മോഡി ആരാധകരുടെ പ്രചാരണം സംശയാസ്പദം; ഒഇസിഡി റിപ്പോർട്ടിൽ വൈരുദ്ധ്യങ്ങൾ

മോഡി ആരാധകരുടെ പ്രചാരണം സംശയാസ്പദം; ഒഇസിഡി റിപ്പോർട്ടിൽ വൈരുദ്ധ്യങ്ങൾ
July 16 04:45 2017

ന്യൂഡൽഹി: സ്വന്തം സർക്കാരിനെക്കുറിച്ച്‌ ഏറ്റവും അധികം വിശ്വാസമുള്ള ജനങ്ങൾ ഇന്ത്യക്കാരാണെന്ന മോഡി പ്രചാരകരുടെ വാദത്തിൽ കഴമ്പില്ലെന്ന്‌ റിപ്പോർട്ട്‌. ഓർഗനൈസേഷൻ ഫോർ ഇക്കണോമിക്‌ കോ ഓപ്പറേഷൻ ആൻഡ്‌ ഡെവലപ്മെന്റിന്റെ (ഒഇസിഡി) ഗവൺമെന്റ്‌ അറ്റ്‌ എ ഗ്ലാൻസ്‌ എന്ന അഭിപ്രായ സർവേ റിപ്പോർട്ടിൽ നരേന്ദ്ര മോഡി നയിക്കുന്ന എൻഡിഎ സർക്കാരിൽ 73 ശതമാനം ഇന്ത്യക്കാർക്കു വിശ്വാസമുണ്ടെന്നു സർവേയിൽ കണ്ടെത്തിയതായാണ്‌ പ്രചരിപ്പിക്കപ്പെടുന്നത്‌.
എന്നാൽ റിപ്പോർട്ടിന്റെ ഭാഗമായി പ്രത്യേകം എടുത്തുപറയേണ്ട കാര്യങ്ങൾ എന്ന പേരിലുള്ള ചുരുക്ക റിപ്പോർട്ടിന്റെ 14- ാ‍ം പേജിൽ നിലവിലുള്ള സർക്കാരിൽ ഇന്ത്യയിലെ ജനങ്ങൾക്കുള്ള വിശ്വാസം 30 ശതമാനമെന്നാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. ഈ പേജിൽ 70 ശതമാനത്തിന്‌ മുകളിൽ ജനങ്ങൾ സർക്കാരിൽ വിശ്വാസമുള്ളവരാണെന്ന്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌ സ്വിറ്റ്സർലാന്റ്‌, മെക്സിക്കോ, ലിത്വാനിയ, റഷ്യ എന്നീ രാജ്യങ്ങൾ മാത്രമാണ്‌. പരസ്പര വിരുദ്ധമായ ഈ കണക്കുകളിലൊന്ന്‌ ഉദ്ധരിച്ചാണ്‌ മോഡി സർക്കാരിന്റെ ജനവിശ്വാസം വർധിക്കുന്നുവെന്ന പ്രചരണം നടത്തുന്നത്‌. അതേസമയം ഒഇസിഡിയുടെ ഇതേ റിപ്പോർട്ടിൽ 2077 ലെ യുപിഎ സർക്കാരിന്‌ ജനവിശ്വാസ്യതയുടെ കാര്യത്തിൽ 82 ശതമാനത്തിന്റെ പിന്തുണ ലഭിച്ചിരുന്നു. അതുമായി താരതമ്യപ്പെടുത്തിയാൽ മോഡി സർക്കാരിനുള്ള പിന്തുണ 9 ശതമാനം കുറയുകയാണുണ്ടായത്‌.
ഏറ്റവുമധികം ജനവിശ്വാസമാർജിച്ച സർക്കാർ എന്ന ഭാഗത്തല്ലാതെ മറ്റൊരു അധ്യായത്തിലും ഇന്ത്യയുടെ പേരില്ലെന്ന വിചിത്രമായ കാര്യം റിപ്പോർട്ടിനെ തന്നെ സംശയാസ്പദമാക്കുന്നുണ്ട്‌. പൊതു സമ്പത്തും സമ്പദ്ഘടനയും, സർക്കാർ ജോലിയും വേതനവും, സർക്കാരിലെ സ്ത്രീ പങ്കാളിത്തം, സ്ഥാപനങ്ങൾ, ബജറ്റും നടപടികളും, മനുഷ്യ വിഭവശേഷി വിഭാഗം, പൊതുമേഖല തുടങ്ങി 13 അധ്യായങ്ങളാണ്‌ റിപ്പോർട്ടിന്റെ ഭാഗമായുള്ള പ്രത്യേകം എടുത്തുപറയേണ്ട കാര്യങ്ങൾ എന്ന ഭാഗത്തുള്ളത്‌. ഇവയിൽ ഭരണത്തിലെ വിശ്വാസ്യത എന്ന വിഭാഗത്തിൽ മാത്രം മോഡി സർക്കാരിന്‌ ജനപിന്തുണ കൂടുതലാണെന്നു വന്നതെന്തുകൊണ്ടാണെന്ന ചോദ്യം പ്രസക്തമാണ്‌. ഏറ്റവും വിചിത്രമായിട്ടുള്ളത്‌ ഒഇസിഡി പ്രസിദ്ധീകരിച്ചിട്ടുള്ള 35 അംഗ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയില്ലെന്നതാണ്‌.

  Categories:
view more articles

About Article Author