മായാത്ത ഓർമ്മകളുമായി വീണ്ടും മേടമാസം

മായാത്ത ഓർമ്മകളുമായി വീണ്ടും മേടമാസം
May 09 04:45 2017

തീപാറുന്ന വിദ്യാർഥി സമരങ്ങൾക്ക്‌ നേതൃത്വം നൽകുകയും കൊടിയ മർദ്ദനത്തിന്‌ ഇരയാവുകയും ചെയ്ത ജി ശശിയുടെ അകാലത്തിലുള്ള വേർപാടിന്‌ നാളെ ഒരു വർഷം. സിപിഐ ശൂരനാട്‌ മണ്ഡലം സെക്രട്ടറി ആയിരിക്കെ എൽഡിഎഫിന്റെ കുന്നത്തൂർ മണ്ഡലം തെരഞ്ഞെടുപ്പ്‌ കൺവീനറെന്ന നിലയിൽ പടിഞ്ഞാറേകല്ലട വെട്ടിയതോട്ടിൽ നടന്ന യോഗത്തിൽ പങ്കെടുക്കാൻ പോകുമ്പോൾ തീവണ്ടി തട്ടിയായിരുന്നു അന്ത്യം. ആ വേർപാട്‌ സൃഷ്ടിച്ച മുറിവ്‌ ഇനിയും ഉണങ്ങാതെ കഴിയുന്ന ജീവിതസഖി സി ശ്രീദേവിയുടെ ഹൃദയസ്പർശിയായ ഓർമ്മക്കുറിപ്പ്‌

സി ശ്രീദേവി
വീണ്ടും മേടം വന്നുപോവുകയാണ്‌. എവിടെയും കണിക്കൊന്നകളും വാകകളും പൂത്തുലഞ്ഞ്‌ നിൽക്കുന്നു. കണ്ണുനീർ പൂക്കുന്ന എന്റെ കണ്ണുകളിൽ അത്‌ വേദനയുടെ പൂക്കാലമെന്നുമാത്രം. എന്റെ ജീവിതസഖാവ്‌ ജി ശശിയില്ലാത്ത ജീവിതത്തിന്‌ ഒരു വയസ്‌.
ജീവിതത്തെ ഒരുപാട്‌ സ്നേഹിച്ച, ജീവിക്കാൻ ഒരുപാട്‌ കൊതിച്ച ഒരാളായിരുന്നു ശശി. എന്തിനായിരുന്നു മരണം ഇത്രവേഗം അദ്ദേഹത്തെ വിളിച്ചത്‌.
ഇരുപത്‌ വർഷം മാത്രമാണ്‌ ഒരുമിച്ചുള്ള ഞങ്ങളുടെ ജീവിതം. ജീവിച്ച്‌ കൊതിതീരാത്ത ഞങ്ങളെ അകാലത്തിൽ വേർതിരിച്ചു എന്ന സത്യം ഇനിയും എനിക്ക്‌ ഉൾക്കൊള്ളാനായിട്ടില്ല.
ഒരു പൂർണസമയ രാഷ്ട്രീയപ്രവർത്തകന്റെ, ആദർശധീരനായ വിപ്ലവകാരിയുടെ കൂടെയുള്ള ജീവിതത്തിൽ ഇല്ലായ്മകളും അരക്ഷിതാവസ്ഥകളും സ്വാഭാവികമാണ്‌. അതുമനസ്സിലാക്കാൻ മിക്കപ്പോഴും ഞാൻ ശ്രമിച്ചിട്ടുണ്ട്‌. ചിലപ്പോൾ ഞാൻ ഒരുപാട്‌ കലഹിച്ചിട്ടുമുണ്ട്‌. അപ്പോഴെല്ലാം ഒരുമിച്ചുള്ള ജീവിതം സ്നേഹവും പ്രണയവും വിരഹവും കലഹവുമൊക്കെ ചേർന്നതാണെന്ന്‌ പറഞ്ഞ്‌ ആശ്വസിപ്പിക്കാൻ ശശി ഉണ്ടായിരുന്നു. സത്യത്തിൽ ഞാനെന്നും അപ്രതീക്ഷിത ദുരന്തങ്ങളുടെ സഹയാത്രികയായിരുന്നു. ആദ്യം എന്റെ അച്ഛൻ പോയി. എപ്പോഴും എനിക്ക്‌ സാന്ത്വനമായി നിന്നത്‌ അച്ഛനായിരുന്നു. ഒരു വാഹനാപകടം അദ്ദേഹത്തിന്റെ ജീവൻ കവർന്നെടുത്തു.
കഴിഞ്ഞ മേടമാസം ഒരുപാട്‌ ഓർമ്മകൾ എനിക്ക്‌ സമ്മാനിച്ചിട്ടുണ്ട്‌. ഞങ്ങളൊരുമിച്ചുള്ള അവസാനത്തെ വിഷു. ഒരുദിവസം മുറ്റത്തുനിന്ന്‌ ഉറക്കെ വിളിക്കുന്നതുകേട്ട്‌ ഓടിച്ചെന്നപ്പോൾ വീട്ടിലെ കണിക്കൊന്ന പൂത്ത കാഴ്ച കണ്ടാസ്വദിച്ചുനിൽക്കുന്ന ശശിയെയാണ്‌ ഞാൻ കണ്ടത്‌. ഓ പ്രകൃതി നിങ്ങളെ വല്ലാതെയങ്ങ്‌ പ്രണയിക്കുകയാണല്ലൊ എന്ന്‌ കളിയാക്കി. തിരിച്ചു നടക്കുമ്പോൾ അറിഞ്ഞില്ല അതൊരു മൗനമായ യാത്രാമൊഴിയായിരുന്നുവെന്ന്‌. ഒരു വിഷുവിനും കൈനീട്ടം തരാത്തയാൾ പതിവ്‌ തെറ്റിച്ച്‌ എന്നെയും മോനെയും ഉണർത്തി കൈനീട്ടം നൽകി. അമ്പത്‌ പൈസയുടെ നാണയങ്ങൾ. ഞങ്ങളെ രണ്ടാളെയും ഇരുവശവും ചേർത്തുനിർത്തി നെറുകയിൽ സ്നേഹാർദ്രമായ ചുംബനവും നൽകി. പതിവില്ലാത്ത ആ ചിട്ടവട്ടങ്ങൾ കണ്ട്‌ ഞാനും മകനും ഏറെ കളിയാക്കി. അന്നുച്ചയ്ക്ക്‌ ‘എന്ന്‌ നിന്റെ മൊയ്തീൻ’ സിനിമ കാണാൻ പോകാമെന്ന്‌ പറഞ്ഞതും മറ്റൊരത്ഭുതം. സന്തോഷത്തോടെ സിനിമ കാണാൻ സമ്മതിക്കുന്നത്‌ ഒരുപക്ഷേ അതാദ്യത്തേതായിരുന്നു. എത്രയോ തവണ ഒരു സിനിമ കാണിക്കണമെന്ന്‌ നിർബന്ധിക്കുമ്പോഴാണ്‌ ഏതെങ്കിലും പാർട്ടിപരിപാടികൾക്കിടയിൽ തിരക്കിട്ടെത്തി തീയേറ്ററിൽ പോകുന്നത്‌. തീയേറ്ററിൽ കയറിയിരുന്ന്‌ കഴിഞ്ഞാൽ അദ്ദേഹം സുഖമായുറങ്ങും. ഞങ്ങൾ സിനിമ കാണും. സിനിമ കഴിഞ്ഞ്‌ ഇറങ്ങുമ്പോൾ മകൻ കഥ പറഞ്ഞുകൊടുക്കും. ഈ പതിവും അന്ന്‌ തെറ്റിച്ചു. അന്ന്‌ അദ്ദേഹം ഉറങ്ങാതെ സിനിമ മുഴുവൻ കണ്ടു. വള്ളം മുങ്ങി മൊയ്തീൻ മരിച്ച രംഗം കണ്ടതോടെ ആൾ വല്ലാതെയായി. പിന്നീട്‌ കുറച്ചുദിവസം അതുതന്നെയായിരുന്നു സംസാരവിഷയം. ചെറിയ ദുഃഖം പോലും അത്‌ കഥയിലാകട്ടെ സിനിമയിലാകട്ടെ മനസ്സിൽ ഒതുക്കാൻ അദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നില്ല.
ഞങ്ങളുടെ വിവാഹവാർഷികത്തിന്‌ എല്ലാതവണയും പുത്തൻഡ്രസ്‌ വാങ്ങുക എന്നത്‌ ഞാനൊരു അവകാശമായി കരുതിയിരുന്നു. അത്‌ അദ്ദേഹത്തിന്റെ ആഗ്രഹവുമായിരുന്നു. എത്ര പിണങ്ങിയിരുന്നാലും ആ പതിവ്‌ തെറ്റിക്കാറില്ല. എന്നാൽ കഴിഞ്ഞ പിറന്നാളിന്‌ അത്‌ സാധിച്ചില്ല. പിറന്നാൾ ദിവസം രാവിലെ പുതിയ ഡ്രസ്‌ വാങ്ങിയില്ലെന്നറിഞ്ഞപ്പോൾ മുഖത്ത്‌ കണ്ട നിരാശ എന്നെ വിഷമിപ്പിച്ചു. തെരഞ്ഞെടുപ്പിന്റെ തലേദിവസം അവധിയെടുത്ത്‌ വാങ്ങാമെന്ന്‌ പറഞ്ഞപ്പോഴാണ്‌ സന്തോഷമായത്‌. പക്ഷേ അത്‌ കൊടുക്കാൻ കഴിഞ്ഞില്ലായെന്നതോർക്കുമ്പോൾ ഞാൻ വിങ്ങുകയാണ്‌. അമ്പത്‌ വയസ്‌ പൂർത്തിയായി എന്നറിഞ്ഞപ്പോൾ ഒരു മനുഷ്യായുസ്സിന്റെ മുക്കാൽപങ്കും തീർന്നല്ലോ എന്നായിരുന്നു പ്രതികരണം. ഇനി കൂടിപോയാൽ ഒരു കാൽഭാഗം കൂടി എന്ന്‌ പറഞ്ഞ്‌ അദ്ദേഹം നിർത്തി. മരണത്തോട്‌ അദ്ദേഹം മൗനമായി സംസാരിക്കുകയായിരുന്നു എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌.
എന്റെ മൊബെയിൽഫോണിൽ ഏറ്റവും മനോഹരമായ ഗാനങ്ങൾ റിങ്ങ്ടോണാക്കുന്നപതിവുണ്ടായിരുന്നു. അതുകേട്ട്‌ എന്തെങ്കിലും അഭിപ്രായം പറയുമെന്ന്‌ ഞാൻ പലപ്പോഴും പ്രതീക്ഷിച്ചിട്ടുണ്ട്‌. അദ്ദേഹം അത്‌ ശ്രദ്ധിക്കാറേയില്ലെന്ന്‌ എനിക്ക്‌ മനസ്സിലായി. അരസികൻ എന്നുപറഞ്ഞ്‌ ഞാൻ കളിയാക്കുമ്പോഴാണ്‌ റിങ്ങ്ടോണിന്റെ കാര്യം തന്നെ അദ്ദേഹം ശ്രദ്ധിക്കുന്നത്‌. വിപ്ലവകാരികൾ റൊമാന്റിക്കല്ലാത്തതാണോ, അതോ അങ്ങനെ ഭാവിക്കുന്നതാണോ എന്ന്‌ ഞാൻ പലതവണ ചോദിച്ചിട്ടുണ്ട്‌. അപ്പോഴെല്ലാം നിസംഗമായ ആ ചിരി മനസ്സിൽ നിന്ന്‌ മായുന്നില്ല. അതിനിടെ ഒരു പാട്ടും ആസ്വദിക്കാത്ത അതേ ആൾ എന്റെ ഫോണിൽ അവസാനമായി ഇട്ട റിങ്ങ്ടോൺ ആസ്വദിക്കുന്നതുകണ്ട്‌ ഞാൻ ഞെട്ടിപ്പോയി.
‘ഏതോ ജന്മകൽപനയിൽ
ഏതോ ജന്മവീഥിയിൽ
ഇന്നും നീവന്നു ഒരു നിമിഷം ഒരു നിമിഷം
വീണ്ടും നമ്മളൊന്നായ്‌’
ഈ പാട്ടുകേട്ടശഷം എതുനിമിഷമാണെന്ന്‌ ചോദിച്ച്‌ പൊട്ടിച്ചിരിക്കുന്നതും ഞാനോർക്കുന്നു.
തെരഞ്ഞെടുപ്പിന്‌ ശേഷം ചില തീരുമാനങ്ങളെടുത്തിട്ടുണ്ടെന്നും തന്റെ അസാന്നിദ്ധ്യത്തെ പറ്റിയുള്ള ശ്രീദേവിയുടെ പരാതി തീർക്കുമെന്നും കൂട്ടുകാരോട്‌ അദ്ദേഹം പറഞ്ഞതായി ഞാൻ പിന്നീട്‌ അറിഞ്ഞു. മെയ്‌ നാലാംതീയതി വൈകിട്ട്‌ കക്കാകുന്നിൽ നിന്ന്‌ ഫോണിൽ എന്നെ വിളിക്കുമ്പോൾ അത്‌ അവസാനത്തെ വിളിയാകുമെന്ന്‌ വിശ്വസിക്കാൻ ഇനിയും എനിക്കാകുന്നില്ല.
വല്ലാത്ത ഭക്ഷണക്കൊതിയനായിരുന്നു. എത്ര പിണങ്ങിയിരുന്നാലും വിശപ്പ്‌ വരുമ്പോൾ അടുക്കളയിലേക്ക്‌ അദ്ദേഹം പാഞ്ഞെത്തും. ഭക്ഷണം കഴിക്കുന്നതോടെ പിണക്കം പമ്പകടക്കും. അങ്ങനെ സ്നേഹം, സാമീപ്യം, സാന്ത്വനം, പ്രണയം എന്നതിനെല്ലാംവേണ്ടി എന്നോട്‌ കലഹിച്ച ആ ആൾ ഇന്ന്‌ എന്നോടൊപ്പമില്ല. ഇണക്കവും പിണക്കവും ധാരാളം ഉണ്ടായിരുന്നു. കൊടുങ്കാറ്റാകുമെന്ന്‌ തെളിയിച്ച ആ വഴക്കുകൾ പിന്നീട്‌ ഇളംതെന്നലായി മാറി.
‘ജീവിക്കുന്ന ഓരോ നിമിഷവും ഞാൻ നിന്നെക്കുറിച്ച്‌ ഓർക്കുന്നു. അല്ലെങ്കിൽ നിന്നെക്കുറിച്ചോർക്കുന്ന നിമിഷങ്ങളിൽ മാത്രമാണ്‌ ഞാൻ ജീവിക്കുന്നത്‌’… എന്ന മാധവിക്കുട്ടിയുടെ വാക്കുകളാണ്‌ ഞാനോർത്തുപോകുന്നത്‌.
വീട്ടിൽ തനിച്ചല്ലായെന്ന തോന്നൽ വരാതിരിക്കാൻ ജീവൻ തുടിക്കുന്ന ഒരു ഫോട്ടോ അവിടെ വച്ചിട്ടുണ്ട്‌. എന്റെ പെടാപ്പാടുകൾ കണ്ട്‌, എന്റെ തോരാക്കണ്ണീർ കണ്ട്‌ ഊറിച്ചിരിച്ച്‌ ഇരിക്കുന്നയാൾ. എന്നെ തനിച്ചാക്കി യാത്രയായതിൽ പരിഭവിക്കുന്ന, എന്നെ മൗനമായി ആശ്വസിപ്പിക്കുന്ന ആൾ. അവിടെയാണ്‌ ഇന്ന്‌ ഞാൻ ആനന്ദം കണ്ടെത്തുന്നത്‌.
സഖാവിന്‌ പ്രിയപ്പെട്ട, വാകമരങ്ങൾ പൂത്തുനിൽക്കുന്ന മേടമാസം. വാകമരച്ചുവട്ടിലെ സൗഹൃദക്കൂട്ടായ്മയിലൂടെ രാഷ്ട്രീയത്തിന്റെ ബാലപാഠം പഠിച്ച്‌ ഉയർന്നുവന്നൊരാൾ. ആ ആൾക്ക്‌ സമുചിതമായ ഒരു യാത്രയയപ്പ്‌ നൽകാൻ പ്രകൃതിക്കും കഴിഞ്ഞു. അതെ യാത്രാമൊഴി നൽകിയ പ്രകൃതിയും പ്രിയപ്പെട്ടവരെപ്പോലെ ആർത്തലച്ച്‌ കരഞ്ഞു. മരണം സംഭവിക്കുന്ന കാര്യം ഞങ്ങളോട്‌ പറയാൻ മടിച്ചുനിന്ന ഞങ്ങളുടെ പ്രിയപ്പെട്ട സഖാക്കളുടെ കണ്ണുനീർ ആ വലിയ മഴയിലും ഞങ്ങൾ തിരിച്ചറിഞ്ഞു. ഒടുവിൽ ആ വലിയ സത്യം ഞങ്ങളിലെത്തുമ്പോൾ പ്രകൃതിയും വിലപിക്കുകയായിരുന്നു. മടക്കയാത്രയിലും പ്രിയപ്പെട്ടവരുടെ മിഴിനീരും പ്രകൃതിയുടെ മഴനീരും മത്സരിക്കുകയായിരുന്നോ? ആ വിയോഗത്തിൽ ആരാണ്‌ കൂടുതൽ തേങ്ങിയത്‌?
ഏതോ മഹാസമ്മേളനം കഴിഞ്ഞ്‌ യാത്രാക്ഷീണവും പേറി ‘ശ്രീദേവീ’ എന്ന്‌ നീട്ടിവിളിച്ച്‌ ഒരു കണ്ണിൽ സ്നേഹവും മറുകണ്ണിൽ കുറ്റബോധവുമായി എന്നെങ്കിലും വരുമെന്ന്‌ ചിന്തിച്ചുകൂട്ടിയും, വരുമ്പോൾ കലഹിക്കാനായി കാത്തിരുന്നും ചില നേരങ്ങളിൽ എന്റെ ഭ്രാന്തമനസ്സിനെ ഞാൻ ഒരുക്കിവയ്ക്കുന്നു.
ചില ജീവിതപ്പോരാട്ടങ്ങൾ തനിയേ അഭിമുഖീകരിക്കേണ്ടതാണെന്ന്‌ ഇന്നു ഞാൻ തിരിച്ചറിയുന്നു. എന്നെ വേദനിപ്പിക്കാനായി മേടമാസം വന്നുപോകും. എന്റെ ജീവിതസഖാവില്ലാതെ, വേദനിപ്പിച്ചിട്ടു കടന്നുപോയ മേടമാസത്തെ ഓർമ്മച്ചിത്രത്തിൽ നിന്നു പോലും ഞാൻ മായിച്ചുകളയുകയാണ്‌. എനിക്കിനിയും ചിതലരിക്കാത്ത ആ ഓർമ്മകൾ മാത്രം കൂട്ടിന്‌…

  Categories:
view more articles

About Article Author