മഴയെത്തും മുൻപേ…

മഴയെത്തും മുൻപേ…
May 18 04:45 2017

രമ്യ മേനോൻ
മഴക്കാലമെത്തിയാൽ പിന്നെ സർക്കാരിന്റേതുൾപ്പെടെ ജാഗ്രതാ നിർദ്ദേശങ്ങൾ നാടാകെ പരക്കുകയായി. മഴക്കാലം പനിക്കാലം കൂടിയായതുകൊണ്ടാണത്‌. മഴക്കാലത്തിലാണ്‌ ഏറ്റവും കൂടുതൽ ജലജന്യരോഗങ്ങൾ നാട്ടിൽ പടരുന്നതും. എന്നാൽ മഴക്കാലം വരുംമുമ്പ്‌ ചെയ്യേണ്ട കാര്യങ്ങളൊന്നും ആരും ചെയ്യുന്നില്ല എന്നത്കൊണ്ടാണ്‌ മഴക്കാലത്തെ ദുരിത കാലമാകുന്നത്‌.
കൊതുകുകൾ പെറ്റുപെരുകുന്നതിന്‌ കൊതുകുകളെ കുറ്റം പറഞ്ഞതുകൊണ്ട്‌ കാര്യമില്ല. മഴയ്ക്ക്‌ മുമ്പേ കൊതുകുകൾക്ക്‌ താവളം ഒരുക്കാതിരിക്കുകയാണ്‌ നാം ചെയ്യേണ്ടത്‌. പച്ചക്കറി മാലിന്യങ്ങൾ ഓടകളിൽ കളയുന്നതിൽ തെറ്റില്ല. അത്‌ ജൈവമായതുകൊണ്ടുതന്നെ ജീർണിക്കുകയും വെള്ളത്തിന്റെ ഒഴുക്കിന്‌ തടസം വരാതിരിക്കുകയും ചെയ്യുന്നു. എന്നാൽ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞാണ്‌ അവയെ ഓടയിൽ തള്ളുന്നതെങ്കിലോ? ജീർണനം സംഭവിക്കാതെ അവ ഓടയിൽ കെട്ടിക്കിടക്കും. പ്ലാസ്റ്റിക്ക്‌ കപ്പ്‌, കസേര, ഗ്ലാസ്‌ തുടങ്ങിയവയെല്ലാം ദിവസവും മാലിന്യങ്ങളുടെ ഗണത്തിൽ തള്ളപ്പെടുന്നില്ല. മസാലപ്പൊടികളുടെ കവറുകൾ, അലുമിനിയം ഫോയിലെന്ന വ്യാജേന വിപണിയിൽ പ്രചാരത്തിലിരിക്കുന്ന കറികൾ പൊതിയുന്ന കവറുകൾ, മിഠായിപ്പൊതികൾ, പാൽ-പാൽ ഉൽപ്പന്ന കവറുകൾ എന്നിവയെല്ലാം അടുക്കളയിൽ നിന്നും ദിവസേന പുറന്തള്ളപ്പെടുന്നു. ഇവയെ കത്തിച്ചുകളയുന്നതിനുള്ള തടസമാണ്‌ ഓടകളിൽ തള്ളുന്നതിനുള്ള മൗനസമ്മതം നൽകുന്നത്‌. വേനൽക്കാലത്ത്‌ വലിച്ചെറിയപ്പെടുന്ന ചവറുകൾതന്നെയാണ്‌ മഴക്കാലത്ത്‌ ഓടകളിൽ തടയണയാകുന്നതും.
കൊതുകുജന്യരോഗങ്ങൾക്ക്‌ നാം തന്നെയാണ്‌ കാരണം. കൊതുകുകൾ ജനിക്കുന്നത്‌ നമ്മുടെ കുറ്റം കൊണ്ടല്ല. എന്നാൽ അവ പരക്കുന്നതിനുള്ള പ്രധാന കാരണം നാം നമ്മുടെ ജലാശയങ്ങൾ മലിനപ്പെടുത്തുന്നുവെന്നുള്ളതാണ്‌. ഓരോ പ്രദേശത്തെയും പ്രകൃതി, കാലാവസ്ഥ എന്നിവക്കനുസരിച്ച്‌ മുപ്പത്‌ മുതൽ അറുപത്‌ വരെ വിവിധയിനം കൊതുകുകളാണ്‌ നിലവിലുള്ളത്‌. എന്നാൽ ഇവയിൽ രോഗങ്ങൾ പരത്തുവാൻ കഴിവുള്ള ഇനങ്ങൾ വിരലിൽ എണ്ണാവുന്നവ മാത്രമാണ്‌. മലിന ഇടങ്ങൾ വർധിക്കുന്തോറും കൊതുകുകൾക്ക്‌ വളരാനുള്ള സാഹചര്യവും വർധിക്കുന്നു.
കൊതുകിന്റെ ജീവിതത്തിൽ നാല്‌ വ്യത്യസ്ത ദശകളാണ്‌ ഉള്ളത്‌. മുട്ട, കൂത്താടി, സമാധി, മുതിർന്ന കൊതുക്‌. ഇതിനെ സമ്പൂർണ അവസ്ഥാന്തരം എന്ന്‌ പറയുന്നു. ഇതിനെല്ലാംകൂടി ഏഴ്‌ മുതൽ പതിന്നാല്‌ ദിവസം വരെ വേണം. ആദ്യത്തെ മൂന്ന്‌ ദശകൾക്ക്‌ വെള്ളത്തിന്റെ സാന്നിധ്യം ആവശ്യമാണ്‌. ശുദ്ധജലം, മഴവെള്ളം, മലിനമായ വെള്ളം, ഒഴുകുന്ന വെള്ളം, കുള വാഴയുടെ സാന്നിധ്യം എന്നിവയിൽ ഏതെങ്കിലും ഒന്നിന്റെ നിർബന്ധ ലഭ്യത വിവിധ ജെനുസിനും സ്പീഷിസിനും ജീവചക്രം പൂർത്തിയാക്കുവാൻ ആവശ്യമാണ്‌. പൂർണ വളർച്ച എത്തിയതിന്‌ ശേഷം കൊതുകുകൾ സസ്യങ്ങളുടെ ചാറാണ്‌ ഭക്ഷണമായി കഴിക്കുന്നത്‌. പെൺ കൊതുകുകൾ മുട്ട ഇടാനുള്ള പോഷണത്തിന്‌ വേണ്ടി മാത്രം ഉഷ്ണരക്തമുള്ള ജീവികളുടെ രക്തം വലിച്ചുകുടിക്കുന്നു. വായയുടെ സ്ഥാനത്തുള്ള നീണ്ട കുഴലാണ്‌ കൊതുകുകൾ ഇതിനായി ഉപയോഗിക്കുന്നത്‌. പെൺ കൊതുകുകൾ 100 ദിവസം വരെ ജീവിച്ചിരിക്കുമ്പോൾ ആൺ കൊതുകുകളുടെ ആയുസ്‌ പരമാവധി 20 ദിവസം വരെ മാത്രമാണ്‌.
ഒരുകാലത്ത്‌ ഗ്രാമങ്ങളെ കുടിവെള്ള ദൗർലഭ്യങ്ങളിൽ നിന്ന്‌ രക്ഷിച്ച പല പഞ്ചായത്ത്‌ കിണറുകളും ഇന്ന്‌ ചവറ്റുകുട്ടയായിക്കൊണ്ടിരിക്കുകയാണ്‌. ഇത്ര നല്ല ചവറ്റുകുട്ട മേറ്റ്ങ്ങും കിട്ടാനില്ലാത്തതിനാൽ ഇത്‌ മൂടപ്പെടണമെന്ന്‌ ആർക്കും ആഗ്രഹമില്ല. ഒട്ടും പരാതിയില്ലെന്ന്‌ മാത്രമല്ല, അതങ്ങനെ തുറന്ന ചവറുകുട്ടയായി തുടരണമെന്ന്‌ നിർബന്ധം പിടിക്കുന്ന പ്രദേശവാസികളുമുണ്ട്‌ എന്നതാണ്‌ അത്ഭുതം. ഈ കിണറുകളിൽ നിറയുന്ന വെള്ളം തങ്ങളുടെ വീടുകളിലേയ്ക്ക്‌ വേണ്ടെന്നുള്ള ഒറ്റക്കാരണത്താൽ ഇത്തരം കിണറുകൾ ഇന്ന്‌ എല്ലാ മുക്കിലും ചവറുകിണറുകളാകുകയാണ്‌ എന്നാണ്‌ കണക്കുകൾ വ്യക്തമാക്കുന്നത്‌. രോഗം വന്നിട്ട്‌ ചികിത്സിക്കുന്നതിനെക്കാൾ നല്ലതല്ലേ വരാതെ നോക്കുന്നത്‌.

  Categories:
view more articles

About Article Author