യുഎഇയിലേക്കുള്ള തൊഴിലാളി കുടിയേറ്റത്തിന്‌ നിയന്ത്രണം

യുഎഇയിലേക്കുള്ള തൊഴിലാളി കുടിയേറ്റത്തിന്‌ നിയന്ത്രണം
January 12 04:45 2017

കെ രംഗനാഥ്‌
അബുദാബി: ലോകത്ത്‌ ഏറ്റവും കൂടുതൽ മലയാളികൾ പണിയെടുക്കുന്ന രണ്ടാമത്തെ രാജ്യമായ യുഎഇയിൽ സാധാരണ അവിദഗ്ധതൊഴിലാളികളുടെ കുടിയേറ്റത്തിന്‌ കടുത്ത നിയന്ത്രണങ്ങൾ വരുന്നു. ഇതുസംബന്ധിച്ച ചർച്ചകൾ ദേശീയ പാർലമെന്റായ ഫെഡറൽ നാഷണൽ കൗൺസിലിൽ തുടങ്ങി.
47 ലക്ഷം വിദേശികൾ തൊഴിലെടുക്കുന്ന യുഎഇയിൽ 32 ലക്ഷത്തോളം പേർ ഇന്ത്യാക്കാരാണ്‌. ഇവരിൽ 21 ലക്ഷം മലയാളികളും. 44 ലക്ഷമായിരുന്ന പ്രവാസി സംഖ്യയിൽ ഒരു വർഷത്തിനുള്ളിൽ മൂന്നു ലക്ഷത്തിന്റെ വർധനയാണുണ്ടായതെന്ന്‌ മനുഷ്യവിഭവശേഷി സ്വദേശിവൽക്കരണമന്ത്രാലയം വെളിപ്പെടുത്തി. വിദേശതൊഴിലാളികളിൽ 99 ശതമാനവും അവിദഗ്ധ-അർധവിദഗ്ധ വിഭാഗങ്ങളിൽപ്പെടുന്നവരാണ്‌.
എണ്ണവില ക്രമാനുഗതമായി ഉയരുകയും തൊഴിലവസരങ്ങൾ മെച്ചപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ ഏർപ്പെടുത്തുന്ന ഈ നിയന്ത്രണം ഗൾഫ്‌ മേഖലയിൽ തൊഴിൽ തേടുന്ന സാധാരണ തൊഴിലാളികളിൽ ആശങ്ക പരത്തിയിട്ടുണ്ട്‌. അവിദഗ്ധ-അർധവിദഗ്ധ തൊഴിലാളികളിൽ ബഹുഭൂരിപക്ഷവും ഇന്ത്യ, ബംഗ്ലാദേശ്‌, പാകിസ്ഥാൻ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്‌. വിദഗ്ധ തൊഴിലാളികളായ പ്രവാസികൾ ഇപ്പോൾ 20 ശതമാനം മാത്രം. അഞ്ച്‌ വർഷത്തിനകം അത്‌ നാല്‌ ശതമാനമാകും.
ദുബായിലെ 2020 ലോക എക്സ്പോ സംബന്ധിച്ച നിർമ്മാണ മേഖലകളിൽ മാത്രം 3.2 ലക്ഷം പേർക്ക്‌ തൊഴിൽ ലഭിക്കുമെന്ന്‌ ഔദ്യോഗികമായ അറിയിപ്പുണ്ടായിരുന്നു. ഇവിടെ ഏറ്റവുമധികം ജോലി സാധ്യത സാധാരണ തൊഴിലാളികൾക്കായിരിക്കേ ആ വിഭാഗത്തിന്റെ കുടിയേറ്റത്തിനു നിയന്ത്രണമേർപ്പെടുത്തുന്നത്‌ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന്‌ അഭിപ്രായവുമുണ്ട്‌.
ആരോഗ്യമേഖലയിലാണ്‌ യുഎഇയിൽ കഴിഞ്ഞ വർഷം ഏറ്റവുമധികം വിദേശികൾക്കു ജോലി ലഭിച്ചത്‌. 68,000 പേർ. സാമ്പത്തിക-മാനേജ്മെന്റ്‌ മേഖലകളിൽ 5700 പേർക്കും തൊഴിൽ കിട്ടി. എന്നാൽ ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം വിദ്യാഭ്യാസ മേഖലയാണ്‌ തൊഴിൽ ദാനത്തിൽ യുഎഇയിൽ മുന്നിട്ടു നിൽക്കുന്നത്‌.
ഒരു വർഷത്തിനുള്ളിൽ വിദ്യാഭ്യാസരംഗത്ത്‌ 79,000 പേർക്ക്‌ പുതുതായി തൊഴിൽ ലഭിച്ചതായാണ്‌ കണക്ക്‌.

view more articles

About Article Author