മാർച്ച്‌ 23: ലോക കാലാവസ്ഥാദിനം | താളം തെറ്റുന്ന കാലം

മാർച്ച്‌ 23: ലോക കാലാവസ്ഥാദിനം | താളം തെറ്റുന്ന കാലം
March 21 04:45 2017

ജോസ്‌ ചന്ദനപ്പള്ളി
“ഈ മനോഹര തീരത്തുതരുമോ ഇനിയൊരു ജന്മം കൂടി” എന്ന്‌ വയലാർ എഴുതി. അതെ, ഈ മണ്ണും വിണ്ണും ഈ സുന്ദരതീരവുമെല്ലാം നമ്മെ അത്രമാത്രം കൊതിപ്പിക്കുന്നതാണ്‌. പക്ഷെ, അത്‌ എത്രനാൾ? ജീവൻ എന്ന വിസ്മയത്തിന്റെ സാന്നിധ്യമുള്ള ഭൂമിയിൽ താളം തെറ്റുന്ന കാലം കാണുമ്പോൾ, ഭൂമിയുടെ മക്കൾ അമ്മയുടെ ജീവിതം നിർദ്ദാക്ഷിണ്യം കവരുന്നതുകാണുമ്പോൾ, ഈ മനോഹര തീരം എത്രനാൾ എന്ന ചോദ്യം പ്രകൃതിയെ സ്നേഹിക്കുന്നവരുടെ ഉള്ളിൽ അറിയാതെ ഉയരുന്നു. എല്ലാ ജീവജാലങ്ങൾക്കും പങ്കിട്ടനുഭവിക്കാനുള്ള ഭൂമിയിലെ വിഭവങ്ങൾ, വിവേകി എന്നു കരുതുന്ന മനുഷ്യന്റെ അവിവേകങ്ങൾ ഈ നീലഗ്രഹത്തിന്റെ സമതുലിതാവസ്ഥയുടെ താളം തെറ്റിക്കുന്നു. മനുഷ്യ നിർമ്മിതമായ കാരണങ്ങളാൽ ചൂട്‌ വർദ്ധിച്ച്‌ ഭൂമി വാസയോഗ്യമല്ലാതാകുന്ന കാലം വിദൂരമല്ലെന്ന്‌ ശാസ്ത്രം പറയുന്നു. ഗുരുതരമായ കാലാവസ്ഥാ വ്യതിയാനങ്ങൾ വിരൽ ചൂണ്ടുന്ന വല്ലാത്ത കാലത്തെ കുറിച്ച്‌ അന്തർദേശീയ തലത്തിൽ അവബോധം ഉണ്ടാക്കുക, കാലാവസ്ഥാ വ്യതിയാനങ്ങൾ തടയാനുള്ള രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക എന്നിവയാണ്‌ ദിനാചരണ ലക്ഷ്യങ്ങൾ.
മാർച്ച്‌ 23 ലോക കാലാവസ്ഥാ ദിനമാണ്‌. 189 രാജ്യങ്ങളിൽ നടക്കുന്ന ഈ പ്രവർത്തനങ്ങൾക്ക്‌ തുടക്കം കുറിച്ചത്‌ 1950 മാർച്ച്‌ 23 ന്‌ രൂപീകൃതമായ വേൾഡ്‌ മീറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ എന്ന സംഘടനയാണ്‌. ഐക്യരാഷ്ട്ര സംഘടനയുടെ പ്രത്യേക ഏജൻസിയായി 1951 മുതൽ ഡബ്ല്യുഎംഒയെ പരിഗണിക്കുന്നു. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര പാനലിന്റെ നേതൃത്വത്തിലാണ്‌ കാലാവസ്ഥാ ദിനപ്രവർത്തനങ്ങൾ നടക്കുന്നത്‌. കാലാവസ്ഥയ്ക്ക്‌ അനുസൃതമായ പ്രവർത്തനങ്ങൾക്ക്‌ കാലാവസ്ഥാ വിജ്ഞാനം എന്നതായിരുന്നു 2015-ലെ ലോക കാലാവസ്ഥാദിന സന്ദേശം. ഹോട്ടർ, ഡ്രയർ, വെറ്റർ-ഫെയ്സ്‌ ദി ഫ്യൂച്ചർ എന്നതാണ്‌ ഈ വർഷത്തെ കാലാവസ്ഥ ദിന സന്ദേശം കാലാവസ്ഥ ശരിയല്ലെങ്കിൽ ഭൂമി തളരും. എല്ലാ ജീവികളെയും അത്‌ ബാധിക്കും. കാലത്തിനും കണക്കു തെറ്റിത്തുടങ്ങിയിരിക്കുന്നു. വേനലും മഞ്ഞും മഴയുമൊക്കെയായി കാലത്തിന്‌ ഒരു കൃത്യമായ താളമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സമയം തെറ്റിയ നാഴികമണി പോലെയായി കാലം. വസന്തവും ഗ്രീഷ്മവും ശരത്തും ശിശിരവുമൊക്കെ അതിന്റെ ക്രമത്തിൽ തന്നെ കടന്നുപോകുമെന്ന്‌ ഒരുറപ്പുമില്ല. ചൂടുള്ള ദിവസങ്ങളുടെ എണ്ണം കൂടുകയും തണുപ്പുള്ള ദിവസങ്ങളുടെ എണ്ണം കുറയുകയുമാണിപ്പോൾ. പ്രവചനാതീതമായ രീതിയിൽ കാലാവസ്ഥ തകിടം മറിയുകയാണ്‌. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീകരതകൾ നാം കണ്ടുതുടങ്ങിയിട്ട്‌ നാളേറെയായി. ഭൗമാന്തരീക്ഷത്തിലെ ചൂട്‌ കൂടിവരുന്നതിനെയാണ്‌ ആഗോള താപനം എന്നുപറയുന്നത്‌. കാലത്തിന്റെയും പ്രകൃതിയുടെയും താളം തെറ്റിക്കുന്ന വിധത്തിലുള്ള മനുഷ്യന്റെ ചില ഇടപെടലുകളാണ്‌ ഇതിന്‌ കാരണമെന്ന്‌ ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്‌. കാലാവസ്ഥയിലെ മാറ്റം ലോകം ശ്രദ്ധിച്ചുതുടങ്ങിയത്‌ 1990 കൾക്കുശേഷമാണ്‌. ഹിമാലയത്തിലേയും ആർട്ടിക്‌ പ്രദേശങ്ങളിലേയും ഗ്രീൻലാൻഡിലേയും മഞ്ഞ്‌ പുതപ്പ്‌ ഇപ്പോൾ തന്നെ അതിവേഗം ഉരുകിക്കൊണ്ടിരിക്കുകയാണ്‌. ഇത്‌ ഭൂമിയിൽ ശുദ്ധജലക്ഷാമം രൂക്ഷമാക്കും. മഞ്ഞുരുകിയാൽ സമുദ്രജലനിരപ്പുയരും. അതോടെ ഉപ്പുവെള്ളം നദിയിലേക്ക്‌ തള്ളിക്കയറും. ഇത്‌ ശുദ്ധജല സ്രോതസ്സുകളെ അശുദ്ധമാക്കും. നെൽപ്പാടങ്ങൾ മുങ്ങിപ്പോകുന്നതിന്റെ ഫലമായി പട്ടിണി പെരുകും. മുംബൈ അടക്കമുള്ള തീരനഗരങ്ങൾ വെള്ളത്തിനടിയിലാകും. മാലദ്വീപ്‌ ഉൾപ്പെടെ പല രാജ്യങ്ങളെയും കടൽ വിഴുങ്ങുന്നു. വേനൽക്കാലങ്ങളിലും ജലം സുഭിക്ഷമായിരുന്ന ഗംഗ-ബ്രഹ്മപുത്ര പോലുള്ള നദികൾ വറ്റിപ്പോകും. കുടിവെള്ളം കിട്ടാക്കനിയാകും. കടലിലെ ലവണാംശം കുറയും. ഇതോടെ കടൽജീവികളും ഇല്ലാതാവും. ആഗോള കാലാവസ്ഥ മാറിമറിയുന്നതോടെ കാർഷിക മേഖല തകരും. രോഗങ്ങൾ പെരുകും. പുരാണങ്ങളിലും ബൈബിളിലും പറയുന്നതുപോലെ കലികാലം – ലോകാവസാനം ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ യാഥാർത്ഥ്യമാകും.
കൊടുങ്കാറ്റുകളും അതിന്റെ ദുരന്ത ഫലങ്ങളും ആഗോള താപനത്തിന്റെ സൃഷ്ടിയാണ്‌. അസമമായ അന്തരീക്ഷ താപനില, ശക്തിയേറിയ കൊടുങ്കാറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നു. വേനലിലും ജലസാന്നിധ്യമേകിയിരുന്ന മഞ്ഞുമലകളിൽ നിന്ന്‌ ഉത്ഭവിച്ചിരുന്ന നദികളിൽ ഇന്ന്‌ ജലസ്രോതസ്സ്‌ ദുർബലമായിരിക്കുന്നു. ആഗോള താപനത്തിന്റെ ഫലമായി ഹിമാനികൾ ശോഷിച്ചതാണിതിനുകാരണം. ഭൗമാന്തരീക്ഷ താപനില ഉയരുന്നതോടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. മലേറിയ, ഡങ്കിപ്പനി, ചിക്കൻഗുനിയ, മസ്തിഷ്ക ജ്വരം, ഹൃദ്രോഗം തുടങ്ങിയവ അനുഭവിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ്‌ ഉണ്ടാകും. ഒപ്പം സമുദ്രജലത്തിൽ ചൂട്‌ കൂടുമ്പോൾ അതിലെ ജൈവ വൈവിധ്യ കലവറയ്ക്കാകമാനം നാശം സംഭവിക്കും. ആഗോള താപനഫലമായുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം കാനനങ്ങളിൽ ജീവിക്കുന്ന ജൈവ വൈവിധ്യത്തെയും സാരമായി ബാധിക്കും. വനത്തിലെ താപനില ഉയരുകയും ഭക്ഷ്യവസ്തുക്കളുടെ ലഭ്യത കുറയുകയും ചെയ്യുമ്പോൾ അവിടെ ജീവിക്കുന്ന വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങും. ഇന്നത്തെ നിലയിൽ ഭൗമാന്തരീക്ഷത്തിലെ താപനില തുടർന്നാൽ 100 കൊല്ലത്തിനുള്ളിൽ 50% ജീവജാലങ്ങളും ഇല്ലാതാകും.
കാലാവസ്ഥയും അന്തരീക്ഷ സ്ഥിതിയും നിത്യജീവിതവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. അക്കാരണത്താൽ തന്നെ കാലാവസ്ഥ, കാലാവസ്ഥാ വ്യതിയാനങ്ങൾ, ദുരന്തങ്ങളെക്കുറിച്ചുള്ള മൂന്നാര്റിയിപ്പുകൾ എന്നിവ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള പ്രവർത്തനങ്ങൾ കാലേക്കൂട്ടി ആസൂത്രണം ചെയ്യുവാനും ഏകോപിപ്പിക്കുവാനും സഹായിക്കും. ഗുരുതരമായ കാലാവസ്ഥാ വ്യതിയാനങ്ങൾ, സാമൂഹിക – സാമ്പത്തിക മേഖലകളിൽ ഗുരുതരമായ വിപത്തുകളാണുണ്ടാക്കുന്നത്‌. കാലാവസ്ഥാ മാറ്റം വിശിഷ്യ, മഴയുടെ ലഭ്യതയിലും ശക്തിയിലുമുണ്ടാകുന്ന മാറ്റം ഭക്ഷ്യസുരക്ഷ ഇല്ലാതാക്കും.
കൃഷിയിലേൽക്കുന്ന കനത്ത ആഘാതങ്ങളുടെ ഫലമായി ഭക്ഷ്യവസ്തുക്കളുടെ ഉൽപാദനത്തിൽ കുറവു വരുന്നതാണ്‌ ഇതിനു കാരണമാകുന്നത്‌.
കാലാവസ്ഥയ്ക്ക്‌
കാവലാളാകാം
ലോക കാലാവസ്ഥാ പരിസ്ഥിതി ദിനം ഉയർത്തുന്ന ചിന്തകൾ ഭൂമിമാതാവിനെ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനുവേണ്ടിയാവട്ടെ. ജലോപയോഗത്തിൽ സ്വയം നിയന്ത്രണമേർപ്പെടുത്തുക. മഴവെള്ള സംഭരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുക. മരങ്ങൾ സംരക്ഷിക്കുക. പരമാവധി മരങ്ങൾ വച്ചുപിടിപ്പിക്കുന്നതിനൊപ്പം, കാവുകൾ, വനങ്ങൾ എന്നിവ സംരക്ഷിക്കുക, മരം നട്ടു വളർത്തുക. വൈദ്യുതി ഉപയോഗം കുറച്ചും, മാലിന്യം ശാസ്ത്രീയമായി സംസ്കരിച്ചും, ഹരിത ഗൃഹ വാതകങ്ങൾ വർദ്ധിക്കാനിടയായ സാഹചര്യം ഒഴിവാക്കുക.
മോട്ടോർ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുക, കൂടുതൽ ഇന്ധനക്ഷമമായ വാഹനങ്ങൾ, പൊതു വാഹനങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുക. ഇതുവഴി ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുവാനും അന്തരീക്ഷത്തിലേക്കുതള്ളുന്ന കാർബൺഡൈയോക്സൈഡിന്റെ അളവ്‌ കുറയ്ക്കാനും സാധിക്കും. ഊർജോപഭോഗം കഴിയുന്നത്ര കുറയ്ക്കുന്നതും വൈദ്യുതി ഉപയോഗം പരമാവധി ചുരുക്കുന്നതും നമുക്ക്‌ ഭൂമിക്ക്‌ ചെയ്യാവുന്ന ചില കരുതലുകളാണ്‌. സൗരോർജ്ജത്തിന്റെയും കാറ്റ്‌, തിരമാല എന്നിവയിൽ നിന്നുള്ള ഊർജ്ജത്തിന്റെയും അനന്ത സാധ്യതകളെ ഉപയോഗപ്പെടുത്തുന്നതും ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങളാണ്‌. സാമൂഹ്യ വനവത്കരണ പ്രക്രിയയിലൂടെ ഭൂമിയുടെ വനവിസ്തൃതി വർദ്ധിപ്പിക്കുന്നതു വഴി അന്തരീക്ഷത്തിലെ താപവർദ്ധനയുടെ ഹേതുവായ കാർബൺ ഡൈയോക്സൈഡിന്റെ അളവ്‌ കുറയ്ക്കും. പ്ലാസ്റ്റിക്‌ ഉൽപന്നങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കണം. കിണറുകളും കുളങ്ങളും മലിനമാകാതെ സംരക്ഷിക്കാം. ഒരു മരം മുറിച്ചാൽ പകരം പത്തുതൈകളെങ്കിലും നട്ടുവളർത്തണം.

  Categories:
view more articles

About Article Author