മാഗസീനും മുലക്കരവും

മാഗസീനും മുലക്കരവും
March 11 04:55 2017

നിമിഷ
തിരുവിതാംകൂർ രാജഭരണകാലത്ത്‌ അന്യായമായ പല നികുതികളും നിലനിന്നിരുന്നു. ഇവയിൽ പലതും ജാതി അടിസ്ഥാനത്തിലുള്ളവയായിരുന്നു. അവർണജാതിക്കാരുടെ മേൽ ഏതാണ്ട്‌ 110 തരം കരം രാജഭരണം അടിച്ചേൽപ്പിക്കുകയുണ്ടായി. പൊതുവഴികൾ, ക്ഷേത്രങ്ങൾ, കുളങ്ങൾ, ചന്തകൾ തുടങ്ങി എവിടെയും സവർണർക്ക്‌ മാത്രമാണ്‌ സ്വതന്ത്രമായി വ്യവഹരിക്കാൻ അവകാശമുണ്ടായിരുന്നത്‌. 1800-ാ‍മാണ്ട്‌ കാലത്ത്‌ നിലനിന്ന ഈ ജാതിവ്യവസ്ഥയുടെ ഏറ്റവും ക്രൂരമായ ഇരകൾ താഴ്‌ന്നജാതിയിൽപ്പെട്ട സ്ത്രീകൾ തന്നെയായിരുന്നു.
പകൽ സമയങ്ങളിൽ പൊതുവഴികൾ അവർക്ക്‌ നിഷിദ്ധമാണ്‌. ഉയർന്ന ജാതിക്കാരുടെ വഴികളിലെങ്ങാനും അവർ പെട്ടുപോയാൽ പിന്നെ നടക്കുന്ന അതിക്രമങ്ങൾ നിഷ്ഠൂരവും മനഃസാക്ഷിയില്ലാത്തവയുമായിരുന്നു. വയലുകളിൽ പണിയെടുക്കാനും സവർണരുടെ അടിമകളായി കഴിയാനും മാത്രമേ അവർണജനവിഭാഗത്തെ അനുവദിച്ചിരുന്നുള്ളൂ. ഇക്കൂട്ടത്തിൽ ഏറ്റവും ഹീനമായ നടപടി മുലക്കരം എന്ന പേരിലുള്ള ഒരു നികുതിപ്പിരിവാണ്‌. അവർണ സ്ത്രീകൾക്ക്‌ മാറുമറയ്ക്കാൻ അവകാശമില്ല. അവർ കൽപ്പന ലംഘിച്ച്‌ മാറുമറച്ചാൽ ഖജനാവിലേയ്ക്ക്‌ നികുതികൊടുക്കണം. തൊഴിലും വരുമാനവും സ്വത്തും ഒന്നുമില്ലാത്ത നിസ്വർക്ക്‌ നികുതി അടയ്ക്കാൻ പോയിട്ട്‌ അരവയർ നിറയാൻപോലും നിവൃത്തിയുണ്ടായിരുന്നില്ല. വസ്ത്രസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ഈ അവർണസ്ത്രീസമൂഹം അങ്ങേയറ്റം അപമാനിക്കപ്പെട്ട്‌ കഴിയുന്നകാലത്താണ്‌ നങ്ങേലി എന്ന സ്ത്രീ ചേർത്തലയിൽ മുല അറുത്ത്‌ പ്രതിഷേധിച്ച്‌ രക്തസാക്ഷിയാകുന്നത്‌. ചോരവാർന്നൊലിച്ച്‌ നങ്ങേലി പിടഞ്ഞുവീണ്‌ മരിച്ചതോടെ രാജഭരണം മുലക്കരത്തിൽ നിന്ന്‌ പിൻവാങ്ങി. വസ്ത്രധാരണത്തിനെതിരെയും ആവിഷ്കാരസ്വാതന്ത്ര്യത്തിനെതിരെയും വ്യക്തിസ്വാതന്ത്ര്യങ്ങൾക്കുതന്നെ എതിരെയും പുതിയ കാലം ഉയർത്തുന്ന വെല്ലുവിളികൾക്കെതിരെ സാംസ്കാരിക കാഴ്ചപ്പാടോടെ പൊന്നാനി എംഇഎസ്‌ കോളജ്‌ വിദ്യാർഥികൾ തയ്യാറാക്കിയ കോളജ്‌ മാഗസീനെതിരെ യാഥാസ്ഥിതികപക്ഷക്കാർ പ്രതിഷേധവുമായി രംഗത്ത്‌ വരികയുണ്ടായി. മുലക്കരത്തിന്റെ ചരിത്ര പശ്ചാത്തലമൊരുക്കി തയ്യാറാക്കിയ മാഗസീനിലെ വരകളും എഴുത്തും പ്രതിലോമകാരികളെ അരിശംകൊള്ളിച്ചുപോലും. മുല എന്നത്‌ അശ്ലീലവാക്കാണെന്നും അത്‌ മറച്ചുവയ്ക്കേണ്ടതുമാണെന്നാണ്‌ കോളജ്‌ മാനേജ്മെന്റ്‌ അധികൃതർ പറഞ്ഞത്‌. അവർ മാഗസീൻ നിരോധിക്കണമെന്ന്‌ ആവശ്യപ്പെട്ടത്‌ അതാണത്രേ.
ചരിത്രയാഥാർത്ഥ്യങ്ങളെ അനുസ്മരിപ്പിക്കുന്ന ഒന്നുപോലും അനുവദിക്കില്ലെന്ന പുതിയകാലത്തെ വർഗീയവാദികളുടെ വാശിയാണ്‌ മാഗസീനിനെതിരെ വാളെടുക്കാൻ അവരെ പ്രേരിപ്പിച്ചത്‌. എന്നാൽ വിദ്യാർഥികൾ മാഗസീൻ പ്രസിദ്ധീകരിക്കുകതന്നെ ചെയ്തു.
പുരോഗമന ആശയങ്ങൾക്കും നിലപാടുകൾക്കുമെതിരെ പ്രതിലോമകേന്ദ്രങ്ങൾ ഉയർത്തുന്ന വെല്ലുവിളികളും ഭീഷണികളും പൊതുസമൂഹം തിരിച്ചറിയേണ്ടതുണ്ട്‌. സമീപകാലത്ത്‌ നടക്കുന്ന ഭയപ്പെടുത്തുന്ന നടപടികൾ ലക്ഷ്യംവയ്ക്കുന്നത്‌ സ്ത്രീസമൂഹത്തിന്‌ നേരെയാണെന്നതും ഗൗരവമായി കാണ്ടേണ്ടതാണ്‌. ഭയം വിതറി ഫാസിസം പിടിമുറുക്കാൻ നോക്കുന്ന കാലത്ത്‌ കോളജ്‌ വിദ്യാർഥികൾ നടത്തുന്ന ഇത്തരം ചെറുത്തുനിൽപ്പുകൾക്ക്‌ വലിയ മാനങ്ങളുണ്ട്‌.

  Categories:
view more articles

About Article Author