മേനോന്‍പാറയില്‍ കുട്ടികളെ എത്തിച്ചത് കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയില്ലാത്ത സ്ഥാപനം

May 20 01:25 2017

 

പാലക്കാട്: ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള 14 കുട്ടികളെ മേനോന്‍പാറയിലെ വീട്ടില്‍ നിന്നു കണ്ടെത്തിയ സംഭവത്തില്‍ ഗ്രേസ് കെയര്‍ സൊസൈറ്റി എന്ന സ്ഥാപനത്തിന് കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയില്ലെന്ന് കണ്ടത്തി.
ചുമതലക്കാരായ മാത്യു ജോര്‍ജ്, ജോണ്‍ എന്നിവര്‍ക്കെതിരെ മനുഷ്യക്കടത്തിന് കൊഴിഞ്ഞാമ്പാറ പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. കുട്ടികളെ കൊണ്ടുവന്നതിന് ഇവര്‍ ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റു.
കുട്ടികളെ കൊണ്ടുവരുന്ന സംസ്ഥാനത്തു നിന്നുള്ള ശിശുക്ഷേമ സമിതിയുടെ (സിഡബ്ല്യുസി) അനുമതി അഥവാ എന്‍ഒസി, കുട്ടികളെ പാര്‍പ്പിക്കാന്‍ സംസ്ഥാനത്തെ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അനുമതി എന്നിവ ഇവര്‍ക്ക് ആവശ്യമാണ്. എന്നാല്‍, ഇതില്ലാതെയാണു കുട്ടികളെ പാര്‍പ്പിച്ചിരുന്നത്. കുട്ടികളുടെ രക്ഷിതാക്കളുടെ സമ്മതപത്രം ഇവര്‍ ഡല്‍ഹിയില്‍ നിന്നു കൊറിയര്‍ വഴി എത്തിച്ചു നല്‍കിയെങ്കിലും ഇത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണു പൊലീസ്.
കുട്ടികള്‍ അനാഥരോ അവരെ സംരക്ഷിക്കാന്‍ ഏതെങ്കിലും സ്ഥാപനത്തെ രക്ഷിതാക്കള്‍ അനുവദിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഇതു സംബന്ധിച്ച് വില്ലേജ് ഓഫിസറുടെ സര്‍ട്ടിഫിക്കറ്റാണു വേണ്ടതെന്ന് സാമൂഹികനീതി വകുപ്പ് അധികൃതര്‍ പറഞ്ഞു. 18നാണ് മേനോന്‍പാറ ദേവരായന്‍ കോട്ട അങ്കണവാടി വര്‍ക്കര്‍ കുട്ടികളെ കണ്ടെത്തിയത്.
ചിറ്റൂര്‍ ശിശുവികസനപദ്ധതി ഓഫിസര്‍ (ഐസിഡിഎസ്) ഇക്കാര്യം ശിശു വികസന ഓഫിസറെ അറിയിക്കുകയായിരുന്നു. ഐസിഡിഎസ് ഓഫിസറുടെ പരാതി പ്രകാരമാണ് പൊലീസ് കേസെടുത്തത്. ചിറ്റൂര്‍ സിഐ വി. ഹംസയ്ക്കാണ് അന്വേഷണച്ചുമതല.മുട്ടിക്കുളങ്ങരയിലെ ശിശുക്ഷേമകേന്ദ്രത്തിലാണ് കുട്ടികള്‍.

view more articles

About Article Author