യുക്തിവാദമോ യുക്തിചിന്തയോ നമുക്കാവശ്യം….?

യുക്തിവാദമോ യുക്തിചിന്തയോ നമുക്കാവശ്യം….?
March 21 04:45 2017

മനീഷ്‌ ഗുരുവായൂർ

ആശയങ്ങൾക്കൊപ്പം ഒരു വാലായി വാദവും ചേർക്കുന്നവരാണ്‌ നമ്മൾ. വർഗ്ഗീയവാദം, മതേതരവാദം, നിരീശ്വരവാദം, യുക്തിവാദം… അങ്ങനെ പട്ടിക നീളുകയാണ്‌. കരുത്തുറ്റ ആശയങ്ങൾ ഒരു വാദമായി പരിണമിക്കുന്നതോടെ അതിന്റെ പ്രസക്തിയും പ്രയോക്താക്കളുടെ വിശ്വാസ്യതയും നഷ്ടപ്പെടുന്നു. ആരൊക്കെയോ പറഞ്ഞുവെച്ച ഒരു ആശയത്തിൽ നിലനിന്നുകൊണ്ട്‌ അതിനുവേണ്ടി അണുവിട വിടാതെ വാദിക്കാൻ നിർബന്ധിതരാകുന്നു എന്നതുകൊണ്ടുതന്നെ അവിടെ സ്വാഭാവിക യുക്തിചിന്തയ്ക്ക്‌ സ്ഥാനമില്ലാതാകുന്നു. ഉദാഹരണത്തിന്‌ ആത്മാവുണ്ടോ, ദൈവമുണ്ടോ എന്നാരെങ്കിലും ചോദിച്ചാൽ ഇല്ല എന്ന്‌ പറഞ്ഞാൽ മാത്രമേ യുക്തിവിചാരകനായി അംഗീകരിക്കപ്പെടൂ എന്ന സ്ഥിതിവിശേഷമുണ്ട്‌. യുക്തിവിചാരകനെന്നല്ല അവരെ വേണമെങ്കിൽ നിരീശ്വരവാദി എന്നുവിളിക്കാം. അവിടെ സത്യാന്വേഷണമില്ല. മുൻവിധിയോടെയുള്ള വാദമേയുള്ളൂ.
ദൈവവും ആത്മാവും ഉണ്ടോ ഇല്ലയോ എന്ന കേവലതയിലേക്കല്ല ഞാൻ പ്രവേശിക്കുന്നത്‌. വിഷയങ്ങളോട്‌ എപ്പോഴും സ്വതന്ത്രമായ സമീപനമാകണം യുക്തിയുടെ പാതയിൽ സഞ്ചരിക്കുന്നവരുടേത്‌. അല്ലാതെ കണ്ടതുമാത്രമേ വിശ്വസിക്കൂ എന്ന തോമാശ്ലീഹൻ യുക്തിയാകരുത്‌. ഏതെങ്കിലും നിഷേധത്തിലൂടെയല്ല പഠനത്തിലൂടെ, നിഗമനങ്ങളിലൂടെ യാഥാർത്ഥ്യത്തെ ഉൾക്കൊള്ളുന്നതുവഴിയാണ്‌ ഒരു യുക്തിചിന്തകന്റെ വളർച്ച സംഭവിക്കുന്നത്‌. പദാർത്ഥത്തെ വിലയിരുത്തുമ്പോൾ തനിക്ക്‌ സംവേദനക്ഷമമായ പദാർത്ഥങ്ങളെ മാത്രമേ അംഗീകരിക്കൂ എന്ന കാഴ്ചപ്പാട്‌ ശരിയല്ല. മനുഷ്യന്റെ പരിമിതിക്കും പരിധിക്കും അപ്പുറത്തുള്ള പദാർത്ഥങ്ങളാലും സമ്പന്നമാണ്‌ ഈ പ്രപഞ്ചം. മനുഷ്യന്‌ കാണാൻ കഴിയാത്ത കാഴ്ചകളും കേൾക്കാൻ കഴിയാത്ത ശബ്ദവും ഇവിടെയുണ്ട്‌. അതേസമയം മനുഷ്യൻ നിസാരമായി വിലയിരുത്തുന്ന പല ജീവികൾക്കും ഇവയിൽ പലതും ഗ്രാഹ്യമാണുതാനും. നായ്ക്കളെ പരിശീലിപ്പിക്കാൻ ഉപയോഗിക്കുന്ന ഗാൾട്ടൻ വിസിൽ പുറപ്പെടുവിക്കുന്ന ശബ്ദം മനുഷ്യന്റെ ശ്രവണപരിധിയിൽ ഒതുങ്ങുന്നതല്ല. സൂപ്പർസോണിക്‌ ശബ്ദവും അങ്ങനെതന്നെ എന്നുകരുതി ശബ്ദം അവിടെ ഇല്ലാതിരിക്കുന്നില്ല. ഇതിൽ തന്നെ മറ്റൊരു വാദമുണ്ട്‌. ശാസ്ത്രീയമായി തെളിയിക്കപ്പെടുന്നതുവരെ ആ വിഷയത്തെ നിഷേധിക്കുന്നതാണ്‌ ശരി എന്ന വാദമാണത്‌. തിരിച്ചറിയാൻ ശേഷിയില്ല എന്ന നമ്മുടെ പരിമിതിയെ ഒരുതരത്തിലും ഉൾക്കൊള്ളാതെയുള്ള ആ നിലപാട്‌ എത്രമാത്രം വിഡ്ഢിത്തമാണെന്നോർക്കണം. റേഡിയേഷൻ മൂലം കോശങ്ങൾക്ക്‌ നാശം സംഭവിക്കുന്നുവെന്നത്‌ നാം അംഗീകരിക്കുന്ന ശാസ്ത്രസത്യമാണ്‌. റേഡിയേഷൻ ഒരു ഭൗതിക പദാർത്ഥം തന്നെയാണ്‌. കാണാൻ കഴിയുന്നില്ല എന്ന മേൽപറഞ്ഞ കേവലയുക്തിയുടെ അടിസ്ഥാനത്തിൽ റേഡിയേഷനില്ല എന്ന്‌ നാം സമർത്ഥിക്കാറില്ല. അതിന്‌ നമുക്കുള്ള ന്യായം ശാസ്ത്രം അത്‌ തെളിയിച്ചുവെന്നതാണ്‌. റേഡിയേഷൻ കണ്ടുപിടിക്കുന്നതിന്‌ മുൻപും നാം അത്‌ അംഗീകരിക്കുന്നതിന്‌ മുൻപും മനുഷ്യന്‌ വികിരണമേറ്റിട്ടുണ്ട്‌. ഒരിക്കലും പ്രത്യയശാസ്ത്ര പുസ്തകങ്ങളുടെ മനഃപാഠമല്ല യുക്തിചിന്ത. അങ്ങനെയാവുകയുമരുത്‌. ആ വിധമാണ്‌ സംഭവിക്കുന്നതെങ്കിൽ ആ ആശയങ്ങളെ നമുക്ക്‌ നൽകിയ ദാർശനികർ പോലും വിലപിക്കുമത്രേ.

  Categories:
view more articles

About Article Author