മൂന്നാറിൽ പഴുതുകളടച്ച്‌ കയ്യേറ്റം ഒഴിപ്പിക്കൽ

മൂന്നാറിൽ പഴുതുകളടച്ച്‌ കയ്യേറ്റം ഒഴിപ്പിക്കൽ
April 21 04:00 2017

ജോമോൻ വി സേവ്യർ
തൊടുപുഴ: എല്ലാ പഴുതുകളുമടച്ചുള്ള കയ്യേറ്റമൊഴിപ്പിക്കലിനാണ്‌ മൂന്നാറിൽ റവന്യു വകുപ്പ്‌ തുടക്കമിട്ടിരിക്കുന്നത്‌. ദേവികുളം സബ്കളക്ടർ ആർ ശ്രീറാമിന്റെ നേതൃത്വത്തിൽ ദേവികുളം, ഉടുമ്പൻചോല തഹസിൽദാർമാരും ഡെപ്യൂട്ടി തഹസിൽദാർമാരും ആഴ്ചകൾക്ക്‌ മുമ്പ്‌ തന്നെ ഇതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
ഭൂമാഫിയ കയ്യേറിയ ഭൂമിയെ കുറിച്ചുള്ള മുഴുവൻ രേഖകളും പരിശോധിക്കുകയും അതിൽ വ്യാജ പട്ടയങ്ങൾ ഉപയോഗിച്ച്‌ കയ്യേറിയ ഭൂമി തരംതിരിക്കുകയും ചെയ്തിരുന്നു. വൻകിട കയ്യേറ്റങ്ങളുടെ ലിസ്റ്റ്‌ വില്ലേജ്‌ അടിസ്ഥാനത്തിൽ തരംതിരിച്ച്‌ തയ്യാറാക്കി തഹസിൽദാർമാർ സബ്‌ കളക്ടർക്ക്‌ കൈമാറി. ഇതിൽ കോടതികളിൽ കേസ്‌ നടക്കുന്ന ഭൂമിയുണ്ടോയെന്നും പരിശോധിച്ച ശേഷമാണ്‌ കയ്യേറ്റ ഭൂമിയുടെ അന്തിമ ലിസ്റ്റ്‌ തയ്യാറാക്കിയിരിക്കുന്നത്‌.
കഴിഞ്ഞ ദിവസം സബ്‌ കളക്ടർ ആർ ശ്രീറാം വിളിച്ചു ചേർത്ത ദേവികുളം താലൂക്കിലെ റവന്യു ഉദ്യോഗസ്ഥരുടെ യോഗത്തിൽ കയ്യേറ്റം ഒഴിപ്പിക്കുന്നതിനുള്ള അന്തിമ രൂപരേഖ തയ്യാറാക്കുകയും ചെയ്തു. കയ്യേറ്റമൊഴിപ്പിക്കുമ്പോൾ സംഘർഷം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ്‌ റിപ്പോർട്ടിനെ തുടർന്ന്‌ കൂടുതൽ പൊലീസിനെ സംരക്ഷണത്തിനായി നിയമിക്കുകയും ചെയ്തു. അന്തിമ ലിസ്റ്റും രൂപ രേഖയും ജില്ലാ കളക്ടർ ജി ആർ ഗോകുൽ അംഗീകരിച്ചതോടെയാണ്‌ കയ്യേറ്റമൊഴിപ്പിക്കൽ റവന്യു വകുപ്പ്‌ ഇന്നലെ പുനരാരംഭിച്ചത്‌. ഏറ്റവും കൂടുതൽ വൻകിട കയ്യേറ്റങ്ങൾ നടന്നിട്ടുള്ള ചിന്നക്കനാൽ വില്ലേജിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള റവന്യു സംഘത്തിന്റെ തീരുമാനം അനുസരിച്ചാണ്‌ ഇന്നലെ പാപ്പാച്ചിചോലയിൽ തൃശ്ശൂർ ആസ്ഥാനമായുള്ള സ്പിരിറ്റ്‌ ഇൻ ജീസസ്‌ എന്ന സംഘടന കയ്യേറി കുരിശ്‌ സ്ഥാപിച്ച സ്ഥലം ഒഴിപ്പിച്ചത്‌. മൂന്നാർ മേഖലയിലെ ഏറ്റവും ഉയർന്ന മലനിരകളിൽ ഒന്നായ പാപ്പാച്ചിചോലയിൽ 2183 ഏക്കർ സർക്കാർ ഭൂമിയുണ്ടെന്നാണ്‌ റവന്യു വകുപ്പിന്റെ കണക്ക്‌. ഇതിൽ 200 ഏക്കറോളം ഭൂമിയാണ്‌ സംഘടന കയ്യേറിയിട്ടുള്ളത്‌. നേരത്തെ കയ്യേറ്റമൊഴിപ്പിക്കാൻ ചെന്ന റവന്യു സംഘത്തെ സ്പിരിറ്റ്‌ ഇൻ ജീസസ്‌ സംഘടനയിൽപ്പെട്ടവർ തടഞ്ഞിരുന്നു. ഇതേ തുടർന്ന്‌ കയ്യേറ്റമൊഴിപ്പിക്കാതെ സംഘം മടങ്ങിപ്പോയി. ഇതിനിടെ സർക്കാർ ഭൂമി കയ്യേറി സ്ഥാപിച്ച കുരിശ്‌ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട്‌ നോട്ടീസ്‌ നൽകിയ ഉടുമ്പൻചോല ഡെപ്യൂട്ടി തഹസിൽദാർ എം കെ ഷാജിക്കെതിരെ ഭൂമി കയ്യേറിയ സംഘടനയുടെ സ്ഥാപക നേതാക്കളിലൊരാളായ ടോമി സ്കറിയ വക്കീൽ നോട്ടീസ്‌ അയച്ചിരുന്നു. സംഘടന ഭൂമി കയ്യേറിയിട്ടില്ലെന്നും അതിനാൽ നോട്ടീസ്‌ പിൻവലിക്കണമെന്നുമാണ്‌ വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ളത്‌. എന്നാൽ കയ്യേറ്റമൊഴിപ്പിക്കലുമായി എല്ലാ മുൻകരുതലുകളുമെടുത്ത്‌ റവന്യു സംഘം നീങ്ങുകയായിരുന്നു. അതിരാവിലെ തന്നെ കയ്യേറ്റമൊഴിപ്പിക്കൽ വൻ പൊലീസ്‌ സന്നാഹത്തോടെ നടത്തുകയുമായിരുന്നു.
വരുംദിവസങ്ങളിലും കൂടുതൽ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള നീക്കത്തിലാണ്‌ റവന്യു സംഘം. ഇന്ന്‌ തിരുവനന്തപുരത്ത്‌ മുഖമന്ത്രിയും റവന്യു വകുപ്പ്‌ മന്ത്രിയുമായും ജില്ലാ കളക്ടർ ജി ആർ ഗോകുലും ദേവികുളം സബ്‌ കളക്ടർ ആർ ശ്രീറാമും ഇത്‌ സംബന്ധിച്ച്‌ ചർച്ചകൾ നടത്തും. നാളെ ജില്ലയിലെ മുതിർന്ന റവന്യു ഉദ്യോഗസ്ഥരുടെ യോഗം കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേരാനും തീരുമാനിച്ചിട്ടുണ്ട്‌.

  Categories:
view more articles

About Article Author