യന്തിരനും എൽവിസ്‌ പ്രിസ്ലിയും അമേരിക്കയിൽ തെണ്ടുന്നു

യന്തിരനും എൽവിസ്‌ പ്രിസ്ലിയും അമേരിക്കയിൽ തെണ്ടുന്നു
July 04 04:45 2017

പ്രച്ഛന്നവേഷ യാചകർക്ക്‌ ഇവിടെ പൂക്കാലം

കെ രംഗനാഥ്‌
ഹോളിവുഡ്സിറ്റി: അഷ്ടൈശ്വര്യ സമൃദ്ധികളുടെ പറുദീസയെന്ന്‌ മുതലാളിത്തം ഓമനപ്പേരിടുന്ന അമേരിക്ക അത്യാധുനിക തെണ്ടികൾക്കും പൂക്കാലമൊരുക്കുന്നു.
ശാസ്ത്ര സാങ്കേതികവിദ്യയുടെ അപാരതകൾ വിളിച്ചോതുന്ന യന്ത്രമനുഷ്യനെന്ന റോബോട്ടിന്‌ ഹോളിവുഡ്സിറ്റിയിൽ ഭിക്ഷാടനത്തിന്റെ ചാകരക്കോള്‌. ലോകസിനിമയുടെ ഈ ആസ്ഥാന അടയാളനഗരം കാണാനെത്തുന്ന വിനോദസഞ്ചാരികൾ ഈ യന്തിരനുമൊത്തു പടമെടുക്കാൻ കൂട്ടയിടി! വെറുതെയങ്ങ്‌ യന്തിരനോടൊപ്പം പോസ്‌ ചെയ്ത്‌ സെൽഫിയെടുത്ത്‌ ഗമയടിക്കാമെന്നു കരുതേണ്ട. ചുരുങ്ങിയത്‌ ഒരു ഡോളറെങ്കിലും യന്തിരൻ വേഷധാരിക്ക്‌ ഭിക്ഷനൽകിയേ തീരു. ഇത്തരം പതിനഞ്ചോളം ‘യന്ത്രതെണ്ടി’കളെ ഹോളിവുഡിൽ കാണാനിടയായി. ഓരോ റോബോട്ട്‌ ഭിക്ഷാംദേഹിക്കും പ്രതിദിനം മൂന്നൂറു ഡോളറെങ്കിലും വരുമാനമുണ്ടാകാറുണ്ടെന്നാണ്‌ ഹോളിവുഡ്‌ സിറ്റിയിലെ ചൈനീസ്‌ തിയേറ്ററിനു മുന്നിലെ യന്തിരനായ ജോപിറ്റേഴ്സണിന്റെ സാക്ഷ്യം. ഒപ്പം പടമെടുക്കാത്തവരോട്‌ ശബ്ദം പതിയെതാഴ്ത്തി പറയും വിശക്കുന്നു ഒരു ഡോളർ തരാമോ!
ചൂതാട്ടത്തിന്റെ ആഗോള ആസ്ഥാനമായ നെവാദയിലെ ലാസ്‌വേഗസിലേയ്ക്ക്‌ സ്വാഗതമോതുന്ന കവാടത്തിൽ വിശ്രുത ഗായകനായ എൽവിസ്‌ പ്രിസ്ലിയുടെ ആടയാഭരണങ്ങളണിഞ്ഞ്‌ പൂമാലയും ചൂടിനിൽക്കുന്ന യാചകനും ഒപ്പം പടമെടുക്കാൻ മിനിമം റേറ്റ്‌ ഒരു ഡോളർ. പടമെടുക്കാൻ ആരും കൂടിയില്ലെങ്കിൽ എൽവിസ്‌ പ്രിസ്ലി തനി എരപ്പാളിയാകും. സാൻഫ്രാൻസിസ്കോയിലെ ഗോൾഡൻ ഗേറ്റ്‌ ബ്രിഡ്ജിനടുത്ത ഇരട്ടമലകൾ വിദേശ ടൂറിസ്റ്റുകളുടെ ഇഷ്ട സങ്കേതമാണ്‌. അവിടെ നിന്നാൽ വിശാലമായ സാൻഫ്രസിസ്കോ നഗരത്തിന്റെ വിഹഗവീക്ഷണം കാണാം. ഇവിടെ വരുന്നവരിൽ നല്ലൊരു പങ്കും ഇന്ത്യാക്കാരാണെന്ന്‌ തിരിച്ചറിഞ്ഞ ഒരു തെണ്ടി സായിപ്പ്‌ തന്റെ പട്ടിയുമൊത്ത്‌ ഗായകഭിക്ഷുവായി അവതരിച്ചിരിക്കുന്നു. ജയജഗദീശഹരേ, സ്വാമീ ജയജയദേഹരേ എന്ന ഉത്തരേന്ത്യക്കാർക്ക്‌ ഇഷ്ടമായ ഭക്തിഗാനം അക്ഷരസ്ഫുടതയോടെ ഇന്ത്യാക്കാരെക്കാൾ മധുരമായി ആലപിക്കുന്ന സ്കോൾട്ട്‌ വീനർ ജർമനിയിൽ നിന്നും സാൻഫ്രാൻസിസ്കോയിലേക്ക്‌ കുടിയേറിയ യാചകനാണ്‌. പല പണികളും നോക്കിപയറ്റി തോറ്റപ്പോൾ കണ്ടെത്തിയ ലാഭകരമായ മെയ്യനങ്ങാത്ത ബിസിനസായി അയാൾക്ക്‌ യാചകഗായകവേഷം. ഇവിടം സ്കോർട്ടിന്റെ ഏകാധിപത്യ വീഴ്ചയിൽ എതിരാളികളില്ലാത്തതിനാൽ ‘ജയജഗദീപര’യിൽ വീണു പോകുന്ന ഇന്ത്യൻ സഞ്ചാരികളുടെ കീശയിൽ നിന്നും ഡോളർ നോട്ടുകൾ ഈ ഗാനഭിക്ഷുവിന്റെ മുന്നിലെ കാർഡ്‌ ബോർഡ്‌ പെട്ടിയിലേക്ക്‌ പറന്നിറങ്ങുന്നു.
കിങ്കോങ്ങ്‌ സിനിമയിലെ ആൾക്കുരങ്ങ്‌, സൂപ്പർമാൻ, സ്പൈഡർമാൻ തുടങ്ങി മിക്കവാറും എല്ലാ കഥാപാത്രങ്ങളും യാചകവേഷമിട്ട്‌ അരങ്ങുവാഴുമ്പോൾ ഇനി ഏത്‌ വിരുതനാണ്‌, പ്രസിഡന്റ്‌ ഡൊണാൾഡ്‌ ട്രംപിന്റെ വേഷമണിഞ്ഞ്‌ തെണ്ടാനിറങ്ങുന്നതെന്നുകാണാനും അധികം കാത്തിരിക്കേണ്ടിവരില്ല. അന്താരാഷ്ട്ര തരികിട വേഷം കെട്ടുന്ന അമേരിക്കയുടെ മണ്ണിൽ യാചക ട്രംപിനു നിരോധാനമുണ്ടാകില്ല.

  Categories:
view more articles

About Article Author