മോഡി-ട്രമ്പ്‌ കൂടിക്കാഴ്ച: ഇന്ത്യ-യുഎസ്‌ ഭീകരവിരുദ്ധ സഹകരണം ശക്തമാക്കാൻ ധാരണ

മോഡി-ട്രമ്പ്‌ കൂടിക്കാഴ്ച: ഇന്ത്യ-യുഎസ്‌ ഭീകരവിരുദ്ധ സഹകരണം ശക്തമാക്കാൻ ധാരണ
June 28 04:45 2017

വാഷിങ്ങ്ടൻ: ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഒരുമിച്ചു നിൽക്കാനും ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരബന്ധം കൂടുതൽ മെച്ചപ്പെടുത്താനും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപും തമ്മിലുള്ള പ്രഥമ കൂടിക്കാഴ്ചയിൽ തീരുമാനം. ഇന്ത്യയുമായുള്ള സുരക്ഷാസഹകരണം അതീവ പ്രാധാന്യമേറിയതാണെന്നും യുഎസ്‌ കയറ്റുമതിക്ക്‌ ഇന്ത്യയിലുള്ള പ്രധാന തടസങ്ങൾ നീക്കണമെന്നും ചർച്ചയ്ക്കുശേഷം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ ട്രമ്പ്‌ പറഞ്ഞു.
തന്റെ സന്ദർശനം ഇന്ത്യ–യുഎസ്‌ ബന്ധത്തിന്റെ ചരിത്രത്തിലെ സുപ്രധാനമായ ഏടാണെന്ന്‌ നരേന്ദ്ര മോഡി പറഞ്ഞു. യുഎസ്‌ സന്ദർശനം പൂർത്തിയാക്കിയ മോഡി, സന്ദർശനത്തിന്റെ മൂന്നാം ഘട്ടമായി നെതർലൻഡിലേക്കു തിരിച്ചു.
ആഗോള ഭീകരതയ്ക്കെതിരായ പോരാട്ടത്തിനാണ്‌ ഇരുരാജ്യങ്ങളുടെയും പ്രഥമ പരിഗണനയെന്ന്‌ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യങ്ങളെ കണ്ട പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കി. ഭീകരവാദം, തീവ്രവാദം, മൗലികവാദം എന്നീ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായെന്നും അദ്ദേഹം അറിയിച്ചു. ഭീകരവാദത്തെ തുടച്ചുനീക്കുന്നതിനൊപ്പം ഭീകരരുടെ അഭയസ്ഥാനങ്ങൾ കണ്ടെത്തി ഉൻമൂലനം ചെയ്യുന്നതിനും ഇരുരാജ്യങ്ങളും പ്രഥമ പരിഗണന നൽകുമെന്ന്‌ പ്രധാനമന്ത്രി മോഡി വ്യക്തമാക്കി. ഇന്തോ – പസഫിക്‌ മേഖലയിൽ സമാധാനവും, സ്ഥിരതയും, സുരക്ഷയും ഉറപ്പാക്കുകയാണ്‌ ഇരു രാജ്യങ്ങളുടേയും ലക്ഷ്യമെന്നും മോഡി പറഞ്ഞു.
ഭീകര സംഘടനകളേയും മുസ്ലിം തീവ്രവാദത്തെയും ഇവയ്ക്ക്‌ വളമാകുന്ന പ്രത്യയശാസ്ത്രത്തെയും ഉൻമൂലനം ചെയ്യുന്നതിൽ ഇരുരാജ്യങ്ങളും ബദ്ധശ്രദ്ധരാണെന്ന്‌ യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രമ്പ്‌ അറിയിച്ചു. ഭീകരവാദത്തിന്റെ പരിണിതഫലങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്ന രണ്ടു രാജ്യങ്ങളാണ്‌ നമ്മൾ. അതുകൊണ്ടുതന്നെ അവയെ ഉൻമൂലനംചെയ്യാൻ നാം ബദ്ധശ്രദ്ധരാണ്‌ ട്രമ്പ്‌ പറഞ്ഞു.
യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപുമായുള്ള ആദ്യ കൂടിക്കാഴ്ചയ്ക്കായി വൈറ്റ്‌ ഹൗസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്‌ ഊഷ്മള സ്വീകരണമാണ്‌ ഒരുക്കിയിരുന്നത്‌. മോഡിയെ സ്വാഗതം ചെയ്യാൻ യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിനൊപ്പം പ്രഥമ വനിത മെലനിയ ട്രംപും എത്തിയിരുന്നു.
വൈറ്റ്‌ ഹൗസ്‌ സന്ദർശനത്തിനു മുൻപേ യുഎസ്‌ പ്രതിരോധ സെക്രട്ടറി ജയിംസ്‌ മാറ്റിസും സ്റ്റേറ്റ്‌ സെക്രട്ടറി റെക്സ്‌ ടില്ലേഴ്സനും മോഡിയുമായി പ്രത്യേക ചർച്ച നടത്തിയിരുന്നു. ഭീകരവിരുദ്ധ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളാണു ചർച്ച ചെയ്തത്‌. ഇന്ത്യ–യുഎസ്‌ സംയുക്ത പ്രസ്താവനയ്ക്കുശേഷം വൈറ്റ്‌ ഹൗസിലെ ചരിത്രപ്രസിദ്ധമായ ബ്ലൂ റൂമിലാണു മോഡിക്ക്‌ വിരുന്ന്‌ ഒരുക്കിയത്‌. ഇതാദ്യമായാണു ഒരു വിദേശനേതാവിനു ട്രമ്പ്‌ വൈറ്റ്‌ ഹൗസിൽ വിരുന്നൊരുക്കിയത്‌.

  Categories:
view more articles

About Article Author