മാണിയുടെ മെയ്‌വഴക്കവും മന്ത്രിയുടെ മയക്കുവെടിയും

മാണിയുടെ മെയ്‌വഴക്കവും മന്ത്രിയുടെ മയക്കുവെടിയും
May 12 04:45 2017

സഭാവലോകനം
ജി ബാബുരാജ്‌
ഗണിതശാസ്ത്രത്തിലെ ഫോർമൂലപോലെ കർഷകനെ രക്ഷിക്കാൻ ഒട്ടേറെ സൂത്രവിദ്യകൾ ജുബ്ബയുടെ പോക്കറ്റിലിട്ടു നടക്കുന്നയാളാണ്‌ കർഷകകേരളത്തിന്റെ രോമാഞ്ചമായ കെ എം മാണി. ബയോടെക്നോളജി, നാനോ ടെക്നോളജി, ഇലക്ട്രോ സ്പിന്നിങ്‌ ടെക്നോളജി എന്നിങ്ങനെ അദ്ദേഹത്തിന്റെ കാർഷിക നിഘണ്ടുവിൽ വാക്കുകൾക്കു പഞ്ഞമില്ല. ഇതെല്ലാം നടപ്പാക്കിക്കഴിഞ്ഞാൽ കർഷകൻ രക്ഷപ്പെടുമെന്ന കാര്യത്തിൽ മാണിക്ക്‌ തെല്ലും സംശയമില്ല. പക്ഷേ എന്തു ചെയ്യാം. 23 വർഷം മന്ത്രിപദം അലങ്കരിച്ചു നടന്നപ്പോൾ അതൊന്നും അദ്ദേഹം ഓർത്തില്ല. അധികാരക്കസേരയൊഴിഞ്ഞ്‌ അപ്പുറത്തും ഇപ്പുറത്തുമല്ലാത്ത അവസ്ഥയിലായിക്കഴിഞ്ഞപ്പോഴാണ്‌ മാണിയുടെ മനസിലേയ്ക്ക്‌ ടെക്നോളജികൾ ഓടിയെത്തിയത്‌. കൃഷിയെ സ്നേഹിക്കണം, മണ്ണിനെ സ്നേഹിക്കണം, മണ്ണിൽ കർഷകന്റെ കണ്ണുനീർ വീഴാനിടവരരുത്‌ എന്നൊക്കെ മാണി പറഞ്ഞപ്പോൾ മൂന്നര പതിറ്റാണ്ട്‌ ഒപ്പം കഴിഞ്ഞ യുഡിഎഫുകാർ മാണിയുടെ മെയ്‌വഴക്കമോർത്ത്‌ ഊറിച്ചിരിക്കുകയായിരുന്നു.
“ഇവിടത്തെ കർഷകനെ ഒരു സർക്കാരും സഹായിച്ചിട്ടില്ല. യുഡിഎഫും സഹായിച്ചിട്ടില്ല….” എന്നിങ്ങനെ നീണ്ടു കുമ്പസാരമട്ടിലുള്ള മാണിയുടെ പ്രസംഗം. കൃഷി, വനം, മൃഗസംരക്ഷണ വകുപ്പുകളുടെ ധനാഭ്യർഥന ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഭരണപക്ഷത്തു ഭിന്നതയുണ്ടെന്ന്‌ വരുത്തിതീർക്കാനുള്ള കോൺഗ്രസിലെ സണ്ണി ജോസഫിന്റെ ശ്രമത്തിന്‌ സിപിഐ അംഗം ആർ രാമചന്ദ്രൻ പഴുതടച്ചു മറുപടി നൽകി. കോൺഗ്രസുകാർ എന്തായാലും ഈ കട്ടിലുകണ്ട്‌ പിനിക്കേണ്ടതില്ലെന്ന്‌ രാമചന്ദ്രൻ പ്രതിപക്ഷത്തെ ഓർമ്മിപ്പിച്ചു. മണ്ണിന്റെ ചാരുതയും പ്രകൃതിയുടെ ശീതളിമയും ആസ്വദിച്ച്‌ ജീവിക്കാനുള്ള അന്തരീക്ഷമൊരുക്കിയിരിക്കുകയാണ്‌ കൃഷിവകുപ്പെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. കയ്യേറ്റത്തിനെതിരെ ഗിരിപ്രഭാഷണം നടത്തുന്ന പ്രതിപക്ഷം അധികാരത്തിലിരുന്ന അഞ്ചുവർഷം എന്തായിരുന്നു സ്ഥിതിയെന്ന്‌ രാമചന്ദ്രൻ ചോദിച്ചു. പുഴ, തടാകം, കായൽ, വനഭൂമി ഇവയെല്ലാം കയ്യേറ്റക്കാരുടെ വിളഭൂമിയായി മാറിയ നാളുകളാണ്‌ പിന്നിട്ടതെന്ന്‌ അദ്ദേഹം വിവരിച്ചു.
‘ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൗതുകം’ എന്നപോലെയാണ്‌ പ്രതിപക്ഷം കൃഷിവകുപ്പിന്റെ ധനാഭ്യർഥന ചർച്ചയെ സമീപിക്കുന്നത്‌ എന്നായിരുന്നു സിപിഐയിലെ കെ രാജന്റെ പരിഹാസം. പ്രതിപക്ഷത്തുനിന്ന്‌ ചർച്ച തുടങ്ങിവച്ച കോൺഗ്രസിലെ സണ്ണി ജോസഫ്‌ തനിക്കനുവദിച്ച എട്ടു മിനിട്ടിൽ ആറു മിനിട്ടിലേറെയും ഇടതുമുന്നണിയിലാകെ ഭിന്നിപ്പാണെന്ന പുകമറ സൃഷ്ടിക്കാനാണ്‌ വിനിയോഗിച്ചത്‌. ഇതു മനസിൽവച്ചായിരുന്നു രാജന്റെ ഒളിയമ്പ്‌. പ്രതിപക്ഷം വിഷയദാരിദ്ര്യം കൊണ്ട്‌ നട്ടം തിരിയുകയാണെന്ന്‌ ഓപ്പണിങ്‌ ബാറ്റ്സ്മാന്റെ അവതരണം കേട്ടപ്പോൾ തന്നെ വ്യക്തമായികഴിഞ്ഞെന്നാണ്‌ രാജൻ പറഞ്ഞത്‌. ഒരു പട്ടാളക്കാരൻ തന്റെ മേജറെ സല്യൂട്ട്‌ ചെയ്യുന്നതുപോലെ സ്നേഹത്തോടെയും ബഹുമാനത്തോടെയും കേരളത്തിലെ കർഷകലക്ഷങ്ങൾ എൽഡിഎഫ്‌ സർക്കാരിനെ സല്യൂട്ട്‌ ചെയ്യുകയാണെന്ന്‌ രാജൻ ചൂണ്ടിക്കാട്ടി.
യുഡിഎഫുകാർ തച്ചുതകർത്ത്‌ ബിഗ്‌ സീറോയായി അവശേഷിപ്പിച്ചിടത്തുനിന്നാണ്‌ ഇടതുമുന്നണി സർക്കാർ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നതെന്ന്‌ പുരുഷൻ കടലുണ്ടി പറഞ്ഞു. ക്ഷേമപെൻഷനുകൾ ആളുകളുടെ വീടുകളിൽ കൊണ്ടുപോയി കൊടുക്കുമെന്ന്‌ ഇടതുമുന്നണി വാഗ്ദാനം ചെയ്തപ്പോൾപോലും പുരുഷന്‌ അത്‌ വിശ്വസിക്കാൻ പ്രയാസമായിരുന്നു. പക്ഷേ ആറുമാസം തികയും മുമ്പേ ആ വാഗ്ദാനം ഭംഗിയായി നിറവേറ്റിയതുപോലെ കാർഷികമേഖലയിൽ മന്ത്രി വി എസ്‌ സുനിൽകുമാറിന്റെ നേതൃത്വത്തിൽ വൻകുതിപ്പ്‌ നടത്തുമെന്ന കാര്യത്തിൽ അദ്ദേഹത്തിന്‌ സംശയമില്ല. യുഡിഎഫ്‌ ഭരിച്ച അഞ്ചുവർഷത്തിനിടെ 67 കർഷകരാണ്‌ ആത്മഹത്യ ചെയ്തതെങ്കിൽ എൽഡിഎഫ്‌ ഭരണം പിന്നിടുന്ന ഒരുവർഷത്തിനിടെ ഒരു കർഷനുപോലും ആ ഗതി വന്നിട്ടില്ലെന്ന്‌ കെ വി വിജയദാസ്‌ ചൂണ്ടിക്കാട്ടി.
കാൽനൂറ്റാണ്ടുകാലം മന്ത്രിയായിരുന്ന മാണി ആയകാലത്ത്‌ കർഷകർക്കുവേണ്ടി ഒന്നും ചെയ്യാതെ ഇപ്പോൾ സഭയിൽ വന്ന്‌ വാചകമടിക്കുന്നതിലെ അമർഷം പി സി ജോർജ്ജ്‌ മറച്ചുവച്ചില്ല. സ്വതന്ത്ര കേരളത്തിൽ അധികാരത്തിൽ വന്ന സർക്കാരുകളെല്ലാം കയ്യേറ്റക്കാരുടെ കാര്യത്തിൽ മൃദുസമീപനമാണ്‌ കൈക്കൊണ്ടതെന്ന വിമർശനവും ജോർജ്ജ്‌ നടത്തി.
വനംവകുപ്പിന്റെ ധനാഭ്യർഥന ചർച്ച ഇടയ്ക്കിടെ കാടുകയറി. സണ്ണി ജോസഫിന്റെ മണ്ഡലത്തിൽ ആളുകളെ വിറപ്പിച്ചുനടന്ന കാട്ടാനയെ മയക്കുവെടിവച്ച്‌ കൂട്ടിനകത്താക്കിയെന്ന്‌ മന്ത്രി കെ രാജു വെളിപ്പെടുത്തിയപ്പോഴാണ്‌ സണ്ണി ജോസഫും അക്കാര്യമറിഞ്ഞതെന്നു തോന്നുന്നു. വനംവകുപ്പിനെതിരെയുള്ള വിമർശനങ്ങളിൽ പലതും മടക്കിക്കെട്ടേണ്ടിവന്ന സണ്ണി ജോസഫ്‌, “മന്ത്രി ആനയ്ക്കു മാത്രമല്ല എനിക്കും മയക്കുവെടി വച്ചിരിക്കുകയാണ്‌ എന്നാണ്‌ സരസമമായി പറഞ്ഞത്‌. ഇതു കേട്ടപ്പോൾ അട്ടപ്പാടിയിൽ പത്തുപേരെ കുത്തിക്കൊന്ന്‌ വിലസുന്ന ഒറ്റക്കൊമ്പനെ എന്തുകൊണ്ട്‌ മയക്കുവെടി വെയ്ക്കുന്നില്ലെന്നായി അവിടെ നിന്നുള്ള ലീഗ്‌ അംഗം ഷംസുദ്ദീൻ. “ഉത്തരവിട്ടുകഴിഞ്ഞു. പക്ഷേ, ആന വെടികൊള്ളാൻ പാകത്തിൽ നിന്നുതരില്ലല്ലോ. അവനെ കണ്ടുപിടിക്കാൻ ശ്രമം തുടരുകയാണ്‌.” മന്ത്രി രാജുവിന്റെ ഉറപ്പുകിട്ടിയപ്പോൾ ഷംസുദ്ദീനും ആശ്വാസം.
വനാതിർത്തി പ്രദേശങ്ങളിൽ വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നതുമൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ 176 പഞ്ചായത്തുകളിൽ ഇതിനകം ജനജാഗ്രതാസമിതികൾ രൂപീകരിച്ച്‌ പ്രവർത്തനം ആരംഭിച്ചതായി മന്ത്രി കെ രാജു അറിയിച്ചു.
പുതിയ തലമുറയെ കൃഷിയിലേയ്ക്ക്‌ കൊണ്ടുവരാനുള്ള സമഗ്രമായ പദ്ധതികളാണ്‌ സർക്കാർ ആവിഷ്കരിക്കുന്നതെന്ന്‌ ധനാഭ്യർഥന ചർച്ചയ്ക്കു മറുപടിയായി കൃഷിമന്ത്രി വി എസ്‌ സുനിൽകുമാർ പറഞ്ഞു. പുതിയ തലമുറ, പുതിയ ടെക്നോളജി എന്ന പാതയിലായിരിക്കും ഇനി യാത്ര. ആറന്മുളയിൽ വിമാനത്താവള കമ്പനിക്കു നൽകിയ പ്രദേശത്ത്‌ വിളവെടുത്ത ആറന്മുള ബ്രാൻഡ്‌ അരി വിപണിയിൽ എത്തിക്കുകയാണെന്ന്‌ മന്ത്രി പറഞ്ഞപ്പോൾ മുൻ റവന്യൂമന്ത്രി അടൂർ പ്രകാശ്‌ തുടരെ തുടരെ ചോദ്യങ്ങളുമായി എഴുന്നേറ്റു. “ആറന്മുളയെന്നു പറയുമ്പോൾ അടൂരിനു ഹാലിളകുന്നതെന്തിന്‌” എന്നായിരുന്നു മന്ത്രി സുനിൽകുമാറിന്റെ മറുചോദ്യം.
വൈകുന്നേരങ്ങളിലെ ടെലിവിഷൻ സീരിയലുകളിൽ നന്മ കണികാണാൻ പോലുമില്ലെന്നും അവയിൽ അസൂയയും ഏഷണിയും മാത്രമേ കാണാനും കേൾക്കാനുമുള്ളു എന്നുമാണ്‌ ഇതുസംബന്ധിച്ച്‌ സബ്മിഷൻ അവതരിപ്പിച്ച്‌ കെ വി അബ്ദുൾ ഖാദർ പറഞ്ഞത്‌. സിനിമകൾക്ക്‌ സെൻസർബോർഡ്‌ ഉള്ളതുപോലെ ഇവയെ നിയന്ത്രിക്കാൻ വല്ല മാർഗവുമുണ്ടോയെന്നായിരുന്നു ചോദ്യം. കേബിൾ ടി വി നെറ്റ്‌വർക്ക്‌ റെഗുലേഷൻ ആക്ട്‌ അനുസരിച്ച്‌ സംസ്ഥാനതലത്തിൽ ഒരു മോണിറ്ററിങ്‌ സമിതിയുണ്ടെങ്കിലും നടപടി കൈക്കൊള്ളാൻ ആ സമിതിക്ക്‌ അധികാരമില്ലെന്ന്‌ സാംസ്കാരികമന്ത്രി എ കെ ബാലൻ അറിയിച്ചു. സമിതിയുടെ ശുപാർശയിന്മേൽ കേന്ദ്രസർക്കാരാണ്‌ നടപടി സ്വീകരിക്കേണ്ടതെന്ന്‌ അദ്ദേഹം വ്യക്തമാക്കി.
ധനമന്ത്രി തോമസ്‌ ഐസക്‌ ഈ സഭാസമ്മേളനത്തിൽ തന്നെ നൂറുവട്ടം വിവരിച്ചതാണെങ്കിലും പ്രതിപക്ഷാംഗങ്ങൾക്ക്‌ ‘കിഫ്ബി’യെ കുറിച്ചുള്ള സംശയങ്ങൾ തീരുന്നില്ല. പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല മുതൽ ലീഗിലെ എൻ എ നെല്ലിക്കുന്ന്‌ വരെയുള്ളവർ പിന്നെയും പിന്നെയും ആശങ്കകൾ ഉന്നയിച്ചുകൊണ്ടേയിരുന്നു. ഇക്കണോമിക്സിലെ തിയറികൾ ഉദ്ധരിച്ചും വരവും ചെലവും തമ്മിലുള്ള അന്തരം വിവരിച്ചും തിരിച്ചടവും പലിശയും തമ്മിലുള്ള അനുപാതം ചൂണ്ടിക്കാട്ടിയും ഒടുവിൽ ഡോ. തോമസ്‌ ഐസക്‌ സ്റ്റഡിക്ലാസ്‌ കൊടുത്തപ്പോൾ എല്ലാവർക്കും തൃപ്തിയായി. എന്തെങ്കിലും പിടികിട്ടിയോ എന്ന്‌ തോമസ്‌ ഐസക്‌ എടുത്തുചോദിക്കാതിരുന്നതു ഭാഗ്യം.

  Categories:
view more articles

About Article Author