Sunday
18 Mar 2018

മാലിന്യത്തിനെതിരായ വേറിട്ട പോരാട്ടം

By: Web Desk | Friday 4 August 2017 11:02 AM IST

 
നിമിഷ
കല്‍പ്പന ചര്‍ച്ചയായത് മിസിസ് ഇന്ത്യ മത്സരത്തില്‍ ഫൈനലില്‍ എത്തിയതോടെയാണ്. ഒരുപക്ഷേ, ഈ മത്സരത്തില്‍ വിജയിയായി വന്നില്ലായെങ്കില്‍പ്പോലും പരിസ്ഥിതി പോരാളി എന്ന നിലയില്‍ കല്‍പ്പന ജനഹൃദയങ്ങള്‍ കവര്‍ന്നെടുക്കുകതന്നെ ചെയ്യും. എന്താണെന്നല്ലേ. 2017-ലെ മിസിസ് ഇന്ത്യ മത്സരത്തില്‍ തന്റെ ഈ 43-ാം വയസില്‍ കല്‍പ്പന താക്കൂര്‍ മത്സരിക്കുമ്പോള്‍തന്നെ അവര്‍ സമൂഹത്തില്‍ മാലിന്യക്കൂമ്പാരമാകുന്ന പ്ലാസ്റ്റിക്കും മറ്റ് വസ്തുക്കളും ശേഖരിച്ച് അവയെ ഉപയോഗപ്രദമായ മറ്റ് മനോഹര വസ്തുക്കളാക്കുകയായിരുന്നു. കുപ്പികള്‍, പേപ്പറുകള്‍, തകരപ്പാട്ടകള്‍, വെയിസ്റ്റ് തുണി എന്നിവ ശേഖരിച്ച് മനോഹര ബാസ്‌ക്കറ്റും ലാംപ്‌ഷെയ്ഡും ഫഌവര്‍വാസും ആഭരണങ്ങളും ഒക്കെ നിര്‍മിച്ചുവരുന്നു.
ഹിമാചല്‍ പ്രദേശിലെ ഒരു പിന്നാക്ക ഗ്രാമമായ ലഹൗള്‍ വാലിയില്‍ ജനിച്ച കല്‍പ്പന മനാലിയില്‍ മാലിന്യങ്ങള്‍ ശേഖരിക്കുന്ന തൊഴിലില്‍ ഏര്‍പ്പെട്ടുവരികയായിരുന്നു തുടക്കത്തില്‍. ഒരു സഞ്ചാരകേന്ദ്രം കൂടിയായ മനാലിയില്‍ ധാരാളം വിനോദയാത്രികര്‍ എത്തിച്ചേരും. ഇവര്‍ ഉപേക്ഷിക്കുന്ന പല വസ്തുക്കളും ശേഖരിച്ച് കമ്പോളത്തില്‍ വില്‍ക്കുക പതിവാണ്. അല്ലെങ്കില്‍ അവ അവയുടെ ക്രമമനുസരിച്ച് നിക്ഷേപിക്കും. പ്ലാസ്റ്റിക്ക് വേറെയും ജൈവമാലിന്യങ്ങള്‍ വേറെയുമായി.
അങ്ങനെയിരിക്കെ യൂട്യൂബില്‍ക്കൂടി മാലിന്യങ്ങളില്‍ നിന്ന് കൗതുകവസ്തുക്കളും ഉപയോഗപ്രദമായ സാധനങ്ങളും ഉണ്ടാക്കുന്നതെങ്ങനെയെന്ന് കണ്ട് മനസിലാക്കി, പതുക്കെ ആ രംഗത്തേയ്ക്ക് ചുവടുവെച്ചു. ഇന്ന് രണ്ട് കുട്ടികളുടെ അമ്മകൂടിയായ കല്‍പ്പന ഹിമാചലിലെ പ്രിനി ഗ്രാമത്തില്‍ ‘ബൈക്ക് നീലകാന്ത്’ എന്ന പേരില്‍ ഒരു ഹോട്ടല്‍ നടത്തുകയാണ്. ഹോട്ടലിലെ അലങ്കാരവസ്തുക്കള്‍ പൂര്‍ണമായും മാലിന്യവസ്തുക്കളില്‍ നിന്നും കല്‍പ്പന സ്വന്തമായി നിര്‍മിച്ചവയാണ്. ഈ വസ്തുക്കള്‍ റെഡ്‌ക്രോസ് പോലുള്ള സമൂഹ്യസംഘടനകളും പരിസ്ഥിതി സംഘടനകളും നടത്തുന്ന പ്രദര്‍ശനങ്ങളില്‍ കല്‍പ്പന കൊണ്ടുപോകാറുണ്ട്. കൂടാതെ ഹോട്ടലുകളില്‍ വരുന്ന സഞ്ചാരികള്‍ക്ക് ഇത് സംബന്ധിച്ച് ക്ലാസെടുക്കാനും കല്‍പ്പന മടിക്കാറില്ല.
മാലിന്യങ്ങള്‍ വലിച്ചെറിയുന്നവരോട് കല്‍പ്പനയ്ക്ക് പറയാനുള്ളത് ”പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഇത്തരം പ്രവര്‍ത്തികളില്‍ നിന്ന് പിന്തിരിയുക, പകരം ഇവ ഉപയോഗിച്ച് മനുഷ്യന് പ്രയോജനമുള്ള വസ്തുക്കളുണ്ടാക്കാന്‍ പഠിക്കുക. ഇത് പ്രകൃതിയോട് നാം കാണിക്കുന്ന വലിയൊരു ഉത്തരവാദിത്തമായിരിക്കും.” കല്‍പ്പനയെ വേറിട്ടുനിര്‍ത്തുന്നതും ഈ ഗുണമാണ്. മിസിസ് ഇന്ത്യയായി കല്‍പ്പന വരികതന്നെ വേണം. അംഗീകാരങ്ങള്‍ നല്‍കുന്ന ആത്മവിശ്വാസം കല്‍പ്പനയെപ്പോലുള്ളൊരാള്‍ക്ക് നല്‍കുന്ന ഊര്‍ജ്ജം അത് സമൂഹത്തിന്റെ കൂടി ഊര്‍ജ്ജമാണ്.