യാത്രാക്കുറിപ്പ്‌ | കാടിന്റെ മക്കളെത്തേടി….

യാത്രാക്കുറിപ്പ്‌ | കാടിന്റെ മക്കളെത്തേടി….
March 29 04:45 2017

ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ സോഷ്യൽസയൻസ്‌ ക്ലബിന്റെ നേതൃത്വത്തിൽ ആവണിപ്പാറ ഗിരിവർഗകോളനി സന്ദർശിച്ചു. ആദിവാസി ജീവിതം നേരിൽക്കാണാനായി പാഠഭാഗത്തെ ആസ്പദമാക്കിയുള്ള യാത്രയായിരുന്നു. കോന്നി-അരുവാപ്പുലം പഞ്ചായത്തിലെ അഞ്ചാം വാർഡിലാണ്‌ ആവണിപ്പാറ. വനത്തിനുള്ളിൽ ഒറ്റപ്പെട്ടുകിടക്കുന്ന പ്രദേശം. കോന്നിയിൽ നിന്ന്‌ ഏകദേശം 45 കിലോമീറ്റർ വനത്തിലൂടെ സഞ്ചരിക്കണം. കാട്ടിലൂടെയുള്ള യാത്ര രസകരമായിരുന്നു. യാത്രയിൽ കേഴമാൻ, മയിൽ എന്നിവയെ കാണാൻ സാധിച്ചു. അച്ചൻകോവിൽ പോകുന്ന വഴിയരികിലാണ്‌ ഈ കോളനി. അച്ചൻകോവിലാറിന്‌ മറുകരയായതിനാൽ ആറ്‌ മുറിച്ചുകടക്കണം. വേനലായതിനാൽ വെള്ളം കുറവാണ്‌. അതിനാൽ ഞങ്ങൾ നടന്നാണ്‌ കോളനിയിൽ എത്തിയത്‌. 34 കുടുംബങ്ങളിലായി 224 അംഗങ്ങൾ ഈ കോളനിയിൽ താമസിക്കുന്നു. ഐഎവൈ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച വീടുകളാണ്‌ അധികവും. ഈ പദ്ധതിയിൽ വീട്‌ ലഭ്യമല്ലാത്തവർ മുള ചെത്തിയുറപ്പിച്ച വീടുകൾ നിർമിച്ചിരിക്കുന്നു. കട്ടിൽ ഉൾപ്പെടെ എല്ലാം മുള ഉപയോഗിച്ചുള്ളതാണ്‌. കുട്ടികൾ അധികവും സ്കൂളിൽ പോകുന്നില്ല എന്നറിഞ്ഞപ്പോൾ സങ്കടം തോന്നി. അടുത്ത സ്കൂൾ അച്ചൻകോവിലിലാണ്‌. മഴക്കാലത്ത്‌ ആറ്റിൽ വെള്ളം കൂടുമ്പോൾ മറുകരയെത്താൻ പ്രയാസമാണ്‌. ഈ പ്രയാസം എട്ട്‌ മാസത്തോളം തുടരും ഇതാണ്‌ ഇവരുടെ പ്രധാന പ്രശ്നം. ഹോസ്റ്റലിൽ നിന്ന്‌ പഠിക്കുന്ന കുട്ടികൾ ഉണ്ട്‌. ബിഎസ്സി നഴ്സിങ്‌, പ്ലസ്‌ ടു എന്നിവയ്ക്ക്‌ പഠിക്കുന്ന കുട്ടികളും ഉണ്ടെന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി.
വേനൽക്കാലത്ത്‌ കാട്ടുതീ സാധാരണയായതിനാൽ മൂപ്പനും സംഘവും വനത്തിലായിരുന്നു. മൂപ്പന്റെ ഭാര്യയും കുടുംബാംഗങ്ങളും മറ്റ്‌ കുടുംബങ്ങളിലെ അംഗങ്ങളും കോളനിയിൽ ഉണ്ടായിരുന്നു. ഞങ്ങൾ ശേഖരിച്ച്‌ കൊണ്ടുപോയ അരിയും വസ്ത്രങ്ങളും കോളനിയിലെ ഏകസർക്കാർ സ്ഥാപനമായ അംഗണവാടിയിൽ വച്ച്‌ വിതരണം ചെയ്തു. വാർഡ്‌ മെമ്പർ സിന്ധു ഞങ്ങളോടൊപ്പം വന്നിരുന്നു. കോളനിയിൽ ഒരു എൽപി സ്കൂളും ആറിന്‌ മറുകര കടക്കാൻ ഒരു പാലവും നിർമിച്ചുകൊടുത്താൽ ഒറ്റപ്പെട്ട ഈ കോളനി നിവാസികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരാൻ കഴിയും. ആദിവാസി-വനംവകുപ്പ്‌ മന്ത്രിമാർ, കോന്നി എംഎൽഎ, പത്തനംതിട്ട ജില്ലാ കളക്ടർ എന്നിവരെ കാടിന്റെ മക്കളുടെ വേദനകൾ അറിയിക്കാനുള്ള ശ്രമത്തിലാണ്‌ ഞങ്ങൾ.

നർഗീസ്‌ ജഹാൻ
ക്ലാസ്‌: 6 എ
ഗവ.എച്ച്‌എസ്‌എസ്‌
കൂടൽ

  Categories:
view more articles

About Article Author