോത്‌ വർധിക്കുന്നതിന്‌ മറ്റൊരു കാരണമാണ്‌. കുടിവെള്ളത്തിന്റെ ഗുണത്തെ ഇത്‌ സാരമായി ബാധിച്ചു.
നമ്മുടെ കിണറുകൾ ശുദ്ധമോ?
കേരളത്തിലിപ്പോൾ ഉദ്ദേശം 60 ലക്ഷം കിണറുകളുണ്ടെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. ആറുപേർക്ക്‌ ഒരു കിണർ. ഇത്‌ പല യൂറോപ്യൻ രാജ്യങ്ങളിലെ ജനസംഖ്യയെക്കാൾ കൂടുതലാണ്‌. 1991-ൽ കേരള വാട്ടർ അതോറിട്ടിയും പൊല്യൂഷൻ കൺട്രോൾ ബോർഡും സംയുക്തമായി സംസ്ഥാന വ്യാപകമായി നടത്തിയ സർവേയിൽ നമ്മുടെ പരമ്പരാഗതമായ ഇത്തരം കിണറുകളിലെ വെള്ളം കുടിക്കാൻ യോഗ്യമല്ലെന്ന്‌ കണ്ടെത്തുകയുണ്ടായി. 1994-ൽ ഗവേഷകനായ ഡോ. രാധാകൃഷ്ണൻ തിരുവനന്തപുരത്ത്‌ പുല്ലുവിള പഞ്ചായത്തിൽ നടത്തിയ ഗവേഷണത്തിൽ പഞ്ചായത്തിലെ എല്ലാ കിണറുകളിലെയും വെള്ളത്തിൽ കോളിഫാം കൂണ്‌ ക്രമാതീതമാണെന്ന്‌ കാണുകയുണ്ടായി. ഈ സ്ഥിതിതന്നെയാണ്‌ കേരളത്തിലെ മറ്റ്‌ കിണറുകളിലും കാണുന്നത്‌.
കുപ്പിവെള്ളം എന്ന ക്യാൻസർ വെള്ളം
കേരളത്തിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന ജലമലിനീകരണത്തോത്‌ മുതലെടുത്തുകൊണ്ട്‌ വ്യാപകമായ പ്രചരണങ്ങളിലൂടെ കുപ്പിവെള്ള കച്ചവടം ഇവിടെ തഴച്ചുവളരുകയാണ്‌.
വേനൽ കടുക്കുമ്പോൾ ദിനംപ്രതി ഏഴരക്കോടി രൂപയുടെ കുപ്പിവെള്ളമാണ്‌ കേരളത്തിൽ വിൽക്കപ്പെടുന്നത്‌. 150-ഓളം സ്വകാര്യ കമ്പനികൾ ഇതിനായി ഇവിടെ മത്സരിക്കുകയാണ്‌. കുപ്പിവെള്ളത്തിന്റെ ഒരു മാനദണ്ഡവും പാലിക്കപ്പെടാതെ വെറും ശുദ്ധീകരിക്കപ്പെടാത്ത പൈപ്പുവെള്ളമാണ്‌ ഇവിടെ കുപ്പിവെള്ളമായി വിൽക്കപ്പെടുന്നത്‌. കുപ്പിയിൽ നിറയ്ക്കുന്ന വെള്ളത്തിൽ പായലുകളും മറ്റ്‌ സൂഷ്മജീവികളും പെരുകാതിരിക്കാൻ നേർപ്പിച്ച കീടനാശിനിയും കൂടിച്ചേർത്താണ്‌ കുപ്പിവെള്ളം വിപണിയിലെത്തുന്നത്‌.
സൂര്യപ്രകാശം ഒരു കാരണവശാലും കുപ്പിവെള്ള പ്ലാസ്റ്റിക്‌ ബോട്ടിലുകളിൽ നേരിട്ട്‌ പതിക്കാൻ പാടില്ലാത്തതാണ്‌. പ്ലാസ്റ്റിക്‌ കുപ്പിയിലെ പോളിമർ ഇളകി വെള്ളത്തിൽ കലർന്ന്‌ കുടിക്കുമ്പോൾ നമ്മുടെ ശരീരത്തിലും എത്തുന്നു. ഇത്‌ ക്യാൻസറിന്‌ കാരണമാകുന്നതായി പല പഠനങ്ങളും ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്‌. കടകളിൽ സൂര്യപ്രകാശം പതിക്കത്തക്ക രീതിയിൽ തൂക്കിയിട്ടിരിക്കുന്ന കുപ്പിവെള്ള ബോട്ടിലുകൾ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നം പറഞ്ഞറിയിക്കാൻ പറ്റാത്തത്ര മാരകമാണ്‌.
ജലജന്യരോഗങ്ങൾ
ശുദ്ധജലത്തിന്റെ കുറവ്‌ കേരളത്തെ രോഗങ്ങളുടെ തലസ്ഥാനമാക്കി മാറ്റുകയാണ്‌. ജലം വഴി പകരുന്ന മഞ്ഞപ്പിത്തം, വയറിളക്കം എന്നീ രോഗങ്ങൾ കേരളത്തിൽ അഖിലേന്ത്യാ ശരാശരിയെക്കാൾ കൂടുതലാണ്‌. മഞ്ഞപ്പിത്തരോഗത്തിൽ വളരെ ദരിദ്ര രാജ്യമായ ബംഗ്ലാദേശിനോടൊപ്പമാണ്‌ നാം മത്സരിക്കുന്നത്‌. വയറിളക്കവും നാം നിസാരമായി കാണുകയാണ്‌. വെറുമൊരു ദഹനക്കേടായി മാത്രമേ നാമിതിനെ എടുത്തിട്ടുള്ളു. അതുകൊണ്ട്‌ ജലം വഴി പകരുന്ന ഈ രോഗം ഗൗരവമായി റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. ആരോഗ്യമേഖലയിൽ സമ്പന്നരാജ്യങ്ങൾ വയറിളക്കത്തിന്‌ ചികിത്സയിൽ പ്രമുഖസ്ഥാനം നൽകുമ്പോൾ നാം അവഗണിക്കുന്നു. ഭാവിയിൽ ചെറിയ വയറിളക്കം വലിയ രോഗങ്ങൾക്ക്‌ തുടക്കമാകും. ചുരുക്കത്തിൽ ജലജന്യരോഗങ്ങളുടെ ആവാസകേന്ദ്രമായി കേരളം മാറുന്നു.

  Categories:
view more articles

About Article Author