മഴക്കാല പൂർവ്വ അറ്റകുറ്റപ്പണി മെയ്‌ 31നകം

മഴക്കാല പൂർവ്വ അറ്റകുറ്റപ്പണി മെയ്‌ 31നകം
April 21 04:45 2017

തിരുവനന്തപുരം: സംസ്ഥാനത്ത്‌ മഴക്കാലത്തിനു മുമ്പായി റോഡുകളിൽ ആവശ്യമായി വരുന്ന അറ്റകുറ്റപ്പണികൾ മെയ്‌ 31നകം പൂർത്തീകരിക്കാൻ പൊതുമരാമത്ത്‌ വകുപ്പ്‌ നിർദ്ദേശം നൽകി. പൊതുമരാമത്ത്‌ മന്ത്രി ജി സുധാകരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചീഫ്‌ എൻജിനീയർ, സൂപ്രണ്ടിംങ്ങ്‌ എൻജിനീയർമാർ, 14 ജില്ലകളിൽ നിന്നുള്ള എക്സിക്യൂട്ടീവ്‌ എൻജിനീയർമാർ എന്നിവരുടെ യോഗത്തിലാണ്‌ തീരുമാനം. കേരളത്തിലെ 140 മണ്ഡലങ്ങളിലും പ്രീ-മൺസൂൺ പ്രവൃത്തികൾ നടത്തും.
കഴിഞ്ഞ സാമ്പത്തിക വർഷം എസ്‌എൽറ്റിഎഫിൽ ഉൾപ്പെടുത്തി ചെയ്ത അറ്റകുറ്റപ്പണികൾ ഫലപ്രദമായ രീതിയിൽ നടത്തിയതിനാൽ റോഡുകൾ താറുമാറായിക്കിടക്കുന്ന അവസ്ഥ ഈ വർഷം ഒരു പരിധി വരെ ഇല്ലാതായിട്ടുണ്ട്‌. അതിനാൽ ഈ വർഷവും സ്ട്രിപ്സ്‌ ബി ടി ഉൾപ്പെടെ ചെയ്യാനാണ്‌ നിർദ്ദേശിച്ചിട്ടുള്ളത്‌.
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പ്ലാൻ, നബാർഡ്‌, സിആർഎഫ്‌ തുടങ്ങിയ പ്രവൃത്തികൾ ഉള്ള ഭാഗങ്ങളിൽ ആവർത്തനം വരാതിരിക്കാൻ ശ്രദ്ധ ചെലുത്തണമെന്ന്‌ മന്ത്രി നിർദ്ദേശം നൽകി. റോഡ്‌ അറ്റകുറ്റപ്പണികൾക്കൊപ്പം പ്രധാന കലുങ്കുകളിൽ മണ്ണടിഞ്ഞു കിടക്കുന്നതും, അപകടകരമായ അവസ്ഥയിലുളള മരങ്ങളോ ചില്ലകളോ മുറിച്ചു മാറ്റുന്നതും ഈ പ്രവൃത്തികളിൽ ഉൾപ്പെടുത്താം.
എന്നാൽ ഓടയിലെ മണ്ണു മാറ്റൽ, റോഡരുകിലെ അടിക്കാട്‌ വെട്ടൽ തുടങ്ങിയവ ബന്ധപ്പെട്ട പഞ്ചായത്തുകളുടേയും മുനിസിപ്പാലിറ്റികളുടേയും സഹകരണത്തോടെ തൊഴിലുറപ്പ്‌ പദ്ധതിയിൽ ഉൾപ്പെടുത്തി ചെയ്യാനാവശ്യമായ നടപടി സ്വീകരിക്കാൻ എക്സിക്യൂട്ടീവ്‌ എൻജിനീയർമാരോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇതുസംബന്ധിച്ച്‌ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ നിർദ്ദേശം നൽകാൻ അഭ്യർത്ഥിച്ചുകൊണ്ട്‌ തദ്ദേശസ്വയംഭരണ മന്ത്രിക്ക്‌ കത്ത്‌ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ജൂൺ ഒന്നു മുതൽ ജൂലൈ 31 വരെ സാധാരണയായി മഴക്കാലത്ത്‌ റോഡുകളിൽ നിർമ്മാണങ്ങൾ നിർത്തിവയ്ക്കുന്നു. ഇക്കാലത്ത്‌ പൊതുമരാമത്ത്‌ റോഡുകളിൽ കേബിളുകൾ സ്ഥാപിക്കുന്നതിനോ, പൈപ്പിടുന്നതിനോ അതുപോലുളള മറ്റു കാര്യങ്ങൾക്കോ അനുമതി നൽകുന്നതല്ല. എന്നാൽ കുടിവെള്ള വിതരണ പൈപ്പുകൾ പൊട്ടുന്നത്‌ ഉൾപ്പെടെയുളള അടിയന്തിര സാഹചര്യങ്ങൾ ഉണ്ടായാൽ അതുമായി ബന്ധപ്പെട്ട വകുപ്പിലെയും മരാമത്തു വകുപ്പിലെയും എൻജിനീയർമാർ സംയുക്തമായി പരിശോധിച്ച്‌ പരിഹാരം ഉണ്ടാക്കണ മെന്നും മന്ത്രി അറിയിച്ചു.
ഈ വർഷം മുതൽ അറ്റകുറ്റപ്പണികളുടെ ചുമതലക്കായി രൂപീകരിച്ച മെയിന്റനൻസ്‌ വിഭാഗത്തിന്റെ നേതൃത്വത്തിലാണ്‌ മഴക്കാല പൂർവ്വ പ്രവൃത്തികൾ നടപ്പിലാക്കുന്നതിന്‌ രംഗത്തു വരുന്നതിനും തീരുമാനിച്ചു. 140 മണ്ഡലങ്ങൾക്കും ഓരോ അസിസ്റ്റന്റ്‌ എൻജിനീയർമാരെ ചുമതലപ്പെടുത്താനും തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. (130 മണ്ഡലങ്ങളിൽ 10 ലക്ഷം രൂപ വീതവും പൊതുവിൽ കേടുപാടുകൾ ഇല്ലാത്ത 10 മണ്ഡലങ്ങളിൽ 5 ലക്ഷം രൂപ വീതവും അനുവദിക്കാൻ തീരുമാനിച്ചു.
അത്യാവശ്യമുള്ള പണികൾ മാത്രം ചെയ്യാനും, മണ്ഡലങ്ങളിൽ അധികം വരുന്ന തുക, കൂടുതൽ തുക ആവശ്യമായി വരുന്ന മറ്റു മണ്ഡലങ്ങളിൽ വിനിയോഗിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സോഷ്യൽ ഓഡിറ്റ്‌ കമ്മിറ്റി ഈ പ്രവൃത്തികൾ പരിശോധിക്കുന്നതിനും മഴക്കാലശേഷം മറ്റു പ്രധാന അറ്റകുറ്റപ്പണികൾ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ നടത്താനും തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. മുഴുവൻ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ജനങ്ങളുടെയും സഹകരണം ഉണ്ടാകണമെന്ന്‌ മന്ത്രി ജി സുധാകരൻ അഭ്യർത്ഥിച്ചു.

  Categories:
view more articles

About Article Author