Thursday
24 May 2018

മാലാഖമാരെ അടിമകളാക്കിയത്‌ ആൾ ദൈവം മുതൽ ആടുവെട്ടുകാർ വരെ

By: Web Desk | Tuesday 18 July 2017 4:45 AM IST

വത്സൻ രാമംകുളത്ത്‌
മനുഷ്യനിലെ ക്രോധം കെട്ടടക്കാനുള്ള കെട്ടിപിടുത്തവും പ്രഭാഷണവും കോടാനുകോടി ഭക്തർക്ക്‌ ആശ്വാസം പകരുമ്പോഴും അടിമകളാക്കി ഒരുകൂട്ടരെ അടിച്ചൊതുക്കിയപ്പോഴാണ്‌ സാക്ഷാൽ ദൈവം അവിടെ പ്രത്യക്ഷപ്പെട്ടത്‌. ആൾ ദൈവത്തേക്കാൾ ശക്തിയുണ്ട്‌ തനിക്കെന്ന്‌ തെളിയിച്ച ദൈവം ഈ അടിമകളോട്‌ ചങ്ങല പൊട്ടിച്ചെറിയാൻ പ്രഘോഷിക്കുകയായിരുന്നു. ആ സത്യം നാടറിയണം, അവരെ മോചിപ്പിക്കണം എന്ന്‌ നാട്ടുകാരെയും വിളിച്ചുപറഞ്ഞുവെങ്കിലും ദൈവത്തേക്കാൾ വിശ്വാസം ആൾ ദൈവത്തിലാണെന്ന്‌ തിരിച്ചുപറഞ്ഞ്‌ ഭക്തലോകം ദൈവത്തെ വീണ്ടും കല്ലുകളിലാവാഹിച്ചു.
ഉത്തരേന്ത്യൻ നഗരങ്ങളെ വെല്ലുന്ന ഗുണ്ടായിസം കൊച്ചിയിലെ ഇടപ്പള്ളിയിൽ നടക്കുന്നതായി വിളിച്ചുപറഞ്ഞ ദൈവം കല്ലിൽ തന്നെ ഇരുന്നെങ്കിലും മാധ്യമലോകം അതേറ്റെടുത്തു. കാര്യം തിരക്കിയപ്പോൾ ആ ഗുണ്ടകൾ കാഷായ വസ്ത്രധാരികളാണെന്ന്‌ ബോധ്യമായി. ഇന്ദ്രിയങ്ങളെ ഘട്ടംഘട്ടമായി നിഗ്രഹിച്ച്‌ അവസാനം കുണ്ഡലിനി ഉണർത്തി പരമാനന്ദത്തിലെത്തിക്കേണ്ട സ്വാമിമാർ അവിടത്തെ നഴ്സുമാരുടെ കാൽമുട്ടിലെ ചിരട്ട തല്ലിപ്പൊട്ടിച്ചത്‌ നേരിൽ കണ്ടപ്പോൾ ദൈവത്തോട്‌ പണ്ടേയുണ്ടായ ക്രോധം കൂടി.
കുമിഞ്ഞുകൂടുന്ന സമ്പത്തിന്റെ ഓഹരിയായിരുന്നില്ല 2011ൽ ഇടപ്പിള്ളി അമൃത ആശുപത്രിയിലെ നഴ്സുമാർ ചോദിച്ചത്‌. രാവന്തിയോളം വിശ്രമമില്ലാതെ പണിയെടുത്തതിന്റെ കൂലിയും നടുനിവർത്തി പിറ്റേന്നും ജോലി ചെയ്യാനുള്ള ആരോഗ്യത്തിനായി
നിയമാനുസൃത ഷിഫ്റ്റ്‌ സമ്പ്രദായവുമാണ്‌. ദൈവത്തെ പിന്നെയും ചോദ്യം ചെയ്യാം, ജീവനുള്ള ദൈവത്തെയായാൽ പിന്നെ പറയണോ.
ലിഷു മൈക്കിളെന്ന നഴ്സിനെ രാത്രി വരെ തിരക്കിയിട്ടും കാണാതായപ്പോൾ അവിടത്തെ നഴ്സുമാരൊന്നടങ്കം സങ്കടത്തിലായി. സ്റ്റോർ റൂമിൽ പൂട്ടിയിട്ട്‌ തല്ലിതകർക്കുകയായിരുന്നു അയാളെ. ഇതൊന്നുമറിയാതെ ഭക്തിസാന്ദ്രമായ ആസ്ഥാനത്തിന്‌ പുറത്ത്‌ തൊഴിലാളി വർഗത്തിന്റെ മുദ്രാവാക്യം മുഴക്കുകയായിരുന്നു നഴ്സുമാർ. ജീവച്ഛവമാക്കി പോസ്റ്റുമോർട്ടം മുറിയിലെ ടേബിളിൽ കിടത്തിയ നിലയിലാണ്‌ ലിഷുവിനെ അർദ്ധരാത്രിയിൽ സഹപ്രവർത്തകർക്ക്‌ തിരിച്ചുകിട്ടിയത്‌. മുട്ടു ചിരട്ട തകർന്ന ദിപുവിനെയും ലിഷുവിനെയും പരിചരിക്കാനെങ്കിലും തയ്യാറാവണമെന്ന്‌ ആവശ്യപ്പെട്ട്‌ മാനേജ്മെന്റിനെ സമീപിച്ച നഴ്സിങ്‌ നേതാക്കളായ ജാസ്മിൻഷയെയും സുധീപ്‌ കൃഷ്ണനെയും കാഷായ വസ്ത്രമണിഞ്ഞ ഗുണ്ടകൾ അതിക്രൂരമായി നേരിട്ടു. ഇതോടെ നവംബറിലെ കൊടും വെയിലും കൊണ്ട്‌ നഴ്സുമാർ അമൃതയ്ക്ക്‌ പുറത്ത്‌ കുത്തിയിരിപ്പായി- ഇതൊരു സമരചരിത്രം.
തൊടുപുഴയിലെ പാവപ്പെട്ട ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയുമായിരുന്നു ബീന ബേബി എന്ന യുവതി. പണി തീരാത്ത വീടും അവിടത്തെ കഷ്ടപ്പാടും തീർക്കുവാനാണ്‌ നഴ്സിങ്‌ ബിരുദം പൂർത്തിയായ ബീന ബേബി മുംബൈയിലെ ഏഷ്യൻ ഹാർട്ട്‌ ആശുപത്രിയിലെ ജോലി സ്വീകരിച്ചത്‌. പ്രതിമാസം 10,000 രൂപ എന്ന ഇടനിലക്കാരന്റെ വാക്കുകളിൽ വിശ്വസിച്ചുള്ള ആ യാത്ര മരണത്തിലേക്കായിരുന്നു. അമിത ജോലി ഭാരത്തിനപ്പുറം, ആദ്യ ശമ്പളം കിട്ടിയപ്പോഴാണ്‌ ബീനാ ബേബി തകർന്നത്‌. ആകെ ശമ്പളം 5,000 രൂപ. ഹോസ്റ്റൽ ഫീ, ഭക്ഷണം, ഡ്രസ്‌ ചാർജ്ജ്‌, ഡ്രസ്‌ ക്ലീനിങ്‌ ചാർജ്ജ്‌ എല്ലാം തീർത്ത്‌ 2800 രൂപ. ഇങ്ങിനെ തുടർന്നാൽ കുടുംബം തകരുമെന്ന്‌ കരുതി മാനേജ്മെന്റിനോട്‌ തന്റെ സർട്ടിഫിക്കറ്റുകൾ തിരിച്ചുനൽകണമെന്ന്‌ ആവശ്യപ്പെട്ടു. ബോണ്ട്‌ എഴുതി വാങ്ങിയതിനാൽ രണ്ട്‌ ലക്ഷം രൂപ നൽകിയാൽ സർട്ടിഫിക്കറ്റുകൾ സഹിതം ജോലിയിൽ നിന്ന്‌ ഒഴിവാക്കി തരാമെന്നായിരുന്നു മാനേജ്മെന്റിന്റെ മറുപടി. നാട്ടിൽ നിന്നും പലരും ഇടപെട്ടു. 50,000 രൂപവരെ അവർ നൽകാമെന്നേറ്റു. എന്നിട്ടും സമ്മതിച്ചില്ല. സർട്ടിഫിക്കറ്റ്‌ പിന്നെ വാങ്ങമെന്ന്‌ പറഞ്ഞ്‌ മകളെ മാതാപിതാക്കൾ തിരിച്ചുവിളിച്ചു. വർഷങ്ങൾ പഠിച്ചെടുത്ത സർട്ടിഫിക്കറ്റ്‌ കിട്ടുന്നതിനായി ബീന ബേബി അവിടെ തന്നെ ജോലിയിൽ തുടർന്നു. അതിനിടെ മാനേജ്മെന്റ്‌ ബോധപൂർവമുണ്ടാക്കിയ ചികിത്സാ പിഴവിന്റെ ഉത്തരവാദിത്വം ബീനയിൽ അടിച്ചേൽപ്പിച്ച്‌ പ്രതികാരം തീർത്തു. മനംനൊന്ത്‌ ബീനാ ബേബി ആത്മഹത്യയിൽ അഭയം പ്രാപിച്ചു. മുംബൈയിലെ നഴ്സുമാർ ഇതോടെ വർഗബോധം കാട്ടി. ബോണ്ട്‌ സംവിധാനത്തിനെതിരെ സുശക്തമായ സമരത്തിലേക്ക്‌ വെള്ളക്കുപ്പായക്കാർ മുഷ്ടിചുരുട്ടിയിറങ്ങി – ഇതും ഒരു സത്യം.
അടിമ വ്യാപാരത്തിന്റെ ആണിക്കല്ലായ ബോണ്ട്‌ സംവിധാനം ഇന്ന്‌ ട്രെയിനി എന്ന രൂപമാറ്റത്തോടെ കേരളത്തിലെ മഹാ ഭൂരിപക്ഷം ആശുപത്രികളിലും നിലനിൽക്കുന്നുണ്ട്‌. ചിലയിടത്ത്‌ ബോണ്ടെഴുതി വാങ്ങുന്ന മാനേജ്മെന്റുകളുമുണ്ട്‌. ട്രെയിനി എന്ന പേരിൽ ജോലിയെടുക്കുന്നവരാണ്‌ ഇന്ന്‌ കേരളത്തിൽ 80 ശതമാനം നഴ്സുമാരും. പതിനഞ്ചും ഇരുപതും വർഷം തുടർച്ചയായി ജോലി ചെയ്യുന്നവരും ഇന്ന്‌ പലയിടത്തും ട്രെയിനികളായി തുടരുന്നു. ആ സത്യത്തെയാണ്‌ ഇവിടെ അന്വേഷിക്കുന്നതും ഭരണകൂടത്തെ അടക്കം ബോധ്യമാക്കുന്നതും.
(അവസാനിക്കുന്നില്ല)