യുഎപിഎ പുനഃപരിശോധനാ റിപ്പോർട്ട്‌ സുപ്രധാന കാൽവയ്പ്‌

April 19 04:55 2017

കഴിഞ്ഞ അഞ്ച്‌ വർഷങ്ങളിലായി കേരളത്തിൽ യുഎപിഎ (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) നിയമത്തിന്റെ അടിസ്ഥാനത്തിൽ ചുമത്തപ്പെട്ട 42 കേസുകൾ നിയമത്തിന്‌ മുന്നിൽ നിലനിൽക്കില്ലെന്നു കണ്ടെത്തൽ. ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെന്റ്‌ നിയോഗിച്ച സംസ്ഥാന ഡിജിപിയുടെ നേതൃത്വത്തിലുള്ള സമിതിയാണ്‌ തങ്ങളുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഇത്‌ സംബന്ധിച്ച റിപ്പോർട്ട്‌ ആഭ്യന്തരവകുപ്പിന്‌ സമർപ്പിച്ചിരിക്കുന്നത്‌. യുഎപിഎ നിയമം സംബന്ധിച്ച്‌ സിപിഐ അടക്കം എൽഡിഎഫ്‌ ഘടകകക്ഷികളും മനുഷ്യാവകാശ പ്രവർത്തകരും ഈ കരിനിയമത്തിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും യുഎപിഎയ്ക്ക്‌ എതിരെ അസന്ദിഗ്ധമായ നിലപാടാണ്‌ അവലംബിച്ചിരുന്നത്‌. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ്‌ പ്രകടന പത്രികയും ഈ കരിനിയമത്തിനെതിരെ വ്യക്തമായ നിലപാടാണ്‌ കേരള ജനതയ്ക്ക്‌ മുന്നിൽ വച്ചിരുന്നത്‌. ഈ പശ്ചാത്തലത്തിൽ പ്രസ്തുത കരിനിയമം ചുമത്തുന്നതിലും അതുവഴി മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടെങ്കിൽ അത്‌ കണ്ടെത്തുന്നതിനും സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്ന്‌ കേരള സമൂഹം പ്രതീക്ഷിക്കുന്നു. ഒരു ഫെഡറൽ സംവിധാനത്തിനുള്ളിൽ പ്രവർത്തിക്കുന്ന കേരളത്തിൽ ഇത്തരത്തിലുള്ള ഒരു കേന്ദ്ര നിയമം ദുരുപയോഗം ചെയ്യുന്നത്‌ അവസാനിപ്പിക്കാൻ യുക്തിഭദ്രവും നിയമാധിഷ്ഠിതവുമായ എന്ത്‌ നടപടി സ്വീകരിക്കാനാവുമെന്ന്‌ എൽഡിഎഫും സംസ്ഥാന ഭരണകൂടവും ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു.
യുഎപിഎയുടെ നാൾവഴികൾ പരിശോധിച്ചാൽ ഭരണഘടന പൗരന്‌ ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ പരിമിതപ്പെടുത്താനും അവയ്ക്ക്‌ കൂച്ചുവിലങ്ങിടാനും കാലാകാലങ്ങളിൽ നടന്ന ശ്രമങ്ങളുടെ ഏറ്റവും പുതിയ പതിപ്പാണ്‌ ഈ കരിനിയമമെന്ന്‌ കാണാനാവും. സ്വതന്ത്ര ഇന്ത്യ ഭരണഘടന അംഗീകരിച്ച്‌ ഒരു പരമാധികാര റിപ്പബ്ലിക്കായി മാറിയതിന്‌ തൊട്ടുപിന്നാലെ തന്നെ മൗലികാവകാശങ്ങൾ പരിമിതപ്പെടുത്താനുള്ള ശ്രമങ്ങൾക്കും തുടക്കം കുറിച്ചിരുന്നു. 1952ൽ തന്നെ ഭരണഘടനയുടെ 19-ാ‍ം വകുപ്പ്‌ ഭേദഗതി ചെയ്ത്‌ മൗലികാവകാശങ്ങളുടെ മേൽ ‘ഉചിതമായ നിയന്ത്രണങ്ങൾ’ കൊണ്ടുവരുന്ന ഭേദഗതി വരുത്തിയിരുന്നു. തുടർന്ന്‌ പല ഘട്ടങ്ങളിലായി വന്ന ഭീകരവാദ വിധ്വംസക വിരുദ്ധ പ്രതിരോധ നിയമം (ടാഡ), ഭീകരവാദ പ്രതിരോധ നിയമം (പോട്ട) തുടങ്ങിയവയെല്ലാം ഇത്തരത്തിൽ നിലവിൽ വന്ന നിയമങ്ങളാണ്‌. 1967ൽ നിലവിൽ വന്ന നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിന്റെ പുതുക്കിയ രൂപമാണ്‌ ഇന്ന്‌ നിലനിൽക്കുന്നത്‌. ശക്തമായ എതിർപ്പുകളെ തുടർന്ന്‌ പിൻവലിക്കപ്പെട്ട ടാഡ, പോട്ട നിയമങ്ങളുടെ എല്ലാ നിഷേധാത്മക ഘടകങ്ങളും ഉൾപ്പെടുത്തിയാണ്‌ യുഎപിഎ ഇന്നത്തെ രൂപത്തിൽ ഭേദഗതി ചെയ്യപ്പെട്ടത്‌. രാഷ്ട്രീയ പ്രതിയോഗികൾ, മനുഷ്യാവകാശ പ്രവർത്തകർ, സർക്കാരുകൾക്ക്‌ അനഭിമതരായ സാംസ്കാരിക പ്രവർത്തകർ, മതന്യൂനപക്ഷങ്ങൾ, അധസ്ഥിത ജനവിഭാഗങ്ങൾ എന്നിവരാണ്‌ ഈ നിയമങ്ങളുടെ എക്കാലത്തെയും ഇരകൾ. അത്തരം കേസുകളിൽ മഹാഭൂരിപക്ഷവും നിഷ്പക്ഷവും സൂക്ഷ്മവുമായ നിയമപരിശോധനയിൽ നിലനിൽക്കുന്നവയല്ലെന്ന്‌ തെളിയിക്കപ്പെട്ടിട്ടുള്ളവയാണ്‌. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും നിലനിൽപ്പിനും എതിരെ ഉയർന്നുവരുന്ന വെല്ലുവിളികളുടെ മറവിലാണ്‌ ഇത്തരം കരിനിയമങ്ങളുടെ നിലനിൽപ്പുതന്നെ.
യുഎപിഎ, സായുധസേന പ്രത്യേകാധികാര നിയമം (എഎഫ്‌എസ്പിഎ) തുടങ്ങിയ കരിനിയമങ്ങൾ ഒരു പരിഷ്കൃത ജനാധിപത്യ സംവിധാനത്തിൽ കാലഹരണപ്പെട്ടവയാണ്‌. ലോകത്താകെ നിലനിൽക്കുന്ന ഭീകരപ്രവർത്തനവും അത്‌ രാജ്യത്തിന്റെ ഐക്യത്തിനും നിലനിൽപ്പിനും നേരെ ഉയർത്തുന്ന ഭീഷണിയും കപടദേശാഭിമാന ബോധത്തിന്റെ ഭാഗമായ കലുഷിതാന്തരീക്ഷവും ഇത്തരം നിയമങ്ങൾക്ക്‌ വലിയൊരു വിഭാഗം ജനങ്ങൾക്കിടയിൽ വൈകാരികമായ സാധൂകരണം നൽകുന്നുണ്ട്‌. അതുകൊണ്ടുതന്നെ കരുതലോടുകൂടി മാത്രമേ സംസ്ഥാന ഭരണകൂടത്തിന്‌ ഇത്തരം വിഷയങ്ങളെ സമീപിക്കാനാവൂ. എന്നാൽ ഭരണകൂടത്തിന്റെയും അതിന്‌ ജനകീയ പിന്തുണ ഉറപ്പുനൽകുന്ന മുന്നണിയുടെയും ഘടകകക്ഷികളുടെയും നിലപാടുകളെ അവഗണിക്കാൻ ഭരണനേതൃത്വം ആരെയും അനുവദിച്ചുകൂട. യുഎപിഎ വിഷയത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക്‌ എതിരെ ഉയരുന്ന വിമർശനങ്ങൾക്ക്‌ കാരണഭൂതർ ആ നിയമം ദുരുപയോഗം ചെയ്യുന്നവർ തന്നെയാണ്‌. അവരെ നിലയ്ക്കുനിർത്താൻ ഭരണനേതൃത്വത്തിന്‌ കഴിയണം. ആ ദിശയിൽ ഡിജിപി ആഭ്യന്തരവകുപ്പിന്‌ നൽകിയ റിപ്പോർട്ട്‌ സുപ്രധാനമായ കാൽവയ്പാണ്‌. യുഎപിഎ കേസുകളുടെ കൂടുതൽ സൂക്ഷ്മമായ പരിശോധനയ്ക്കും നിരപരാധികളുടെ മോചനത്തിനും പീഡാനുഭവങ്ങളുടെ അറുതിക്കും അത്‌ നിമിത്തമാകണം. നിയമം കൈകാര്യം ചെയ്യാൻ ഉത്തരവാദപ്പെട്ട ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥരെ മാത്രം ചുമതലപ്പെടുത്തി അതിന്റെ ദുരുപയോഗം നടക്കില്ലെന്ന്‌ ഭരണനേതൃത്വം ഉറപ്പുവരുത്തണം. യുഎപിഎ നിയമത്തിന്റെ പരിധിയിൽ നിന്നും കേരളത്തെ മുക്തമാക്കാൻ ആവശ്യമായ നിയമനടപടികളെപറ്റിത്തന്നെ എൽഡിഎഫ്‌ ഗവൺമെന്റ്‌ സഗൗരവം ചിന്തിക്കണം.

  Categories:
view more articles

About Article Author