മെഡിക്കൽ പ്രവേശനത്തിന്‌ നിയമനിർമ്മാണം

മെഡിക്കൽ പ്രവേശനത്തിന്‌ നിയമനിർമ്മാണം
March 21 03:00 2017
  • തീരുമാനം സർവകക്ഷി യോഗത്തിന്റേത്‌
  • മെരിറ്റ്‌ മാനദണ്ഡം

സ്വന്തം ലേഖകൻ
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനം സംബന്ധിച്ച്‌ സുപ്രിംകോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ സമഗ്രമായ നിയമ നിർമ്മാണം കൊണ്ടുവരുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. 2017-18 വർഷത്തെ വിദ്യാർഥി പ്രവേശനം ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷി പ്രതിനിധികളുടെ യോഗത്തിലാണ്‌ തീരുമാനം.
ചർച്ചയിൽ പങ്കെടുത്ത എല്ലാ രാഷ്ട്രീയ പാർട്ടികളും പൂർണ്ണമായും മെറിറ്റ്‌ അടിസ്ഥാനത്തിൽ ആയിരിക്കണം പ്രവേശനമെന്നും, ഏകീകരിച്ച ഫീസ്‌ സമ്പ്രദായം ഏർപ്പെടുത്തുമ്പോൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക്‌ പഠിക്കാനുളള അവസരം ലഭിക്കുന്ന വിധത്തിൽ അനുയോജ്യമായ ക്രമീകരണം സർക്കാർ ഉണ്ടാക്കണമെന്നും നിർദ്ദേശിക്കുകയുണ്ടായി. നിയമനിർമ്മാണം അടക്കമുളള നടപടികൾ സ്വീകരിക്കണമെന്നും നിർദേശിച്ചു. ഇക്കാര്യത്തിൽ മാനേജ്മെന്റുകളുമായി ചർച്ച നടത്തുകയും രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ അഭിപ്രായപ്പെട്ടതുപോലെ ഉയർന്നുവന്ന നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചുകൊണ്ട്‌ സമഗ്രമായ ഒരു നിയമ നിർമ്മാണം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നീറ്റ്‌ റാങ്ക്‌ പരിഗണിക്കുമ്പോൾ കേരളത്തിലെ വിദ്യാർഥികൾക്ക്‌ അവസരം നഷ്ടപ്പെടാൻ ഇടയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സുപ്രിംകോടതി വിധിയെ തുടർന്നുളള പുതിയ സാഹചര്യത്തെക്കുറിച്ച്‌ ആരോഗ്യവകുപ്പുമന്ത്രി കെ കെ ശൈലജ യോഗത്തിൽ വിശദീകരിച്ചു. മുഴുവൻ സീറ്റിലും മെറിറ്റ്‌ അടിസ്ഥാനത്തിൽ അഖിലേന്ത്യാ പ്രവേശന പരീക്ഷാ റാങ്ക്‌ ലിസ്റ്റിൽനിന്നും (നീറ്റ്‌) മാത്രമേ പ്രവേശനം നടത്താൻ പാടുളളൂവെന്നും ഏകീകരിച്ച ഫീസ്‌ മാത്രമേ വിദ്യാർഥികളിൽനിന്നും ഈടാക്കാൻ പാടുളളൂ എന്നുമാണ്‌ സുപ്രിം കോടതി വിധി.
ഫീസ്‌ നിശ്ചയിക്കേണ്ടത്‌ ഫീ റഗുലേറ്ററി കമ്മിറ്റിയാണ്‌. സംസ്ഥാനത്ത്‌ മുൻ വർഷങ്ങളിൽ 50 ശതമാനം മെറിറ്റ്‌ സീറ്റും 50 ശതമാനം മാനേജ്മെന്റ്‌ സീറ്റും എന്ന നിലയായിരുന്നു വിദ്യാർഥി പ്രവേശനം. മെറിറ്റ്‌ സീറ്റിൽ കുറഞ്ഞ ഫീസും മാനേജ്മെന്റ്‌ സീറ്റിൽ കൂടിയ ഫീസുമായിരുന്നു ഘടന. ഈ വ്യത്യാസം പാടില്ല എന്ന്‌ സുപ്രിം കോടതി നിഷ്ക്കർഷിച്ചിട്ടുണ്ട്‌. എൻആർഐ അടക്കമുളള എല്ലാ സീറ്റുകളിലും അഖിലേന്ത്യാ പ്രവേശന പരീക്ഷ നിർബന്ധമാക്കുകയും സംവരണതത്വം പാലിച്ചുകൊണ്ട്‌ നീറ്റിലെ മെറിറ്റ്‌ അടിസ്ഥാനത്തിൽ കേന്ദ്രീകൃത അലോട്ട്മെന്റ്‌ നിർബന്ധിതമാക്കുകയും ചെയ്തിട്ടുണ്ട്‌. അതുകൊണ്ടുതന്നെ സ്വകാര്യ മാനേജ്മെന്റുകളുമായി സംസ്ഥാന സർക്കാർ സീറ്റ്‌ ഷെയറിങ്ങിലും ഫീസിലും ധാരണയുണ്ടാക്കി പ്രവേശനം നടത്തുന്ന രീതി ഈ വർഷം അനുവദനീയമല്ലെന്നും മന്ത്രി പറഞ്ഞു.
മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, പ്രൊഫ. സി രവീന്ദ്രനാഥ്‌, രാമചന്ദ്രൻ കടന്നപ്പളളി, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധീകരിച്ച്‌ അഡ്വ. കെ പ്രകാശ്‌ ബാബു (സിപിഐ), കെ എം മാണി (കേരള കോൺഗ്രസ്‌ എം.), കെ കൃഷ്ണൻകുട്ടി (ജനതാദൾ എസ്‌) പി സി ജോർജ്ജ്‌. എം എൽഎ, എം വിജയകുമാർ (സിപിഎം), ഉഴവൂർ വിജയൻ (എൻസിപി), ജി സുഗുണൻ (സിഎംപി), വി വി രാജേഷ്‌ (ബിജെപി), സി വേണുഗോപാലൻ നായർ, (കേരള കോൺഗ്രസ്‌ ബി), ഉഴമലയ്ക്കൽ വേണുഗോപാൽ (കോൺഗ്രസ്‌ എസ്‌), വാക്കനാട്‌ രാധാകൃഷ്ണൻ (കേരള കോൺഗ്രസ്‌ ജേക്കബ്‌), അഡ്വ. ഷാജാജി എസ്‌ പണിക്കർ (ആർഎസ്പി ലെനിനിസ്റ്റ്‌), തുടങ്ങിയവർ പങ്കെടുത്തു.

  Categories:
view more articles

About Article Author