മൂല്യവത്തായ ഉന്നതവിദ്യാഭ്യാസം യുവാക്കളുടെ അവകാശം

മൂല്യവത്തായ ഉന്നതവിദ്യാഭ്യാസം യുവാക്കളുടെ അവകാശം
May 18 04:55 2017

പ്രൊഫ. മോഹൻദാസ്‌
ഉന്നത വിദ്യാഭ്യാസത്തെ സംബന്ധിക്കുന്ന, ആധുനിക ഗവേഷണ ഫലങ്ങളൊക്കെ അവസാനിക്കുന്നത്‌ ഒരേ തരത്തിലുള്ള വിശകലനത്തിലാണ്‌. വിദ്യാഭ്യാസത്തിന്റെ ആന്തരികമൂല്യം അളവെടുക്കാനാകാത്ത വിധം ആഴത്തിലുള്ളതാണെന്നതാണ്‌ ആ സത്യം. ഈ മൂല്യം കേവലം ഒരു സർട്ടിഫിക്കറ്റ്‌ നേടുന്നതിൽ ഒതുങ്ങുന്നില്ല. അമേരിക്കൻ ബ്യൂറോ ഓഫ്‌ ലേബർ സ്റ്റാറ്റിസ്റ്റിക്സ്‌ കണ്ടെത്തിയിട്ടുള്ള യാഥാർത്ഥ്യം ഇതിനോട്‌ പൂരകമാണ്‌. സർവകലാശാല ബിരുദം നേടിയിട്ടില്ലാത്ത ഒരു യുവാവിനെക്കാളും എത്രയോ മടങ്ങ്‌ വരുമാനമാണ്‌ സാങ്കേതിക തികവ്‌ നേടിയ യുവാക്കൾക്ക്‌ ലഭിക്കുന്നത്‌ എന്ന്‌ മുൻപറഞ്ഞ സ്ഥാപനം തെളിവുസഹിതം കണക്ക്‌ നിരത്തുന്നുണ്ട്‌. അമേരിക്കൻ സെൻസസ്‌ ബ്യൂറോയുടെ റിപ്പോർട്ടും ഇതിനോട്‌ ചേർന്ന്‌ പോകുന്നതാണ്‌. ശരാശരി ഹൈസ്കൂൾ വിദ്യാഭ്യാസമുള്ള ഒരു യുവാവ്‌ തന്റെ ജീവിതകാലത്ത്‌ 1.2 ദശലക്ഷം ഡോളർ സമ്പാദിക്കുമ്പോൾ ഒരു ബിരുദധാരി അതിന്റെ ഇരട്ടി ഡോളറാണ്‌ ഈ കാലയളവിൽ സമ്പാദിക്കുന്നത്‌. എന്നാൽ സാങ്കേതിക തികവ്‌ നേടിയിട്ടുള്ള ഒരു യുവാവാകട്ടെ ഉന്നതബിരുദം ഇല്ലെങ്കിൽക്കൂടി ഇതിലും എത്രയോ ഇരട്ടി സമ്പാദിക്കുന്നു. ഈ യാഥാർത്ഥ്യം വിസ്മരിച്ചുകൊണ്ടുള്ള ഒരു ഉന്നതവിദ്യാഭ്യാസം പൂർണതയിലെത്തുന്നതല്ല. മുൻപറഞ്ഞ കണക്കുകൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നൂറ്‌ ശതമാനം ശരിയാണെന്ന്‌ കരുതാവുന്നതാണ്‌.
നമ്മുടെ ഉന്നതവിദ്യാഭ്യാസത്തിന്റെ മൂല്യം നേരത്തെ പറഞ്ഞ ഹൈസ്കൂൾ വിദ്യാഭ്യാസത്തേക്കാളും ബിരുദ വിദ്യാഭ്യാസത്തേക്കാളും വളരെ പുറകിലാണ്‌ എന്ന്‌ സമ്മതിക്കേണ്ടി വരും. ഇത്തരത്തിൽ അനന്തമായ ഉന്നതവിദ്യാഭ്യാസ മേഖല കൈവരിച്ചിട്ടുള്ള മൂല്യത്തെക്കുറിച്ചും അതിന്റെ ഗുണനിലവാരത്തെക്കുറിച്ചും ഏതൊരു മനുഷ്യനും വ്യാകുലചിത്തരാകുന്നത്‌ ഈ മേഖലയോടുള്ള പ്രതിപത്തി കൊണ്ടുതന്നെയാണ്‌. നാം ഇന്ന്‌ ജീവിക്കുന്ന ഈ ഭൂമി, നമ്മുടെ പൂർവകർ നമ്മെ ഏൽപിച്ചതുപോലെ, നമുക്കത്‌ വരുംതലമുറയ്ക്ക്‌ കൈമാറാൻ കഴിയണമെങ്കിൽ അതനുസരിച്ചുള്ള സാങ്കേതിക വൈദഗ്ധ്യവും മറ്റുതരത്തിലുള്ള അറിവുകളും ഇന്നത്തെ തലമുറയ്ക്ക്‌ അനുസ്യൂതം ലഭിക്കണം. നീരുവറ്റി ചണ്ടിയായിത്തീർന്ന ഭൂമിയും അതിലെ വിണ്ടുകീറി, വളമില്ലാത്ത വന്ധ്യമായ മണ്ണുമല്ല വരും തലമുറയ്ക്ക്‌ കൈമാറേണ്ടത്‌. അതുകൊണ്ടുതന്നെ ഈ ഭൂമിയിൽ ലഭ്യമായ എല്ലാ വസ്തുക്കളും വിവേചനബുദ്ധിയോടെ ക്രമമായി മാത്രം ഉപയോഗിച്ച്‌ ബാക്കിയുള്ളവ മിച്ചം വയ്ക്കുന്നതിന്‌ നമ്മെ പഠിപ്പിക്കുന്ന ഒരു കൃത്യമായ വിദ്യാഭ്യാസമാണ്‌ നമുക്കിന്നുവേണ്ടത്‌. അത്തരം വിദ്യാഭ്യാസത്തെ മാത്രമെ മൂല്യവത്തായ വിദ്യാഭ്യാസം എന്ന്‌ വിളിക്കുവാൻ കഴിയുകയുള്ളു.
ബിരുദതലം മുതലുള്ള ഉന്നതവിദ്യാഭ്യാസം വ്യക്തികളെ ബുദ്ധിമാന്മാരും വിവേകികളും ആക്കിത്തീർക്കുന്നുണ്ട്‌ എന്ന്‌ കരുതിയാലും ഇന്ത്യയിലെ ഒരു ശരാശരി ബിരുദധാരിയുടെ ബുദ്ധിയും വിവേകവും ഉയർന്ന ഒരുതലത്തിൽ എത്തിച്ചേരുന്നതായി കാണുന്നില്ല. ഇത്തരത്തിൽ ബുദ്ധിമാൻ ആയ ഒരു വ്യക്തി തന്റെ ജീവിതത്തിന്റെ ഗുണമേന്മയിലും ഇതേ നിലവാരം പുലർത്തേണ്ടതുണ്ട്‌. ഹൈസ്കൂൾ വിദ്യാഭ്യാസം ലഭിച്ച ഒരു വ്യക്തിയുടെ ഐക്യു 105 ആണെങ്കിൽ ബിരുദധാരിയുടേത്‌ 115 ആയിരിക്കുമെന്നാണ്‌ പല പഠനങ്ങളും വ്യക്തമാക്കുന്നത്‌. ഇത്തരം ഉയർന്ന നിലയിൽ ഐക്യു ഉളളവർ പ്രശ്നപരിഹാര മാർഗങ്ങളിൽ കൂടുതൽ മികവ്‌ കണ്ടെത്തുമെന്നാണ്‌ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്‌. ഈയൊരു നിലവാരത്തിൽ എത്തിച്ചേരുവാൻ കഴിയാത്തതുകൊണ്ട്‌ കൂടിയാണ്‌ നമ്മുടെ യുവാക്കളിൽ പലരും പലവിധ തൊഴിൽ മേഖലകളിലും പിന്തള്ളപ്പെട്ടുപോകുന്നത്‌. യഥാർത്ഥമായ മൂല്യവത്താർന്ന ഉന്നതവിദ്യാഭ്യാസം നേടിയവർക്ക്‌ തുറന്നുകിട്ടുന്ന അവസരങ്ങൾ ഇന്ന്‌ അതിരുകൾ നിശ്ചയിക്കുവാൻ കഴിയാത്തതാണ്‌. ഒത്തുചേർന്ന അത്തരം മൂല്യവത്താർന്ന വിദ്യാഭ്യാസം നമുക്ക്‌ നൽകുവാൻ കഴിയുന്നില്ല എന്നതാണ്‌ പരമാർത്ഥം.
ബിരുദ വിദ്യാഭ്യാസം നേടുന്നവരെ കാത്തിരിക്കുന്ന വിവിധതരത്തിലുള്ള സാഹചര്യങ്ങളിൽ ഒന്നാണ്‌ വിദേശപഠനത്തിനുള്ള സാഹചര്യങ്ങളിൽ ഒന്നാണ്‌ വിദേശപഠനത്തിനുള്ള അവസരം. ചുരുങ്ങിയത്‌ ബിരുദ യോഗ്യതയെങ്കിലും നേടിയവർക്ക്‌ മാത്രമെ ഈ അവസരം ഉപയോഗപ്പെടുത്തുവാൻ കഴിയുകയുള്ളു. കലാലയ വിദ്യാഭ്യാസത്തിന്റെ മൂല്യം വളരെയേറെ വർധിക്കുന്ന ഈ അവസരം കടുത്ത മത്സരത്തിലൂടെ മാത്രമെ സ്വായത്തമാക്കുവാൻ സാധിക്കൂ. ഈ മത്സരത്തിൽ വിജയിക്കണമെങ്കിൽ നമ്മുടെ ബിരുദവിദ്യാഭ്യാസത്തിന്റെ മൂല്യതോത്‌ ഇനിയും വർധിപ്പിക്കേണ്ടിയിരിക്കുന്നു. ഒരു വർഷം ഇന്ത്യയിൽ നിന്ന്‌ ഏകദേശം 1,11,4000 വിദ്യാർഥികൾക്കാണ്‌ വിദേശ സർവകലാശാലകളിൽ അവസരം ലഭിക്കുന്നത്‌. ആധുനികശാസ്ത്രം, സാങ്കേതികവും അല്ലാത്തതുമായ വിഷയങ്ങളിൽ ആഴത്തിലുള്ള അറിവ്‌, അതിനുശേഷം വിദേശത്ത്‌ ഉയർന്ന ശമ്പളത്തോടെയുള്ള ജോലി എന്നിവയാണ്‌ ഈ പഠനത്തിന്റെ ആകർഷണീയത. ഇത്തരത്തിൽ വിദേശപഠനം സാധ്യമാകുന്ന ഇന്ത്യൻ വിദ്യാർഥികളിൽ 30-40 ശതമാനം പേരും പഠനത്തോടൊപ്പം ജോലിയും സമ്പാദിക്കുന്നതുകൊണ്ട്‌ സ്വയം പര്യാപ്തത നേടുകയും ചെയ്യുന്നു. പക്ഷെ ഈ അവസരം വേണ്ട വിധത്തിൽ ഉപയോഗിക്കുവാൻ സാധിക്കാത്ത ഭൂരിപക്ഷം വിദ്യാർഥികളും ബിരുദപഠന വൈകല്യത്തിന്റെ ഇരകളാണ്‌. മൂല്യവത്താർന്ന ബിരുദപഠന സംഘാടനം മാത്രമാണ്‌ ഇതിനൊരു പോംവഴി.
അനുസ്യൂതം നിർഗളിച്ചുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസപ്രക്രിയയ്ക്ക്‌ എപ്പോൾ ഒരു നിശ്ചലാവസ്ഥ സംജാതമാകുന്നുവോ, പ്രസ്തുത അവസ്ഥാവിശേഷം ചോർത്തിക്കളയുന്നത്‌ വിദ്യാഭ്യാസത്തിന്റെ മൂല്യ വർധനവിനെയാണ്‌. സമൂഹത്തിൽ ഒരു ബോധദീപ്തക വ്യക്തിത്വം വളർത്തിയെടുത്ത്‌ അവനെ പരിപൂർണതയിലെത്തിക്കുക എന്ന പരമലക്ഷ്യം പ്രാവർത്തികമാക്കേണ്ടുന്ന ഭാരിച്ച ഉത്തരവാദിത്വമാണ്‌ വിദ്യാഭ്യാസമെന്ന പ്രക്രിയയ്ക്ക്‌ നിർവഹിക്കുവാനുള്ളത്‌. മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്‌ മാത്രമേ ഈ ഉത്തരവാദിത്വം പൂർത്തീകരിക്കുവാൻ കഴിയുകയുള്ളു.
ലിംഗവർണ-വർഗ വ്യത്യാസരഹിതമായ ഒരു സമ്പൂർണ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം സൃഷ്ടിച്ചെടുക്കുക എന്ന ഉത്തരവാദിത്വം പൂർണമായ തോതിൽ നിർവഹിക്കുവാൻ ഇതുവരെ നമ്മെ ഭരിച്ച ഭരണകൂട വർഗത്തിന്‌ സാധിച്ചിട്ടില്ല. അന്തർദേശീയതലത്തിൽ വിദ്യാർഥികളെയും യുവാക്കളെയും അക്കാദമികതലത്തിലെങ്കിലും അണിയിച്ചൊരുക്കുവാൻ പര്യാപ്തമായതല്ല ഇതുവരെയുള്ള നമ്മുടെ വിദ്യാഭ്യാസം.
മൂല്യാധിഷ്ഠിതവും നൈപുണ്യ വികസനത്തിലൂടെ വ്യക്തിഗതക്ഷമത നൽകുന്നതും ജനാധിപത്യത്തെ പരിപോഷിപ്പിക്കുന്നതും ദേശീയഭദ്രതയും ഐക്യദാർഢ്യദ്യോതകവുമായ ഒരു വിദ്യാഭ്യാസ പദ്ധതിക്കുവേണ്ടിയുള്ള കാത്തിരിപ്പ്‌ തുടങ്ങിയിട്ട്‌ വർഷങ്ങളേറെയായി. മാറിമാറി വരുന്ന സർക്കാരുകൾ, സങ്കുചിതചിന്താഗതിക്കടിമപ്പെട്ട്‌ സ്വാർഥതാൽപര്യത്തിലധിഷ്ഠിതമായി വിദ്യാഭ്യാസത്തെ കാണുന്നതാണ്‌ ഇത്‌ പ്രാവർത്തികമാക്കുന്നതിൽ നിന്നും അവരെ പിന്നോട്ട്‌ വലിക്കുന്നത്‌.
ജനസംഖ്യയുടെ 65 ശതമാനത്തിലേറെ 35 വയസിന്‌ താഴെ പ്രായമുള്ളവരാണ്‌. ഈ സാഹചര്യത്തിൽ നമ്മുടെ വിദ്യാഭ്യാസ മേഖലയിൽ കുറ്റമറ്റ മാറ്റങ്ങൾ ദർശിക്കാവുന്ന രീതിയിലുള്ള വിദ്യാഭ്യാസ പദ്ധതികൾ അനിവാര്യമായിത്തീരുന്നു. ഇന്ത്യൻ യുവാക്കൾ ബുദ്ധിശക്തിയുടെ കാര്യത്തിലും പൊട്ടൻഷ്യാലിറ്റിയിലും ഉയർന്നുനിൽക്കുന്നതിനാൽ ഉയർന്ന ഗുണമേന്മയുള്ള ഉന്നതവിദ്യാഭ്യാസം അവരെ ഉയരങ്ങളിൽ എത്തിക്കുമെന്നതിൽ സംശയമില്ല. ഇതിനാദ്യം വേണ്ടത്‌ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക്‌ നഷ്ടപ്പെട്ടുപോയ വിശ്വാസ്യത വീണ്ടെടുക്കുകയാണ്‌.
പഠനവും മൂല്യനിർണയവും സുതാര്യമാക്കിയും അധ്യാപനത്തെ മൂല്യവത്താക്കിയുമുള്ള പഠനസമ്പ്രദായ പരിഷ്കരണം, പഠിതാക്കളെയും അധ്യാപകരെയും ഒരുപോലെ വിദ്യയെ ഗൗരവമുള്ളതാക്കിത്തീർക്കുവാൻ പ്രേരിപ്പിക്കുമ്പോഴാണ്‌ വിദ്യാഭ്യാസം വെറും അഭ്യാസത്തിൽ നിന്നും ഉയർച്ച നേടുന്നത്‌. ഇന്ത്യയെക്കുറിച്ച്‌ അഭിമാനം കൊള്ളുകയും ഇന്ത്യൻ പൗരനെന്ന നിലയിൽ ആത്മവിശ്വാസമുള്ളവനായി വളരാൻ യുവാക്കളെ സന്നദ്ധരാക്കുകയും ചെയ്യുന്ന രീതിയിലേയ്ക്ക്‌ വിദ്യാഭ്യാസ സമ്പ്രദായത്തെ മാറ്റിയെടുക്കുന്നത്‌ ശ്രമകരമായ ഒരു ദൗത്യം തന്നെയാണ്‌.
വരുമാനത്തിന്റെ 30 ശതമാനം തുകയും വിദ്യാഭ്യാസത്തിനായി സർക്കാർ ചെലവഴിക്കുമ്പോൾ അത്‌ മൂല്യവത്തായ രീതിയിൽ ചെലവഴിക്കപ്പെടുന്നു എന്ന്‌ ഉറപ്പുവരുത്തേണ്ടതുണ്ട്‌. ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുക, ദാരിദ്ര്യം കുറയ്ക്കുക, പൊതുജനാരോഗ്യം മെച്ചപ്പെടുത്തുക, ദുർബല ജനവിഭാഗങ്ങളുടെ ഉന്നമനത്തിന്‌ സഹായിക്കുക, സ്ത്രീകളുടെ നിലവാരം ഉയർത്തുക എന്നിങ്ങനെയുള്ള സാമൂഹ്യനീതിബോധജന്യമായ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുകൊണ്ടുള്ള ഒരു വിദ്യാഭ്യാസ പദ്ധതിയാണ്‌ ഇന്നത്തെ ഭാരതത്തിന്‌ ആവശ്യമായിട്ടുള്ളത്‌. നവീനങ്ങളായ അറിവ്‌ സമ്പാദിക്കുന്നതോടൊപ്പം നീതിബോധത്തിലധിഷ്ഠിതമായ ഒരു മാനസിക പരിവർത്തനം കൂടി സംയോജിക്കുമ്പോഴാണ്‌ യഥാർത്ഥ മൂല്യവർധിത വിദ്യാഭ്യാസം ഉടലെടുക്കുന്നത്‌. സത്യത്തെ വീറോടും വാശിയോടും അന്വേഷിക്കുന്നതിനും പ്രാദേശിക ഭാഷാ പരിജ്ഞാനത്തിലൂടെ സാംസ്കാരികമായ ഉന്നതിയെക്കുറിച്ച്‌ ബോധവാന്മാരാകുന്നതിനും മനുഷ്യസ്നേഹവും രാജ്യസ്നേഹവും ഊട്ടിവളർത്തുന്നതിനും സഹായകമായിരിക്കണം പ്രസ്തുത മൂല്യവത്തായ വിദ്യാഭ്യാസം.
ഇതൊക്കെ പ്രവർത്തിപഥത്തിൽ വരണമെങ്കിൽ ഒട്ടേറെ പരിവർത്തനങ്ങൾ നാം പുനഃസൃഷ്ടിക്കേണ്ടതുണ്ട്‌. കാലപ്പഴക്കം ചെന്ന ആക്ടുകളും സ്റ്റാറ്റ്യൂട്ടുകളും കാലോചിതമായി പരിഷ്കരിക്കുക എന്നത്‌ പ്രധാനമാണ്‌. പല സർവകലാശാലകളും അവ സ്ഥാപിക്കപ്പെട്ടപ്പോൾ രൂപീകരിച്ച ആക്ടുകളും കേന്ദ്രചട്ടവട്ടങ്ങളും പരിഷ്കരിക്കപ്പെടാതെ മൂല്യവർധിത വിദ്യാഭ്യാസ പരിഷ്കരണം സാധ്യമാകുകയില്ല. യുനെസ്കോ നിർവചനപ്രകാരമുള്ള വിദ്യാഭ്യാസത്തിന്റെ നാല്‌ നെടുംതൂണുകളാണ്‌, അറിയാൻ പഠിക്കുക, പ്രവർത്തിക്കുവാൻ പഠിക്കുക, സഹവർത്തിത്തത്തോടെ ജീവിക്കുവാൻ പഠിക്കുക, സ്വയം കണ്ടെത്തുവാൻ പഠിക്കുക എന്നത്‌. അറിവ്‌ നേടുവാനും അത്‌ വിജ്ഞാനമാക്കി സംസ്കരണം നടത്തുവാനും
തദ്വാര ലഭിക്കുന്ന ജ്ഞാനം സ്വായത്തമാക്കുവാനും കഴിയുന്നവിധത്തിൽ, പരമ്പരാഗത ചിട്ടവട്ടങ്ങളെ മാറ്റിമറിച്ച്‌ ആധുനിക ആശയങ്ങളെ ആവാഹിച്ചെടുത്തുകൊണ്ടുള്ള ഒരു പരിഷ്കരണത്തിൽ തുടക്കം കുറിക്കുവാൻ നമുക്കാകണം. എങ്കിൽ മാത്രമേ മൂല്യാധിഷ്ഠിതവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം നമ്മുടെ യുവാക്കൾക്ക്‌ നൽകുവാൻ സാധിക്കുകയുള്ളു.

  Categories:
view more articles

About Article Author