മിണ്ടിപ്പോകരുതാരും!

മിണ്ടിപ്പോകരുതാരും!
January 09 04:55 2017

ഒറ്റയടിപ്പാതകൾ
സി രാധാകൃഷ്ണൻ
പ്രസംഗിക്കാൻ പോകുമ്പോൾ മിച്ചം കിട്ടുന്നത്‌ മറക്കാനാവാത്ത ചില അനുഭവങ്ങളാണ്‌. ഒരിക്കൽ മലപ്പുറത്ത്‌ സാക്ഷരതാ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രസംഗിക്കേണ്ടിവന്നു. അന്ന്‌ കോഴിക്കോട്‌ സർവകലാശാലയുടെ വൈസ്‌ ചാൻസലറായിരുന്ന ടി എൻ ജയചന്ദ്രൻ ഐഎഎസും സുകുമാർ അഴീക്കോടും മുഖ്യാതിഥികളായി ഉണ്ടായിരുന്നു. തന്റെ പ്രസംഗത്തിനിടെ അഴീക്കോട്‌ മാസ്റ്റർ തന്റെ മുന്നിലെ ശ്രോതാക്കളുടെ അച്ചടക്കത്തെ മുക്തകണ്ഠം പ്രശംസിച്ചു. സൂചിവീണാൽ കേൾക്കാവുന്ന നിശബ്ദതയും ജാഗ്രത മുറ്റിയ ഭാവവുമാണ്‌ സദസിൽ. ജയചന്ദ്രൻ എന്റെ ചെവിയിൽ പതുക്കെ മന്ത്രിച്ചു: “ശ്രോതാക്കളുടെ പ്രായവും ഹെയർ സ്റ്റെയിലും നോക്കുക; എല്ലാവരും എംഎസ്പി ട്രെയിനികളാണ്‌”. ക്യാമ്പിലായിരുന്നു യോഗം.
പ്രശംസനീയമായ ഈ അച്ചടക്കം വല്ലാതെ വീർപ്പടക്കി നിന്ന മറ്റൊരന്തരീക്ഷവും ഓർമ്മ വരുന്നു. കൊച്ചിയിലെ പ്രശസ്തമായ ഒരു സ്കൂളിലായിരുന്നു. എൽകെജി മുതൽ ഉള്ള കുട്ടികളാണ്‌ സദസിൽ. ശ്രോതാക്കളുടെ ശരാശരി പ്രായം പന്ത്രണ്ടു വയസ്‌. ഈ കുട്ടികൾക്കിടയിലൂടെ ടീച്ചർമാർ നടക്കുന്നു. നിൽക്കാതെ നടക്കുകതന്നെയാണ്‌. ‘മിണ്ടിപ്പോകരുത്‌ ആരും!’ എന്നാണ്‌ കർശനമായ മുഖഭാവം. ഒരു നിരൂപകൻ ഈ സദസിനോട്‌ നാൽപ്പതു മിനിറ്റ്‌ പ്രസംഗിച്ചു!
വന്നുവന്ന്‌ നമ്മുടെ രാഷ്ട്രീയകക്ഷികളുടെ നിലപാട്‌ തങ്ങൾക്കോരോരുത്തർക്കും ഇത്തരം അച്ചടക്കം മേറ്റ്ല്ലാവരിലും കിട്ടണമെന്നാണ്‌. എന്തും പറയാൻ സ്വാതന്ത്ര്യം വേണം. എല്ലാവരും ശാന്തരായി കേട്ടിരിക്കണം. ആരും ഒരക്ഷരം മിണ്ടിപ്പോകരുത്‌!
‘ഞാൻ പറയാം!’ എന്നല്ലാതെ ‘ഞാൻ കേൾക്കുകയും ചെയ്യാം’ എന്ന നിലപാട്‌ പ്രായേണ ആർക്കും ഇല്ല. രണ്ടുനാല്‌ ദിനംകൊണ്ട്‌ തണ്ടിലേറാൻ സാധിക്കുന്ന ജനായത്ത വ്യവസ്ഥയിൽ, അധികാരം അതീവഭംഗുരമാണെന്ന്‌ ആർക്കാണറിയാത്തത്‌! എന്നിട്ടും ശഠിക്കുന്നു, അധികാരത്തിനെതിരെ ആരും മിണ്ടിപ്പോകരുതെന്ന്‌-മിക്കവാറും എല്ലാ കക്ഷികളും.
തിരുവായ്ക്ക്‌ എതിർവാ ഇല്ലാതിരിക്കുന്നതാണല്ലൊ രാജാവിന്റെ പല സൗഭാഗ്യങ്ങളിൽ പ്രധാനമായ ഒന്ന്‌. രാത്രിയാണെങ്കിലും പകലെന്നു പറഞ്ഞാൽ ഏവരും തലകുലുക്കണം. രാജദ്രോഹത്തോളം വലിയ കുറ്റമില്ല.
രാജവാഴ്ചയിൽ നിന്ന്‌ നേരെ ജനായത്തത്തിലേയ്ക്ക്‌ പരിവർത്തിക്കുന്ന സമൂഹങ്ങളിൽ ഈ വിലക്ഷണസ്വഭാവം പ്രത്യേകിച്ചും പ്രകടമാണ്‌. രാജാവിനു സ്വന്തമല്ലേ അധികാരശേഷി? പരമ്പരാഗതമല്ല ജനാഭിപ്രായഫലമാണ്‌ അധികാരം എന്ന നേര്‌ ശീലത്തിന്റെ കോലക്കേടിൽ മുങ്ങിപ്പോകുന്നു. ജാതിത്തത്തിന്റെ ബാക്കിപത്രവുമാണ്‌ അമിതാധികാരബോധത്തിനു നിദാനമായ മനോഭാവം. ഉയർന്ന ജാതിക്ക്‌ കീഴ്ജാതിക്കാരനെ നിശബ്ദനാക്കാൻ കഴിയുമായിരുന്നു. അതായത്‌, മേൽക്കോയ്മയുടെ ഒരു സൗകര്യം ഈ അധീശത്വമാണ്‌. മേൽജാതിക്കാരൻ അധികാരിയാകുമ്പോൾ കാലം നഷ്ടപ്പെടുത്തിയ വിശേഷാധികാരം വീണ്ടുകിട്ടിയതായും കീഴ്ജാതിക്കാരനാണ്‌ അധികാരിയാകുന്നതെങ്കിൽ തലമുറകളായുള്ള അപകർഷതയ്ക്ക്‌ പരിഹാരം കിട്ടിയ അവസരമായും തെറ്റായി മനസിലാക്കപ്പെടാറുണ്ട്‌.
പ്രസംഗിക്കുന്നവരും വിമർശിക്കുന്നവരും അറിഞ്ഞിരിക്കേണ്ട ചില പ്രാഥമിക മര്യാദകളില്ലെ? പറയുന്നത്‌ ആളെപ്പറ്റിയൊന്നുമല്ലാതിരിക്കണ്ടെ? കാര്യത്തെപ്പറ്റിയല്ലെ ആകാവു? മിണ്ടാനുള്ള അവകാശത്തെ ചോദ്യം ചെയ്യാൻ ആർക്കുണ്ട്‌ അവകാശം? അഭിപ്രായത്തെപ്പറ്റിയല്ലാതെ അതു പ്രകടിപ്പിച്ച ആളുടെ അറിവിനെയോ വിവേകത്തെയോ സംസ്കാരത്തെയോ അധിക്ഷേപിക്കാമോ? കേൾക്കാൻ ക്ഷമയുള്ളവർക്കേ പറയാൻ അവകാശമുള്ളൂ എന്ന സത്യം ചിരസ്ഥായിയാകണ്ടെ?
സാംസ്കാരികനായകൻ എന്ന ഒരു പ്രത്യേക ജീവിയുടെ ആവിർഭാവമാണ്‌ നമ്മുടെ കാലത്തിന്റെ ഒരു സവിശേഷത. ഇക്കൂട്ടർക്ക്‌ കൃത്യമായ ഒരു നിർവചനമില്ല. ഏറ്റവും പ്രശസ്തനായ കവി മുതൽ ഒരു സീരിയലിൽ മുഖം കാണിച്ച പുതുതലമുറത്താരംവരെ ഈ നായകത്വം ശിരസാവഹിക്കുന്നു. മറ്റുള്ളവർക്കൊന്നും ഇവർക്കുള്ളത്ര സാംസ്കാരിക ഔന്നത്യം ഇല്ലെന്നാണ്‌ വിവക്ഷ. ഇവരെ ആട്ടിൻപറ്റത്തെപ്പോലെ തെളിക്കാൻ ഓരോ കക്ഷിയും ബദ്ധപ്പെടുന്നു. ഇവർ പറഞ്ഞാൽ ജനം അപ്പടി വിശ്വസിച്ചോളും എന്നാണ്‌ മുൻവിധി. ബുദ്ധിജീവികൾ എന്ന്‌ മറ്റൊരു പേരുകൂടിയുണ്ടിവർക്ക്‌. ഇവർക്കുള്ളത്ര ബുദ്ധിശക്തി വേറെയാർക്കുമില്ല എന്നുതന്നെ ഇംഗിതം. ചുരുക്കത്തിൽ, പഴയ സവർണ പുരോഹിത വൃന്ദത്തിന്റെ റോളാണ്‌ ഇവരുടെ ചുമലിൽ. രാജശാസനത്തിന്‌ ബലവും ന്യായവും കാണുകയാണ്‌ ഇവരുടെ ചുമതല. എതിർപക്ഷത്താണെങ്കിൽ രാജശാസനത്തെ നിഷേധിക്കാനുള്ള യുക്തി കണ്ടെത്തലും. ഇരുകൂട്ടർക്കും നേരും നെറിയും പ്രശ്നമല്ല. ഇവരുടെ ചന്തമിടുക്ക്‌ ജനജീവിതത്തിന്റെ സ്വസ്ഥത നശിപ്പിക്കുന്നു. പക്ഷേ, ഇവരിൽ അധികാരം ചാരി നിൽക്കുന്നവർ അധികാരികൾ തന്നെ ആയി സ്വയം അവരോധിക്കുമ്പോൾ, അധികാരികളായവർ മൗനം സമ്മതമാക്കുകകൂടി ചെയ്യുമ്പോൾ, ഏകാധിപത്യം മുളച്ചുവളരാനുള്ള നിലം ഒരുങ്ങുന്നു.
മേറ്റ്ല്ലാവരുടെയും നട്ടെല്ലൂരിയെടുത്ത്‌ ആ കണ്ടപ്പൻ തനിക്ക്‌ ഊന്നിനടക്കാൻ വടിയാക്കും. ശാശ്വതമായ മുൻകരുതലാണ്‌ ജനായത്തത്തിന്റെ വില.

  Categories:
view more articles

About Article Author