മോഡിക്കെതിരായ അഴിമതി ആരോപണം അന്വേഷണത്തിന്‌ സുപ്രിംകോടതി വിസമ്മതിച്ചു

മോഡിക്കെതിരായ അഴിമതി ആരോപണം അന്വേഷണത്തിന്‌ സുപ്രിംകോടതി വിസമ്മതിച്ചു
January 12 04:45 2017

സ്വന്തം ലേഖകൻ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോഡി ഉൾപ്പെടെ രാഷ്ട്രീയ നേതാക്കൾക്കെതിരായ അഴിമതി ആരോപണ ഹർജിയിൽ അന്വേഷണം പ്രഖ്യാപിക്കാൻ സുപ്രിം കോടതി വിസമ്മതിച്ചു. സഹാറ, ബിർള കമ്പികളിൽ നിന്ന്‌ നരേന്ദ്ര മോഡി ഉൾപ്പെടെ രാഷ്ട്രീയ നേതാക്കൾ പണം കൈപറ്റിയെന്ന്‌ കാട്ടി മുതിർന്ന അഭിഭാഷകൻ പ്രശാന്ത്‌ ഭൂഷൺ സമർപ്പിച്ച ഹർജിയാണ്‌ സുപ്രിം കോടതി തള്ളിയത്‌. 2013, 2014 വർഷങ്ങളിൽ സഹാറയിലും ബിർളയിലും നടന്ന റെയ്ഡുകളിൽ ഇതിന്റെ തെളിവുകൾ കണ്ടെത്തിയെന്നും ഇത്‌ അന്വേഷണ വിധേയമാക്കണമെന്നും ആവശ്യപ്പെട്ട്‌ കോമൺ കോസ്‌ എന്ന സംഘടനയാണ്‌ ഹർജി നൽകിയത്‌. ഇതിനിടെ ഹർജി പരിഗണിക്കുന്നതിൽ നിന്ന്‌ സുപ്രിം കോടതി ചീഫ്‌ ജസ്റ്റീസ്‌ കെ എസ്‌ ഖെഹാർ പിന്മാറിയിരുന്നു. ഗുജറാത്ത്‌ മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോഡിയും ഇത്തരത്തിൽ പണം വാങ്ങിയിട്ടുണ്ടെന്നായിരുന്നു ഹർജിക്കാർ ഉന്നയിച്ച ആക്ഷേപം.
ഹർജി ഇന്നലെ സുപ്രിം കോടതിയിൽ പരിഗണനയ്ക്ക്‌ വരുന്നതിന്‌ തൊട്ടുമുമ്പായിരുന്നു ചീഫ്‌ ജസ്റ്റീസിന്റെ പിന്മാറ്റം. പിന്നീട്‌ ജസ്റ്റിസ്‌ അരുൺ മിശ്ര, അമിതാവ്‌ റോയി എന്നിവരുൾപ്പെട്ട സുപ്രിം കോടതിയുടെ മറ്റൊരു ബഞ്ച്‌ ഹർജി പരിഗണിക്കുയായിരുന്നു. ഹാജരാക്കിയ രേഖകൾ പ്രകാരം അന്വേഷണത്തിന്‌ ഉത്തരവിടാനാവില്ലെന്ന്‌ വ്യക്തമാക്കിയാണ്‌ ഹർജി കോടതി തള്ളിയത്‌. മതിയായ തെളിവുകൾ ഇല്ലാതെ അന്വേഷണത്തിന്‌ ഉത്തരവ്‌ ഇട്ടാൽ ഇതിന്‌ പിന്നിൽ ഗൂഢ ലക്ഷ്യമുള്ളവർ നിയമം ദൂരപയോഗം ചെയ്യുമെന്നും സുപ്രിം കോടതി നിരീക്ഷിച്ചു. പേന, പെൻഡ്രൈവ്‌, ഹാർഡ്‌ ഡിസ്ക്‌, കമ്പ്യൂട്ടർ പ്രിന്റ്‌ ഔട്ട്‌, തുടങ്ങി സഹാറ, ബിർള കേസിൽ സമർപ്പിക്കപ്പെട്ട രേഖകൾ വിശ്വാസ യോഗ്യമല്ലെന്ന്‌ ഇൻകം ടാക്സ്‌ സെറ്റിൽമെന്റ്‌ കമ്മിഷൻ കണ്ടെത്തിയിട്ടുണ്ട്‌. ജെയിൻ ഹവാല കേസിലെ സുപ്രിം കോടതി വിധി ഈ കേസിനും ബാധകമാണ്‌. എന്നാൽ പരാതി ലഭിച്ചാൽ അന്വേഷണത്തിന്‌ ഉത്തരവിടണമെന്ന ലളിത കുമാരി കേസിലെ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ്‌ ഈ കേസിൽ ബാധകമാകില്ല. അന്വേഷണത്തിന്‌ ഉത്തരവിടാൻ സ്വതന്ത്രവും വിശ്വാസ യോഗ്യവുമായ തെളിവുകൾ വേണം. ഭരണഘടനാ പദവിയിൽ ഇരിക്കുന്നവർക്കെതിരെ അന്വേഷണത്തിന്‌ ഉത്തരവിടാൻ സമഗ്രമായ തെളിവുകൾ വേണമെന്നും കോടതി ചൂണ്ടിക്കാട്ടി. നാലു മണിക്കൂർ നേരം നീണ്ട വാദത്തിന്‌ ശേഷമാണ്‌ സുപ്രിം കോടതി അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി തള്ളിയത്‌.
അന്വേഷണം പ്രഖ്യാപിക്കുന്നതിനെ അറ്റോർണി ജനറൽ മുകുൾ റോഹ്ത്തഗി ശക്തമായി എതിർത്തു. കേവലം തുണ്ടുകടലാസുകളിലെ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിന്‌ ഉത്തരവിട്ടാൽ നാളെ രാഷ്ട്രപതിക്കും, സുപ്രിം കോടതി ജഡ്ജിമാർക്കുമെതിരെയും അന്വേഷണത്തിന്‌ ഉത്തരവിടേണ്ടി വരുമെന്ന്‌ അറ്റോർണി ജനറൽ ചൂണ്ടിക്കാട്ടി. നേരത്തെ ഹർജി പരിഗണിച്ചിരുന്ന ചീഫ്‌ ജസ്റ്റിസ്‌ ജെ എസ്‌ ഖെഹാറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച്‌ അന്വേഷണം പ്രഖ്യാപിക്കുന്നതിന്‌ ആവശ്യമായ തെളിവില്ലെന്ന്‌ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടർന്ന്‌ പ്രശാന്ത്‌ ഭൂഷൺ സമർപ്പിച്ച കൂടുതൽ രേഖകളടങ്ങുന്ന പുതിയ സത്യവാങ്മൂലം പരിഗണിച്ച ശേഷമാണ്‌ ഇന്നലെ ജസ്റ്റിസുമാരായ അരുൺ മിശ്ര, അമിതാവ റായ്‌ എന്നിവർ അടങ്ങിയ ബെഞ്ച്‌ ഹർജി തള്ളിയത്‌. നേരത്തെ പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി ആരോപണങ്ങൾ ഉന്നയിച്ചത്‌ ഈ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു. സഹാറയിൽ നിന്ന്‌ 40 കോടി രൂപയും ബിർളയിൽ നിന്ന്‌ 12 കോടി രൂപയും മോഡി കൈപ്പറ്റിയെന്നാണ്‌ കോൺഗ്രസ്‌ ഉപാധ്യക്ഷന്റെ ആരോപണം.
സഹാറ ഗ്രൂപ്പിനെതിരെ പ്രോസിക്യൂഷൻ നടപടി ആരംഭിക്കാനോ പിഴ ഈടാക്കാനോ തെളിവില്ലെന്നാണ്‌ കമ്മിഷന്റെ കണ്ടെത്തൽ.14 രാഷ്ട്രീയ കക്ഷികളിൽപ്പെട്ട നൂറോളം നേതാക്കൾക്ക്‌ പണം നൽകിയതിന്റെ വിവരങ്ങളാണ്‌ സഹാറയിൽ നിന്ന്‌ പിടിച്ചെടുത്തത്‌. എന്നാൽ ഇത്‌ ഒരു ഉദ്യോഗസ്ഥൻ മറ്റൊരു ഉദ്യോഗസ്ഥനെ കുരുക്കാനായി എഴുതിയുണ്ടാക്കിയ രേഖയാണെന്നായിരുന്നു ഇതുസംബന്ധിച്ച സഹാറയുടെ വിശദീകരണം. എന്നാൽ വിഷയത്തിൽ ആദായനികുതി സെറ്റിൽമെന്റ്‌ കമ്മിഷന്റെ തീരുമാനം നേരത്തെ പുറത്തുവന്നിരുന്നു. രാഷ്ട്രീയക്കാർക്ക്‌ ആർക്കും സഹാറ ഗ്രൂപ്പ്‌ പണം നൽകിയതായി തെളിവില്ലെന്നാണ്‌ ഐടി സെറ്റിൽമെന്റ്‌ കമ്മിഷന്റെ നിഗമനം.

  Categories:
view more articles

About Article Author