മൂന്നാറിൽ ടാറ്റയ്ക്കും താൽപര്യം ടൂറിസം വ്യവസായത്തോട്‌

മൂന്നാറിൽ ടാറ്റയ്ക്കും താൽപര്യം ടൂറിസം വ്യവസായത്തോട്‌
May 10 04:45 2017

മൂന്നാർ: ദുരന്ത പർവ്വം 4
ജോമോൻ വി സേവ്യർ
മൂന്നാറിലെ കണ്ണൻദേവൻ മലനിരകൾ കച്ചവട മെയ്‌ വഴക്കത്തോടെ സ്വന്തമാക്കിയ ടാറ്റ ഗ്രൂപ്പ്‌ ആയിരക്കണക്കിന്‌ ഏക്കർ സർക്കാർ ഭൂമിയാണ്‌ പതിറ്റാണ്ടുകളായി കയ്യേറി സ്വന്തം ഭൂമിയായി അനുഭവിച്ചു പോരുന്നത്‌. സ്വന്തം ഭൂമിയാണെന്ന്‌ സ്ഥാപിച്ചെടുക്കാൻ ടാറ്റക്ക്‌ ഇതുവരെ സാധിച്ചിട്ടില്ലെങ്കിലും കയ്യേറ്റ ഭൂമി തിരിച്ചുപിടിക്കാനുള്ള ആർജവം ആരും കാണിക്കാത്തത്‌ മുതലെടുത്താണ്‌ ടാറ്റ ഇപ്പോഴും കയ്യേറ്റഭൂമി സ്വന്തമാക്കി വച്ചിരിക്കുന്നത്‌.
പൂഞ്ഞാർ രാജകുടുംബത്തിന്‌ തിരുവിതാംകൂർ രാജാവ്‌ കൊടുത്ത കണ്ണൻദേവൻ മലനിരകളിലാണ്‌ ടാറ്റയുടെ തേയിലത്തോട്ടം സ്ഥിതി ചെയ്യുന്നത്‌. അന്നത്തെ പാണ്ടിരാജ്യത്തിന്റെയും തിരുവിതാംകൂർ രാജ്യത്തിന്റെയും അതിർത്തി പ്രദേശമായിരുന്ന കണ്ണൻദേവൻ മലനിരകൾ അതിർത്തി തർക്കം ഉണ്ടായതിനെ തുടർന്ന്‌ ഇരു രാജ്യങ്ങളും സർവ്വേ നടത്തി അതിർത്തി പുനർ നിർണ്ണയിക്കാൻ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ബ്രിട്ടീഷുകാരനായ മൺറോ സായ്പിന്റെ നേതൃത്വത്തിൽ സർവ്വേ നടത്തി. അതീവ ജൈവ സമ്പുഷ്ഠമായ പ്രദേശം തേയില കൃഷിക്ക്‌ അനുയോജ്യമാണെന്ന്‌ കണ്ട മൺറോ സായ്പ്‌ 1877-ൽ തേയില കൃഷിക്കായി കണ്ണൻദേവൻ മലനിരകൾ പാട്ടത്തിന്‌ വാങ്ങി. 13,600 ഏക്കർ ഭൂമിയാണ്‌ അന്ന്‌ തിരുവിതാംകൂർ രാജാവ്‌ മൺറോ സായ്പിന്‌ തേയിലകൃഷിക്കായി അനുവദിച്ചത്‌. 1879ൽ പ്ലാന്റേഷൻ സൊസൈറ്റി രൂപീകരിച്ച്‌ ജൈവസമ്പുഷ്ഠമായിരുന്ന കണ്ണൻദേവൻ മലനിരകൾ വെട്ടിത്തെളിച്ച്‌ തേയില കൃഷി ആരംഭിച്ചതോടെയാണ്‌ പശ്ചിമഘട്ട മലനിരകളിൽപ്പെട്ട മൂന്നാർ മലനിരകളുടെ നാശവും ആരംഭിച്ചത്‌. 1895ൽ ഫിൻലെ എന്ന പേരിൽ കമ്പനി രൂപീകരിച്ച്‌ മൺറോ സായ്പ്‌ തന്റെ തേയില കൃഷി തോട്ട മേഖലകൾ ഒരു കുടക്കീഴിലാക്കിയതോടെ തിരുവിതാംകൂർ രാജാവ്‌ പാട്ടത്തിന്‌ നൽകിയ ഭൂമിക്ക്‌ പുറമേ കൈയ്യേറ്റം നടത്തി കൂടുതൽ ഭൂമിയിലേക്ക്‌ കൃഷി വ്യാപിപ്പിച്ചു.
വ്യാപകമായ തോതിൽ വനം നശിപ്പിച്ചതിന്റെ ഫലമായി 1924ലെ പെരുമഴയത്ത്‌ മൂന്നാർ മേഖലയിൽ വൻ ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലും ഉണ്ടായി. എസ്റ്റേറ്റുകൾ പൂർണ്ണമായും നശിക്കുകയും തോട്ടങ്ങളിൽ ജോലിക്കെത്തിയിരുന്ന നൂറുകണക്കിന്‌ തൊഴിലാളികൾ മരിക്കുകയും ചെയ്തു. എന്നാൽ വീണ്ടും പുനർകൃഷി നടത്തി സായ്പ്‌ തേയിലത്തോട്ടങ്ങൾ പുനഃസ്ഥാപിച്ചു.
1964ൽ ഫിൻല കമ്പനി ടാറ്റാ ഗ്രൂപ്പുമായി കരാറിലേർപ്പെട്ടതോടെയാണ്‌ മൂന്നാറിലെ തോട്ടം മേഖലയിലേക്ക്‌ ടാറ്റയുടെ കടന്നുവരവ്‌ ഉണ്ടായത്‌. 1976 ആയപ്പോഴേക്കും ഫിൻല കമ്പനിയെ ഒഴിവാക്കി ടാറ്റ തോട്ടങ്ങൾ മുഴുവൻ സ്വന്തമാക്കി. അന്ന്‌ മൂന്നാർ ടൗൺ ഉൾപ്പടെ 96783 ഏക്കർ ഭൂമിയാണ്‌ ടാറ്റ നിയമസാധുതയില്ലാത്ത ആധാരങ്ങളുടെയും രേഖകളുടെയും മറവിൽ സ്വന്തമാക്കിയത്‌. 2000ത്തോടെ തോട്ടം മേഖലയിൽ നിന്നുള്ള വരുമാനത്തിൽ വൻ കുറവ്‌ ഉണ്ടായതിനെ തുടർന്നാണ്‌ ടാറ്റ മൂന്നാറിന്റെ പ്രകൃതി ഭംഗി മുതലെടുത്ത്‌ ടൂറിസം മേഖലയിലേക്ക്‌ തിരിയാൻ തീരുമാനിച്ചത്‌. ഇതോടെ തേയിലകൃഷിക്കായി പാട്ടത്തിനെടുത്ത ഭൂമി വകമാറി ഉപയോഗിക്കാൻ കമ്പനി ശ്രമം ആരംഭിച്ചു.
2012ൽ തങ്ങളുടെ എസ്റ്റേറ്റുകളിലെ 24 ബംഗ്ലാവുകൾ വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കാൻ അനുവാദം നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ കമ്പനി കേരള ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ കോടതി ആവശ്യപ്പെട്ട ഉടമസ്ഥാവകാശം തെളിയിക്കുന്ന പട്ടയം ഹാജരാക്കാൻ കമ്പനിക്ക്‌ സാധിക്കാത്തതുമൂലം കോടതി ടാറ്റയുടെ ആവശ്യം അംഗീകരിച്ചില്ല.
എന്നാൽ പഞ്ചായത്ത്‌ ഭരണസമിതികളെ സ്വാധീനിച്ച്‌ 24 ടൂറിസ്റ്റ്‌ ബംഗ്ലാവുകൾ നിർമ്മിക്കാനുള്ള അനുമതി ടാറ്റ സ്വന്തമാക്കി. ഇതേ സമയം ടാറ്റയുടെ അനധികൃത കയ്യേറ്റങ്ങൾ കണ്ടെത്താൻ നിയോഗിച്ച സനൽകുമാർ കമ്മീഷൻ റിപ്പോർട്ട്‌ പുറത്ത്‌ വരുന്നത്‌. റീ സർവ്വേ പ്രകാരം 49.46 ഹെക്ടർ ഭൂമി ടാറ്റ കയ്യേറിയിട്ടുണ്ടെന്നാണ്‌ റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളത്‌. 2007 വരെ മൂന്നാറിൽ ടാറ്റയുടേത്‌ ഉൾപ്പടെ മൂന്നാറിലെ മുഴുവൻ കയ്യേറ്റങ്ങളും കണ്ടെത്താൻ റീ സർവ്വേ നടത്തണമെന്ന്‌ മൂന്ന്‌ ഉത്തരവുകൾ ഉണ്ടായെങ്കിലും പൂർണ്ണ തോതിലുള്ള റീ സർവ്വേ നടത്തി റിപ്പോർട്ട്‌ ഇതുവരെ സമർപ്പിച്ചിട്ടില്ല. സർക്കാരുകളുടെ ഈ അനാസ്ഥയും വൻകിട കയ്യേറ്റക്കാർ മൂന്നാറിൽ മുതലെടുത്തിട്ടുണ്ട്‌.
ഏലമല കാടുകൾ തോട്ടങ്ങളായി സംരക്ഷിക്കപ്പെടണമെന്ന 1964ലെ ഭൂമി പതിവ്‌ ചട്ടങ്ങളും 1993ലെ പ്രത്യേക ഭൂമി പതിവ്‌ ചട്ടങ്ങളും 1961ലെ ഏലമല പാട്ടചട്ടങ്ങളും നിഷ്കർഷിക്കുന്നുണ്ടെങ്കിലും അതെല്ലാം അട്ടിമറിച്ചു കൊണ്ടാണ്‌ ടാറ്റയും ഹാരിസൺ മലയാളം ലിമിറ്റഡും ഉൾപ്പടെയുള്ള കമ്പനികൾ മൊട്ടക്കുന്നുകൾ ഇടിച്ച്‌ നിരത്തിയും വൻമരങ്ങൾ വെട്ടിമാറ്റിയും ബഹുനില കെട്ടിടങ്ങൾ നിർമ്മിച്ച്‌ ടൂറിസം വ്യവസായം ആരംഭിച്ചിരിക്കുന്നത്‌.
ഭാവിയിൽ സാഹസിക ടൂറിസം, കോർപറേറ്റ്‌ ടൂറിസം, ഫ്ലോറി കൾച്ചർ, ജൈവ കീടനാശിനി നിർമ്മാണം, മിനറൽ വാട്ടർ നിർമ്മാണം എന്നിങ്ങനെയുള്ള വമ്പൻ പദ്ധതികൾ മൂന്നാർ കേന്ദ്രീകരിച്ച്‌ നടത്താനാണ്‌ ടാറ്റയുടെ തീരുമാനം. ഇതോടെ മൂന്നാറിൽ അവശേഷിക്കുന്ന പച്ചപ്പുകൂടി ഇല്ലാതാകും.
(അവസാനിക്കുന്നില്ല)

  Categories:
view more articles

About Article Author