മൂന്നാർ കയ്യേറ്റ മാഫിയയുടെ പറുദീസ

മൂന്നാർ കയ്യേറ്റ മാഫിയയുടെ പറുദീസ
May 07 04:50 2017

മൂന്നാർ; ദുരന്തപർവം | ജോമോൻ വി സേവ്യർ
മൂന്നാർ കേരളത്തിന്റെ അമൂല്യ പ്രകൃതിസമ്പത്താണ്‌. ജൈവവൈവിധ്യംകൊണ്ടും പ്രകൃതിരമണീയതകൊണ്ടും ആഗോള വിനോദസഞ്ചാരഭൂപടത്തിൽ ശ്രദ്ധേയമായ സ്ഥാനം നേടിയ മൂന്നാർ ഇന്ന്‌ നാശോൻമുഖമായിക്കൊണ്ടിരിക്കുകയാണ്‌. യുക്തിസഹമല്ലാത്ത ഇടപെടലുകൾ മൂന്നാറിന്‌ ദുരിതപർവം രചിക്കുകയാണ്‌.
മൂന്നാർ മലനിരകളിൽ രണ്ടായിരത്തിന്‌ ശേഷം ഉണ്ടായ മാറ്റങ്ങൾ ഒരു നൂറ്റാണ്ടുകൊണ്ട്‌ ഉണ്ടാകാത്ത വിധത്തിലുള്ളതാണ്‌. അതിന്റെ പ്രധാന കാരണം ടൂറിസം രംഗത്തുണ്ടായ വികസനമാണ്‌. വിനോദസഞ്ചാരികൾ ഒഴുകിയെത്തിയതോടെ റിസോർട്ടുകളുടെയും വൻകിട ഹോട്ടലുകളുടെയും വാണിജ്യസാധ്യത മുതലെടുക്കാൻ ചിലർ ശ്രമങ്ങളാരംഭിച്ചു. തോട്ടം മേഖലയും ഏലമലക്കാടുകളും പദ്ധതി പ്രദേശങ്ങളും വനങ്ങളും ഉൾപ്പെടുന്ന മൂന്നാർ മേഖലയിൽ നിയമാനുസൃതം ഭൂമി സ്വന്തമാക്കി കെട്ടിടങ്ങൾ നിർമിക്കാൻ സാധിക്കില്ലെന്ന്‌ അറിഞ്ഞതോടെയാണ്‌ കയ്യേറ്റ മാഫിയയുടെ കടന്നു വരവ്‌.
കയ്യേറ്റ മാഫിയയും റിസോർട്ട്‌ മാഫിയയും കൈകോർത്തതോടെ കൃത്രിമരേഖകൾ ചമച്ച്‌ ഭൂമി കയ്യേറി ബഹുനില റിസോർട്ടുകളും ഹോട്ടലുകളും പണിതുയർത്താൻ തുടങ്ങി. ഇതിന്‌ ചില ഉദ്യോഗസ്ഥരുടെ ഒത്താശയും കൂട്ടിനുണ്ടായിരുന്നു.
മൂന്നാറിന്റെ നാശത്തിന്‌ വഴിയൊരുക്കുന്ന കയ്യേറ്റങ്ങളെക്കുറിച്ച്‌ ഒരന്വേഷണം.


മൂന്നാർ കയ്യേറ്റ മാഫിയയുടെ പറുദീസ
ലോക ടൂറിസം ഭൂപടത്തിൽ ഇടംനേടിയതോടെയാണ്‌ മൂന്നാർ റിസോർട്ട്‌ മാഫിയകളുടെയും കയ്യേറ്റക്കാരുടെയും ഇഷ്ടഭൂമിയായി മാറിയത്‌. ജൈവ സമ്പന്നമായ പശ്ചിമഘട്ട മലനിരകളും പ്രകൃതി അനുഗ്രഹിച്ച്‌ നൽകിയ സൗന്ദര്യവും കച്ചവട താൽപര്യത്തോടെ ഒരു വിഭാഗം ചൂഷണം ചെയ്ത്‌ തുടങ്ങിയതോടെ മൂന്നാറിന്റെ നാശവും തുടങ്ങി.
1870കളിൽ രാജഭരണ കാലത്ത്‌ തേയില, ഏലം കൃഷികൾക്കായി ജൈവസമ്പന്നമായ പശ്ചിമഘട്ടത്തിലെ മലനിരകൾ പാട്ടത്തിന്‌ കുത്തക കമ്പനികൾക്ക്‌ നൽകിയതോടെയാണ്‌ മൂന്നാർ മേഖലയിലേക്ക്‌ കുടിയേറ്റം ആരംഭിക്കുന്നത്‌. 1900ത്തിന്റെ തുടക്കത്തിൽ പാണ്ടി രാജ്യത്തു നിന്നും തൊഴിലാളികളെ കൊണ്ടു വന്ന്‌ അടിമ പണി ചെയ്താണ്‌ കമ്പനികൾ തോട്ടങ്ങൾ പരിപാലിച്ചു പോന്നത്‌. നരക തുല്യമായ അവരുടെ ജീവിതം വന്യമൃഗങ്ങളോടും മോശം കാലാവസ്ഥയോടും പട്ടിണിയോടും പടവെട്ടിയുള്ളതായിരുന്നു. അവരുടെ പിൻതുടർച്ചക്കാരാണ്‌ തൊഴിലാളികളായി തോട്ടങ്ങളിൽ ഇപ്പോഴും തുടരുന്നത്‌.
തേയില, ഏലം കൃഷികൾക്കായി പശ്ചിമഘട്ട മലനിരകൾ പാട്ടത്തിന്‌ നൽകുമ്പോൾ അതിനോട്‌ അനുബന്ധിച്ചുള്ള മലനിരകളും അപൂർവ്വ സസ്യ ജീവജാലങ്ങളും സംരക്ഷിക്കപ്പെടുമെന്നുമുള്ള വിശ്വാസവും സദുദ്ദേശ്യവും അന്നത്തെ ഭരണാധികാരികൾക്ക്‌ ഉണ്ടായിരുന്നു. എന്നാൽ പാട്ടത്തിനെടുത്ത ഭൂമിയിൽ തേയിലയും ഏലവും കൃഷി ചെയ്ത്‌ കുത്തക മുതലാളിമാരായി മാറിയ കോർപറേറ്റ്‌ കമ്പനികൾ ആയിരക്കണക്കിന്‌ ഏക്കർ ഭൂമി കയ്യേറുകയും അത്‌ ഒഴിപ്പിച്ചെടുക്കാൻ കേരള സംസ്ഥാന രൂപീകരണത്തിന്‌ ശേഷം അധികാരത്തിലെത്തിയ സർക്കാരുകൾക്ക്‌ സാധിക്കാതെ വരുകയും ചെയ്തു. രാജഭരണ കാലത്തു തന്നെ പാട്ടക്കരാറുകൾ പുതുക്കി നൽകിയതും അതുമായി ബന്ധപ്പെട്ട രേഖകൾ സർക്കാരിന്റെ കൈവശം ഇല്ലാത്തതും മുതലെടുത്ത്‌ കുത്തക മുതലാളിമാർ കോടതികളിൽ നിന്ന്‌ അനുകൂല വിധികൾ സമ്പാദിച്ചു കൊണ്ട്‌ ഇപ്പോഴും തോട്ടങ്ങളും കയ്യേറ്റ ഭൂമികളും നിലനിർത്തിക്കൊണ്ടിരിക്കുകയാണ്‌.
ടൂറിസംവകുപ്പിന്റെ കണക്ക്‌ അനുസരിച്ച്‌ ഒരു കലണ്ടർ വർഷം രണ്ട്‌ ലക്ഷത്തോളം വിദേശീയരും തദ്ദേശീയരും അടക്കമുള്ള വിനോദ സഞ്ചാരികൾ മൂന്നാർ സന്ദർശിക്കുന്നുണ്ട്‌. സഞ്ചാരികളുടെ വരവ്‌ വർധിച്ചതോടെയാണ്‌ മൂന്നാർ മേഖലയിൽ കോൺക്രീറ്റ്‌ കെട്ടിടങ്ങൾ ഉയർന്ന്‌ തുടങ്ങിയത്‌. ആദ്യ കാലങ്ങളിൽ വിനോദ സഞ്ചാരികൾ സാഹസിക ടൂറിസത്തിനായിട്ടായിരുന്നു മൂന്നാർ തെരഞ്ഞെടുത്തിരുന്നത്‌. മൂന്നാറിന്റെയും പശ്ചിമഘട്ട മലനിരകളുടെയും സൗന്ദര്യത്തെക്കുറിച്ചുള്ള വിവരങ്ങൾ തോട്ടങ്ങളിൽ ജോലിക്കെത്തിയ വിദേശിയർ ഇന്ത്യക്ക്‌ പുറത്തേക്ക്‌ പ്രത്യേകിച്ച്‌ യൂറോപ്യൻ രാജ്യങ്ങളിലേക്ക്‌ പകർന്നതോടെയാണ്‌ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകളുടെ ഒഴുക്കുണ്ടായത്‌. ഇതോടെ സഞ്ചാരികൾക്കായി അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കേണ്ടതായി വന്നു. അതുവരെ മൂന്നാറിന്റെ പ്രകൃതിക്ക്‌ ഇണങ്ങുന്ന വിധമുള്ള തൊഴിലാളി ലയങ്ങളും ഫാക്ടറി കെട്ടിടങ്ങളും ഉണ്ടായിരുന്ന മൂന്നാറിൽ കോൺക്രീറ്റ്‌ കെട്ടിടങ്ങളും പിന്നീട്‌ ബഹുനില കെട്ടിടങ്ങളും ഉയർന്ന്‌ തുടങ്ങി.
സഞ്ചാരികളുടെ എണ്ണം ഓരോ വർഷവും വർധിച്ചതോടെ അതീവ പരിസ്ഥിതി ലോല പ്രദേശമായി സംരക്ഷിക്കപ്പെട്ടിരുന്ന മലനിരകൾ ഇടിച്ചു നിരത്തിയും ജൈവസമ്പന്നമായിരുന്ന മൊട്ടക്കുന്നുകൾ നശിപ്പിച്ചും റിസോർട്ടുകളും ബഹുനില ഹോട്ടലുകളും പൊങ്ങി തുടങ്ങി. കയ്യേറ്റ മാഫിയയും കച്ചവട ലാഭത്തോടെ മൂന്നാറിനെ കണ്ടു തുടങ്ങുകയായിരുന്നു. ആദ്യകാലഘട്ടത്തിൽ ഭൂമി കുത്തക പാട്ടത്തിനെടുത്ത എസ്റ്റേറ്റ്‌ മുതലാളിമാർ തന്നെയാണ്‌ കയ്യേറ്റത്തിന്‌ നേതൃത്വം നൽകിയത്‌. ടാറ്റയും ഹാരിസൺ മലയാളം ലിമിറ്റഡുമെല്ലാം കെ ഡി എച്ച്‌, പള്ളിവാസൽ, ചിന്നക്കനാൽ വില്ലേജുകളിൽ ആയിരക്കണക്കിന്‌ ഏക്കർ സർക്കാർ ഭൂമിയാണ്‌ കയ്യേറിയത്‌. ഇതിൽ റവന്യു ഭൂമിയും വനംവകുപ്പിന്റെ ഭൂമിയും കെഎസ്‌ഇബിയുടെ ഭൂമിയും ഉൾപ്പെടും. സംസ്ഥാന രൂപീകരണത്തിന്റെ ആദ്യകാലഘട്ടങ്ങളിൽ വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മ മുതലെടുത്താണ്‌ വൻകിട കുത്തകകൾ വിവിധ സർക്കാർ വകുപ്പുകളുടെ ഭൂമികൾ കയ്യേറിയത്‌.
കുത്തകപാട്ടത്തിന്റെ മറവിൽ ലക്ഷക്കണക്കിന്‌ ഏക്കർ സർക്കാർ ഭൂമി ടാറ്റയും മറ്റ്‌ കുത്തക മുതലാളിമാരും തട്ടിയെടുത്തുവെന്ന്‌ വ്യാപകമായ പരാതികൾ ഉയർന്നതിനെ തുടർന്ന്‌ 1971ൽ സി അച്യുതമേനോൻ മന്ത്രിസഭയാണ്‌ സർക്കാർ ഭൂമി തിരിച്ചുപിടിക്കാനായി ആദ്യമായി ശ്രമിച്ചത്‌. നാലാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിൽ അതിനായി പ്രത്യേക നിയമം കൊണ്ടു വന്നു. നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ ടാറ്റ കയ്യേറിയ 1,3700 ഏക്കർ ഭൂമി അന്ന്‌ പ്രതിഫലം നൽകാതെ തന്നെ തിരിച്ചു പിടിച്ചു. ഇങ്ങനെ തിരിച്ചു പിടിച്ച ഭൂമിയിലാണ്‌ പിന്നീട്‌ ഇരവികുളം ദേശീയ പാർക്ക്‌ സ്ഥാപിച്ചത്‌.
അന്നത്തെ സർക്കാർ നടപടികളെ തുടർന്ന്‌ കയ്യേറ്റത്തിന്റെ തോതിൽ കുറവ്‌ വന്നെങ്കിലും 1980കളോടെ കയ്യേറ്റ മാഫിയ മൂന്നാറിൽ വീണ്ടും പിടിമുറുക്കുകയായിരുന്നു. മൂന്നാറിനെ കച്ചവട കണ്ണോടെ കണ്ട റിസോർട്ട്‌ മാഫിയയുടെ പിൻബലവും കയ്യേറ്റത്തിനുണ്ടായി. ഇതോടെ മൂന്നാർ മലനിരകളിലെ മൊട്ടക്കുന്നുകൾ ബഹുനില കോൺക്രീറ്റ്‌ കെട്ടിടങ്ങളായി രൂപാന്തരപ്പെട്ടു.

(അവസാനിക്കുന്നില്ല.)

 

  Categories:
view more articles

About Article Author