മുഖപ്രസംഗം: കണ്ണുനീരിൽ കുതിർന്ന ചങ്ങല കിലുക്കങ്ങൾ

March 08 04:45 2017

വനാന്തരങ്ങളിലെ പച്ചപ്പിൽ മേഞ്ഞും കാട്ടുചോലകളിൽ ദാഹമകറ്റിയും കാറ്റിന്റെ തലോടലേറ്റ്‌ പ്രകൃതിയുടെ മടിത്തട്ടിൽ മേഞ്ഞുനടന്നിരുന്ന കാട്ടാനക്കൂട്ടം. ഒന്നിനുപിറകെ മറ്റൊന്നായി കുസൃതികൾ കാട്ടി ഓടി നടക്കുന്ന ആനക്കുട്ടികളും. ഇന്ന്‌ ഓരോ നിമിഷവും തങ്ങളുടെ നിറമായ രാത്രിയെ ഭയക്കുന്നു. കണ്ണുകളടയ്ക്കാതെ മനുഷ്യന്റെ കാലൊച്ചയ്ക്ക്‌ കാതോർത്ത്‌ ഉറങ്ങാതെ രാത്രികൾ പകലുകളാക്കുന്നു. മനുഷ്യന്റെ കടന്നുകയറ്റം മൂലം കാനനഭംഗി ശിഥിലമായി. കാടിന്റെ മക്കളെ തങ്ങളുടെ വരുതിയിലാക്കി ചങ്ങലകളിൽ ബന്ധിച്ച്‌ തോട്ടിമുനകളിൽ നിർത്തി മനുഷ്യൻ സ്വാർഥനാകുന്നു.
നന്നായി ആഹാരവും ദാഹജലവും നൽകാതെ ആ വലിയ മൃഗത്തെ വേദനിപ്പിച്ച്‌ കൂപ്പുകളിലും കുറച്ചുനേരത്തെ വിനോദത്തിനായും ഉപയോഗിക്കുന്നു. സർക്കസ്‌ കൂടാരങ്ങളിലും അമ്പലപ്പറമ്പുകളിലും കാണുന്ന കാഴ്ചകൾ നമ്മെ വേദനിപ്പിക്കുന്നതാണ്‌.
ആനകളെ ക്ഷീണിച്ചവശനിലയിൽ പോലും പാപ്പാന്മാർ ചുട്ടുപൊള്ളുന്ന വെയിലത്ത്‌ തടി പിടിക്കാൻ വേണ്ടി ഉപദ്രവിക്കുന്നത്‌ പതിവുകാഴ്ചയാണ്‌. ഇത്തിരിക്കുഞ്ഞന്മാരായ മനുഷ്യരെ എക്കാലവും ആ വലിയ മൃഗം ഭയത്തോടെ പറയുന്നതനുസരിക്കുകയാണ്‌.
ഉത്സവങ്ങളുടെ കാലമെത്തിയാൽ പുലർച്ചെ മുതൽ അണിയിച്ചൊരുക്കി തീക്കട്ടപോലുള്ള വെയിലത്ത്‌ നാടുകൾ തോറും ഘോഷയാത്രയായി വൻ ജനാവലിക്ക്‌ മുമ്പിൽ വെടിയൊച്ചകളും ചെണ്ടമേളങ്ങളുടെ ശബ്ദവും സഹിച്ച്‌ എത്രയോ ഗജവീരന്മാർ. ഓരോ ഉത്സവപറമ്പുകളിലും ചങ്ങലയാൽ ബന്ധിതരായി തങ്ങളുടെ സ്വാതന്ത്ര്യത്തിനനുസരിച്ച്‌ ഒന്നു ചലിക്കാൻ പോലും കഴിയാതെ മുറംപോലുള്ള ചെവികളാട്ടി നിശബ്ദമായി നിന്ന്‌ കണ്ണുകൾ നിറഞ്ഞൊഴുകുന്നതും കണാം. ആ കണ്ണുനീർ ഉത്സവലഹരിയിൽ ആരും തന്നെ കാണുന്നില്ല.
താങ്ങാനാവുന്നതിലധികം പീഡിപ്പിക്കുമ്പോഴാണ്‌ ആ സാധുമൃഗം അക്രമാസക്തമാകുന്നത്‌. മദപ്പാടുള്ള ആനകളെപ്പോലും നിയമങ്ങൾ കാറ്റിൽപറത്തി എഴുന്നള്ളത്തിനും മറ്റും ഉപയോഗിക്കുന്നു. ആനകളുടെ ദുരിതങ്ങൾ മനുഷ്യന്മാർ വരുത്തുന്നതാണ്‌. കാനനമക്കളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്‌. ആ കണ്ണുനീർ മൃഗസ്നേഹികളായ ആരുംതന്നെ കാണാതെ പോകരുത്‌. ഗജവീരന്മാരെ സംരക്ഷിക്കാതെ പോയാൽ വരുംതലമുറ ഇത്തരം ക്രൂരതകൾ തന്നെ പിന്തുടരും. ഇതിലധികം പീഡനങ്ങൾ ആനകൾ സഹിക്കേണ്ടി വരും. അങ്ങനെ വന്നാൽ നാം ഓരോരുത്തരും വരുംകാലങ്ങളിലും കണ്ണുനീരിൽ കുതിർന്ന ചങ്ങലക്കിലുക്കങ്ങൾ കേൾക്കേണ്ടി വരും.

സൗമ്യ യു എസ്‌
സൗമ്യ നിവാസ്‌
കുന്നിക്കോട്‌ പി.ഒ
കിണറ്റിൻകര

  Categories:
view more articles

About Article Author