യുക്തിയുക്തമായ സ്വതന്ത്രചിന്ത

യുക്തിയുക്തമായ സ്വതന്ത്രചിന്ത
March 15 05:00 2017

കാര്യവിചാരം
യു വിക്രമൻ
ഇന്ത്യയിൽ ഒരു സാമൂഹ്യവിപ്ലവം സൃഷ്ടിച്ച ചിന്തകനാണ്‌ ബുദ്ധൻ എന്ന്‌ ജവഹർലാൽ നെഹ്‌റു പറഞ്ഞിട്ടുണ്ട്‌. ഹിന്ദുമതത്തിലെ കർമ്മകാണ്ഡം, ചാതുർവർണ്യം, പൗരോഹിത്യം ഇവയെ എതിർക്കുകയാണ്‌ ബുദ്ധൻ ആദ്യമായി ചെയ്തത്‌. ജാത്യാചാരദുഷ്ടമായ ഉച്ചനീചവ്യവസ്ഥയെ തച്ചുടച്ച്‌, തികച്ചും ജനകീയമായ ഒരു ഭിക്ഷുസംഘടന അദ്ദേഹം നടപ്പാക്കി. അക്കാലത്ത്‌ ഇതൊരു വിപ്ലവം തന്നെയായിരുന്നു.
നെഹ്‌റുവാകട്ടെ ഇരുപതാം നൂറ്റാണ്ടിലെ വിചാരലോകത്തിൽ വിപ്ലവം സൃഷ്ടിച്ച മഹാത്മാവാണ്‌; മതമണ്ഡലത്തിൽ മാത്രമല്ല, മറ്റ്‌ മണ്ഡലങ്ങളിലും. മതത്തിലെ അന്ധമായ വിശ്വാസാചാരങ്ങളെയും സർവോപരി ജാതിഭേദത്തേയും നെഹ്‌റു സന്ദർഭം വരുമ്പോഴൊക്കെ അസന്ദിഗ്ദം അപലപിച്ചിരുന്നു. മതം ആവശ്യമാണെങ്കിൽതന്നെ അത്‌ വ്യക്തിപരമായ ഒരു കാര്യമാകണമെന്നും വിശ്വാസം കാടുകയറി വ്യക്തിയേയും സമൂഹത്തേയും രാഷ്ട്രത്തേയും കിരാത ദിശയിലേയ്ക്ക്‌ പിടിച്ചുവലിക്കരുതെന്നും മനുഷ്യൻ ശാസ്ത്രജ്ഞാനത്തിന്റെ വെളിച്ചത്തിൽ സത്യാന്വേഷണം നടത്തണമെന്നും ആയിരുന്നു നെഹ്‌റുവിന്റെ ആശയം.
ബുദ്ധനെപ്പോലെ സദ്ധർമ്മാചരണത്തിനാണ്‌ നെഹ്‌റു സർവപ്രാധാന്യം കൽപ്പിച്ചത്‌. മതകാര്യങ്ങളിൽ ബുദ്ധനെപ്പോലെ ബുദ്ധിപരമായ സത്യസന്ധത നെഹ്‌റുവും പാലിച്ചിരുന്നു. ഈശ്വരനേയും ആത്മാവിനെയും പറ്റി ചോദിച്ച ശിഷ്യരോട്‌ ബുദ്ധൻ പറഞ്ഞത്‌, തനിക്ക്‌ അത്തരം അജ്ഞേയ വിഷയങ്ങളെപ്പറ്റി ഒന്നും അറിഞ്ഞുകൂടാ എന്നാണ്‌. മാത്രമല്ല, അറിവിന്റെ പരിധിക്കപ്പുറമുള്ള വിഷയങ്ങളാലോചിച്ച്‌ വിഷമിക്കുന്നതുകൊണ്ട്‌ പ്രയോജനമില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.
തന്റെ ഗ്രന്ഥത്തിൽ ബുദ്ധോപദേശങ്ങളെപ്പറ്റി നിരൂപിക്കുമ്പോൾ ഇവയെല്ലാം അദ്ദേഹം ഉപദേശിച്ചത്‌ ‘യാതൊരുവിധമായ മതാനുശാസനമോ, അല്ലെങ്കിൽ ദൈവത്തേയോ പരലോകത്തേയോ പറ്റി എന്തെങ്കിലും പരാമർശമോ കൂടാതെയാണ്‌’ എന്ന്‌ നെഹ്‌റു ചൂണ്ടിക്കാണിക്കുന്നു. ഏതാണ്ടിതുതന്നെയാണ്‌ അഭിനവബുദ്ധന്റെയും നിലപാട്‌. അദ്ദേഹം ഒരുപടികൂടി കടന്ന്‌ താൻ ഇവയിലൊന്നും വിശ്വസിക്കുന്നില്ലെന്നും തുറന്നുപറഞ്ഞിട്ടുണ്ട്‌. ബുദ്ധന്റെ യുക്തിയുക്തമായ സ്വതന്ത്രചിന്തയും ചാതുർവർണ്യ പൗരോഹിത്യവിരോധവും തദുപദേശത്തിന്റെ ധാർമ്മികവും ജനാധിപത്യപരവുമായ സ്വഭാവവുമാണ്‌ നെഹ്‌റുവിനെ ഏറ്റവും കൂടുതലായി ആകർഷിച്ചത്‌.
“ഇന്ത്യയിൽ യുക്തിവാദിയായിട്ട്‌ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ അത്‌ ബുദ്ധനാണ്‌” എന്ന്‌ മുൻ രാഷ്ട്രപതി എസ്‌ രാധാകൃഷ്ണൻ ഒരിക്കൽ പ്രസംഗിച്ചത്‌ ഇവിടെ സ്മരണീയമത്രേ. നെഹ്‌റുവിനെപ്പറ്റിയും ഈ തത്വജ്ഞാനിക്ക്‌ ഇതുതന്നെ പറയേണ്ടിവരും.
ബുദ്ധൻ തൃഷ്ണാശാന്തിക്കായി ശീലം, സമാധി എന്ന രണ്ട്‌ മാർഗം നിർദേശിച്ചിട്ടുണ്ട്‌. മോഷ്ടിക്കരുത്‌, ഹിംസിക്കരുത്‌ ഇത്യാദി ഉപദേശങ്ങളടങ്ങിയ പഞ്ചശീലം നെഹ്‌റു എത്ര ഇഷ്ടപ്പെട്ടുവെന്നതിന്‌ അതേ പേര്‌ അർത്ഥത്തിലല്ലെങ്കിലും രാഷ്ട്രങ്ങൾ തമ്മിലുള്ള പെരുമാറ്റത്തിൽ അദ്ദേഹം നടപ്പാക്കിയതൊരു തെളിവാകുന്നു.
രണ്ടാമത്തേതായ സമാധി പരിശീലിക്കാൻ മൈത്രി, മുദിത, കരുണ, ഉപേക്ഷ എന്നീ നാലുതരം ഭാവന ആവശ്യമാണെന്ന്‌ ബുദ്ധൻ പറഞ്ഞു. ഈ നാലിന്റേയും നവീന പ്രതീകമായിരുന്നു നെഹ്‌റു. സർവഭൂത സ്നേഹമാണ്‌ മൈത്രി. സർവഭൂതദയതന്നെ കരുണ; സർവലോക സന്തുഷ്ടിമുദിതയും ശത്രുമിത്രഭാവാദിയിലും സ്വാർത്ഥ ചിന്തയിലുമുള്ള ഉദാസീനമനോഭാവമത്രെ ഉപേക്ഷ.
ഈവക ഗുണങ്ങൾ നെഹ്‌റുവിൽ എത്ര സ്വാഭാവികമായും സമൃദ്ധമായും പരിലസിച്ചിരുന്നുവെന്ന്‌ പറയേണ്ടതില്ലല്ലോ. വെടിയേറ്റ മാനിന്റെ മരണം കണ്ട്‌ മനസലിഞ്ഞ്‌ അന്നു മുതൽ നെഹ്‌റു നായാട്ട്‌ നിർത്തിയ സംഭവം സുവിദിതമാണ്‌. ബുദ്ധന്റെ ജീവകാരുണ്യമല്ലേ ഇവിടെയും പ്രത്യക്ഷപ്പെട്ടത്‌? ‘ഉപേക്ഷ’യുടെ പ്രതിഫലനം നെഹ്‌റുവിന്റെ രാഷ്ട്രീയതലത്തിലുള്ള ചേരിചേരാനയത്തിൽ പോലും കാണാം. സർവാശ്ലേഷിയായ സ്നേഹവും സന്തുഷ്ടിയും ആകാശവിശാലമായ ആ ഹൃദയത്തിൽ ഓളം വെട്ടിയിരുന്നു.
‘ആക്രോധന, ജയേൽക്രോധം’, ‘അഹിംസാപരമോ ധർമ്മ’ എന്നീ ബൗദ്ധതത്വങ്ങൾ കഴിയുന്നിടത്തോളം പ്രയോഗികമാക്കാൻ ഈ മനുഷ്യസ്നേഹി നിരന്തരം യത്നം ചെയ്തു. ബുദ്ധന്റെ മദ്ധ്യമമാർഗമാണ്‌ ഏറ്റവും ഉത്തമമെന്ന അഭിപ്രായവും അദ്ദേഹത്തിൽ അടിയുറച്ചിരുന്നു. ഇങ്ങനെ ഏതുവിധം നോക്കിയാലും ചിന്താമധുരമായ സാദൃശ്യം ബുദ്ധന്റെയും നെഹ്‌റുവിന്റെയും ജീവിതാവലോകനത്തിൽ കണ്ടെത്താം.
ഇത്രയും പറഞ്ഞതുകൊണ്ട്‌ ബുദ്ധമതമെന്നപേരിൽ നിലവിലുള്ള സർവവും നെഹ്‌റു സ്വീകരിച്ചിരുന്നുവെന്ന്‌ ആരും അർഥമാക്കരുത്‌. ബുദ്ധനും ബുദ്ധമതവും രണ്ടും രണ്ടാണ്‌. ബുദ്ധനെ ഒരു മതസ്ഥാപകനായിട്ടു ഗണിക്കുന്നതുതന്നെ ശരിയല്ല. ഒരു സന്മാർഗോപദേഷ്ടാവായിരുന്നു വാസ്തവത്തിൽ ബുദ്ധൻ. തന്റെ പ്രതിമയുണ്ടാക്കി ആരാധിക്കരുതെന്നു മരിക്കുന്നതുവരെ അദ്ദേഹം ശിഷ്യരെ താക്കീത്‌ ചെയ്തിരുന്നു. എന്നിട്ടോ? ഫലമെന്തായി? നാടുമുഴുവൻ ബുദ്ധപ്രതിമ കൊണ്ടുനിറഞ്ഞു. ഇതുപോലെ ബുദ്ധോപദേശത്തിന്റെ പേരിൽ കുറേയേറെ കാടും പടലും നൂറ്റാണ്ടുകളായി തഴച്ചുവളർന്ന്‌ മതത്തിന്റെ രൂപം പൂണ്ടിട്ടുണ്ട്‌. അവയൊന്നും നെഹ്‌റു സ്വീകരിച്ചില്ല.
‘ബുദ്ധമതത്തിലെ വിഷാദാത്മകത ജീവിതത്തോടുള്ള എന്റെ സമീപനവുമായി പൊരുത്തപ്പെട്ടിട്ടില്ല. അതുപോലെതന്നെ ജീവിതത്തേയും അതിലെ പ്രശ്നങ്ങളേയും വിട്ട്‌ ദൂരെപ്പോകാനുള്ള വാസനയും’ എന്ന്‌ നെഹ്‌റു പ്രത്യേകം പ്രസ്താവിച്ചിട്ടുണ്ട്‌. എങ്കിലും ബുദ്ധനെ ഒരു ‘പെസിമിസ്റ്റാ’യിട്ടല്ല നെഹ്‌റു കണ്ടത്‌. ക്രിയാത്മകമായ ചൈതന്യവും ആത്മനിയന്ത്രണവും കാരുണ്യവും ബുദ്ധപ്രതിമയിൽ നിന്ന്‌ നിർഗളിക്കുന്നതായി തനിക്കു തോന്നുന്നുവെന്നും നെഹ്‌റു പറയുന്നുണ്ട്‌. ആ പ്രതിമയെ മനസിൽ കണ്ടുകൊണ്ട്‌ തുടിക്കുന്ന കലാഹൃദയത്തോടെ നെഹ്‌റു എഴുതിയിട്ടുള്ള പല വാക്യങ്ങളും ദേശകാലോചിതമായ ഒരു നവദർശനമുൾക്കൊള്ളുന്നവയാണ്‌.
മതാചാര്യന്മാരുടെ ഉപദേശങ്ങളും അവരെ കേന്ദ്രീകരിച്ച്‌ കാലാന്തരത്തിൽ ഉണ്ടായിട്ടുള്ള മതസിദ്ധാന്തങ്ങളും തമ്മിൽ വളരെ വ്യത്യാസം കാണുന്നുണ്ട്‌. ബുദ്ധമതം ഇതിനു നല്ല ഉദാഹരണമാണ്‌. ആർക്കും മനസിലാവുന്ന ഭാഷയിൽ ഏറ്റവും ലളിതമായ രീതിയിൽ ജീവിത ദുഃഖനിവൃത്തിക്കുള്ള ധർമ്മോപദേശം നൽകുകയാണ്‌ ബുദ്ധൻ പ്രധാനമായി ചെയ്തത്‌. എന്നാൽ പാമരന്മാർക്കുപോലും സുഗ്രാഹ്യമായിരുന്ന അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾക്ക്‌ അനന്തരകാലത്ത്‌ ദുർഗ്രഹങ്ങളും വാദജടിലങ്ങളുമായ വ്യാഖ്യാനങ്ങളുണ്ടായി. ബുദ്ധ സിദ്ധാന്തങ്ങൾ മാത്രമല്ല ബുദ്ധചരിതം കൂടി പണ്ഡിതന്മാരുടെയിടയിൽ വിചിത്രവർണഭേധത്തോടെ പ്രചരിച്ചുതുടങ്ങി. ഒടുവിൽ ബുദ്ധനും ബുദ്ധമതവും തമ്മിൽ വല്ല ബന്ധവുമുണ്ടോ എന്ന്‌ സംശയിക്കത്തക്കനിലവരെയെത്തി. എല്ലാ മതങ്ങളുടെയും ഉൽപ്പത്തിയും വളർച്ചയും ഏതാണ്ടിതുപോലെതന്നെയാണ്‌.
എന്താണ്‌ ബുദ്ധൻ ഉപദേശിച്ചത്‌? ജീവിതം ദുഃഖാത്മകമാണ്‌. തൃഷ്ണയാണ്‌ അതിന്റെ അടിസ്ഥാന കാരണം. തൃഷ്ണയെ നശിപ്പിച്ചെങ്കിലേ ദുഃഖമോചനം ഉണ്ടാകു. ബുദ്ധൻ യാഗാദിവൈദിക കർമ്മങ്ങളെ നിഷേധിച്ചെങ്കിലും അദ്ദേഹത്തിന്റെ തത്വചിന്ത ഉപനിഷത്തിലെ ചിന്താഗതിയോട്‌ സാമ്യം വഹിക്കുന്നുണ്ട്‌.
‘അദ്ദേഹത്തിന്റെ സ്വരം നമ്മുടെ ചെവിയിൽ മന്ത്രിക്കുകയും ജീവിതമത്സരത്തിൽ നിന്ന്‌ ഓടിപ്പോകാതിരിക്കുക, ശാന്തദൃഷ്ടിയോടെ അതിനെ അഭിമുഖീകരിക്കുക എന്ന്‌ നമ്മോടു പറയുകയും ചെയ്യുന്നു’ – ഭാവസ്ഫുരത്തായ ഈ വാക്യത്തിന്റെ പിറകിലുള്ള ചിന്തയും ബൗദ്ധ സിദ്ധാന്തത്തിലെ ശൂന്യവാദവും തമ്മിലെന്ത്‌ അന്തരം! ‘ഇന്ത്യയെ കണ്ടെത്തലി’ലെ ഏതാദൃശഭാഗങ്ങൾ ശാക്യമുനിയെ ഒരു പുതിയ കാഴ്ചപ്പാടിൽ വേണം കാണാനെന്നു നമ്മെ ഉദ്ബോധിപ്പിക്കുന്നു.
ഹിന്ദുമത പണ്ഡിതന്മാർ ബുദ്ധനെ ഹിന്ദുവാക്കാൻ നോക്കി. അത്‌ വേണ്ടത്ര ഫലിച്ചില്ല. ഇതുപോലെ അഭിനവ ബുദ്ധനെ ഇന്നൊരു കൂട്ടർ ഈശ്വരവിശ്വാസിയും മതവിശ്വാസിയുമാക്കിത്തീർക്കാൻ നോക്കുന്നുണ്ട്‌. ചരിത്രസത്യത്തിനുമേൽ മൂടുപടമിടാനുള്ള ഒരു പുറപ്പാടും ഫലിക്കാൻ പോകുന്നില്ല.

  Categories:
view more articles

About Article Author