Monday
23 Jul 2018

മാങ്കോസ്റ്റിൻ ചുവട്ടിലെ സുൽത്താൻ

By: Web Desk | Saturday 8 July 2017 4:45 AM IST

പി കെ സബിത്ത്‌
ബേപ്പൂർ പട്ടണവും പരിസരങ്ങളും ഒരുപാട്‌ മാറിയിരിക്കുന്നു. പലതും കാലയവനികയ്ക്ക്‌ പിന്നിലേക്ക്‌ മറഞ്ഞപ്പോൾ ദീപ്തമായി നിലകൊള്ളുന്ന ചിലതുണ്ട്‌. നാഗരികതയുടെ രഥ്യകൾ ബേപ്പുർ സുൽത്താന്റെ ഗേഹമായ വൈലാലിൽ തറവാട്ടിൽ വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ബഷീർ ഇരുന്നെഴുതിയ ചാരുകസേരയും മധുരസംഗീതങ്ങൾ കേട്ട ഗ്രാമഫോണും ബഷീറിന്റെ പ്രിയപ്പെട്ട മാങ്കോസ്റ്റിൻ മരവുമെല്ലാം ഇന്നും അതുപോലെ തന്നെയുണ്ട്‌. തറവാട്ടിലെ ഒരു മുറിയിൽ അദ്ദേഹത്തിന്റെ ഓർമയുടെ സുഗന്ധം സന്ദർശകർക്ക്‌ സമ്മാനിച്ചുകൊണ്ട്‌ ബഷീർ കൃതികളും പുരസ്കാരങ്ങളും അടുക്കിവച്ചിരിക്കുന്നു. ബേപ്പൂർ സുൽത്താന്റെ താങ്ങും തണലുമായ സഹധർമിണി ഫാബിയുടെ ഓർമയിലെ അവസാന നാളുകളിൽ പോലും തിളങ്ങിനിന്നിരുന്നത്‌ ബഷീർ മാത്രമായിരുന്നു. എന്നന്നേക്കുമായി വിടപറയുന്നതിന്‌ മുൻപ്‌ ഫാബി തന്റെ പ്രിയപ്പെട്ട റ്റാറ്റയെക്കുറിച്ച്‌ ഓർത്തു. ഫാബിക്ക്‌ ബഷീർ ബേപ്പൂർ സുൽത്താനൊന്നുമല്ല തന്റെ പ്രിയപ്പെട്ട റ്റാറ്റയാണ്‌. റ്റാറ്റയെന്നാണ്‌ ഫാബി സ്നേഹപൂർവം വിളിക്കുന്നത്‌. ബഷീർ എഴുത്തിൽ സ്വീകരിക്കുന്ന സവിശേഷ ശൈലിയെക്കുറിച്ചും ബഷീർ കൃതികളിൽ തനിക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രങ്ങളെപറ്റിയും; അദ്ദേഹത്തിന്റെ സവിശേഷ സ്വഭാവരീതിയെക്കുറിച്ചും ഫാബിക്ക്‌ എത്ര പറഞ്ഞാലും മതിവരില്ലായിരുന്നു. മലയാളി സ്വത്വത്തിന്റെ പൊക്കിൾകൊടി ബന്ധമായിരുന്നു ബഷീർ. അത്‌ തേടി വൈലാലിൽ തറവാട്ടിലെത്തിയപ്പോഴെല്ലാം ഭൂതവർത്തമാനങ്ങളുടെ ഭേദമില്ലാതെ ഫാബി എന്ന സഹധർമിണി ബഷീറെന്ന മഹാരഥനെ നമുക്ക്‌ മുന്നിൽ തുറന്നിട്ടു. അത്തരം നിരവധി സന്ദർശനങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും ഫാബി ബഷീർ ഓർമയിൽ അവശേഷിപ്പിച്ച ബഷീർ ചിത്രം ഇവിടെ ആവിഷ്കരിക്കുന്നു.

മാങ്കോസ്റ്റിൻ ചുവട്ടിലെ സുൽത്താൻ
എഴുതാനിരിക്കുമ്പോൾ റ്റാറ്റയ്ക്ക്‌ ഏറ്റവും പ്രിയപ്പെട്ട ഇടം മാങ്കോസ്റ്റിൻ മരത്തിന്റെ ചുവടാണ്‌. ചില സമയങ്ങളിൽ മഴയുണ്ടെങ്കിൽ പോലും ഒരു വലിയ കുടയൊക്കെ ഉറപ്പിച്ച്‌ അതിന്‌ ചുവട്ടിലായി ഇരിക്കും. മാങ്കോസ്റ്റിന്‌ മുകളിൽ പ്രത്യേകം ലൈറ്റൊക്കെ ഘടിപ്പിച്ച്‌ രാത്രിയിലും അതിന്‌ ചുവട്ടിൽതന്നെ ഇരിക്കുന്ന സ്വഭാവം റ്റാറ്റയ്ക്കുണ്ടായിരുന്നു. പല ദിവസങ്ങളിലും ഞങ്ങളുടെ കുടുംബാംഗങ്ങളുടെ നാട്ടുവർത്തമാനമൊക്കെ ഇതിന്‌ ചുവട്ടിൽ തന്നെയായിരുന്നു. റ്റാറ്റ ഏതാണ്ട്‌ എല്ലാ സമയവും ഇവിടെതന്നെയായിരുന്നു. എഴുത്തിനിടയ്ക്കുള്ള കട്ടൻ ചായ റ്റാറ്റയ്ക്ക്‌ അത്യാവശ്യം വേണ്ട ഒന്നാണ്‌. അതിനുവേണ്ടി തന്റെ സമീപം ഒരു ഫ്ലാസ്കിൽ കട്ടൻ ചായ കരുതിയാണ്‌ റ്റാറ്റ എഴുതാനിരിക്കുക.

പറയുന്ന ഭാഷയും എഴുതുന്ന ഭാഷയും ഒന്ന്‌
വളരെ ലളിതമായ ഭാഷയിൽ എല്ലാവർക്കും മനസിലാകുന്ന രീതിയിലാണ്‌ റ്റാറ്റ എഴുതിയത്‌. എഴുതിയ കാര്യങ്ങളെല്ലാം അദ്ദേഹത്തിന്റെ തന്നെ നേരനുഭവങ്ങളുമാണ്‌. എഴുതുന്ന കാര്യത്തിൽ റ്റാറ്റയ്ക്ക്‌ ഒരു നിർബന്ധം മാത്രമേ ഉണ്ടായിരുന്നു ള്ളു. ‘പറയുന്ന ഭാഷയും എഴുതുന്ന ഭാഷയും ഒരുപോലെ ആയിരിക്കണം’ എന്ന നിബന്ധനയാണ്‌ അത്‌. അതുകൊണ്ടുതന്നെയാണ്‌ റ്റാറ്റയുടെ ഭാഷ ആർക്കും എളുപ്പത്തിൽ മനസിലാകുന്ന ഒന്നായി മാറിയത്‌. വിവാഹത്തിന്‌ മുൻപുതന്നെ ഞാൻ അദ്ദേഹത്തിന്റെ കൃതികളൊക്കെ വായിക്കാറുണ്ട്‌. എന്റെ ബാപ്പ ഒരു ലൈബ്രേറിയൻ ആയിരുന്നതിനാൽ അവിടെനിന്ന്‌ എനിക്ക്‌ എല്ലാ പുസ്തകങ്ങളും ലഭിക്കുമായിരുന്നു. റ്റാറ്റയുടെ കൃതികളിൽ എനിക്ക്‌ ഏറ്റവും പ്രിയപ്പെട്ടത്‌ പാത്തുമ്മായുടെ ആടാണ്‌. മറ്റൊരു പ്രധാന കാര്യം നിങ്ങൾക്ക്‌ കണ്ടെത്താൻ കഴിയുന്നത്‌ ഞാനിവിടെ സൂചിപ്പിക്കാം. “റ്റാറ്റയുടെ ഏതു കൃതി എടുത്ത്‌ ആഴത്തിലൊരു പഠനം നടത്തിയാലും നമുക്ക്‌ അത്‌ കാണാം; ജീവിതത്തിൽ നാം നിർബന്ധമായും പാലിക്കേണ്ട ഏതെങ്കിലും ഒരു ഗുണപാഠം അതിലടങ്ങിയിരിക്കും.” ഇത്തരത്തിൽ നിരവധി സവിശേഷതകൾ ഉൾക്കൊള്ളുന്നവയാണ്‌ ബഷീർ കൃതികൾ.

വ്യാകരണത്തെ കൂസാതെ
വ്യാകരണത്തെ വലിയ കാര്യമായി റ്റാറ്റ ഒരിക്കലും കരുതിയില്ല. വായനയിലൂടെ മനസുകൾ തമ്മിൽ സംസാരിക്കണമെങ്കിൽ ഒരു ഹൃദയത്തിൽ നിന്നും മറ്റൊരു ഹൃദയത്തിലേക്ക്‌ അനായാസം സഞ്ചരിക്കുന്ന ഭാഷയാണ്‌ വേണ്ടത്‌. അതുകൊണ്ടാണ്‌ വളരെ ലളിതമായ ശൈലിയിലുള്ള ഭാഷയ്ക്ക്‌ റ്റാറ്റ പ്രാധാന്യം കൊടുത്തത്‌. ഇതിനുവേണ്ടി എഴുത്തിലുടനീളം ‘സ്നേഹം’ എന്ന വികാരത്തിന്‌ സവിശേഷമായ പരിഗണനയാണ്‌ റ്റാറ്റ നൽകിയത്‌. ശരിക്കു പറഞ്ഞാൽ സ്നേഹത്തിന്റെ ഒരു ഭാഷ തന്നെ റ്റാറ്റ സൃഷ്ടിച്ചു എന്നു പറയാം. കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള ജനസമൂഹത്തിന്റെ ആസ്വാദനത്തെ ആ ഭാഷ തൃപ്തിപ്പെടുത്തുകയും ചെയ്തു.
ആദ്യം നിരീക്ഷണം പിന്നെ എഴുത്ത്‌
റ്റാറ്റയുടെ എടുത്തുപറയേണ്ട ഒരു സ്വഭാവ സവിശേഷത അദ്ദേഹത്തിന്റെ നിരീക്ഷണ സ്വഭാവമാണ്‌. തന്റെ മുന്നിലൂടെ പോകുന്ന എന്തിനേയും റ്റാറ്റ നന്നായി നിരീക്ഷിക്കും. മുറിയിലൂടെ പോകുന്ന പൂച്ചയോ എലിയോ ഒക്കെയായിരിക്കും അത്‌. കണ്ണിൽ പതിഞ്ഞ മാത്രയിൽ തന്നെ അത്തരം കാര്യങ്ങൾ മനസിൽ സൂക്ഷിക്കും. പിന്നീട്‌ എഴുതുന്ന സമയത്ത്‌ ആവശ്യം പോലെ ഇങ്ങനെ നിരീക്ഷണത്തിലൂടെ കണ്ടെത്തിയവയെ കഥാപാത്രങ്ങളാക്കി മാറ്റുകയാണ്‌ പതിവ്‌. റ്റാറ്റയുടെ ഇത്തരമൊരു നിരീക്ഷണ സ്വഭാവത്തിന്റെ ഫലമായാണ്‌ കുടുംബത്തിലെ തന്നെ പലരും കഥാപാത്രങ്ങളായി രംഗത്തു വന്നത്‌.

എന്റെ പ്രിയകഥാപാത്രങ്ങൾ….. കൃതികൾ
എഴുത്തിലൂടെ നിരവധി കഥാപാത്രങ്ങളെ റ്റാറ്റ സൃഷ്ടിച്ചു, ഇവയിൽ എനിക്ക്‌ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം എന്റെ അമ്മായി അമ്മയാണ്‌. ‘പാത്തുമ്മാന്റെ ആട്‌’ എന്ന നോവലിൽ നിറഞ്ഞുനിൽക്കുന്ന ഈ കഥാപാത്രത്തെ നിങ്ങൾക്ക്‌ പരിചയമുണ്ടാകും. അതെ…. കുഞ്ഞാച്ചുമ്മ എന്ന കുഞ്ഞിത്താച്ചുമ്മ. തന്റെ ജീവിതത്തിൽ വളരെയധികം പ്രത്യേകത നിലനിർത്തിയ വ്യക്തിയാണ്‌ അമ്മായിഅമ്മ. സ്വന്തം കാര്യത്തക്കുറിച്ച്‌ കുഞ്ഞാച്ചുമ്മ ഒരിക്കലും ചിന്തിച്ചിട്ടില്ല. അതായത്‌ ഒരിക്കലും സ്വാർഥതയോടെ പെരുമാറിയില്ല. തന്റെ ജീവിതം തന്നെ മറ്റുള്ളവരുടെ സുഖത്തിനും സന്തോഷത്തിനും വേണ്ടി ഉഴിഞ്ഞുവയ്ക്കുകയായിരുന്നു ഈ സ്ത്രീ. എല്ലാവരേയും സ്നേഹിക്കുവാൻ മാത്രമായിരുന്നു അവർക്ക്‌ അറിയാവുന്നത്‌. യഥാർഥത്തിൽ മാതൃകയാക്കേണ്ട ഒരു ജീവിതം തന്നെയായിരുന്നു അമ്മായിഅമ്മയുടേത്‌. കഥാപാത്രമായി മാറിയപ്പോൾ അവരുടെ നിഷ്കളങ്കമായ സ്വഭാവത്തെ ഒട്ടും തനിമ ചോർന്നു പോകാതെയാണ്‌ റ്റാറ്റ ആവിഷ്കരിച്ചത്‌. ഇത്തരത്തിൽ നിഷ്കളങ്കരായ കഥാപാത്രങ്ങൾക്ക്‌ റ്റാറ്റ എന്നും വളരെയധികം പ്രാധാന്യം കൊടുത്തിരുന്നു. അത്തരം ഹൃദയ വിശുദ്ധിയുള്ള നിരവധി കഥാപാത്രങ്ങളെ റ്റാറ്റയുടെ പല കൃതികളിലും നമുക്ക്‌ കാണാം.
“ആരെയും കുഞ്ഞുപ്പാത്തുമ്മ വേദനിപ്പിച്ചിട്ടില്ല. ഒരു ഉറുമ്പിനെപോലും ദ്രോഹിച്ചിട്ടില്ലെന്നു പറയാം. റബ്ബുൽ ആലമീനായ തമ്പുരാന്റെ സൃഷ്ടികളിൽ ഒന്നിനെയും അവർ വെറുത്തിട്ടില്ല. ചെറുപ്പം മുതൽക്കേ എല്ലാ ജീവജാലങ്ങളോടും ഇഷ്ടമായിരുന്നു.”
(ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്‌)

image

ഓർത്തുചിരിക്കാൻ
ഓർത്തോർത്ത്‌ ചിരിക്കാൻ എന്നെ പ്രേരിപ്പിച്ച ഒരു രസികനായ കഥാപാത്രമാണ്‌ അബ്ദുൽഖാദർ. ഖാദറിനെ ഒരിക്കലും ഞാൻ നിങ്ങൾക്ക്‌ പരിയചപ്പെടുത്തേണ്ടതില്ല. നിങ്ങൾക്ക്‌ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. കാരണം ‘പാത്തുമ്മായുടെ ആടി’ൽ അത്ര രസകരമായാണ്‌ അബ്ദുൾഖാദറിനെ റ്റാറ്റ അവതരിപ്പിച്ചത്‌. ആ നോവലിൽ അബ്ദുൾ ഖാദർ വരുന്ന ചില രംഗങ്ങളൊക്കെ വായിക്കുമ്പോൾ ശരിക്കും സിനിമയിൽ കാണുന്ന അനുഭൂതിയാണ്‌ ഉണ്ടാക്കുക.
“അബ്ദുൾഖാദർ സ്കൂളിലും വെളിയിലും പോക്കിരിയായിരുന്നു. വീട്ടിൽ ചെല്ലപ്പിള്ള. ഞാൻ സ്കൂളിൽ മര്യാദക്കാരനായിരുന്നു. നാരായണപിള്ള സാർ അവനെ തല്ലിയിട്ടുണ്ട്‌.
അബ്ദുൾഖാദർ ഇടതുകാലിൽ നിന്നു വലത്തേ ചട്ടൻ കാൽ ചുറ്റും വീശികറക്കിയായിരുന്നു പിള്ളരെ അടിച്ചിരുന്നത്‌. അങ്ങനെ എന്നെയും അടിച്ചിട്ടുണ്ട്‌. എന്നിട്ടവൻ വലതുകാലിന്റെ വെള്ള മൂക്കിനു നേരെ കൊണ്ടുവന്നിട്ടു ചോദിക്കും.
ഇങ്ങനെ കാണിക്കാമോ?
സാധ്യമല്ല! എങ്ങനെ സാധിക്കും മറ്റുള്ളവരുടെ കാല്‌ കുഴകുഴാന്ന്‌ കിടക്കുകയാണോ? മറ്റാർക്കും ഈ അഭ്യാസം സാധ്യമല്ല.
എന്നാപ്പിന്നെ മണത്തിനോക്ക്‌! അവന്റെ ചട്ടൻ കാലിന്റെ വെള്ള മറ്റുള്ളവർ മണപ്പിച്ചുനോക്കണം. ഇല്ലെങ്കിൽ ഇടിക്കും. പിള്ളേര്‌ ദൂരത്ത്‌ മാറിനിന്നാൽ അവൻ തന്നത്താൻ നെഞ്ചത്തടിച്ച്‌ കരയും. അവന്റെ ചട്ടൻ കാലു കാരണം പൊതുജനങ്ങൾക്ക്‌ അവന്റെ പേരിൽ ഒരു അനുകമ്പയുണ്ട്‌.” (പാത്തുമ്മായുടെ ആട്‌)
അബ്ദുൾ ഖാദർ എന്ന കഥാപാത്രവും
ജീവിതവും
അബ്ദുൾഖാദർ നല്ല കാര്യപ്രാപ്തിയും വിവരവുമൊക്കെയുള്ള ആളാണ്‌. അയാൾ ആദ്യം ഒരു സ്കൂൾ മാഷായിരുന്നു. എഴുതാനൊക്കെ നല്ല കഴിവുള്ള ആളാണ്‌. പക്ഷെ….. ഒരു പ്രശ്നം എഴുതുമ്പോൾ വല്ലാതെ വ്യാകരണങ്ങളൊക്കെ നോക്കിയാണ്‌ എഴുതുക. കുറച്ചുകാലത്തിനുശേഷം അബ്ദുൾ ഖാദർ സ്കൂൾ വാധ്യാരുടെ ജോലി ഉപേക്ഷിച്ചു. കാരണം അന്നത്തെ സ്കൂൾമാഷുമാരുടെ വരുമാനമൊന്നും കുട്ടികളെ പോറ്റാൻ തികയില്ലായിരുന്നു. പിന്നീട്‌ ഖാദർ കച്ചവടത്തിലേക്ക്‌ തിരിഞ്ഞു. ഒരു കാലിന്‌ സ്വാധീനമില്ലാഞ്ഞിട്ടുപോലും നന്നായി ഉത്സാഹിച്ച്‌ ജോലി ചെയ്ത്‌ ജീവിച്ച വ്യക്തിയാണ്‌ അബ്ദുൾഖാദർ. ഇത്തരത്തിൽ തന്റെ ജീവിതപ്രയാസങ്ങളെയെല്ലാം ആർജവത്തോടെ നേരിട്ട അദ്ദേഹം അതിൽ നന്നായി വിജയിക്കുകയും ചെയ്തു.
ജീവിതത്തിൽ നിന്നു മാത്രമാണ്‌ ബഷീർ കഥാപാത്രങ്ങളെ സൃഷ്ടിച്ചത്‌. തീഷ്ണതയുള്ള യാഥാർഥ്യങ്ങളെ ആവിഷ്കരിക്കുക അതിന്റെ പൊതുസ്വഭാവമാണ്‌. മാനവികതയുമായി ഇത്രമാത്രം അടുത്തുനിൽക്കുന്ന മഹാരഥന്മാർ അപൂർവമാണ്‌. ഗാന്ധിജി, ശ്രീനാരായണഗുരു, സഹോദരൻ അയ്യപ്പൻ, അയ്യങ്കാളി തുടങ്ങിയവരുടെ ദർശനങ്ങളും ഇസ്ലാമിക്‌ മിസ്റ്റിസിസവും ചേർന്ന ഒരു സർഗാത്മക രൂപകമാണ്‌ ബഷീർ എന്ന എം എ റഹ്മാന്റെ നിരീക്ഷണം വളരെ പ്രസക്തമാണ്‌. എല്ലാം സ്വാംശീകരിച്ചുകൊണ്ട്‌ നവീനഭാഷ്യം സൃഷ്ടിക്കുകയായിരുന്നു ബഷീർ. എവിടെയും ലാളിത്യം പുലർത്തുന്ന ബഷീർ, പ്രകൃതിയുടെ ലീനധ്വനിയായി മാറിയ ബഷീർ, സ്നേഹത്തിന്റെ വ്യാകരണങ്ങൾ സൃഷ്ടിക്കുന്ന ബഷീർ, കഥാപാത്രങ്ങൾക്ക്‌ സവിശേഷ ചാരുത നൽകിയ ബഷീർ, അനുഭവവും രചനയും പരസ്പരപൂരകമാക്കിയ ബഷീർ, കാലത്തെ അതിലംഘിക്കുന്ന രചനയുടെ നേരവകാശിയായ ബഷീർ. ഇങ്ങനെ… ഇങ്ങനെ എത്ര പറഞ്ഞാലും തീരാത്ത അനന്തസാഗരമാണ്‌ കൈരളിയുടെ പ്രിയ സാഹിത്യ സുൽത്താൻ.