മുത്തലാഖ്‌: സുപ്രിംകോടതിയിൽ വാദം കേൾക്കൽ പൂർത്തിയായി; വിധി മാറ്റിവെച്ചു

മുത്തലാഖ്‌: സുപ്രിംകോടതിയിൽ വാദം കേൾക്കൽ പൂർത്തിയായി; വിധി മാറ്റിവെച്ചു
May 19 04:45 2017

ന്യൂഡൽഹി: മുത്തലാഖ്‌ വിഷയത്തിൽ സുപ്രിംകോടതിയിൽ ചീഫ്‌ ജസ്റ്റിസ്‌ അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ചിന്റെ മുന്നിൽ വാദം കേൾക്കൽ പൂർത്തിയായി. എന്നാൽ കേസ്‌ വിധി പറയാനായി മാറ്റിവച്ചു. സ്രഷ്ടാവിനും വ്യക്തിക്കുമിടയിലെ പാപമാണു മുത്തലാഖെന്ന്‌, ഹർജിക്കാരിയായ സൈറ ബാനുവിന്റെ അഭിഭാഷകൻ അമിത്‌ ചന്ദ കോടതിയിൽ വാദിച്ചു. ഒന്നിച്ച്‌ തലാഖ്‌ ചൊല്ലി വിവാഹമോചനം നേടുന്ന രീതി പാപമാണെന്നും അത്‌ അനുശാസിക്കുന്നവരെ ബഹിഷ്കരിക്കണമെന്നും നിർദേശിക്കുന്ന പ്രമേയം നേരത്തേ പാസാക്കിയിരുന്നെന്നു മുസ്ലിം വ്യക്തിനിയമ ബോർഡ്‌ കോടതിയെ അറിയിച്ചിരുന്നു. മുത്തലാഖ്‌ പാപമാണെങ്കിൽ പിന്നെ അതെങ്ങനെ വിശ്വാസത്തിന്റെ ഭാഗമാകുമെന്നു കേന്ദ്രസർക്കാരിനായി ഹാജരായ അറ്റോർണി ജനറൽ മുകുൾ റോത്തഗി വാദിച്ചു. അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡും ജമാ അത്തെ ഇസ്ലാമി ഹിന്ദും മുത്തലാഖിന്‌ അനുകൂലമായി കേസിൽ കക്ഷിചേർന്നിരുന്നു. മുസ്ലിം വിമൻസ്‌ ക്വസ്റ്റ്‌ ഫോർ ഈക്വാലിറ്റി, ഖുർആൻ സുന്നത്ത്‌ സൊസൈറ്റി എന്നീ സംഘടനകൾ മുത്തലാഖിനെതിരെയും ഹർജി നൽകി. കേന്ദ്രസർക്കാരും ഒരു കക്ഷിയാണ്‌. മുൻമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ സൽമാൻ ഖുർഷിദിനെ സുപ്രിം കോടതി അമിക്കസ്‌ ക്യൂറിയായും നിയമിച്ചിരുന്നു.
ചീഫ്‌ ജസ്റ്റിസ്‌ ജെ എസ്‌ ഖെഹർ, ജസ്റ്റിസ്‌ കുര്യൻ ജോസഫ്‌, രോഹിങ്ങ്ടൻ നരിമാൻ, യു യു ലളിത്‌, എസ്‌ അബ്ദുൽ നസീർ എന്നിവരുടെ ബെഞ്ചാണ്‌ വാദം കേട്ടത്‌. സിഖ്‌, ക്രിസ്ത്യൻ, പാഴ്സി, ഹിന്ദു, മുസ്ലിം സമുദായങ്ങളിൽനിന്നും ഓരോരുത്തർ വീതമാണ്‌ ഈ ബെഞ്ചിലുണ്ടായിരുന്നത്‌. മുത്തലാഖിനെ എതിർക്കുന്നവർക്കും അനുകൂലിക്കുന്നവർക്കും മൂന്നുദിവസം വീതം ആറുദിവസത്തെ വാദമാണ്‌ ബെഞ്ച്‌ അനുവദിച്ചത്‌. മുത്തലാഖിലൂടെ വിവാഹബന്ധം വേർപെടുത്തിയ സൈറാ ബാനു, ആഫ്രീൻ റഹ്മാൻ, ഗുൽഷൻ പർവീൺ, ഇഷ്‌റത്‌ ജഹാൻ, അതിയാ സാബ്‌റി എന്നിവരാണ്‌ മുത്തലാഖ്‌ വിഷയത്തിൽ നീതി തേടി കോടതിയെ സമീപിച്ചത്‌. മുത്തലാഖ്‌, ബഹുഭാര്യാത്വം, നിക്കാഹ്‌ ഹലാല എന്നിവ നിരോധിക്കണമെന്നാണു ഹർജിയിലെ പ്രധാന ആവശ്യങ്ങൾ.

  Categories:
view more articles

About Article Author