മലേറിയയെ അറിഞ്ഞതു മുതൽ: ഇന്ന്‌ റൊണാൾഡ്‌ റോസിന്റെ ജന്മദിനം

മലേറിയയെ അറിഞ്ഞതു മുതൽ: ഇന്ന്‌ റൊണാൾഡ്‌ റോസിന്റെ ജന്മദിനം
May 13 04:45 2017

ജോസ്‌ ചന്ദനപ്പള്ളി
ഇന്ത്യയിൽ ജനിച്ച ബ്രിട്ടീഷ്‌ മെഡിക്കൽ ഡോക്ടറും മലമ്പനിയെപ്പറ്റി നടത്തിയ ഗവേഷണത്തിന്‌ 1902ൽ ശരീര ശാസ്ത്രത്തിനും വൈദ്യശാസ്ത്രത്തിനുമുളള നൊബേൽ പുരസ്കാരം ലഭിച്ച ബഹുമുഖ പ്രതിഭയും ആയിരുന്നു റൊണാൾഡ്‌ റോസ്‌. യൂറോപ്പിനു വെളിയിൽ നിന്നും ആദ്യം നൊബേൽ സമ്മാനം ലഭിച്ചതും ബ്രിട്ടനിൽ ആദ്യമായി നൊബേൽ സമ്മാനിതനായതും റൊണാൾഡ്‌ റോസായിരുന്നു. കൊതുകിന്റെ കുടലിനകത്താണ്‌ മലേറിയ അണുവായ പരാദം വസിക്കുന്നതെന്ന അദ്ദേഹത്തിന്റെ കണ്ടുപിടിത്തമാണ്‌ മലമ്പനി കൊതുകാണ്‌ പരത്തുന്നതെന്നും അതിനാൽ കൊതുകിനെ നിയന്ത്രിച്ചാൽ മലമ്പനി തടയാമെന്നും അവബോധമുണ്ടാക്കിയത്‌. കൊതുകിന്റെ ആമാശയമാണ്‌ മലമ്പനി പരാദത്തിന്റെ ഉത്തമമായ സ്ഥലം. മനുഷ്യനിലും കൊതുകിലും കൂടി കടന്നുപോകാതെ അതിന്റെ ജീവിതം പൂർത്തിയാക്കാൻ അതിന്‌ കഴിയില്ല. ഏതെങ്കിലുമൊരു ഘട്ടത്തിൽ ഈ ജീവിതചക്രം തകർക്കുന്നതു വഴി മലമ്പനി നിയന്ത്രിക്കാനാവും. ഒന്നുകിൽ ശരിയായവണ്ണം കൊതുകിനെ നശിപ്പിക്കണം അല്ലെങ്കിൽ അതിന്റെ കടി ഒഴിവാക്കണം. ക്വെയ്ന കൊണ്ടോ പാല്യുഡിൽ പോലുളള ഏതെങ്കിലും സിന്തറ്റിക്‌ ഔഷധം കൊണ്ടും ഇത്‌ സാധിക്കുന്നതാണ്‌. ഈ ഔഷധങ്ങൾ മനുഷ്യരക്തത്തിലുളള പരാദത്തെ നശിപ്പിക്കുകയോ അവയുടെ വളർച്ച ഒഴിവാക്കുകയോ ചെയ്യുന്നവയാണ്‌.
1857 മെയ്‌ 13ന്‌ ഹിമാലയത്തിലെ അൽമോറയിലാണ്‌ റൊണാൾഡ്‌ റോസ്‌ ജനിച്ചത്‌. ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടെ ഇന്ത്യൻ ആർമിയിലെ ബ്രിട്ടീഷ്‌ ക്യാപ്റ്റനായിരുന്ന സർ ക്യാമ്പ്‌വെൽ ഗ്രാന്റ്‌ റോസിന്റെ മകനായിരുന്നു. മാറ്റിൽഡ ഷാർലെറ്റ്‌ എൽഡർട്ടണായിരുന്നു മാതാവ്‌. റൊണാൾഡ്‌ ബാല്യകാലം തന്റെ അമ്മാവനൊപ്പം ഇംഗ്ലണ്ടിലെ വീട്ടിലാണ്‌ ചെലവഴിച്ചത്‌. റൈഡിലെ പ്രൈമറി സ്കൂളിലും, ഹൈസ്കൂൾ വിദ്യാഭ്യാസം സതാമ്പ്ടണിലുളള സ്പ്രിംഗ്‌ ഹിൽ ബോർഡിംഗ്‌ സ്കൂളിലും നടത്തിയ റൊണാൾഡ്‌ വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ ഗണിതത്തിലും പെയിന്റിംഗിലും നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്‌. കവിതയുടെയും പെയിന്റിംഗിന്റെയും ഉപാസകനായിരുന്ന റോസിനെ ഒരു ഡോക്ടറാക്കണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം. അങ്ങനെ മെഡിസിൻ പഠിക്കാനായി 1874-ൽ ലണ്ടനിലെ ബർത്തലോമിയ ഹോസ്പിറ്റൽ മെഡിക്കൽ കോളജിൽ പഠനം ആരംഭിച്ചു. പഠനശേഷം അദ്ദേഹം ഇന്ത്യയിൽ മടങ്ങിയെത്തി 1881ൽ ഇന്ത്യൻ മെഡിക്കൽ സർവ്വീസിൽ ഒരു ഓഫീസറായി ചേർന്നു. തനിക്കു ചുറ്റുമുളള അനേകരുടെ ദുരിതങ്ങൾ കാണാനിടയായത്‌ ആ ആർമി സർജനെ വല്ലാതെ അലട്ടി. 1881 മുതൽ 1894 വരെയുളള കാലയളവിൽ മദ്രാസ്‌, ബർമ്മ, ബലൂചിസ്ഥാൻ, ആന്തമാൻ ദ്വീപുകൾ, ബാംഗ്ലൂർ, സൈക്കന്തരബാദ്‌ തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തു. 1893-ൽ ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന കാലത്താണ്‌ കൊതുകുകളെ നിയന്ത്രിക്കുക എന്നത്‌ രോഗനിയന്ത്രണത്തിന്‌ പരമപ്രധാനമാണെന്ന വസ്തുത അദ്ദേഹത്തിന്‌ മനസിലായത്‌. 1890 ആയപ്പോഴേയ്ക്കും അദ്ദേഹത്തിന്റെ മെഡിക്കൽ മനസാക്ഷി അസ്വസ്ഥമായി. താൻ എന്തെങ്കിലും കാര്യമായി ചെയ്തേ തീരുവെന്ന്‌ അദ്ദേഹത്തിന്‌ തോന്നി.
മലേറിയയെക്കുറിച്ച്‌ പഠിക്കാൻ തുടങ്ങിയ റൊണാൾഡ്‌ ഒരു ഒഴിവുകാലത്ത്‌ ഇംഗ്ലണ്ടിൽ വച്ച്‌ തന്നെക്കാൾ 13 വർഷം സീനിയറായ പാട്രിക്‌ മാൻസൺ എന്ന ഡോക്ടറെ കാണാനിടയായി. മാൻസൺ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കണ്ടു വരുന്ന രോഗങ്ങളെക്കുറിച്ച്‌ ഗവേഷണം നടത്തുന്ന ആളായിരുന്നു. മലേറിയയുടെ പഠനത്തിൽ വളരെ ഫലപ്രദമായി ആഴത്തിൽ മുഴുകാൻ റോസിനെ പ്രേരിപ്പിച്ച വ്യക്തി മാൻസണായിരുന്നു. അത്തരം പ്രചോദനങ്ങളുടെയും പ്രോത്സാഹനങ്ങളുടെയും പിൻബലത്തിലാണ്‌ കേവലം മൂന്നു വർഷം കൊണ്ട്‌ റോസിന്‌ മലേറിയയെ ചൂഴ്‌ന്നു നിൽക്കുന്ന നിഗൂഢത അനാവൃതമാക്കാനും പരിഹരിക്കാനും കഴിഞ്ഞത്‌. ക്ഷമാപൂർവമായ പ്രയത്നത്തിനൊടുവിൽ മലേറിയയ്ക്കു (മലമ്പനി) കാരണമാകുന്ന പരാദത്തെ അദ്ദേഹം കണ്ടെത്തി. മലേറിയ എന്ന ഭീകര രോഗം നിയന്ത്രിക്കാനുളള ഔഷധത്തിന്റെ വികസനത്തിന്‌ വഴിതെളിച്ചത്‌ റോസിന്റെ കണ്ടെത്തലായിരുന്നു. 1897ൽ നാൽപതാമത്തെ വയസ്സിലാണ്‌ ഏറ്റവും വലിയ മെഡിക്കൽ കണ്ടുപിടിത്തങ്ങളിൽ ഒന്ന്‌ റോസ്‌ നടത്തിയത്‌. കൊതുകുകൾ വഴിയാണ്‌ മലേറിയ വ്യാപിക്കുന്നത്‌ എന്ന്‌ അദ്ദേഹം തെളിയിച്ചു. അത്‌ പകരുന്നത്‌ എങ്ങനെയാണെന്ന്‌ അദ്ദേഹം കാണിക്കുകയും ചെയ്തു. ഈ ഭീകര രോഗം പരത്തുന്ന കുപ്രസിദ്ധമായ ഒരിനത്തെ അദ്ദേഹം തിരിച്ചറിയുകയും ചെയ്തു. ഈ കണ്ടെത്തൽ മൂലം ഏറ്റവും ഹാനികരമായ രോഗങ്ങളിൽ ഒന്ന്‌ നിയന്ത്രണ വിധേയമായി. പ്രാണികീടങ്ങൾ പരത്തുന്ന പിത്തപ്പനി (യെല്ലോ ഫിവർ), സ്ലീപ്പിങ്ങ്‌ സിക്ക്നസ്‌ (അബോധാവസ്ഥയുണ്ടാക്കുന്ന രോഗം), ടൈഫോയിഡ്‌, പ്ലേഗ്‌ തുടങ്ങിയവ എങ്ങനെ ഒഴിവാക്കാനാകുമെന്നും ഈ കണ്ടെത്തൽ വിശദീകരിച്ചു. മലമ്പനി ഉണ്ടാക്കുന്നതിനെക്കുറിച്ച്‌ അന്ന്‌ രണ്ട്‌ തത്വങ്ങൾ നിലവിലുണ്ടായിരുന്നു. കൊതുകുകടിയിലൂടെയാണ്‌ അത്‌ പകരുന്നത്‌ എന്നതായിരുന്നു ഒരു ആശയം. രണ്ടാമത്തേത്‌ കൊതുകിന്റെ ലാർവ അടങ്ങിയ വെളളം കുടിക്കുന്നതു വഴിയാണ്‌ പകരുന്നത്‌ എന്നതായിരുന്നു.
മാൻസൺ രണ്ടാമത്തെ സിദ്ധാന്തത്തിന്‌ പ്രാമുഖ്യം കൊടുത്തപ്പോൾ ഇതിൽ സംശയം തോന്നിയ റോസ്‌ പറന്നു കടിക്കുന്ന കൊതുകിലേക്ക്‌ തന്റെ ശ്രദ്ധ തിരിച്ചു വിട്ടു. റോസിന്റെ നിരന്തരമായ പഠനത്തിന്റെ ഫലമായി രണ്ടായിരം ഇനത്തിൽ പെട്ട കൊതുകുകളുണ്ടെന്നും അതിൽ ഒരിനം മാത്രമാണ്‌ മലമ്പനി പരത്തുന്നതെന്നും അദ്ദേഹം മനസിലാക്കി. അനേക ദിവസങ്ങളിൽ ഏതൊരു ഇനം കൊതുകാണ്‌ മലേറിയ പരത്തുന്നതെന്ന്‌ കണ്ടുപിടിക്കുക ദുഷ്കരമായിരുന്നു. ആ പ്രത്യേക കൊതുകിനെയും പരാദത്തെയും കൃത്യമായി തിരിച്ചറിഞ്ഞു ചൂണ്ടിക്കാണിക്കുകയെന്നത്‌ വലിയ പ്രയാസമായിരുന്നു. അതിന്‌ അദ്ദേഹത്തിന്റെ മുമ്പിലുണ്ടായിരുന്ന ഏക മാർഗം തമ്മിൽ മാറ്റിയും ചേർത്തും ഒന്നൊന്നായി പരിശോധിച്ചു. ഓരോന്നിനെയായി ഒഴിവാക്കിക്കൊണ്ട്‌ ശരിയായ ഒന്നിനെ കണ്ടുപിടിക്കുക എന്നതായിരുന്നു. ഏതായാലും അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഭാഗ്യം ഒന്നുകൊണ്ടു മാത്രമാണ്‌ അത്‌ കണ്ടെത്താനായത്‌. അത്‌ കണ്ടെത്താനുളള ഭാഗ്യം അദ്ദേഹത്തിന്‌ ലഭിച്ചില്ലായിരുന്നെങ്കിൽ മലേറിയ എങ്ങനെയാണ്‌ പകരുന്നതെന്ന്‌ ലോകത്തിന്‌ അജ്ഞാതമായിരുന്നേനെ. 1887 ആഗസ്റ്റ്‌ 20-ാ‍ം തീയതി സെക്കന്തരബാദിലെ പരീക്ഷണ ശാലയിൽ റോസ്‌ അവസാനത്തെ മൂന്ന്‌ കൊതുകുകളെ കീറി നോക്കി. അവസാനത്തേതിന്‌ തൊട്ടുമുമ്പുളളത്‌ പ്രതീക്ഷയ്ക്ക്‌ വക നൽകി. മൈക്രോസ്കോപ്പിനു കീഴിൽ വച്ചു നോക്കിയപ്പോൾ ആമാശയ പടലത്തിന്റെ കോശങ്ങൾ പരന്ന കല്ലുകളുടെ ഒരു ശേഖരംപോലെ തോന്നിച്ചു. കൊതുകിന്റെ കോശത്തിന്‌ ചേരാത്തതായ വട്ടത്തിലുളള ഒരു വസ്തു അദ്ദേഹം കണ്ടു. അതിനുളളിൽ മലേറിയൻ പരാദത്തിന്‌ തുല്യമായ കറുത്തതരികൾ കാണാനിടയായി. നന്നായി ഒന്നുറങ്ങി വിശ്രമിച്ച ശേഷം അദ്ദേഹം വീണ്ടും പഠനം ആരംഭിച്ചു. പെട്ടെന്നാണ്‌ അദ്ദേഹത്തിന്‌ തോന്നിയത്‌, താൻ കണ്ട കോശങ്ങൾ പരാദത്തിന്റേതാണെങ്കിൽ അവ രാത്രിയിൽ വളർന്നതായിരിക്കണം. അടുത്ത പ്രഭാതത്തിൽ ആശുപത്രിയിലെത്തി ആ പ്രത്യേക കോശങ്ങൾ പരിശോധിച്ചു. അവ കുറച്ചുകൂടി വലുതായിരിക്കുന്നു. അനോഫിലസ്‌ വർഗത്തിൽപെട്ട കൊതുകുകളാണ്‌ മലമ്പനി രോഗാണുക്കളായ പരാദങ്ങളെ വഹിക്കുന്നത്‌ എന്ന്‌ റോസിന്‌ കണ്ടെത്താനായി. അതിന്റെ ഉദരത്തിലോ ഉദരഭിത്തിയിലോ പരാദങ്ങൾ വളർന്നുവന്നുവെന്നും റോസ്‌ കണ്ടെത്തി. അതിന്റെ ഇരുണ്ട നിറം കൊണ്ട്‌ അതിനെ തിരിച്ചറിയാനും അദ്ദേഹത്തിനു കഴിഞ്ഞു.
വളരെ അപ്രതീക്ഷിതവും മഹത്തരവുമായിരുന്ന ഈ കണ്ടെത്തലിന്റെ വിശദാംശങ്ങളും മാതൃകകളും (സ്ലൈഡുകൾ ഉൾപ്പെടെ) റോസ്‌ മാൻസണ്‌ അയച്ചു കൊടുത്തു. 1898 ജൂലൈയിൽ മാൻസൺ റോസിന്റെ പഠന ഫലങ്ങൾ ബ്രിട്ടീഷ്‌ മെഡിക്കൽ അസോസിയേഷന്‌ വിവരിച്ചു കൊടുത്തു. വളരെ ആഴത്തിലും വ്യാപ്തിയിലുമുള്ള ആ വിഖ്യാത കണ്ടെത്തൽ ഏറെ ജനശ്രദ്ധ നേടി.
1901-ൽ റോസിനെ റോയൽ സൊസൈറ്റി വിശിഷ്ടാംഗമായി തിരഞ്ഞെടുത്തു. മുപ്പതോളം മെഡിക്കൽ, ശാസ്ത്ര സംഘടനകളിൽ അദ്ദേഹം ഓണററി അംഗമായിരുന്നു. അദ്ദേഹം നിരവധി പുരസ്കാരങ്ങൾ നേടിയെടുത്തതിൽ ഏറ്റവും പ്രധാനപ്പെട്ടത്‌ 1902 ലെ മെഡിസിനുള്ള നൊബേൽ സമ്മാനമാണ്‌. 1911-ൽ അദ്ദേഹത്തിന്‌ നൈറ്റ്‌ പദവി നൽകപ്പെട്ടു. 1932 സെപ്റ്റംബർ 16ന്‌ ലണ്ടനിൽ അന്തരിച്ച അദ്ദേഹത്തെ പുട്ട്നി വെയ്‌ല്‌ സിമിത്തേരിയിൽ അടക്കം ചെയ്തു. അദ്ദേഹത്തിന്റെ അത്യുത്സാഹം, അക്ഷീണമായ പ്രവർത്തനം, തളർച്ചയില്ലാത്ത ശ്രമങ്ങൾ തുടങ്ങിയവ ആയിരമായിരം മലമ്പനി രോഗികളുടെ ജീവൻ രക്ഷിക്കാൻ റോസിന്‌ കഴിഞ്ഞു.

  Categories:
view more articles

About Article Author