മാരകരോഗങ്ങൾക്ക്‌ കാരണമാകുന്ന ചൈനീസ്‌ കറുവപ്പട്ട കേരളത്തിൽ വ്യാപകമാകുന്നു

മാരകരോഗങ്ങൾക്ക്‌ കാരണമാകുന്ന ചൈനീസ്‌ കറുവപ്പട്ട കേരളത്തിൽ വ്യാപകമാകുന്നു
January 21 04:50 2017

പി ആർ റിസിയ
കൊച്ചി: മലയാളികൾ ഭക്ഷണപദാർത്ഥങ്ങൾക്ക്‌ രുചി പകരാൻ ഉപയോഗിക്കുന്നത്‌ ചൈനീസ്‌ കറുവപ്പട്ടകൾ. കാഴ്ചയിൽ യഥാർത്ഥ കറുവപ്പട്ടയെ വെല്ലുന്ന ഇവയിൽ കൊമറിൻ എന്ന വിഷാംശത്തിന്റെ അളവ്‌ കൂടുതലാണെന്ന്‌ വിദഗ്ധർ പറയുന്നു. ഇതിന്റെ ഉപയോഗം വൃക്ക, കരൾ, പേശി രോഗങ്ങളുൾപ്പെടെയുള്ള മാരകരോഗങ്ങൾക്കിടയാക്കുമെന്നാണ്‌ ആരോഗ്യവകുപ്പ്‌ അധികൃതരുടെ മൂന്നാര്റിയിപ്പ്‌.
നൂറിലധികം വ്യത്യസ്ത ഇനങ്ങളിലുള്ള കറുവപ്പട്ടകൾ ലഭ്യമാണെങ്കിലും നാല്‌ ഇനങ്ങൾ മാത്രമാണ്‌ പ്രധാനമായും വാണിജ്യാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്‌. യഥാർത്ഥ കറുവപ്പട്ടയായ സിലോൺ ഇന്ത്യയിലും ശ്രീലങ്കയിലുമാണ്‌ കൂടുതൽ ഉൽപാദിപ്പിക്കുന്നത്‌.
കേരളത്തിൽ ഉൾപ്പെടെ ഉൽപാദിപ്പിക്കുന്ന യഥാർത്ഥ നല്ല കറുവപ്പട്ടയുടെ ഉപയോഗം കാൻസറിനെ പ്രതിരോധിക്കുന്നതായും ദഹനത്തെയും രക്ത ശുദ്ധീകരണത്തിന്‌ സഹായിക്കുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്‌. കൂടാതെ ആയൂർവേദ മരുന്നു നിർമ്മാണത്തിലും ഇവ ഉപയോഗിക്കപ്പെടുന്നുണ്ട്‌.
എന്നാൽ യഥാർത്ഥ കറുവപ്പട്ടയ്ക്ക്‌ പകരം ഉപയോഗിക്കപ്പെടുന്ന കാസിയ എന്ന ചൈനീസ്‌ കറുവപ്പട്ട ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക്‌ ഇടയാക്കും. അധികം കട്ടിയില്ലാത്തതും പേപ്പർ ചുരുളുകൾ പോലെയുള്ളതുമായ യഥാർത്ഥ കറുവപ്പട്ടകൾക്ക്‌ ചെറിയ തോതിൽ മധുരവുമുണ്ടായിരിക്കും.
ഇവയ്ക്ക്‌ കിലോഗ്രാമിന്‌ 600 രൂപ മുതൽ വിലയുണ്ട്‌. എന്നാൽ കട്ടികൂടിയ കറുവപ്പട്ടയാണ്‌ കാസിയ. സുഗന്ധമുള്ള ചെറിയ എരിവോടുകൂടിയതും ചവർപ്പുരസമുള്ളതുമായ കാസിയയുടെ യഥാർത്ഥവില 150 രൂപയാണ്‌. എന്നാൽ കറുവപ്പട്ട എന്നപേരിൽ മാർക്കറ്റിൽ എത്തുമ്പോൾ ഇവയുടെ വില കിലോഗ്രാമിന്‌ 600 രൂപയായി മാറും.

  Categories:
view more articles

About Article Author