മിതാലിക്ക്‌ സെഞ്ചുറി; ഇന്ത്യ സെമിയിൽ

മിതാലിക്ക്‌ സെഞ്ചുറി; ഇന്ത്യ സെമിയിൽ
July 16 04:45 2017

ഡെർബി: വനിതാ ക്രിക്കറ്റ്‌ ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ വമ്പൻ ജയത്തോടെ ഇന്ത്യ സെമിയിൽ. 186 റൺസിനാണ്‌ ജയം.
ക്യാപ്റ്റൻ മിതാലി രാജിന്റെ സെഞ്ചുറിയും(109) ഹർമൻപ്രീത്‌ കൗറിന്റെയും (60) വേദ കൃഷ്ണമൂർത്തിയുടെയും (70) അർധസെഞ്ചുറികളും ബൗളർമാരുടെ മികച്ച പ്രകടനവും മത്സരഗതി നിർണയിച്ചു. ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റിന്‌ 265 റൺസ്‌ നേടി. 123 പന്തുകൾ നേരിട്ട മിതാലി 11 ബൗണ്ടറികളുടെ അകമ്പടിയോടെയാണ്‌ 109 റൺസ്‌ നേടിയത്‌. മറുപടി ബാറ്റിങ്ങിൽ ന്യൂസിലൻഡ്‌ 79 റൺസിന്‌ എല്ലാവരും പുറത്തായി.
ഓപ്പണർമാരായ സ്മൃതി മണ്ടനയും (13) പൂനം റൗത്തും (4) നിരാശപ്പെടുത്തിയപ്പോൾ മിതാലിയും കൗറും ചേർന്ന സഖ്യമാണ്‌ ഇന്ത്യയെ രക്ഷിച്ചത്‌. ഇരുവരും ചേർന്ന്‌ ഇന്നിങ്ങ്സിനെ മുന്നോട്ടു നയിച്ചു. 21 റൺസിൽ ഒത്തു ചേർന്ന സഖ്യം ഇന്ത്യയെ 153 ൽ എത്തിച്ച ശേഷമാണ്‌ പിരിഞ്ഞത്‌. കൗറിനു പിന്നാലെയെത്തിയ ദീപ്തി ശർമ റണ്ണൊന്നും എടുക്കാതെ പുറത്തായി.
ഇന്ത്യൻ സ്കോറിങ്ങിന്‌ വേഗതയേറിയത്‌ വേദയുടെ മിന്നലാക്രമണത്തോടെയായിരുന്നു. 45 പന്തുകൾ മാത്രം നേരിട്ട വേദ ഏഴു ഫോറും രണ്ടു സിക്സുമായി അതിവേഗം സ്കോർ ചലിപ്പിച്ചു. അവസാന ഓവറിലെ അഞ്ചാം പന്തിൽ റൺ ഔട്ടായാണ്‌ വേദ പുറത്തായത്‌.
മറുപടി ബാറ്റിങ്ങിൽ ന്യൂസിലൻഡിന്‌ തുടക്കംമുതലേ വിക്കറ്റുകൾ പൊഴിഞ്ഞു. 26 റൺസെടുത്ത സതെർത്വൈറ്റ്‌ മാത്രമാണ്‌ അൽപമെങ്കിലും പൊരുതിയത്‌. 12 റൺസെടുത്ത കാറ്റി മാർട്ടിനും 12 റൺസെടുത്ത അമേലിയ കെറും മാത്രമാണ്‌ പിന്നീട്‌ രണ്ടക്കം കണ്ടത്‌. രാജേശ്വരി നാലുവിക്കറ്റും ദീപ്തി ശർമ്മ രണ്ടുവിക്കറ്റും നേടി. ജുലൻ, ശിഖ പാണ്ഡേ, പൂനം യാദവ്‌ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

  Categories:
view more articles

About Article Author