മെഡിക്കൽ ഫീസ്‌ വർധന: മുൻഗണന മെരിറ്റിനും പാവപ്പെട്ടവർക്കുമായിരിക്കണം

May 17 04:45 2017

സംസ്ഥാനത്തെ ക്രിസ്ത്യൻ മാനേജ്മെന്റിനു കീഴിലുള്ള സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പിജി സീറ്റുകളിലേക്കുള്ള ഫീസ്‌ നിരക്കിൽ സർക്കാരും മാനേജ്മെന്റുകളും ധാരണയായിരിക്കുകയാണ്‌. ഈ ധാരണപ്രകാരം ക്ലിനിക്കൽ സീറ്റുകൾക്ക്‌ 14 ലക്ഷവും നോൺ ക്ലിനിക്കൽ സീറ്റുകൾക്ക്‌ 8 .5 ലക്ഷവുമാണ്‌ വാർഷിക ഫീസ്‌. കഴിഞ്ഞ വർഷത്തെ ഫീസ്‌ യഥാക്രമം 6 .5 ലക്ഷവും 2 .5 ലക്ഷവുമായിരുന്നു. ഏകദേശം മൂന്നിരട്ടി വർധന. ഇപ്പോൾ വർധിപ്പിച്ചു എന്ന്‌ പറയുന്ന സ്റ്റൈപ്പൻഡ്‌ നിലവിൽ വന്നിട്ട്‌ ഒരു വർഷത്തിലേ റെയായി.
സാധാരണക്കാരന്‌ വളരെ അപ്രാപ്യമാണ്‌ ഈ ഫീസ്‌ നിരക്ക്‌. അഡ്മിഷൻ സമയത്തുതന്നെ ഒരു വർഷത്തെ മുഴുവൻ ഫീസും അടയ്ക്കണം. ബാങ്ക്ലോണിന്റെ പരിധിയാകട്ടെ 10 ലക്ഷം രൂപയാണ്‌. അതും പല കാരണങ്ങളാൽ എല്ലാവർക്കും കിട്ടുകയുമില്ല.
മുൻ വർഷങ്ങളിലെ ഫീസ്‌ കുറവായിരുന്നിട്ടു പോലും പല സ്വാശ്രയ കോളേജുകളിലും നിരവധി സീറ്റുകൾ ഒഴിഞ്ഞുകിടന്നിരുന്നു. കുറഞ്ഞ നിരക്കിലെ ഫീസ്‌ കൊടുത്തു പഠിക്കാൻ കഴിയാത്തവർ എങ്ങനെ ഈ വർധിപ്പിച്ച ഫീസ്‌ കൊടുത്ത്‌ പഠിക്കും എന്ന്‌ സർക്കാർ ആലോചിക്കണം. പല സ്വാശ്രയ കോളേജുകളും സർക്കാർ നിശ്ചയിച്ച സ്റ്റൈപ്പൻഡ്‌  പോലും നൽകുന്നില്ല. മാനേജ്മെന്റിന്റെ പ്രതികാര നടപടികൾ ഭയന്ന്‌ അതേപ്പറ്റി പരാതി പോലും ആരും പറയുന്നില്ല.
സ്വാശ്രയ കോളേജുകൾക്ക്‌ നഷ്ടത്തിൽ പ്രവർത്തിക്കാനാകില്ല. മാനേജ്മെന്റ്‌ സീറ്റിൽ നിന്നും ലഭിച്ചിരുന്ന കൂടിയ ഫീസിൽ നിന്നും ഒരു വിഹിതം സർക്കാർ സീറ്റുകൾക്ക്‌ ഉപയോഗിച്ചായിരുന്നു മുൻവർഷങ്ങളിൽ അവർ മുന്നോട്ടു പോയത്‌. ഗുണനിലവാരമില്ലാത്ത ഡോക്ടർമാർ രൂപം കൊള്ളുന്നത്‌ തടയാനാണ്‌ ‘നീറ്റ്‌’ സമ്പ്രദായം തുടങ്ങിയത്‌. എന്നാൽ നീറ്റ്‌ മെറിറ്റിലെ മെച്ചപ്പെട്ട റാങ്കുള്ള സാധാരണക്കാർക്ക്‌ പ്രവേശനം സാധ്യമാകാത്ത ഫീസ്‌ നിരക്കാണ്‌ ഇപ്പോൾ നിലവിൽ വന്നത്‌. ഇതുമൂലം താഴ്‌ന്ന റാങ്കിലുള്ള സമ്പന്നർക്ക്‌ അഡ്മിഷൻ നേടാനാകും. നല്ലൊരു പങ്ക്‌ സീറ്റുകൾ ഒഴിഞ്ഞു കിടക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. നഷ്ടമുണ്ടാകാതിരിക്കാനെന്ന വ്യാജേന പുതുക്കിയ ഫീസ്‌ മാനേജ്മെന്റുകൾക്ക്‌ കൊള്ളലാഭമുണ്ടാക്കാനും പാവപ്പെട്ട വിദ്യാർത്ഥികൾക്ക്‌ അവസരം നിഷേധിക്കാനുമേ ഉപകരിക്കൂ.
നീറ്റ്‌ മെറിറ്റിൽ സ്വാശ്രയ കോളേജുകളിൽ അഡ്മിഷൻ ലഭിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർക്കാർ മെഡിക്കൽ കോളേജിലെ ഫീസ്‌ നിരക്കിൽ പഠിക്കാൻ അവസരം ഒരുക്കുകയാണ്‌ സർക്കാർ ചെയ്യേ ണ്ടത്‌. കുറവ്‌ വരുന്ന ഫീസ്‌ മാനേജ്മെന്റുകൾക്ക്‌ സർക്കാർ നേരിട്ട്‌ നൽകണം. അതിനു ബുദ്ധിമുട്ടുണ്ടെങ്കിൽ മാനേജ്മെന്റിന്‌ ചെറിയ ഫീസ്‌ നിശ്ചയിച്ചുകൊണ്ട്‌ സ്റ്റൈപ്പൻഡ്‌ സർക്കാർ നൽകുകയാണെങ്കിൽ മൂന്നു വർഷത്തെ ബോണ്ട്‌ ഏർപ്പെടുത്തിയാലും ആശ്വാസകരമായിരിക്കും. അതിലൂടെ സർക്കാരിനുണ്ടാകുന്ന അധികച്ചെലവിനു പരിഹാരമാകും.

വി സുമേധൻ, തിരുവനന്തപുരം

view more articles

About Article Author