മഹാഭാരതത്തിലെ കർണനും ജസ്റ്റിസ്‌ കർണനും സമൂഹത്തോട്‌ പറയുന്നത്‌

മഹാഭാരതത്തിലെ കർണനും ജസ്റ്റിസ്‌ കർണനും സമൂഹത്തോട്‌ പറയുന്നത്‌
May 16 04:45 2017

ടി കെ പ്രഭാകരൻ
മഹാഭാരതത്തിലെ കർണന്റെയും കോടതിയലക്ഷ്യക്കേസിൽ ശിക്ഷിക്കപ്പെട്ട ജസ്റ്റിസ്‌ കർണന്റെയും വ്യക്തിത്വത്തിനും സാമൂഹ്യസാഹചര്യത്തിനും ചില സമാനതകളുണ്ട്‌. സത്യസന്ധനും നീതിമാനുമായിരുന്നു മഹാഭാരതത്തിലെ കർണനെന്ന്‌ ഈ ഇതിഹാസഗ്രന്ഥത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച്‌ വ്യക്തമായി അറിയാവുന്നവർക്ക്‌ ബോധ്യപ്പെട്ട കാര്യവുമാണ്‌. എന്നാൽ ചാതുർവർണ്യവ്യവസ്ഥിതിയുടെ ക്രൂരമായ വേട്ടയാടലിന്‌ ഇരയായ യോദ്ധാവുകൂടിയായിരുന്നു കർണൻ. ആയോധനകലയിൽ വില്ലാളിവീരനെന്ന്‌ വിശേഷിപ്പിക്കപ്പെട്ട അർജുനനെക്കാൾ മികച്ച പോരാളി. എന്നാൽ സവർണരായ രാജാക്കൻമാരുടെയും ഗുരുക്കൻമാരുടെയും പരിഹാസശരങ്ങളേറ്റ്‌ വെറും സൂതപുത്രൻ എന്ന മുദ്രകുത്തലോടെ മഹാഭാരതത്തിലെ കർണനെ ഇകഴ്ത്താനും തളർത്താനുമാണ്‌ അക്കാലഘട്ടത്തിലെ ചാതുർവർണ്യവ്യവസ്ഥിതി ശ്രമിച്ചിരുന്നത്‌. മിതമായ ഭാഷയിൽ പറഞ്ഞാൽ അവർണനായി ചിത്രീകരിച്ച്‌ കർണന്‌ ഒരു യോദ്ധാവാകാനുള്ള യോഗ്യതയില്ലെന്ന്‌ വിധിയെഴുതിയ സവർണമേധാവിത്വത്തിന്റെ ജുഗുപ്സാവഹമായ ഇടപെടലുകൾ മഹാഭാരതത്തിന്റെ കഥാഗതികളിൽ പ്രതിഫലിക്കുന്നതായി കാണാം. മഹാഭാരതത്തിലെ കർണനോളം വ്യക്തിഗുണമുള്ള ആളാണ്‌ ഇപ്പോൾ ആധുനികഇന്ത്യയുടെ വിവാദ വർത്തമാനങ്ങളിൽ നിറഞ്ഞുനിൽക്കുന്ന കൊൽക്കത്ത ഹൈക്കോടതി ജഡ്ജി കർണനെന്ന്‌ പറയാനാകില്ലെങ്കിലും വരേണ്യചിന്തയുടെ ജുഡീഷ്യൽ ധാർഷ്ട്യത്തിന്‌ ഇരയായ അദ്ദേഹം ഉന്നയിച്ച ചോദ്യങ്ങളും സംശയങ്ങളും നമ്മുടെ നീതിന്യായവ്യവസ്ഥയുടെ വിശ്വാസ്യതയെയും സുതാര്യതയെയും പ്രതിക്കൂട്ടിൽ നിർത്താൻ പര്യാപ്തമാണെന്ന യാഥാർഥ്യം ഗൗരവമർഹിക്കുന്നതാണ്‌.
ജുഡീഷ്യറിയെ ഗ്രസിച്ചിരിക്കുന്ന അഴിമതിക്കും ജാതിവിവേചനത്തിനുമെതിരെ അതിശക്തമായി പ്രതികരിക്കുകയും സുപ്രിംകോടതിയിലെ ചില ജഡ്ജിമാരുടെ അവിഹിത ഇടപാടുകളെക്കുറിച്ച്‌ തുറന്നടിക്കുകയും ചെയ്തതിന്റെ പേരിലാണ്‌ കർണനെ ജുഡീഷ്യൽ അധികാരവ്യവസ്ഥ വേട്ടയാടിക്കൊണ്ടിരിക്കുന്നത്‌. സുപ്രിംകോടതി കർണനെതിരെ കോടതിയലക്ഷ്യത്തിന്‌ കേസെടുക്കുകയും അദ്ദേഹത്തെ ആറുമാസം തടവിന്‌ ശിക്ഷിക്കുകയും ചെയ്തിരിക്കുന്നു. ജുഡീഷ്യറിയിലെ അനാശാസ്യപ്രവണതകൾ തിരുത്താനോ ആരോപണവിധേയരായ മജിസ്ട്രേറ്റുമാർക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കാനോ യാതൊരു നീക്കവും നടത്താതെ ആരോപണമുന്നയിച്ച കർണനെ മാത്രം ക്രൂശിക്കുന്നതിലെ ധാർമികതയും നീതിബോധവും എന്താണെന്ന ചോദ്യം ഇതോടെ പൊതുസമൂഹത്തിൽ നിന്നും ഉയർന്നുവന്നിരിക്കുന്നു. ജുഡിഷ്യറിയെ ബാധിച്ചിരിക്കുന്ന അഴിമതി നീതിപീഠങ്ങളിൽ പൊതുജനങ്ങൾക്കുള്ള ആദരവും വിശ്വാസവും നഷ്ടപ്പെടുത്തുമെന്ന തിരിച്ചറിവ്‌ ഭീതിദമാണ്‌. കൈക്കൂലി വാങ്ങി ചില ജഡ്ജിമാർ വിധിപ്രസ്താവിക്കുന്നുവെന്ന ആരോപണത്തിന്‌ ഉപോൽബലമായി അത്തരം വിവാദങ്ങളിലേർപ്പെടുന്ന ജഡ്ജിമാരുടെ എണ്ണം രാജ്യത്ത്‌ പെരുകുകയാണ്‌. നാടിനെയും ജനങ്ങളെയും ബാധിക്കുന്ന അടിസ്ഥാനപരമായ പ്രശ്നങ്ങളിൽ പോലും പലപ്പോഴും കോടതി വിധികൾ എന്തുകൊണ്ട്‌ ജനപക്ഷത്താകുന്നില്ലെന്ന സംശയം രാജ്യത്തെ സാധാരണക്കാരായ ജനങ്ങൾക്കുണ്ട്‌. ഇന്ത്യയെ ഒന്നടങ്കം നടുക്കിയ സൗമ്യ വധക്കേസിൽ പ്രതിയായ ഗോവിന്ദച്ചാമിക്ക്‌ ഹൈക്കോടതി വിധിച്ച വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച സുപ്രിംകോടതി വിധിക്കെതിരെ എന്തുകൊണ്ട്‌ പൊതുവികാരമുയരുന്നുവെന്നും ഈ സാഹചര്യത്തിൽ വിലയിരുത്തേണ്ടതുണ്ട്‌. ക്രൂരവും പൈശാചികവും അപൂർവത്തിൽ അപൂർവവുമാണ്‌ സൗമ്യവധമെന്ന്‌ കണ്ടെത്തിയതിനാലാണ്‌ ഈ കേസിൽ ഹൈക്കോടതി വധശിക്ഷ വിധിച്ചിരുന്നത്‌. സമാനമായ ഹീനകൃത്യമായിരുന്നു ദൽഹിയിലെ നിർഭയ വധം. നിർഭയയെ പോലെ തന്നെ ക്രൂരമായി ബലാൽസംഗം ചെയ്ത ശേഷമാണ്‌ സൗമ്യയെയും കൊലപ്പെടുത്തിയത്‌. സമാനകുറ്റകൃത്യങ്ങളിൽ രണ്ടുതരം വിധികളാണ്‌ ഇവിടെയുണ്ടായത്‌. നിർഭയ കേസിൽ പ്രതികൾക്ക്‌ വധശിക്ഷ വിധിച്ചപ്പോൾ സൗമ്യകേസിൽ വധശിക്ഷ ജീവപര്യന്തമാക്കി കുറക്കുകയായിരുന്നു. പാമ്പാടി നെഹ്‌റു കോളജിലെ ജിഷ്ണു എന്ന വിദ്യാർഥി മാനേജ്മെന്റിന്റെ ക്രൂരമർദനത്തിനിരയാവുകയും പിന്നീട്‌ മരണപ്പെടുകയും ചെയ്ത സംഭവത്തിൽ നിരീക്ഷണം നടത്തിയ ഹൈക്കോടതിയിലെ ഒരു ചീഫ്‌ ജസ്റ്റിസ്‌ ഈ കേസിൽ പ്രതിചേർക്കപ്പെട്ടയാളുടെ മനുഷ്യാവകാശത്തിന്‌ വേണ്ടി വാദിക്കുകയും ജാമ്യം നൽകാൻ അമിതതാൽപ്പര്യമെടുക്കുകയും ചെയ്തതിനെയും സമൂഹത്തിന്‌ സംശയത്തോടെയല്ലാതെ നോക്കിക്കാണാനാവുന്നില്ല. മുമ്പ്‌ വിദ്യാർഥികളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്ന സ്വാശ്രയകോളജുകൾക്കെതിരായ ഹർജി ഹൈക്കോടതി പരിഗണിക്കുമ്പോൾ മുൻ ചീഫ്‌ ജസ്റ്റിസ്‌ സ്വാശ്രയമാനേജ്മെന്റിന്‌ അനുകൂലമായ നിലപാടെടുത്തത്‌ വിമർശിക്കപ്പെട്ടിരുന്നു. പിന്നീട്‌ ഈ ജഡ്ജി മാനേജ്മെന്റിന്റെ ആളുകൾക്കൊപ്പം വിരുന്ന്‌ സൽകാരത്തിൽ പങ്കെടുത്ത ഫോട്ടോകളും പുറത്തുവരികയുണ്ടായി. ജഡ്ജിമാരെ പണം നൽകി സ്വാധീനിക്കാൻ കഴിയുമെന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കർണൻ ഉന്നയിച്ച വസ്തുതകൾ ഏറെ ഗൗരവമർഹിക്കുന്നതുതന്നെയാണ്‌. മജിസ്ട്രേറ്റുമാരെ സ്വാധീനവലയത്തിൽപ്പെടുത്തി വിധി പോലും മാറ്റിമറിക്കാൻ കെൽപ്പുള്ള ഗൂഡസംഘങ്ങൾ പോലും ജുഡിഷ്യറിയുടെ മറപറ്റി പ്രവർത്തിക്കുന്നുണ്ടെന്നത്‌ നിഷേധിക്കാനാകാത്ത യാഥാർഥ്യമാണ്‌. ചില അഭിഭാഷകർ അടക്കമുള്ള വലിയൊരു റാക്കറ്റ്‌ തന്നെ ഈ രംഗത്തുണ്ട്‌. കാസർകോട്‌ കോടതിയിലെ ഒരു മജിസ്ട്രേറ്റ്‌ മാസങ്ങൾക്കുമുമ്പ്‌ ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലം തന്നെ ജുഡിഷ്യറിയുടെ വഴിവിട്ടുള്ള പ്രവർത്തനമായിരുന്നു. സ്ത്രീയായ തന്റെ കക്ഷിക്ക്‌ അനുകൂലവിധി നേടിയെടുക്കുന്നതിനായി ഒരു അഭിഭാഷകൻ ആസൂത്രണം ചെയ്ത കെണിയിലകപ്പെട്ടാണ്‌ മജിസ്ട്രേട്ടിന്‌ ആത്മഹത്യ ചെയ്യേണ്ടിവന്നത്‌. കർണാടകയിലെ ഒരു റിസോർട്ടിലേക്ക്‌ ഈ അഭിഭാഷകനും സുഹൃത്തുക്കളായ മറ്റുചില അഭിഭാഷകരും മജിസ്ട്രേറ്റിനെ കൊണ്ടുപോവുകയും സ്ത്രീകളെ കാഴ്ചവെച്ചും മദ്യം നൽകിയും സൽക്കരിക്കുകയുമായിരുന്നു. ഈ പ്രലോഭനങ്ങൾക്കെല്ലാം വഴങ്ങിയ മജിസ്ട്രേറ്റ്‌ അമിതമദ്യലഹരിയിൽ പ്രശ്നങ്ങളുണ്ടാക്കിയതും അദ്ദേഹത്തെ കർണാടക പൊലീസ്‌ കസ്റ്റഡിയിലെടുത്തതുമെല്ലാം പിന്നീട്‌ നടന്ന സംഭവവികാസങ്ങളാണ്‌. ഇതുസംബന്ധിച്ച്‌ ജില്ലാമജിസ്ട്രേറ്റ്‌ നടത്തിയ അന്വേഷണത്തിൽ നടന്നതെല്ലാം പുറ ത്തുവന്നതോടെയുണ്ടായ മാനഹാനിയാണ്‌ മജിസ്ട്രേറ്റിനെ ജീവനൊടുക്കാൻ നിർബന്ധിതനാക്കിയത്‌. ഈ മജിസ്ട്രേറ്റ്‌ മരണപ്പെട്ടതോടെയാണ്‌ ജുഡീഷ്യറിയുടെ മറവിൽ നടന്ന അധാർമികവും നിയമവിരുദ്ധവുമായ ചെയ്തികൾ പുറത്തുവന്നത്‌. അല്ലായിരുന്നെങ്കിൽ മദ്യത്തിനും പണത്തിനും മദിരാക്ഷിക്കും പ്രത്യുപകാരം നൽകുന്ന വിധി പ്രഖ്യാപിക്കപ്പെടുകയും ആരുമറിയാത്ത ഒരു കളങ്കം ജുഡിഷ്യറിക്കുമേൽ വന്നുപതിക്കുകയും ചെയ്യുമായിരുന്നു. പുറത്തറിയാത്ത എത്ര ഉപജാപങ്ങളായിരിക്കും ഇതുപോലെ നീതിന്യായവ്യവസ്ഥയുടെ പിന്നാമ്പുറങ്ങളിൽ നടക്കുകയെന്ന്‌ ഊഹിക്കാവുന്ന തേയുള്ളൂ. കോടതി വ്യവഹാരങ്ങൾ നിരപരാധികളെ അപരാധികളാക്കാനും അപരാധികളെ നിരപരാധികളാക്കാനും ഉതകുന്ന പണമെറിഞ്ഞുള്ള കറക്കുവിദ്യകളായി മാറുന്ന അപകടകരമായ സ്ഥിതി വിശേഷമാണ്‌ നിലനിൽക്കുന്നത്‌.കൃത്രിമമായി ഉണ്ടാക്കുന്ന കേസുകളും അതിന്റെ പേരിലുള്ള സാമ്പത്തികവിനിയോഗങ്ങളും നീതിയെ വ്യഭിചരിക്കുന്ന നിയമവ്യവസായമായി മാറുകയാണിന്ന്‌. കെട്ടിച്ചമക്കുന്ന രാജ്യദ്രോഹതീവ്രവാദേക്കേസുകളുടെ അടിസ്ഥാനതാത്പര്യംപോലും സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട്‌ കോടതികളെ ചുറ്റിപ്പറ്റി നടക്കുന്ന വ്യവഹാരതന്ത്രങ്ങളാണ്‌. സാമ്പത്തിക അഴിമതിയുടെ കൊയ്ത്തുൽസവവും വിളവെടുപ്പുമായി പല കേസുകളും മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു.
ഭരണഘടന രാജ്യത്തെ ദളിത്‌ വിഭാഗങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കും നൽകുന്ന പ്രത്യേക അവകാശങ്ങളെക്കുറിച്ചും സംരക്ഷണത്തെക്കുറിച്ചും മറ്റാരെക്കാളും കൃത്യമായ ബോധ്യമുളളവരാണ്‌ ജഡ്ജിമാർ.എന്നാൽ അതേ ജഡ്ജിമാർക്കിടയിൽ ജാതിബോധവും അതുമായി ബന്ധപ്പെട്ട വിവേചനങ്ങളും നിലനിൽക്കുന്നുവെന്നത്‌ അത്ഭുതകരമാണ്‌. ദളിത്‌ വിഭാഗങ്ങളുടെ അഭിമാനവും അവകാശവും സംരക്ഷിക്കാൻ ബാധ്യതപ്പെട്ട ജുഡിഷ്യറിയിൽ ദളിതനായ ജഡ്ജി അപമാനിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നുവെന്നത്‌ എത്രമാത്രം ലജ്ജാകരമാണെന്നോർക്കണം. ജുഡീഷ്യറിയുടെ അന്തസ്‌ ഇടിച്ചുതാഴ്ത്തുന്ന സമീപനം തന്നെയാണിത്‌. ജാതിമതരാഷ്ട്രീയ ഭാഷദേശഭേദമന്യേ എല്ലാവരെയും ഒരുപോലെ കാണേണ്ട ജഡ്ജിമാർ ജാതീയതയുടെയും ഉച്ചനീചത്വത്തിന്റെയും വക്താക്കളായി മാറുമ്പോൾ ഇവിടെ തുല്യനീതി എന്നത്‌ വെറും ഭംഗിവാക്കുമാത്രമായി അവശേഷിക്കുമെന്നതിൽ തർക്കമില്ല. ജാതീയചിന്ത തലക്കുപിടിച്ച ജഡ്ജിമാർ എത്രയും വേഗം ആ സ്ഥാനമൊഴിഞ്ഞ്‌ ജാതിസംഘടനകളുടെ നേതാക്കളോ ഉപദേഷ്ടാക്കളോ ആകുന്നതായിരിക്കും ഉചിതം. മഹാഭാരതത്തിലെ കർണനായാലും ആധുനികഭാരതത്തിലെ കർണനായാലും ഉന്നതകുലജാതനല്ലെന്ന കാരണത്താൽ അവഹേളിക്കപ്പെടുന്ന ചാതുർവർണ്യസംസ്കാരത്തിന്‌ കാലഭേദങ്ങളില്ലെന്നാണ്‌ ഇരുവരുടെയും ജീവിതാനുഭവങ്ങൾ സമൂഹത്തോട്‌ വിളംബരം ചെയ്യുന്നത്‌. മാത്രമല്ല ജസ്റ്റിസ്‌ കർണനുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട്‌ ചെയ്യരുതെന്ന വിധിയിലൂടെ ആവിഷ്കാരസ്വാതന്ത്ര്യത്തിനും കോടതി കൂച്ചുവിലങ്ങിടുകയാണ്‌. കർണന്റെ ഭാഗം കേൾക്കാനുള്ള വാദം പോലും നടത്താതെ ഏകപക്ഷീയമായി സുപ്രീംകോടതി തടവുശിക്ഷ വിധിച്ചത്‌ ഭരണഘടനാ ലംഘനവും പൗരാവകാശലംഘനവുമാണെന്നാണ്‌ നിയമവിദഗ്ധർ വിലയിരുത്തുന്നത്‌. നീതി നിഷേധിക്കപ്പെടുന്നവരുടെ അവസാനത്തെ അഭയകേന്ദ്രമാണ്‌ കോടതി എന്ന പൊതുവിശ്വാസത്തിന്‌ കളങ്കമേൽപ്പിക്കുന്ന തരത്തിലുള്ള ജുഡീഷ്യൽ ദുഷ്പ്രവണതകൾ ഇല്ലായ്മചെയ്ത്‌ നീതിപീഠം എന്ന നിർവചനത്തെ പവിത്രമാക്കുന്ന ശുദ്ധീകരണപ്രക്രിയകൾ ഈ രംഗത്ത്‌ അനിവാര്യമായിതീർന്നിരിക്കുന്നു.

  Categories:
view more articles

About Article Author