മെഡിക്കല്‍ കോളജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ

January 11 01:54 2017

 

ആലപ്പുഴ: ആലപ്പുഴ ടി ഡി മെഡിക്കല്‍ കോളജ് വികസനത്തിന്റെ ഭാഗമായി പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പദ്ധതികള്‍ പൂര്‍ത്തീകരിച്ചത്. എം ബി ബി എസ് സീറ്റുകള്‍ 100 ല്‍ നിന്നും 150 ആയി ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഗ്യാലറി ടൈപ്പ് ഓഡിറ്റോറിയം സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. തുടര്‍ന്ന് 7 കോടി രൂപ മുടക്കി ആയിരം ഇരിപ്പിട സൗകര്യങ്ങളോടുകൂടിയ പ്രതിധ്വനി രഹിതമായ ഗ്യാലറി ടൈപ്പ് ഓഡിറ്റോറിയമാണ് മെഡിക്കല്‍ കോളജില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മള്‍ട്ടി ഡിസിപ്ലിനറി ഐ സി യു വിന്റെ (എം ഡി ഐ സി യു) നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ചു. എം ഡി ഐ സി യു വില്‍ ആകെ 39 കിടക്കകളാണ് സജ്ജീകരിച്ചിരിക്കുന്നത്. മെഡിസിന്‍ ഐ സി യു വില്‍ 9 ബെഡ്, മെഡിസിന്‍ സ്‌പെഷ്യാലിറ്റികളായ റെസ്പിറേറ്ററി മെഡിസിന്‍, സൈക്യാട്രി, ന്യൂറോളജി ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്കായി മൂന്ന് ബെഡും സര്‍ജ്ജറിക്കും സര്‍ജ്ജറി സ്‌പെഷ്യാലിറ്റിക്കുമായി 18 ബെഡും സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ 9 ബെഡുള്ള ഒരു സ്റ്റെപ് ഡൗണ്‍ യൂണിറ്റും സജ്ജീകരിച്ചിട്ടുണ്ട്. എം ബി ബി എസ് സീറ്റിന്റെ എണ്ണം വര്‍ധിപ്പിച്ചപ്പോള്‍ ഗ്യാലറി ടൈപ്പ് ലക്ചര്‍ ഹാളിന്റെ എണ്ണവും വര്‍ധിപ്പിക്കണമെന്ന് എം സി ഐ നിര്‍ദ്ദേശിച്ചിരുന്നു. അതനുസരിച്ച് ആശുപത്രി അങ്കണത്തില്‍ നാലാമത്ത് ഗ്യാലറി ടൈപ്പ് ലക്ചര്‍ ഹാളിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചു. ഇതിന് 350 ഇരിപ്പിട സൗകര്യങ്ങളുണ്ട്. ഇതിന്റെ കൂടെതന്നെ അഞ്ചാമത്തെ ഗ്യാലറി ടൈപ്പ് ലക്ചര്‍ ഹാളിന്റെയും നിര്‍മാണം പൂര്‍ത്തീകരിക്കുകയുണ്ടായി. ഇതിനും 350 ഇരിപ്പിട സൗകര്യങ്ങളുണ്ട്. ഈ രണ്ട് ഗ്യാലറി ടൈപ്പ് ലക്ചര്‍ ഹാളിന് മാത്രമായി 840 ലക്ഷം രൂപയാണ് ചിലവായത്. മെഡിക്കല്‍ കോളജിനും മെഡിക്കല്‍ കോളജ് ആശുപത്രിക്കും വേണ്ടി 5 ലക്ഷം ലിറ്ററിന്റെ കുടിവെള്ള പദ്ധതി രണ്ട് കോടി രൂപ മുടക്കിയാണ് സ്ഥാപിച്ചത്. വൃക്കരോഗികള്‍ക്കായി മെയിന്റനന്‍സ് ഡയാലിസിസ് ചെയ്യുന്നതിനായി കാരുണ്യ ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനത്തിന് തയ്യാറെടുത്തുകഴിഞ്ഞു. ദാരിദ്ര രേഖയ്ക്ക് താഴെയുള്ള വൃക്കരോഗികള്‍ക്ക് ഒരാള്‍ക്ക് രണ്ട് ലക്ഷം രൂപയുടെ വരെ ചികിത്സ സൗജന്യമായി ഈ പദ്ധതി പ്രകാരം ലഭിക്കും. ഒരു രോഗിയുടെ ചികിത്സയ്ക്കും അതിനാവശ്യമായ ഡയാലിസിസ് ടെക്‌നീഷ്യന്‍, സ്റ്റാഫ് നേഴ്‌സ്, അറ്റന്‍ഡര്‍ ഇവരുടെ ശമ്പളം കൂടി കണക്കാക്കി ഒരു രോഗിക്ക് 650 രൂപ വെച്ചാണ് ചെലവാകുന്നത്. രണ്ട് ലക്ഷം രൂപ ലോട്ടറി ഡിപ്പാര്‍ട്ടമെന്റില്‍ നിന്നും എച്ച് ഡി എസില്‍ അടയ്ക്കുകയും ഒരു രോഗിക്ക് ഏകദേശം 307 ഡയാലിസിസ് സൗജന്യമായി ലഭിക്കുകയും ചെയ്യും. സ്വകാര്യ ആശുപത്രിയില്‍ 1200 രൂപ മുതല്‍ 1500 രൂപ വരെ ഈടാക്കി ഡയാലിസിസ് ചെയ്യുമ്പോള്‍ സാധാരണക്കാരായ രോഗികള്‍ക്ക് ഇവിടെ ഈ പദ്ധതിമൂലം ഏറെ പ്രയോജനം ലഭിക്കും.
വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ മെഡിക്കല്‍ കോളജ് അങ്കണത്തില്‍ രാവിലെ 10.30ന് നടക്കും. ഗ്യാലറി ടൈപ്പ് ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. ചടങ്ങില്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ കെ ഷൈലജ അധ്യക്ഷത വഹിക്കും. എം ഡി ഐ സി യുവിന്റെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി ജി സുധാകരനും ഗ്യാലറി ടൈപ്പ് ലക്ചര്‍ഹാള്‍-4 ന്റെ ഉദ്ഘാടനം ധനമന്ത്രി ടി എം തോമസ് ഐസക്കും ഗ്യാലറി ടൈപ്പ് ലക്ചര്‍ഹാള്‍-5 ന്റെ ഉദ്ഘാടനം ഭക്ഷ്യസിവില്‍സപ്ലൈസ് മന്ത്രി പി തിലോത്തമനും കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കാരുണ്യ ഡയാലിസ് യൂണിറ്റിന്റെ ഉദ്ഘാടനം കെ സി വേണുഗോപാല്‍ എം പി യും നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍, കെ കെ രാമചന്ദ്രന്‍നായര്‍ എം എല്‍ എ, ആര്‍ രാജേഷ് എം എല്‍ എ, അഡ്വ. യു പ്രതിഭാഹരി എം എല്‍ എ, തോമസ് ചാണ്ടി എം എല്‍ എ, എ എം ആരിഫ് എം എല്‍ എ, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍, ജില്ലാ കലക്ടര്‍ വീണ എന്‍ മാധവന്‍, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കല്‍, ആലപ്പുഴ നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ്, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ റംലീബീവി എന്നിവര്‍ സംസാരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ജി വേണുഗോപാല്‍, ഡോ. എ ഹരികുമാര്‍, ഡോ. സൈറു ഫിലിപ്പ്, ഡോ. ആര്‍ വി രാംലാല്‍, ഡോ. എന്‍ ശ്രീദേവി, പ്രജിത്ത് കാരിക്കല്‍, ജി വേണുലാല്‍, ഡോ. വിഷ്ണു വി എസ് എന്നിവര്‍ പങ്കെടുത്തു.

  Categories:
view more articles

About Article Author