യുഎൻ രക്ഷാസമിതിയിൽ പ്രമേയം പാസായി: ഇസ്രയേലിന്‌ തിരിച്ചടി

യുഎൻ രക്ഷാസമിതിയിൽ പ്രമേയം പാസായി: ഇസ്രയേലിന്‌ തിരിച്ചടി
December 25 04:55 2016
  • പ്രമേയം അനധികൃത കുടിയേറ്റത്തിനെതിരെ
  • വീറ്റോ പ്രയോഗിക്കാതെ അമേരിക്ക
  • ന്യൂസിലൻഡ്‌, സെനഗൽ രാജ്യങ്ങളിലെ നയതന്ത്രബന്ധം ഇസ്രയേൽ വിച്ഛേദിച്ചു

ന്യുയോർക്ക്‌: പലസ്തീനിൽ ഇസ്രയേൽ നടത്തുന്ന അനധികൃത കുടിയേറ്റത്തിനെതിരെ ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയം പാസായി. പതിനഞ്ച്‌ അംഗങ്ങളുള്ള കൗൺസിലിൽ 14 വോട്ടുകൾക്കാണ്‌ പ്രമേയം പാസായത്‌. അമേരിക്ക വീറ്റോ ചെയ്യാതെ ഒഴിഞ്ഞുനിന്നതാണ്‌ ഇസ്രയേലിനേറ്റ കനത്ത പ്രഹരത്തിന്‌ വഴിയൊരുക്കിയത്‌. പ്രമേയത്തെ തടയാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവസാനനിമിഷംവരെ കിണഞ്ഞുപരിശ്രമിച്ചിരുന്നു. അതുകൊണ്ടുതന്നെ പ്രമേയം പാസായത്‌ അദ്ദേഹത്തിനും കനത്ത തിരിച്ചടിയാണ്‌. പ്രമേയം അംഗീകരിക്കില്ലെന്ന്‌ ഇസ്രയേൽ വ്യക്തമാക്കിയിട്ടുണ്ട്‌.
പ്രമേയത്തിൽ പ്രതിഷേധിച്ച ഇസ്രയേൽ തങ്ങൾക്കെതിരായ നീക്കത്തിന്‌ നേതൃത്വം നൽകിയ രാജ്യങ്ങളുമായി നയതന്ത്രബന്ധം വിച്ഛേദിച്ചു. പ്രമേയത്തിന്‌ നേതൃത്വം നൽകിയ ന്യൂസിലൻഡിലെയും സെനഗലിലെയും സ്ഥാനപതിമാരെ തിരിച്ചുവിളിച്ച ഇസ്രയേൽ സെനഗൽ വിദേശകാര്യമന്ത്രിയുടെ രാജ്യത്തെ സന്ദർശനവും റദ്ദാക്കി. സെനഗലിന്‌ ഇസ്രയേൽ നൽകിവന്നിരുന്ന സാമ്പത്തികസഹായങ്ങളും നിർത്തലാക്കിയിട്ടുണ്ട്‌. ഇസ്രയേലിനെതിരെ ശക്തമായ നിലപാടെടുത്ത മലേഷ്യ, വെനസ്വേല രാജ്യങ്ങളുമായി നിലവിൽ നയതന്ത്രബന്ധങ്ങളില്ല.
കിഴക്കൻ ജെറുസലേം ഉൾപ്പെടെയുള്ള അധിനിവേശ പ്രദേശങ്ങളിൽ നിന്ന്‌ എത്രയുംവേഗം പൂർണ്ണമായി പിന്മാറണമെന്നാണ്‌ പ്രമേയം ഇസ്രയേലിനോട്‌ ആവശ്യപ്പെടുന്നത്‌. 1979 ൽ നിലവിൽവന്ന ഇസ്രയേലിന്റെ കുടിയേറ്റനയത്തെ എതിർക്കുന്ന ആദ്യ പ്രമേയമാണിത്‌. ഇസ്രയേൽ-പലസ്തീൻ വിഷയത്തിൽ എട്ടു വർഷത്തിനുള്ളിൽ യുഎൻ സുരക്ഷ കൗൺസിലിൽ പാസാവുന്ന ആദ്യ പ്രമേയമെന്ന പ്രത്യേകതയുമുണ്ട്‌.
നേരത്തെ നിയുക്ത യുഎസ്‌ പ്രസിഡന്റ്‌ ഡൊണാൾഡ്‌ ട്രമ്പ്‌ പ്രസിഡന്റ്‌ അബ്ദുൽ ഫത്താഹ്‌ അൽ സീസിയെ വിളിച്ചതിനെ തുടർന്ന്‌ പ്രമേയം തൽക്കാലം ഒഴിവാക്കാൻ തീരുമാനിച്ചതായി ഈജിപ്ത്‌ അറിയിച്ചിരുന്നു. പ്രമേയത്തിന്റെ കരട്‌ രേഖ ബുധനാഴ്ച രക്ഷാസമിതി അംഗങ്ങൾക്കിടയിൽ ഈജിപ്ത്‌ വിതരണം ചെയ്തിരുന്നു. പിന്നീടാണ്‌ സമ്മർദ്ദത്തെത്തുടർന്ന്‌ പ്രമേയം അവതരിപ്പിക്കുന്നതിൽനിന്നും പിന്മാറാൻ ഈജിപ്ത്‌ തീരുമാനിച്ചത്‌.
ഇതിനെതിരെ മറ്റ്‌ രാജ്യങ്ങൾ രംഗത്തെത്തുകയും ഈജിപ്തില്ലെങ്കിലും പ്രമേയം അവതരിപ്പിക്കുമെന്ന്‌ ന്യൂസിലൻഡ്‌, വെനസ്വേല, മലേഷ്യ, സെനഗൽ എന്നീ രാജ്യങ്ങൾ പ്രഖ്യാപിക്കുകയുമായിരുന്നു. 15 അംഗ കൗൺസിലിൽ യുഎസ്‌, റഷ്യ, ചൈന, ഫ്രാൻസ്‌, ബ്രിട്ടൻ എന്നീ രാജ്യങ്ങൾക്കാണ്‌ വീറ്റോ അധികാരമുള്ളത്‌. എന്നാൽ സ്ഥാനമൊഴിയുന്ന ഒബാമ ഭരണകൂടം പ്രമേയത്തിൽ വീറ്റോ അധികാരം പ്രയോഗിക്കാതെ ഒഴിഞ്ഞുനിന്നു. ഇതോടെ പ്രമേയം പാസായി.
പ്രമേയം തടയാൻ ശക്തമായ ശ്രമങ്ങളാണ്‌ ഇസ്രയേൽ നടത്തിയത്‌. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎസ്‌ പ്രതിനിധിയെ വിളിച്ച്‌ പ്രമേയം വീറ്റോ അധികാരം ഉപയോഗിച്ച്‌ തടയണമെന്നാവശ്യപ്പെട്ടു. പ്രമേയം വീറ്റോ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട ട്രമ്പ്‌ ഇസ്രയേലിന്‌ ദോഷം ചെയ്യുന്നതാണെന്നും അഭിപ്രായപ്പെട്ടിരുന്നു.
1967ൽ ആറ്‌ ദിവസം നീണ്ട യുദ്ധത്തിലാണ്‌ ഇസ്രയേലും അറബ്‌ സഖ്യശക്തികളും ചേർന്ന്‌ പ്രദേശം പിടിച്ചെടുത്തത്‌. അധിനിവേശത്തിന്‌ പിന്നാലെ ജൂതകേന്ദ്രങ്ങൾ സൃഷ്ടിച്ചെടുക്കുകയും അഞ്ചുലക്ഷം ജൂതൻമാരെ പ്രദേശത്ത്‌ വിന്യസിക്കുകയും ചെയ്ത ഇസ്രയേൽ നടപടി ആഗോളതലത്തിൽ ഏറെ വിമർശിക്കപ്പെട്ടിരുന്നു.
യുഎൻ രക്ഷാസമിതിയിലെ പത്ത്‌ താൽകാലിക അംഗങ്ങളിൽ ഒന്നാണ്‌ ന്യൂസിലൻഡ്‌. ഈ മാസത്തോടെ ന്യൂസിലൻഡിന്റെ അംഗത്വം കാലാവധി തികയ്ക്കുകയുമാണ്‌. വിഷയത്തിൽ തങ്ങളുടെ നിലപാട്‌ മുമ്പേ വ്യക്തമാക്കിയതാണെന്നും ഇസ്രയേൽ നയതന്ത്രബന്ധം വിച്ഛേദിച്ചതിനെ കാര്യമാക്കുന്നില്ലെന്നും ന്യൂസിലൻഡ്‌ വിദേശകാര്യമന്ത്രി മുറേ മക്ഗള്ളി പ്രതികരിച്ചു.
രക്ഷാകൗൺസിലിന്റെ പ്രമേയം ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ ബാൻ കി മൂൺ സ്വാഗതം ചെയ്തു. മേഖലയിൽ സമാധാനം പുലരണമെന്ന രാജ്യാന്തര സമൂഹത്തിന്റെ ആഗ്രഹമാണ്‌ പ്രമേയം പാസായതിന്‌ പിന്നിലെന്ന്‌ അദ്ദേഹം പ്രതികരിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ വിജയ ദിവസമാണിതെന്നും അധിനിവേശപ്രവർത്തനം നടത്തുന്ന ഇസ്രയേലിനെതിരെയുള്ള പ്രവർത്തനങ്ങളുടെ വിജയമാണെന്നും പലസതീൻ വക്താവ്‌ സയീബ്‌ ഇറക്കാത പറഞ്ഞു. പ്രമേയം പാസായതോടെ നിയമപരമായി ഇസ്രയേലിന്‌ തിരിച്ചടി നേരിടില്ലെങ്കിലും അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലുൾപ്പെടെയുള്ള കേസുകളെ പ്രതികൂലമായി ബാധിക്കും.

  Categories:
view more articles

About Article Author