Sunday
20 Aug 2017

മൂന്നര കോടിയുടെ വിദേശകറൻസിയുമായി ബ്രിട്ടീഷ്‌ പൗരൻ പിടിയിൽ

By: Web Desk | Monday 19 June 2017 4:45 AM IST

പാറശ്ശാല: മൂന്നര കോടിയോളം രൂപയുടെ മൂല്യമുള്ള അഞ്ചുലക്ഷത്തോളം പൗണ്ടുമായി ബ്രിട്ടീഷ്‌ പൗരൻ അമരവിള ചെക്ക്‌ പോസ്റ്റിൽ പിടിയിലായി. ഘാന വംശജനായ റോബ്‌ എഡിസൺ (36) ന്റെ കയ്യിൽ നിന്നാണ്‌ ഫൗണ്ട്‌ പിടികൂടിയത്‌. ഇയാളെ കസ്റ്റഡിയിൽ എടുത്തു.
ചെന്നൈയിൽ നിന്ന്‌ എത്തിയ എഡിസൺ അന്തർ സംസ്ഥാന സ്വകാര്യ ബസ്സിൽ യാത്ര ചെയ്യുമ്പോഴാണ്‌ ചെക്ക്പോസ്റ്റിൽ പിടിയിലായത്‌. പതിവ്‌ പരിശോധനക്കിടയിൽ സംശയം തോന്നിയ ചെക്ക്‌ പോസ്റ്റ്‌ ഉദ്യോഗസ്ഥർ ഇയാളുടെ കൈവശമുണ്ടായിരുന്ന പെട്ടി പരിശോധിച്ചപ്പോഴാണ്‌ ഒമ്പത്‌ കെട്ടോളം വരുന്ന ബ്രിട്ടീഷ്‌ പൗണ്ട്‌ നോട്ടുകളും പൗണ്ട്‌ ഉണ്ടാക്കി മാറ്റാനുള്ള പേപ്പറുകളും ഇതിന്‌ വേണ്ടി ഉപയോഗിക്കുന്ന കെമിക്കലും കണ്ടെത്തിയത്‌. പിടിച്ചെടുത്ത നോട്ടുകൾ വ്യാജമാണോ എന്ന കാര്യം വ്യക്തമായിട്ടില്ല. ലോട്ടറിയും മറ്റ്‌ സമ്മാനങ്ങളും ലഭിക്കുമെന്ന്‌ വിശ്വസിപ്പിച്ച്‌ തട്ടിപ്പ്‌ നടത്തുന്ന അന്താരാഷ്ട്ര സംഘത്തിലെ കണ്ണിയാണ്‌ ഇയാളെന്ന്‌ സംശയമുണ്ട്‌. കൂടുതൽ അന്വേഷണത്തിനായി ഇയാളെ ചെക്ക്‌ പോസ്റ്റ്‌ അധികൃതർ നെയ്യാറ്റിൻകര ഡിവൈഎസ്പിക്ക്‌ കൈമാറി