Saturday
26 May 2018

മാലിന്യ നിർമ്മാർജനത്തിന്‌ ഗ്രീൻ പ്രോട്ടോകോൾ

By: Web Desk | Tuesday 13 June 2017 4:50 AM IST

ജി കൃഷ്ണകുമാർ

ഒരു ചടങ്ങ്‌ അല്ലെങ്കിൽ പരിപാടിയ്ക്ക്‌ ശേഷം വരുന്ന മാലിന്യങ്ങളുടെ അളവ്‌ കുറയ്ക്കുക എന്നതാണ്‌ ഹരിതചട്ടങ്ങളുടെ പ്രാഥമിക ലക്ഷ്യം. ഭൂമിയുടെ പരിമിതമായ വിഭവങ്ങളുടെ കാര്യക്ഷമവും ബുദ്ധിപൂർണ്ണവുമായ ഉപഭോഗം ഇതിലൂടെ ഉറപ്പാക്കുന്നു. മനുഷ്യന്‌ ഇന്ന്‌ വലിയൊരു ബാദ്ധ്യതയായി മാറിക്കൊണ്ടിരിക്കുന്ന മാലിന്യങ്ങളുടെ അളവ്‌ കുറയ്ക്കുന്നതിന്‌ പാലിക്കപ്പെടേണ്ട ജനകീയ പ്രവർത്തന സമീപനമാണ്‌ ഗ്രീൻ പ്രോട്ടോക്കോൾ (ഹരിതനിയമാവലി). ഇതോടൊപ്പം മാലിന്യങ്ങൾ ജൈവം, അജൈവം എന്ന നിലയിൽ ശാസ്ത്രീയമായി സംസ്കരിക്കുന്നതും ഹരിത ചട്ടങ്ങളിൽപ്പെടുന്നു. മാലിന്യ പരിപാലനത്തിലെ ഏറ്റവും അടിസ്ഥാന തത്വം കൂടിയാണ്‌ ഗ്രീൻപ്രോട്ടോക്കോൾ.
എന്തുകൊണ്ട്‌
ഗ്രീൻപ്രോട്ടോക്കോൾ?
ഖരമാലിന്യം ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കപ്പെടുന്നത്‌ ഡിസ്പോസിബിൾ (ഉപയോഗ ശേഷം വലിച്ചെറിയുന്ന) ഉപയോഗിക്കുന്നത്‌ മൂലമാണ്‌. ഉദാഹരണത്തിന്‌ ഉത്സവ സ്ഥലങ്ങളിലും മറ്റ്‌ വലിയ പരിപാടികൾ സംഘടിപ്പിക്കുന്ന സ്ഥലങ്ങളിലും പ്ലാസ്റ്റിക്‌ കവറുകൾ, ഫ്ലക്സ്‌ ബോർഡുകൾ, ബാനറുകൾ, പ്ലേറ്റുകൾ, പേപ്പർ പ്ലേറ്റുകൾ, കപ്പുകൾ, തെർമോക്കോൾ, കപ്പുകൾ, പ്ലാസ്റ്റിക്‌ കുപ്പിവെളളം തുടങ്ങിയവയുടെ അവശിഷ്ടങ്ങൾ ചിതറി കിടക്കുന്നത്‌ കാണാം. ഭൂരിഭാഗം സ്ഥലങ്ങളിലും ഇത്‌ തൂത്ത്‌ കൂട്ടി കത്തിക്കുന്നതാണ്‌ പതിവ്‌. കൂടുതലും ഇതിൽ പ്ലാസ്റ്റിക്‌ മാലിന്യങ്ങളായിരിക്കുമെന്നതിനാൽ ഇത്‌ കത്തിക്കുമ്പോൾ ഡയോക്സിൻ, ഫ്യൂറാൻ എന്നീ മാരക വിഷ വാതകങ്ങൾ ഉണ്ടാകുകയും അത്‌ മനുഷ്യനും മറ്റ്‌ ജീവജാലങ്ങൾക്കും മാരകമായ കാൻസർ ഉൾപ്പെടെയുളള രോഗങ്ങൾ വരുത്തുന്നതിന്‌ കാരണമാകുകയും ചെയ്യും.
അജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാൻ കത്തിക്കുകയല്ലാതെ വേറെ മാർഗമില്ല. ഇത്തരം അജൈവ മാലിന്യങ്ങൾ സംസ്കരിക്കുവാൻ ലോകത്ത്‌ ഒരിടത്തും വിജയകരവും ശാസ്ത്രീയവുമായ മാർഗ്ഗം ഇല്ലെന്നു തന്നെ പറയാം. ഇതിന്‌ ആകെ ചെയ്യാൻ കഴിയുന്നത്‌ സാനിട്ടറി ലാന്റ്‌ ഫില്ലിങ്‌ എന്ന മാലിന്യ സംസ്കരണ വിദ്യയാണ്‌. കേരളം പോലെ ജനസാന്ദ്രതയും അടുപ്പ്‌ കൂട്ടിയപോലെ വീടുകൾ ഉളളതുമായ സ്ഥലത്ത്‌ സാനിട്ടറി ലാന്റ്‌ ഫില്ലിങ്‌ ഒരിക്കലും പ്രായോഗികമല്ല. കൂടാതെ, ജനവാസ മേഖലകളിൽ സാനിട്ടറി ലാന്റ്‌ ഫില്ലിങ്‌ എന്ന നടപടി ഒട്ടേറെ പ്രതിഷേധങ്ങൾക്കും വഴിവയ്ക്കുന്നതാണ്‌. അതിനാൽ മാലിന്യങ്ങളുടെ അളവ്‌ കുറയ്ക്കുക എന്നത്‌ ഏറെ പ്രധാനമാണ്‌.
ഗ്രീൻപ്രോട്ടോക്കോൾ പാലിക്കുന്നതിന്‌ ചെയ്യേണ്ടത്‌.
പുനഃരുപയോഗിക്കാൻ കഴിയുന്ന സാധനങ്ങൾ ഉപയോഗിക്കുക. ചടങ്ങുകളിൽ പരമാവധി പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കുക. മാലിന്യങ്ങൾ അഴുകുന്നവയും അഴുകാത്തവയും തരംതിരിച്ച്‌ സംസ്കരിക്കുക. ജൈവമാലിന്യം കമ്പോസ്റ്റാക്കുക. അജൈവ മാലിന്യം തരംതിരിച്ച്‌ ശേഖരിച്ച്‌ പുന:ചംക്രമണത്തിനായി (റീസൈക്ലിങ്‌) പാഴ്‌വസ്തു വ്യാപാരികൾക്കോ (ആക്രി കച്ചവടക്കാർ) അതിനായുളള ക്ലീൻ കേരള മിഷൻ തുടങ്ങിയ സർക്കാർ – സർക്കാർ ഇതര ഏജൻസികൾക്കോ കൈമാറുക എന്നിവയാണ്‌ പ്രധാനമായും ഇതു കൊണ്ടുദ്ദേശിക്കുന്നത്‌.
ഒരു ചടങ്ങിൽ ഗ്രീൻപ്രോട്ടോക്കോൾ എങ്ങിനെ പാലിക്കണം
ഉദാഹരണത്തിന്‌ അജൈവ മാലിന്യം കുറയ്ക്കുന്നതിന്‌ ചടങ്ങുകളിൽ പ്ലാസ്റ്റിക്‌ കവറുകൾ, ഫ്ലക്സ്‌ ബോർഡുകൾ, ബാനറുകൾ, പ്ലേറ്റുകൾ, പേപ്പർ പ്ലേറ്റുകൾ, കപ്പുകൾ, തെർമോക്കോൾ പ്ലേറ്റുകൾ, പ്ലാസ്റ്റിക്‌ കുപ്പിവെളളം തുടങ്ങിയവ പൂർണ്ണമായി ഒഴിവാക്കണം. ഭക്ഷണം, കുടിവെളളം, ചായ, കാപ്പി എന്നിവ കഴുകി വീണ്ടും ഉപയോഗിക്കാവുന്ന സ്റ്റീൽ, കളിമൺ, സെറാമിക്‌, ചില്ലുഗ്ലാസ്സുകൾ, പ്ലേറ്റുകൾ, കപ്പുകൾ എന്നിവയിൽ ഉപയോഗിക്കണം. നിത്യ ജീവിതത്തിൽ ഇത്‌ ശീലമാക്കുന്നതിനുളള നടപടികൾ ഓരോരുത്തരും സ്വീകരിച്ചാൽ ചടങ്ങുകൾക്ക്‌ ശേഷം ഉണ്ടാകുന്ന മാലിന്യങ്ങളുടെ അളവ്‌ വൻതോതിൽ കുറയ്ക്കാൻ ഉപകരിക്കും.
എവിടെയൊക്കെയാണ്‌
ഗ്രീൻപ്രോട്ടോക്കോൾ
പാലിക്കേണ്ടത്‌?
ഇതിനായി നിത്യ ജീവിതത്തിൽ വിവിധ തലങ്ങളിൽ നിരവധി അവസരങ്ങളുണ്ട്‌. സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, ക്ഷേത്രങ്ങൾ, പളളികൾ തുടങ്ങി വിവിധ മത സ്ഥാപനങ്ങൾ, എല്ലാത്തരം സ്കൂളുകളിലെയും, കോളജുകളിലെയും, വിവിധ സ്ഥാപനങ്ങളിലെയും പരിപാടികൾ, ഇവിടങ്ങളിൽ നടക്കുന്ന പൊതു പരിപാടികൾ ഉൾപ്പെടെയുളള എല്ലാ ചടങ്ങുകളിലും ഇത്‌ പാലിക്കണം. സ്കൂളുകളിൽ ഹരിത ചട്ടങ്ങൾ നിർബന്ധമാക്കിയിട്ടുണ്ട്‌. ഹരിതകേരളം മിഷന്റെ ഭാഗമായി സർക്കാർ ഓഫീസുകളിലും തദ്ദേശ സ്ഥാപനങ്ങളുടെ ഓഫീസുകളിലും അവയുടെ ഘടക സ്ഥാപനങ്ങളിലും ഗ്രീൻപ്രോട്ടോക്കോൾ പാലിക്കുന്നതിനുളള നിർദ്ദേശങ്ങൾ സർക്കാർ നൽകിയിട്ടുണ്ട്‌.
കൂടാതെ, വിവിധ ഉത്സവങ്ങൾ, ഓണം, വിഷു, ദീപാവലി, തിരുനാൾ, ക്രിസ്തുമസ്‌, ഈസ്റ്റർ, കരോൾ, റംസാൻ മാസത്തിലെ ഇഫ്താർ ചടങ്ങുകൾ, ചെറിയ – വലിയ പെരുന്നാൾ ആഘോഷങ്ങൾ, നബിദിന റാലികൾ, വാരാഘോഷങ്ങളുടെ ഭാഗമായ പരിപാടികൾ തുടങ്ങിയവയിൽ നിന്നെല്ലാം ഡിസ്പോസിബിളുകൾ ഒഴിവാക്കിയാൽ മാലിന്യത്തിന്റെ അളവ്‌ ഏറെ കുറയ്ക്കുന്നതിന്‌ സഹായിക്കുന്നതാണ്‌.
സ്വകാര്യ ചടങ്ങുകളായ ഗൃഹപ്രവേശം, വിവാഹം എന്നിവയിലും ഗ്രീൻപ്രോട്ടോക്കോൾ പാലിക്കാം. കൂടാതെ വിവിധ മതസ്ഥരുടെ വ്യത്യസ്ത പേരുകളിൽ അറിയപ്പെടുന്ന ചോറൂണ്‌, ജ്ഞാനസ്നാനം, പുത്തൻകുർബാന, മരണാനന്തര ചടങ്ങുകൾ, ആണ്ട്‌, വിവാഹവാർഷികം, അന്നദാനം തുടങ്ങിയ വിവിധ ആഘോഷങ്ങൾ / ചടങ്ങളുമായി ബന്ധപ്പെട്ടും ഹരിതചട്ടങ്ങൾ പാലിക്കാം.
ഹരിതചട്ടങ്ങൾ പാലിച്ചാൽ
ഉണ്ടാകുന്ന നേട്ടങ്ങൾ
അജൈവ മാലിന്യങ്ങളായ പ്ലാസ്റ്റിക്‌ ഉൾപ്പെടെയുളളവയുടെ അളവും അതിന്റെ ദുരുപയോഗവും ഗണ്യമായി കുറയ്ക്കാൻ ഗ്രീൻ പ്രോട്ടോക്കോൾ ഏറെ സഹായിക്കുമെന്ന്‌ ഇതിനകം തെളിയിച്ചിട്ടുളളതാണ്‌. കൂടാതെ, ഇത്തരം അജൈവ മാലിന്യങ്ങൾ ഉപയോഗശേഷം പ്രകൃതിയുടെ വരദാനമായ ജലാശയങ്ങൾ, പൊതു നിരത്തുകൾ, ഓടകൾ, നീർച്ചാലുകൾ തുടങ്ങിയവയിലേക്ക്‌ വലിച്ചെറിയുന്നതും ഇതിലൂടെ ഒഴിവാക്കാം. ചടങ്ങിനു ശേഷം അവശേഷിക്കുന്ന പ്ലാസ്റ്റിക്‌ കവറുകൾ, ഉൽപ്പന്നങ്ങൾ എന്നിവ കൂട്ടിയിട്ട്‌ കത്തിക്കുന്നതിലൂടെ സംഭവിക്കുന്ന ഗുരുതരമായ അന്തരീക്ഷ മലിനീകരണവും ഇതിലൂടെ കുറയ്ക്കാൻ കഴിയും.

(ലേഖകൻ ശുചിത്വ മിഷൻ കൊല്ലം ജില്ല മുൻ കോ-ഓർഡിനേറ്ററും
പത്തനംതിട്ട ഡെപ്യൂട്ടി
ഡെവലപ്മെന്റ്‌ കമ്മിഷണറുമാണ്‌)