Sunday
24 Jun 2018

മോഡിയുടെ ഇസ്രയേൽ സന്ദർശനം തീവ്രദേശീയതകളുടെ കൂടിച്ചേരൽ

By: Web Desk | Saturday 8 July 2017 4:55 AM IST

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഇസ്രയേൽ സന്ദർശനം ചരിത്രസംഭവമായാണ്‌ പ്രകീർത്തിക്കപ്പെട്ടത്‌. ഇസ്രയേൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി എന്ന നിലയിൽ അത്‌ ചരിത്രസംഭവം തന്നെയാണ്‌. ഇസ്രയേൽ പ്രധാനമന്ത്രി എല്ലാ പ്രോട്ടോക്കോൾ മര്യാദകളും മറികടന്ന്‌ ബെൻ-ഗുറിയോൺ വിമാനത്താവളത്തിൽ മോഡിയെയും സംഘത്തെയും സ്വീകരിച്ചു. ബെഞ്ചമിൻ നെതന്യാഹു സന്ദർശനത്തിലുടനീളം മോഡിയെ അനുഗമിച്ച്‌ യാത്രയാക്കി. അവസരംകിട്ടിയപ്പോഴൊക്കെ അവർ ആലിംഗനബദ്ധരായി സാഹോദര്യത്തിന്റെ ഊഷ്മളത പ്രകടിപ്പിച്ചു. ഇരുവരും ഹിന്ദിയിലും ഹീബ്രുവിലും സഹോദരൻ എന്ന്‌ ഉച്ചരിച്ച്‌ കാഴ്ചക്കാരുടെയും കേൾവിക്കാരുടെയും പ്രശംസ പിടിച്ചുപറ്റി. പശുവിന്റെയും ജാതിയുടെയും മതത്തിന്റെയും പേരിൽ കൊലചെയ്യപ്പെട്ട ഇന്ത്യൻ പൗരന്മാരുടെ ഉറ്റവരെ ആശ്വസിപ്പിക്കാൻ ഒരു വാക്കുപോലും ഉച്ചരിക്കാൻ വിസമ്മതിച്ച മോഡി മുംബൈ ഭീകരാക്രമണത്തിൽ അരുംകൊല ചെയ്യപ്പെട്ട യഹൂദ പുരോഹിത ദമ്പതികളുടെ പുത്രനെ വാത്സല്യംകൊണ്ടും സഹാനുഭൂതികൊണ്ടും പൊതിഞ്ഞ്‌ ഇസ്രയേലി ജൂതയാഥാസ്ഥിതികതയുടെ പ്രശംസ പിടിച്ചുപറ്റി. അതെ, ഈ സന്ദർശനം ചരിത്രപ്രാധാന്യമർഹിക്കുന്നു. കാരണം, അനേക ദശകങ്ങളുടെ കാത്തിരിപ്പിനുശേഷം ഒരേ തൂവൽപ്പക്ഷികൾ തമ്മിൽ നടന്ന ചരിത്രസംഗമമാണത്‌. ലോകചരിത്രത്തിലെ ഏറ്റവും ഭീഷണമായ തീവ്ര ദേശീയതയായ സയണിസവും സമാന സങ്കുചിതദേശീയത ഉയർത്തിപ്പിടിക്കുന്ന ഹിന്ദുത്വ ദേശീയതയും തമ്മിലുള്ള കൂടിക്കാഴ്ചയായി അത്‌ ചരിത്രത്തിൽ സ്ഥാനം പിടിച്ചിരിക്കുന്നു. ഈ രണ്ട്‌ പ്രത്യയ ശാസ്ത്രങ്ങളും അന്യമതവിദ്വേഷത്തിന്റെ അടിത്തറയിൽ പടുത്തുയർത്തപ്പെട്ടവയാണ്‌. അറബ്‌ ജനതയെ അവരുടെ പിതൃഭൂമിയിൽ നിന്നും നിഷ്കാസനം ചെയ്തും ഉന്മൂലനം ചെയ്തും തങ്ങളുടേതുമാത്രമായ ഒരു ജൂതരാഷ്ട്രമെന്നതാണ്‌ സയണിസത്തിന്റെ തത്വശാസ്ത്രവും രാഷ്ട്രീയവും. മറ്റൊരു മതത്തിനും സംസ്കാരത്തിനും സ്ഥാനമില്ലാത്ത ഹിന്ദുരാഷ്ട്ര സ്ഥാപനമാണ്‌ ബിജെപിയുടെ രാഷ്ട്രീയത്തിനു പിന്നിൽ പ്രവർത്തിക്കുന്ന സംഘ്പരിവാർ പ്രത്യയശാസ്ത്രത്തിന്റെ അന്തസ്സത്ത. തങ്ങളുടേതല്ലാത്ത മതങ്ങളിലും ആചാരങ്ങളിലും വിശ്വസിക്കുന്നവർക്ക്‌ അത്തരം ഒരു രാഷ്ട്രത്തിൽ സ്ഥാനമില്ല. അവർ പുറത്തുപോണം. അല്ലെങ്കിൽ അത്തരക്കാർ എല്ലാക്കാലത്തും രണ്ടാംതരം പൗരന്മാരായി മാത്രമെ പരിഗണിക്കപ്പെടു. അത്തരം ഒരാശയ സാക്ഷാൽക്കാരത്തിന്‌ അവർ നടത്തുന്ന കൊലപാതകങ്ങളടക്കം ഹീനകൃത്യങ്ങൾ നിയമാനുസൃതമായെ കണക്കാക്കപ്പെടുകയുള്ളു. അതിനെ ചെറുക്കുന്ന വാക്കും പ്രവൃത്തിയും ഭീകരവാദമായിരിക്കും. ആശയപരവും രാഷ്ട്രീയവുമായ ആ യോജിപ്പാണ്‌ മോഡിയേയും നെതന്യാഹുവിനെയും സഹോദരന്മാരായി മാറ്റുന്നത്‌.
വർണ, വംശ വിദ്വേഷത്തിനും വിവേചനത്തിനും മതമൗലിക വാദത്തിനും എതിരായ ജനാധിപത്യ ആശയങ്ങളെയും മതനിരപേക്ഷതയെയും വൈവിധ്യങ്ങളെയും ഉൾക്കൊള്ളുന്നതാണ്‌ ഇന്ത്യ എന്ന ആശയം. അതുകൊണ്ടുതന്നെയാണ്‌ ദക്ഷിണാഫ്രിക്കയിലെ വർണവിവേചനത്തിനും വിയറ്റ്നാമിലെ അധിനിവേശ യുദ്ധങ്ങൾക്കും പലസ്തീൻ ജനതയ്ക്കെതിരായ സയണിസ്റ്റ്‌ ആശയങ്ങൾക്കും അവയ്ക്കു പിന്തുണ നൽകുന്ന സാമ്രാജ്യത്വ, നവകൊളോണിയൽ ശക്തികൾക്കും എതിരായ ആഗോള പോരാട്ടത്തിന്റെ മുന്നണിയിൽ ഇന്ത്യയ്ക്ക്‌ നിലയുറപ്പിക്കാനായത്‌. ആഗോള മൂലധനശക്തികളുടെ സാമ്പത്തിക, രാഷ്ട്രീയ, സൈനിക പിന്തുണയെക്കാൾ ലോകരാഷ്ട്ര സമുച്ചയത്തിൽ ഇന്ത്യയുടെ ധാർമിക കരുത്തിന്റെ അടിത്തറ ആ നിലപാടുകൾ തന്നെയായിരുന്നു. അവ ഒന്നൊന്നായി അടിയറവെയ്ക്കപ്പെടുകയാണ്‌. യുഎസ്‌ സന്ദർശനവേളയിൽ ഇന്ത്യയുടെ താൽപര്യങ്ങൾക്കുവേണ്ടി വാദിക്കാനോ രാജ്യത്തിനെതിരെ ട്രമ്പ്‌ ഭരണകൂടം ഉയർത്തിയ വെല്ലുവിളികളേയോ അധിക്ഷേപങ്ങളെയോ ചോദ്യം ചെയ്യാനോ മോഡിക്ക്‌ കഴിയാതെ പോയത്‌ അക്കാരണത്താലാണ്‌. സ്വാതന്ത്ര്യത്തിന്റെ കഴിഞ്ഞ ഏഴു പതിറ്റാണ്ട്‌ കാലം ഹതഭാഗ്യരായ പലസ്തീൻ ജനതയ്ക്കൊപ്പം നിലകൊണ്ട ഇന്ത്യയ്ക്ക്‌ ആ രാഷ്ട്രത്തിന്റെ ഏറ്റവും ദുർഘട കാലഘട്ടത്തിൽ അനുകൂലമായി ഒരു വാക്കും ഉച്ചരിക്കാനാവാത്തതും മറ്റൊന്നുംകൊണ്ടല്ല. അത്‌ ഇന്ത്യ എന്ന ആശയത്തിന്റെ തിരസ്കാരവും പലസ്തീൻ രാഷ്ട്രത്തോടും ജനതയോടുമുള്ള വഞ്ചനയുമാണ്‌.
നരേന്ദ്രമോഡി സർക്കാർ ഇന്ത്യയുടെ രാഷ്ട്ര സങ്കൽപത്തിന്റെയും അതിന്റെ വിദേശനയത്തിന്റെയും കടയ്ക്കലാണ്‌ കത്തിവയ്ക്കുന്നത്‌. ഇസ്രയേൽ ഒരു രാഷ്ട്രമെന്ന നിലയിൽ ശാസ്ത്ര സാങ്കേതിക സൈനിക രംഗങ്ങളിൽ കൈവരിച്ചിട്ടുള്ള നേട്ടങ്ങൾ പ്രയോജനപ്പെടുത്താൻ ആശയപരമായ കീഴടങ്ങലിന്റെ ആവശ്യമില്ല. പരമ്പരാഗതമായി സയണിസത്തെ എതിർത്തുപോന്ന അറബ്‌ രാഷ്ട്രങ്ങൾപോലും പതിറ്റാണ്ടുകളായി അവ സ്വന്തം രാഷ്ട്രങ്ങളുടെ അഭ്യുന്നതിക്കായി പ്രയോജനപ്പെടുത്തിവരുന്നുണ്ട്‌. മാറിയ ആഗോള രാഷ്ട്രീയ അന്തരീക്ഷത്തിൽ ഇസ്രയേലുമായി പൂർണതോതിൽ നയതന്ത്രബന്ധം സ്ഥാപിക്കാൻ നമുക്കായിട്ടുണ്ട്‌. ഇസ്രയേലിലെ ജൂതജനതയുമായി ഇന്ത്യയ്ക്ക്‌ സഹസ്രാബ്ദങ്ങളുടെ ചരിത്രബന്ധമാണുള്ളത്‌. ഇസ്രയേൽ രാഷ്ട്രവുമായോ ജൂതജനതയുമായോ യാതൊരു ശത്രുതയും വിവേചനവും നാം വച്ചുപുലർത്തേണ്ടതുമില്ല. എന്നാൽ വംശീയതയിൽ അധിഷ്ഠിതമായ സയണിസ്റ്റ്‌ ആശയങ്ങളോട്‌ സന്ധി ചെയ്യുന്നതും അതിന്റെ പേരിൽ പലസ്തീൻ ജനതയുടെ നീതിപൂർവമായ അവകാശങ്ങൾക്കെതിരെ പുറംതിരിഞ്ഞുനിൽക്കുന്നതും അവരുടെ പോരാട്ടങ്ങളെ അപ്പാടെ അവഗണിക്കുന്നതും അക്ഷന്തവ്യമായ രാഷ്ട്രീയ അപരാധമാണ്‌.