യുഎസിലെ ഇന്ത്യൻ ജനപ്രതിനിധികൾ പ്രസിഡന്റ്‌ ട്രംപിനെ കോടതികയറ്റുന്നു

യുഎസിലെ ഇന്ത്യൻ ജനപ്രതിനിധികൾ പ്രസിഡന്റ്‌ ട്രംപിനെ കോടതികയറ്റുന്നു
July 03 04:45 2017

കെ രംഗനാഥ്‌
വാഷിങ്ങ്ടൺ: യു എസ്‌ പ്രസിഡന്റ്‌ ഡൊണാൾഡ്‌ ട്രംപിന്റെ ബിസിനസ്‌ സാമ്രാജ്യത്തിലെ സ്ഥാപനങ്ങൾ വിദേശരാജ്യങ്ങളിൽ നിന്ന്‌ ആനുകൂല്യങ്ങൾ കൈപറ്റുന്നതിനെതിരെ ഇന്ത്യക്കാരായ അമേരിക്കൻ ജനപ്രതിനിധികൾ കോടതിയെ സമീപിക്കുന്നു.
യു എസ്‌ സെനറ്റംഗമായ കമലാ ഹാരിസ്‌, ജനപ്രതിനിധി സഭാംഗങ്ങളായ റോ ഖാന്ന, പ്രമീള ജയപാൽ, തുളസി ഗബ്ബാർഡ്‌ എന്നിവരാണ്‌ കോഴയ്ക്കു സമാനമായ ആനുകൂല്യങ്ങൾ സ്വീകരിക്കുന്നതിനെതിരെ പരമോന്നത ഫെഡറൽ കോടതിയിൽ ട്രംപിനെതിരെ ഹർജി നൽകുക. ട്രമ്പ്‌ ഹോട്ടൽസ്‌, ട്രമ്പ്‌ ടവർ തുടങ്ങിയവയാണ്‌ വിദേശരാജ്യങ്ങളിൽ നിന്നും ഏറ്റവുമധികം ആനുകൂല്യങ്ങൾ നേടിയെടുത്തിരിക്കുന്നത്‌. ഭരണഘടനാവിരുദ്ധമായി വിദേശ ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന ട്രംപിന്‌ പ്രസിഡന്റ്‌ സ്ഥാനത്ത്‌ തുടരാൻ അർഹതയില്ലെന്നാണ്‌ ഐ ടി വ്യവസായത്തിന്റെ ആഗോള തലസ്ഥാനമായ സിലിക്കോൺവാലിയെ യു എസ്‌ ജനപ്രതിനിധിസഭയിൽ പ്രതിനിധീകരിക്കുന്ന റോ ഖാന്നയുടെ വാദം. കോടതിയെ സമീപിക്കുന്ന നാല്‌ ജനനേതാക്കളിൽ ഒരാൾ ട്രംപിന്റെ കക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി അംഗമാണെന്നതും ശ്രദ്ധേയം.
ട്രമ്പ്‌ പ്രസിഡന്റായശേഷവും അദ്ദേഹത്തിന്റെ ബിസിനസ്‌ സാമ്രാജ്യത്തിലെ സ്ഥാപനങ്ങൾ കോടിക്കണക്കിനു ഡോളറിന്റെ ആനുകൂല്യങ്ങൾ കൈപ്പറ്റിയത്‌ പ്രസിഡന്റ്‌ എന്ന പദവി ദുരുപയോഗപ്പെടുത്തിയായിരുന്നുവെന്ന്‌ സെനറ്റർ കമലാഹാരിസ്‌ കുറ്റപ്പെടുത്തി. ട്രംപിന്റെ സ്ഥാപനങ്ങൾ സ്വീകരിച്ച വിദേശ കോഴകളുടേയും ആനുകൂല്യങ്ങളുടേയും കണക്കുകൾ വെളിപ്പെടുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്‌. അമേരിക്കൻ ജനതയുടെ പ്രസിഡന്റ്‌ എന്ന മറവിൽ കോഴ വാങ്ങുന്നത്‌ രാഷ്ട്ര താൽപ്പര്യങ്ങൾക്കും ഭരണഘടനയിലെ പ്രസക്ത വകുപ്പുകൾക്കും വിരുദ്ധമാണെന്ന്‌ പ്രമീളാ ജയപാലും തുളസി ഗബ്ബാർഡും കുറ്റപ്പെടുത്തി. എന്നാൽ പ്രസിഡന്റായശേഷം ട്രമ്പ്‌ തന്റെ ബിസിനസ്‌ സാമ്രാജ്യം പുത്രന്മാർക്ക്‌ കൈമാറിയെന്ന വാദവും എതിരാളികൾ തള്ളിക്കളയുന്നു. തന്റെ സ്ഥാപനങ്ങളുടെ ദൈനംദിന ഭരണത്തിൽ പ്രസിഡന്റ്‌ സജീവമായി ഇടപെടുന്നുവെന്നാണ്‌ ആരോപണം.

  Categories:
view more articles

About Article Author